Sunday, 24 Nov 2024

തൃക്കാക്കരയിലെ ഓണക്കാഴ്ചയും വിശേഷ വഴിപാടുകളും

സരസ്വതി ജെ. കുറുപ്പ്

മഹാവിഷ്ണുവിൻ്റെ അഞ്ചാമത്തെ അവതാരമായ വാമനനും മലയാളത്തിൻ്റെ പ്രിയങ്കരനായ മഹാബലി തമ്പുരാൻ ആരാധിച്ച ശിവനും ഒരു പോലെ പ്രധാന്യമുള്ള സന്നിധിയാണ് തൃക്കാക്കര ക്ഷേത്രം. നരസിംഹാവതാര കഥയിലെ വിഷ്ണുഭക്തനായ പ്രഹ്‌ളാദന്റെ ചെറുമകൻ മഹാബലിയുടെ ആസ്ഥാനം തൃക്കാക്കര ആയിരുന്നു. തികഞ്ഞ ശിവഭക്തനായിരുന്ന മഹാബലിയുടെ പരദേവതയായിരുന്നു തൃക്കാക്കരയിലെ മഹാദേവന്‍. മഹാബലി ആരാധിച്ച മഹാദേവനും അദ്ദേഹത്തെ പാതാളത്തിലേക്ക് അയച്ച വാമനനും ഒന്നിച്ചു വാഴുന്ന സന്നിധിയാണ് ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലുള്ള തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം.

ധര്‍മ്മനിഷ്ഠനും സത്യസന്ധനും പ്രജാക്ഷേമത്തിൽ തത്പരനുമായിരുന്ന മഹാബലിയുടെ ഖ്യാതി മൂന്നു ലോകത്തും പരന്നതോടെ ഇന്ദ്രപദത്തിന് ഭീഷണിയായ ദേവന്മാർ ചക്രവർത്തിയെ തകര്‍ക്കാന്‍ മഹാവിഷ്ണുവിൽ അഭയം തേടി. അവർക്ക് വേണ്ടി ഭഗവാൻ വാമനരൂപത്തില്‍ ദാനശീലനായ മഹാബലിക്കരികിലെത്തി മൂന്നടി മണ്ണു യാചിച്ചു വാങ്ങി. ഉടൻ വാമനമൂർത്തി വളര്‍ന്ന് വലുതായി രണ്ട് ചുവടു കൊണ്ട് ഭൂമിയും സ്വര്‍ഗ്ഗവും അളന്നെടുത്തു. മൂന്നാമത്തെ അടിക്ക് സ്ഥലമില്ലാതെ വന്നപ്പോള്‍ മഹാബലി സ്വന്തം ശിരസ്‌ കുനിച്ചു കൊടുത്തു. ഉടന്‍ വാമനന്‍ തന്റെ വിശ്വരൂപം മഹാബലിയെ കാണിച്ചു കൊടുത്തു. എന്നിട്ട് പാദം മഹാബലിയുടെ തലയില്‍ വയ്ക്കുകയും അദ്ദേഹത്തെ പാതാളത്തിലേക്ക് താഴ്ത്തുകയും ചെയ്തു. പാതാളത്തിലേക്കു പോകും മുമ്പ് തന്റെ പ്രജകളെ വര്‍ഷത്തിലൊരിക്കല്‍ വന്നു കാണാന്‍ മഹാവിഷ്ണുവിനോട് മഹാബലി അനുമതി ചോദിച്ചു. അങ്ങനെ ചിങ്ങത്തിലെ തിരുവോണ ദിവസം ഭൂമിയില്‍ വന്ന് ജനങ്ങളെ കണ്ട് കൊള്ളാന്‍ മഹാവിഷ്ണു മഹാബലിക്ക് അനുമതി നല്‍കി. വാമനന്‍ മൂന്നാമത്തെ അടിവച്ച സ്ഥലമായതിനാല്‍ തൃക്കാല്‍ക്കര എന്ന് സ്ഥലത്തിന് പേരു വന്നു. ഇത് പറഞ്ഞ് പഴകി തൃക്കാക്കര ആയി മാറി.

മഹാബലിക്ക് മഹാവിഷ്ണു വിശ്വരൂപദര്‍ശനം നല്‍കിയ സ്ഥലമെന്ന നിലയിലാണ് ചേരരാജാക്കന്മാര്‍ ഇവിടെ വാമനമൂര്‍ത്തി ക്ഷേത്രം സ്ഥാപിക്കാന്‍ തീരുമാനിച്ചത്. വാമനാവതാരം സംഭവിച്ചത് ചിങ്ങത്തിലെ തിരുവോണത്തിന് ആയതിനാൽ ഈ ദിവസം തിരുവോണമായി ആചരിച്ചു. അന്നു മുതല്‍ തിരുവോണം തൃക്കാക്കരക്ഷേത്രത്തിലെ ഉത്സവമായി. ഇതിന് നാടിൻ്റെ നാനാഭാഗത്തു നിന്നും ആളുകൾ എത്തിച്ചേർന്നു. കന്യാകുമാരി മുതൽ ഗോകർണ്ണം വരെയുള്ള 56 നാട്ടുരാജാക്കന്മാരും 64 ഗ്രാമത്തലവന്മാരും ആഘോഷത്തിൽ പങ്കെടുത്തു. അവരുടെ 64 ആനകളും കേരളം ഭരിച്ച പെരുമാളിൻ്റെ ഒരാനയും തൃക്കാക്കരയിൽ അണിനിരന്നു. ഉത്സവത്തിന് വരാൻ പറ്റാത്തവർ വീടുകളിൽ തൃക്കാക്കരയപ്പനെ വച്ച് ഓണം ആഘോഷിക്കണം എന്നും പെരുമാളുമാർ കല്പിച്ചു. അങ്ങനെ നാടെങ്ങും ഓണത്തപ്പന്റെ മണ്‍രൂപമുണ്ടാക്കി പൂജിക്കുന്ന പതിവ് തുടങ്ങി; ഓണം മലയാളത്തിൻ്റെ മഹോത്സവുമായി.

തൃക്കാക്കര ഉത്സവത്തോടനുബന്ധിച്ച് 10 ദിവസം ദശാവതാരച്ചാര്‍ത്തുണ്ട്. അത്തം മുതല്‍ തിരുവോണം വരെ പൂക്കളവും ഇടും. ചിങ്ങത്തിലെ തിരുവോണ നാളില്‍ മഹാബലിയെ എതിരേല്‍ക്കുന്ന ഗംഭീരമായ ചടങ്ങും ഉണ്ട്. മഹാബലിയായി വേഷമിടുന്ന ബാലന്‍ ഓലക്കുടയും ചൂടി മുന്നിൽ നീങ്ങും. പിറകെ ആനപ്പുറത്ത് എഴുന്നള്ളത്തും ഉണ്ടാകും.

കൊടിയേറ്റം മുതല്‍ ദിവസവും ദശാവതാരച്ചാർത്തും തിരുവോണ ദിവസം ചതുര്‍വിധ വിഭവങ്ങളോടെ സദ്യയും പതിവുണ്ട്. തൃക്കാക്കരയിലെ തിരുവോണസദ്യയില്‍ ആയിരങ്ങൾ പങ്കെടുക്കും. തൃപ്പുണിത്തുറയിലെ അത്തം നഗറില്‍നിന്നും ഓണപ്പതാക ഇവിടെ കൊണ്ടുവരുന്നതും ഈ ദിവസമാണ്. ഉത്രാടദിവസം തൃക്കാക്കര പഞ്ചായത്ത് അധികൃതര്‍ ഇതു സ്വീകരിച്ച് ക്ഷേത്രത്തില്‍ പൂജിക്കും. അതിനുശേഷം ഉത്രാടസദ്യയും നടക്കും. ഇത്തവണയും കോവിഡ് മഹാമാരി കാരണം ഈ ചടങ്ങുകൾക്കെല്ലാം നിയന്ത്രണമുണ്ട്. ഉത്സവാഘോഷങ്ങൾ ക്ഷേത്ര ചടങ്ങുകൾ മാത്രമാക്കിയിട്ടുണ്ടെങ്കിലും ഭക്തർക്ക് വിശേഷാൽ വഴിപാടുകൾ നടത്താം. നിറമാല, ചുറ്റുവിളക്ക്, ധാര, മുഖച്ചാർത്ത്, ഗണപതി ഹോമം, പുഷ്പാലങ്കാരം തുടങ്ങിയവയാണിത്. തിരുവോണനാളിൽ വൈകിട്ട് ആറാട്ടോടെ ഉത്സവം സമാപിക്കും.

സാധാരണ വാമനമൂര്‍ത്തിയുടെ പ്രധാന വഴിപാട് പാല്‍പ്പായസമാണ്. കദളിപ്പഴം, തിരുവോണ ഊട്ട്, മുഴുക്കാപ്പ് എന്നിവയും പ്രധാനമാണ്. ഉപദേവതകളായ ഗോപാലകൃഷ്ണനും യക്ഷിക്കും ബ്രഹ്മരക്ഷസിനും പാല്‍പ്പായസം, ഭഗവതിക്ക് കടുംപായസം, ശാസ്താവിന് നീരാജനം, നാഗരാജാവിന് നൂറും പാലും, എന്നിവയാണ് ഇവിടെ പതിവുള്ള മറ്റ് വഴിപാടുകൾ. സന്താനഭാഗ്യത്തിന് തൊട്ടിൽ കെട്ട് വഴിപാട് നേരുന്നത് ഇവിടുത്തെ ഒരു ആചാരമാണ്. (ഫോൺ : +91-484-6519867).

സരസ്വതി ജെ. കുറുപ്പ്
+91 90745 80476

error: Content is protected !!
Exit mobile version