Wednesday, 3 Jul 2024

തെക്കേ ഗോപുര വാതിൽ തുറന്ന് പൂര
വിളംബരവുമായി നെയ്തലക്കാവിലമ്മ

നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തുറന്നു വന്ന് തൃശൂർ പൂരത്തിന് വിളംബരം ചെയ്തു. ചൊവ്വാഴ്ച നടക്കുന്ന പൂരത്തിന്റെ ആദ്യ ചടങ്ങാണ് വടക്കുംനാഥനെ വലംവച്ചുള്ള നെയ്തലക്കാവിലമ്മയുടെ ഈ വരവ്.

തിങ്കളാഴ്ച രാവിലെ 8 മണിക്കാണ് നെയ്തലക്കാവ് ഭഗവതി കുറ്റൂർ ദേശം വിട്ടിറങ്ങിയത്. എറണാകുളം ശിവകുമാറെന്ന കൊമ്പന്റെ പുറത്ത് എഴുന്നള്ളിയ ഭഗവതിയെ കാത്ത് നിന്നത് ആയിരങ്ങളാണ്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെയാണ് നെയ്തലക്കാവ് ഭഗവതി തട്ടകം വിട്ടിറങ്ങിയത്. 11 മണിയോടെ മണികണ്ഠനാലിൽ എത്തിയപ്പോൾ ഗണപതി ക്ഷേത്രത്തിന് സമീപത്ത് നിന്ന് മേളം മുറുകി. അതിന്റെ അകമ്പടിയിൽ ശ്രീമൂലസ്ഥാനത്തേക്ക് വന്ന് പടിഞ്ഞാറേ ഗോപുരം വഴി വടക്കുംനാഥ സന്നിധിയിലെത്തി. തുടർന്നാണ് തെക്കേ ഗോപുര നടതുറന്ന് എറണാകുളം ശിവകുമാറിന്റെ പുറത്തിരുന്ന് നെയ്തലക്കാവ് ഭഗവതി ഇറങ്ങി വന്ന് പൂരം വിളംബരം ചെയ്തത്.

ആയിരങ്ങൾ ആരവങ്ങളോടെ നെയ്തലക്കാവ് ഭഗവതിയെ വരവേറ്റ ആ മുഹൂർത്തം നഗരത്തെ തൃശൂർ പൂര ലഹരിയിലാക്കി. കോവിഡ് മഹാമാരി കാരണം രണ്ട് വർഷമായി പകിട്ട് കുറഞ്ഞ പൂരം ഇത്തവണ അതിന്റെ എല്ലാ ചന്തവും നിറച്ച് പൂർണതോതിലാണ് നടക്കുന്നത്. ചൊവ്വാഴ്ച പുലർച്ചെ തെക്കേ ഗോപുരത്തിലൂടെ കണിമംഗലം ശാസ്താവ് എഴുന്നള്ളി വരുമ്പോൾ വിശ്വ പ്രസിദ്ധമായ തൃശൂർ പൂരത്തിന് തുടക്കം കുറിക്കും.

Story Summary: Trissur Pooram 2022

error: Content is protected !!
Exit mobile version