Friday, 22 Nov 2024

തെക്ക് ദർശനമായി വീട് നിർമ്മിച്ചാൽ എന്ത് സംഭവിക്കും?

വീടിന്റെ പ്രധാന വാതിൽ തെക്കോട്ട് വരുന്നതു കൊണ്ട് ഒരു ദോഷവും ഇല്ലെന്ന് കാണിപ്പയ്യൂർ തിരുമേനി പറയുന്നു: വീടിന്റെ ദിശ ശരിയാകുന്നതാണ് പ്രധാനം. കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് ദിശകളിൽ ഏതായാലും വീടിന്റെ ദർശനത്തിന് കുഴപ്പമില്ല. മഹാദിക്കുകളായ കിഴക്ക്, പടിഞ്ഞാറ്, തെക്ക്, വടക്ക് എന്നീ നാലുഭാഗത്തേക്കും വീടിന്റെ ദർശനം വരുന്നത് ഒരു പോലെ തന്നെയാണ്. ഇതിനിടയിൽ ഉള്ള ദിശ അതായത് വിദിക്കുകൾ ആകരുതെന്ന് മാത്രം.

എന്നാൽ തെക്ക് ദർശനമായി വീട് വയ്ക്കുവാൻ പ്‌ളാൻ വരപ്പിക്കുമ്പോൾ വാസ്തു ശാസ്ത്രപരമായി അറിവുള്ള ഒരാളിന്റെ അഭിപ്രായം ചോദിക്കണമെന്ന് ശബരിമല ക്ഷേത്രത്തിന്റേതുൾപ്പടെ തിരുവിതാംകൂർ ദേവസ്വം ബോർഡ് സ്ഥപതിയായ ഡോ.കെ.മുരളീധരൻ നായർ അഭിപ്രായപ്പെട്ടു. വീടിന്റെ പ്രധാന വാതിൽ തെക്കിന്റെ ഉച്ചസ്ഥാനത്ത് തന്നെ വരണമെന്ന കാര്യം നിർബന്ധമാണ്. അതുകൊണ്ടാണ് ഇക്കാര്യത്തിൽ വാസ്തുവിദ്യയിൽ പ്രാവീണ്യമുള്ള ആചാര്യന്റെ നിർദ്ദേശം തേടണം എന്ന് ഡോ.കെ.മുരളീധരൻ നായർ പറഞ്ഞത്. തെക്കോട്ട് ദർശനമുള്ള ഭവനത്തിലെ പ്രധാന വാതിൽ കിഴക്കോട്ടോ പടിഞ്ഞാറോട്ടോ വച്ച് ചിലർ പ്രശ്നം പരിഹരിക്കാറുണ്ട്. ധാരാളം ഭാഗ്യം കൊണ്ടു വരുന്ന ദിക്ക് തന്നെയാണ് തെക്ക്. പേരും പ്രശസ്തിയും ആർജ്ജിച്ച ചില പഴയ തറവാടുകൾക്ക് തെക്ക് ദർശനമായിരുന്നു. തെക്കു ദർശനമായ ഗൃഹത്തിൽ താമസിക്കുന്നവർക്ക് രോഗം, ദൗർഭാഗ്യം, ദാരിദ്ര്യം, സാമ്പത്തിക നഷ്ടം എന്നിവ നേരിടും എന്ന പ്രചരണം തികച്ചും തെറ്റാണ്.

തെക്കു നിന്ന് വീട്ടിലേക്ക് കയറുന്നതിൽ വിരോധമില്ല, പക്ഷേ ആ വീടിന് പടി പാടില്ല – കാണിപ്പയ്യൂർ തിരുമേനി ഒരു ലേഖനത്തിൽ പറയുന്നു. ഭൂമിയുടെ ഭ്രമണത്തിന് അനുരൂപമാകണം വീടിന്റെ ദിശ. അത്തരം വീട്ടിൽ നല്ല സ്വസ്ഥതയുണ്ടാകും. കിഴക്ക്, തെക്ക്, പടിഞ്ഞാറ്, വടക്ക് ദര്‍ശനമായ വീടുകളാണ് വാസ്തുശാസ്ത്രപ്രകാരം എല്ലാ രീതിയിലും താമസയോഗ്യം. കിഴക്കു ദര്‍ശനമായ വീട് ധനത്തെ പ്രദാനം ചെയ്യുന്നു. തെക്ക് ദര്‍ശനമായ ഗൃഹം സുഖവും പടിഞ്ഞാറ് ദര്‍ശനമായ ഭവനം ഐശ്വര്യവും വടക്കു ദര്‍ശനമായ വീട് ആരോഗ്യവും പ്രദാനം ചെയ്യും.

എന്തായാലും തെക്ക് കിഴക്ക്, വടക്ക്‌ കിഴക്ക്, തെക്ക് പടിഞ്ഞാറ്, വടക്ക്‌ കിഴക്ക് എന്നീ ദിശകളിലേക്ക് വീടിന്റെ ദർശനം പാടില്ല. കോൺ തിരിഞ്ഞുള്ള ദിക്കുകളെ വിദിക്കുകൾ എന്നാണ് പറയുന്നത്. തെക്കുകിഴക്ക്, തെക്കുപടിഞ്ഞാറ്, വടക്കുപടിഞ്ഞാറ്, വടക്കുകിഴക്ക് എന്നിങ്ങനെ കോണുകളിലേക്ക് ദര്‍ശനമായ രൂപകല്പനയും നിര്‍മ്മാണവും ശാസ്ത്രപ്രകാരം ശരിയല്ല. വടക്കുപടിഞ്ഞാട്ട് ദര്‍ശനമായ തെക്കുകിഴക്ക് വീടിന് ഫലം ഭയമാണ്. തെക്കുപടിഞ്ഞാറെ വീടിന് ഫലം കലഹമാണ്. വടക്കുപടിഞ്ഞാറ് വീട് നിര്‍മ്മിച്ചാല്‍ ഫലം ചപലതയും, വടക്കുകിഴക്ക് വീട് കുലനാശവുമാണ് പറയുന്നത്. വീടുപണിയുന്ന ഭൂമിയോട് ചേര്‍ന്ന വഴിയും അതിരുകളും ദിക്കനുസരിച്ച് കൃത്യമാകണം. അല്ലെങ്കിൽ ദിക്ക് കൃത്യമാക്കിയശേഷം മാത്രം വീടുപണി തുടങ്ങുക.

Story Summary: South Facing House Vasthu: Is it good or bad for its inmates


error: Content is protected !!
Exit mobile version