Sunday, 6 Oct 2024

തീരാത്ത സങ്കടങ്ങൾ അതിവേഗം തീർക്കും കരിക്കകത്തമ്മ; പൊങ്കാല ഏപ്രിൽ 2 ന്

ജ്യോതിഷരത്നം വേണു മഹാദേവ്

ആയിരക്കണക്കിന് ഭക്തരുടെ തീർത്താൽ തീരാത്ത സങ്കടങ്ങൾക്ക് അതിവേഗം പരിഹാരമേകുന്ന തിരുവനന്തപുരം കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം ഈ വർഷത്തെ പൊങ്കാല മഹോത്സവത്തിന് ഒരുങ്ങി. ഒന്നാം ഉത്സവ ദിവസമായ മാർച്ച് 27 തിങ്കളാഴ്ച വൈകുന്നേരം 5 മണിക്ക് കരിക്കകത്തമ്മയെ ആദ്യം കുടിയിരുത്തിയ ഗുരുമന്ദിരത്തിൽ പ്രതിഷ്ഠാ കർമ്മം നടത്തിയ ഗുരുവിനും മന്ത്രമൂർത്തിക്കും ഗുരുപൂജ നടത്തുന്നതോടെയാണ് തിരുവുത്സവം സമാരംഭിക്കുക. കരിക്കകത്തമ്മയുടെ അവതാരദിനമായ മീനത്തിലെ മകം നക്ഷത്രദിവസമായ ഏപ്രിൽ 2 നാണ് പൊങ്കാല. ഏഴാം ഉത്സവദിനമായ അന്ന് രാവിലെ 10:15 ന് തന്ത്രി പുലിയന്നൂർമന നാരായണൻ അനുജൻ നമ്പൂതിരിപ്പാട് പണ്ടാര അടുപ്പിൽ നിന്ന് അഗ്നി പകരുന്നതോടെ പൊങ്കാല ആരംഭിക്കും. ഉച്ചയ്ക്ക് ദേവിയുടെ ഉടവാൾ പൊങ്കാല കളത്തിൽ എഴുന്നള്ളിച്ച് നിവേദ്യം നടത്തും. അന്ന് രാത്രി അത്താഴപൂജ കഴിഞ്ഞ് നടക്കുന്ന ഗുരുതിയോടെ ഉത്സവം സമാപിക്കും. ഏപ്രിൽ 1 നാണ് തങ്കരഥത്തിൽ ദേവിയുടെ പുറത്തെഴുന്നള്ളത്ത്.

എല്ലാ ദുഖങ്ങൾക്കും ഉടൻ പരിഹാരം
സത്യത്തിന് സാക്ഷിയായ സന്നിധി എന്ന് പ്രസിദ്ധമായ കരിക്കകത്തെ മുഖ്യ ആണ്ടു വിശേഷം പൊങ്കാലയാണ്. തീർത്താൽ തീരാത്ത സങ്കടങ്ങളുമായി കരിക്കകം ശ്രീ ചാമുണ്ഡേശ്വരിയുടെ നടയിൽ വന്ന് പ്രാർത്ഥിച്ചാൽ എല്ലാ ദുഖങ്ങൾക്കും ഉടൻ പരിഹാരമാകും. രോഗദുരിതം, വിവാഹതടസ്സം, സാമ്പത്തിക വിഷമങ്ങൾ, കടം, ജോലി സംബന്ധമായ തടസ്സങ്ങൾ, വസ്തു തർക്കം തുടങ്ങി എല്ലാ വിഷമങ്ങളും കരിക്കകത്തമ്മ അനുഗ്രഹിച്ചാൽ അകന്നു പോകും.

എന്നും ഭക്തജനത്തിരക്ക്
മീനത്തിലെ മകത്തിന് പൊങ്കാലയിട്ട് ചാമുണ്ഡേശ്വരിയെ പ്രസാദിപ്പിക്കാൻ ആയിരക്കണക്കിന് സ്ത്രീകളാണ് എത്തുന്നത്. ദേവിയെ കരിക്കകത്ത് കുടിയിരുത്തിയ ദിവസം മൺകലത്തിൽ തയ്യാറാക്കി നേദിച്ച ആദ്യ പൊങ്കാലയുടെ ഓർമ്മയാണ് ഉത്സവത്തിന്റെ ഏഴാം നാൾ നടക്കുന്ന വിശിഷ്ടമായ പൊങ്കാല. ഗുരുവും യോഗീശ്വരനും കൂടിയാണ് പച്ചപന്തൽ കെട്ടി ദേവിയെ കുടിയിരുത്തിയതും പൊങ്കാല നേദിച്ചതും. തുടർന്ന് എല്ലാ വർഷവും ഇതേ ദിവസം പൊങ്കാല തയ്യാറാക്കി ദേവിയുടെ അനുഗ്രഹം നേടിയിരുന്നു. പൊങ്കാല മഹോത്സവത്തിന് മാത്രമല്ല എന്നും ഭക്തജനത്തിരക്കാണ് കരിക്കകം ദേവി ക്ഷേത്രത്തിൽ. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിൽ പ്രത്യേകിച്ച് ക്ഷേത്രത്തിൽ മൂന്ന് പ്രധാന നടയാണുള്ളത്. ചാമുണ്ഡി, രക്തചാമുണ്ഡി, ബാല ചാമുണ്ഡി ഭാവങ്ങളില്‍ 3 ശ്രീകോവിലുകളിൽ ഇവിടെ ദേവിയെ ആരാധിക്കുന്നു. പരാശക്തിയുടെ രൗദ്രഭാവമുള്ള രക്തചാമുണ്ഡി സന്നിധി ശത്രുദോഷമടക്കമുള്ള ഏത് ദോഷവും അതിവേഗം തീർക്കുന്ന ഉഗ്രരൂപിണി ഭാവമാണ്. ബാലചാമുണ്ഡി നട സന്താന ഭാഗ്യമുള്‍പ്പെടെയുള്ള പ്രാര്‍ത്ഥനകള്‍ക്ക് ഉചിതമായ ഇടമാണ്. പ്രധാന നടയില്‍ കുടികൊള്ളുന്നത് സ്വാതിക ഭാവത്തിലെ ചാമുണ്ഡിദേവിയുടെ രൂപമാണ്.

അന്നദാനത്തിന് അരക്കോടി
ഉത്സവത്തോടനുബന്ധിച്ച് ക്ഷേത്ര പറമ്പില്‍ ട്രസ്റ്റിന്റെ ചെലവിൽ നടക്കുന്ന സദ്യ ഇത്തവണ ഒരുക്കുന്നത് പാചക വിദഗ്ധന്‍ പഴയിടം മോഹനന്‍ നമ്പൂതിരിയാണ്. പഴം, പര്‍പ്പടം, ഉപ്പേരി, പായസങ്ങള്‍, മോര്, പുളിശ്ശേരി, രസം എന്നിങ്ങനെ 18 ഇനം വിഭവളോടെയുള്ള സദ്യ ഉത്സവത്തിന്റെ ആദ്യ 5 നാളുകളില്‍ നടക്കും. 50 ലക്ഷം രൂപയോളം ചെലവ് വരും. രണ്ട് കൂറ്റന്‍ പന്തലുകളിലും ട്രസ്റ്റിന്റെ കാട്ടില്‍ വീട് തറവാട്ടിലെ ചാമുണ്ഡി കലാപീഠ ഹാളിലുമാണ് ഊട്ടുപുര. ക്ഷേത്രത്തില്‍ നിന്നും കീഴ്ശാന്തി അന്നദാന പുരയിലെത്തി ദേവീതീര്‍ത്ഥം തളിച്ച് നിവേദിച്ച ശേഷം പ്രസാദമായിട്ടാണ് അന്നദാന സദ്യ ജനങ്ങള്‍ക്ക് വിളമ്പുക. ഒരു സമയം 1350 പേര്‍ക്ക് കഴിക്കാം. കാലത്ത് 10:30 മുതൽ വൈകിട്ട് 4.00 വരെ സദ്യ നടക്കുമെന്ന് ട്രസ്റ്റ് ചെയർമാൻ എം രാധാകൃഷ്ണൻ നായർ , പ്രസിഡന്റ് എം വിക്രമൻ നായർ , സെക്രട്ടറി എം ഭാർഗവൻ നായർ, ട്രഷറർ വി എസ് മണികണ്ഠൻ നായർ , വൈസ് പ്രസിഡന്റ് ജെ ശങ്കരദാസൻ നായർ, ജോയിന്റ് സെക്രട്ടറി പി ശിവകുമാർ എന്നിവർ പറഞ്ഞു. ഉത്സവ സമയത്തെ അന്നദാന സദ്യയില്‍ താല്‍പര്യമുള്ള ഭക്തജനങ്ങള്‍ക്ക് ഒരു ലക്ഷം രൂപ വീതം നേര്‍ച്ചയായി ട്രസ്റ്റിലടച്ച് ദേവിയുടെ ‘അന്നദാനം മഹാദാനം’ യജ്ഞത്തില്‍ പങ്കാളികളാകാം.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

Story Summary: Karikkakam Sree Chamundi Devi Temple
Ponkala Festival 2023: Date Significance and Rituals


error: Content is protected !!
Exit mobile version