Monday, 23 Sep 2024

തിരുവാഭരണം ചാർത്തിയ അയ്യപ്പനെ തൊഴാൻ
ഇക്കുറി സമയം കുറയും.; സംക്രമപൂജ രാത്രിയിൽ

ജ്യോതിഷരത്നം വേണു മഹാദേവ്
ശബരിമലയിൽ ഇത്തവണ മകര സംക്രമപൂജ ധനു 30, 2023 ജനുവരി 14 ന് ശനിയാഴ്ച രാത്രി 8 മണി 45 മിനിട്ടിന് കന്നിക്കൂറിൽ ചിത്തിര നക്ഷത്രത്തിന്റെ ആദ്യ പാദത്തിൽ നടക്കും. അന്ന് സന്ധ്യയ്ക്ക് മകര ജ്യോതി ദർശനത്തിന് തൊട്ടുപിന്നാലെയാണ് മകര സംക്രമപൂജ നടക്കുന്നത്. ലക്ഷക്കണക്കിന് ഭക്തർ ദർശന പുണ്യം ആഗ്രഹിക്കുന്ന മകരസംക്രമപൂജ മകരവിളക്ക് കഴിഞ്ഞയുടൻ വരുന്നത് അപൂർവമാണ്.

പന്തളം കൊട്ടാരത്തിൽ നിന്നും എഴുന്നള്ളിക്കുന്ന പവിത്രമായ തിരുവാഭരണം അയ്യപ്പസ്വാമിയുടെ വിഗ്രഹത്തിൽ ചാർത്തിയാണ് മകരവിളക്ക് ദിവസമായ ജനുവരി 14 ന് സന്ധ്യയ്ക്ക് 6:30 നും 6:40 നും മദ്ധ്യേ ദീപാരാധന നടക്കുക. തുടർന്ന് പൊന്നമ്പലമേട്ടിൽ മകരജ്യോതി തെളിയും. മകരജ്യോതി ദർശിക്കുന്നതിനും തിരുവാഭരണം ചാർത്തി വിളങ്ങുന്ന അയ്യപ്പസ്വാമിയെ തൊഴുന്നതിനും ഈ സമയത്ത് സന്നിധാനത്ത് മണ്ണു നുള്ളിയിട്ടാൽ താഴെ വീഴാത്തത്ര ജനസാഗരമാകും.

ഈ വർഷം മകരവിളക്കിന് തൊട്ടു പിന്നാലെ സംക്രമപൂജ വരുന്നതിനാൽ തിരുവാഭരണം ചാർത്തിയ അയ്യപ്പനെ തൊഴാൻ കുറച്ചു സമയമേ ഭക്തർക്ക് ലഭിക്കൂ. കാരണം മകരസംക്രമ പൂജയ്ക്കായി അയ്യപ്പന്റെ വിഗ്രഹത്തിൽ നിന്ന് തിരുവാഭരണം അഴിച്ചു മാറ്റണം. കവടിയാർ കൊട്ടാരത്തിൽ നിന്നും ദൂതൻ വശം കൊടുത്തു വിടുന്ന നെയ് ഭഗവത് വിഗ്രഹത്തിൽ അഭിഷേകം ചെയ്യുകയാണ് സംക്രമ പൂജയിലെ പ്രധാന ചടങ്ങ്. തന്ത്രിയുടെയും മേൽശാന്തിയുടെയും കാർമ്മികത്വത്തിലാണ് സംക്രമ പൂജയും അഭിഷേകവും നടക്കുക. സാധാരണ മകര സംക്രമം അർദ്ധരാത്രിയിലോ അടുത്ത പുലർച്ചയ്ക്കോ ഉച്ചയ്ക്കോ ആകും വരിക. മകര സംക്രമാത്പരം 20 നാഴിക ഉത്തരായന പുണ്യ കാലമാണ്. അര്‍ദ്ധരാത്രിക്ക് താഴെ സംക്രമം വന്നാല്‍ സംക്രമകാലത്ത് ചെയ്യേണ്ടുന്ന കര്‍മ്മങ്ങള്‍ എല്ലാം അന്ന് മദ്ധ്യാഹ്നത്തിന് മേലും അര്‍ദ്ധരാത്രി കഴിഞ്ഞ് സംക്രമം വന്നാല്‍ പിറ്റേദിവസം മദ്ധ്യാഹ്നത്തിനകത്തും ചെയ്യണം എന്നാണ് പ്രമാണം.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 89217 09017
Story Summary: Sabarimala Makara Viilakku and Sankranti Pooja 2023

error: Content is protected !!
Exit mobile version