Saturday, 21 Sep 2024

തേവാരക്കെട്ട് സരസ്വതിയും കുമാരസ്വാമിയും മുന്നൂറ്റിനങ്കയും നവരാത്രിക്ക് തിരിച്ചു

നവരാത്രി ആഘോഷങ്ങൾക്ക് തുടക്കംകുറിച്ച് തക്കല പത്മനാഭപുരം കൊട്ടാരത്തിൽ നിന്ന് നവരാത്രി വിഗ്രഹ ഘോഷയാത്ര തിരുവനന്തപുരത്തേക്ക് തിരിച്ചു. വിഗ്രഹഘോഷയാത്രയുടെ മുന്നോടിയായി പത്മനാഭപുരം കൊട്ടാരത്തിൽ ഉപ്പിരിക്കൽ മാളികയിൽ നിന്നും ആചാരാനുഷ്ഠാനപൂർവ്വം ഉടവാൾ ഏറ്റുവാങ്ങി. ചടങ്ങിൽ കേന്ദ്ര മന്ത്രി വി.മുരളീധരൻ, ദേവസ്വം വകുപ്പ് മന്ത്രി കെ.രാധാകൃഷ്ണൻ, ദേവസ്വം ബോർഡ് പ്രസിഡൻ്റ് അഡ്വ.കെ.അനന്തഗോപൻ, അംഗങ്ങളായ അഡ്വ. എസ്.എസ്. ജീവൻ, ജി.സുന്ദരേശൻ, ദേവസ്വം സെക്രട്ടറി ജി. ബൈജു, ചീഫ് എഞ്ചീനിയർ ആർ.അജിത്ത് കുമാർ തുടങ്ങിയവർ സംബന്ധിച്ചു.

തേവാരക്കെട്ട് സരസ്വതിദേവി, വേളിമല കുമാരസ്വാമി, ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് പത്മനാഭപുരം കൊട്ടാരത്തിൽനിന്ന് എഴുന്നള്ളിച്ചത്. ഉടവാൾ മാറ്റത്തിനുശേഷം സരസ്വതിവിഗ്രഹത്തെ പുറത്തേക്ക് എഴുന്നള്ളിച്ചു. വാദ്യഘോഷത്തോടും വായ്ക്കുരവയോടുമാണ് ആനപ്പുറത്ത് സരസ്വതി വിഗ്രഹത്തിന്റെ തിടമ്പേറ്റിയത്.

സായുധപൊലീസിന്റെ ഗാർഡ് ഓഫ് ഓണറിന് ശേഷം ഘോഷയാത്ര കൊട്ടാരമുറ്റത്തേക്ക് നീങ്ങി. അവിടെ വിഗ്രഹങ്ങൾക്ക് കേരള സർക്കാർ വരവേൽപ്പ് നൽകി. തുടർന്ന് തിരുവനന്തപുരത്തേക്ക് എഴുന്നള്ളത്ത് പുറപ്പെട്ടു. കുഴിത്തുറയിൽ വിശ്രമിക്കുന്ന ഘോഷയാത്രാ സംഘത്തെ വെള്ളിയാഴ്ച കേരള-തമിഴ്നാട് അതിർത്തിയായ കളിയിക്കാവിളയിൽ കേരള സർക്കാർ ആചാരപൂർവം സ്വീകരിക്കും. സംഘം തിരുവനന്തപുരത്ത് എത്തുന്നതോടെ നവരാത്രി പൂജകൾക്ക് തുടക്കമാകും.
നവരാത്രി പൂജകൾക്ക് ശേഷം വിഗ്രഹങ്ങൾ പൂർവസ്ഥാനങ്ങളിലേക്ക് തിരികെ എഴുന്നെള്ളും.

Story Summary: The Procession of Navaratri idols left from Padmanabhanabhapuram Palace, Thakla to Thiruvananthapuram

error: Content is protected !!
Exit mobile version