Sunday, 6 Oct 2024

തൈപ്പൂയവും ചൊവ്വാഴ്ചയും ഒന്നിച്ച് ; ഈ ദിവസത്തെ ഉപാസനയ്ക്ക് ഇരട്ടി ഫലം

ജ്യോതിഷരത്നം വേണു മഹാദേവ്

എല്ലാ ലൗകിക സുഖങ്ങളും നൽകി ഭക്തരെ അനുഗ്രഹിക്കുന്ന സുബ്രഹ്മണ്യ ഭഗവാനെ ആരാധിക്കാൻ ഏറ്റവും നല്ല ദിവസങ്ങളിൽ ഒന്നാണ് തൈപ്പൂയം എന്ന പേരിൽ പ്രസിദ്ധമായ മകര മാസത്തിലെ പൂയം നക്ഷത്രം. സുബ്രഹ്മണ്യ ഭഗവാന്റെ തിരുനാളായും താരകാസുരനെ നിഗ്രഹിച്ച ദിവസമായും ദേവസേനാധിപതിയായി അഭിഷേകം ചെയ്ത ദിവസമായും മറ്റും സങ്കല്പിക്കുന്ന ഈ ദിവസം ശ്രീമുരുകനെ വ്രതാനുഷ്ഠാനങ്ങളോടെ ഉപാസിച്ചാൽ സന്താനഭാഗ്യം, സന്താനങ്ങൾക്ക് അഭിവൃദ്ധി, ശത്രുദോഷമുക്തി, വിവാഹഭാഗ്യം, പ്രണയ സാഫല്യം, മുജ്ജന്മ ദോഷശാന്തി, അഭീഷ്ട സിദ്ധി തുടങ്ങി എല്ലാ അനുഗ്രഹങ്ങളും അതിവേഗം കരഗതമാകും എന്നാണ് വിശ്വാസം.

2022 ജനുവരി 18 ചൊവ്വാഴ്ചയാണ് ഇത്തവണ തൈപ്പൂയം. സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ വിശേഷാൽ പൂജകളും കാവടിയാട്ടവും മറ്റും തൈപ്പൂയ ദിവസം പതിവാണ്. വളരെ ആഘോഷപൂർവമാണ് ഈ ദിവസം എല്ലാ മുരുക ഭക്തരും കൊണ്ടാടുന്നത്. ആഗ്രഹ സാഫല്യത്തിന് വ്രതം നോൽക്കാനും ഈ ദിവസം നല്ലതാണ്. ഇതോടനുബന്ധിച്ച് വരുന്ന 3 ദിവസങ്ങളിൽ – 2022 ജനുവരി 16, 17, 18 തീയതികളിലാണ് വ്രതം അനുഷ്ഠിക്കേണ്ടത്. ദുഃഖങ്ങൾ അകറ്റി ലൗകിക സുഖങ്ങൾ പ്രദാനം ചെയ്യുന്ന തൈപ്പൂയം ഇത്തവണ സുബ്രഹ്മണ്യ ആരാധനയ്ക്ക് അതി വിശേഷകരമായ ചൊവ്വാഴ്ച വരുന്നത് ഏറെ പുണ്യകരവും ഇരട്ടി ഫലദായകവുമായി ആചാര്യന്മാർ വിശേഷിപ്പിക്കുന്നു.

സന്താനഭാഗ്യമില്ലാതെ വിഷമിക്കുന്ന ദമ്പതിമാർ വ്രതം നോറ്റ്, ഒന്നിച്ച് തൈപ്പൂയ വ്രതമെടുത്താൽ ഉത്തമ സന്താനഭാഗ്യം ലഭിക്കും. ചൊവ്വാദോഷ പരിഹാരത്തിനും തൈപ്പൂയ വ്രതാചരണം നല്ലതാണ്. ചൊവ്വാദോഷം കാരണം മംഗല്യഭാഗ്യം ലഭിക്കാത്തവർ മകര മാസത്തിൽ തുടങ്ങി എല്ലാ മാസവും പൂയം നക്ഷത്ര ദിവസം ഒരു വർഷം വ്രതമെടുത്താൽ വിവാഹം നടക്കും.

തൈപ്പൂയ വ്രതം നോൽക്കാൻ ആഗ്രഹിക്കുന്നവർ ജനുവരി 18 ചൊവ്വാഴ്ചയ്ക്ക് മൂന്ന് ദിവസം മുൻപ് വ്രതം തുടങ്ങണം. മത്സ്യ മാംസാദി ഭക്ഷണവും, ലഹരി വസ്തുക്കൾ വെടിയണം. ഒരുനേരമേ അരിയാഹാരം പാടുള്ളൂ. രോഗ ക്ലേശങ്ങൾ ഇല്ലാത്ത ആരോഗ്യമുള്ളവർ തൈപ്പൂയ നാളിൽ ഉപവസിക്കുന്നത് നല്ലതാണ്. അതിന് പറ്റത്തവർ പഴങ്ങളും ഇളനീരും കഴിച്ച് വ്രതമെടുക്കുക. മൂന്ന് ദിവസവും രാവിലെ കുളിച്ച് സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തണം. കാര്യ സിദ്ധിക്ക് വേണ്ട മന്ത്രങ്ങൾ ജപിക്കണം. അതിന് മുൻപ് സുബ്രഹ്മണ്യ ധ്യാനവും മൂലമന്ത്രവും കുറഞ്ഞത് 108 തവണ ജപിക്കണം. തൈപ്പൂയത്തിന്റെ പിറ്റേന്ന് സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തി തീർത്ഥം സേവിച്ച് വ്രതം തീർക്കാം.

തൈപ്പൂയത്തിന് കാവടി കെട്ടിയാടുന്നത്‌ വിശേഷമാണ്‌. ഭക്തർ ബ്രഹ്മചര്യത്തോടെ, മത്സ്യമാംസാദികൾ വെടിഞ്ഞ് രണ്ടു നേരവും കുളിച്ച് തറയിൽ ഉറങ്ങി, ക്ഷൗരം ചെയ്യാതെയാണ് കാവടി വ്രതം നോൽക്കേണ്ടത്. കാവടിയിൽ കൊണ്ടുപോകുന്ന ദ്രവ്യത്തെ അടിസ്ഥാനമാക്കി വിവിധ കാവടികൾ – പാൽക്കാവടി, ഭസ്മക്കാവടി, അന്നക്കാവടി, കളഭക്കാവടി, പീലിക്കാവടി, തൈലക്കാവടി, കർപ്പൂരക്കാവടി, അഗ്നിക്കാവടി എന്നിവ ക്ഷേത്രങ്ങളിൽ നടത്താറുണ്ട്.

സുബ്രഹ്മണ്യ ധ്യാനം
സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക-
സ്രജാകലിതകന്ധരം കരയുഗീന ശക്തിം പവിം
ദധാനമഥവാ കടീകലിതവാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സമരതു പീതവാസോവസം

(തിളങ്ങുന്ന മകുടങ്ങൾ, പത്രകുണ്ഡലങ്ങൾ, എന്നിവയാൽ അലങ്കരിക്കപ്പെട്ടവനും ചമ്പകമാല ചാർത്തിയ കഴുത്തോടുകൂടിയവനും രണ്ടു കൈകളെകൊണ്ട് വേലും വജ്റായുധവും ധരിക്കുന്നവനും അല്ലെങ്കിൽ ഇടതുകൈ അരയിൽ ചേർത്ത് വച്ച് വലതു കൈ കൊണ്ട് വരദ മുദ്ര ധരിച്ചവനും സിന്ദൂരവർണം പോലെ ശോഭിക്കുന്നവനും മഞ്ഞപ്പട്ട് ഉടുത്തവനുമായ സുബ്രഹ്മണ്യനെ ധ്യാനിക്കണം)

സുബ്രഹ്മണ്യ മൂലമന്ത്രം
ഓം വചത്ഭുവേ നമഃ

കാര്യസിദ്ധിക്ക് മന്ത്രങ്ങൾ

  1. ഓം സ്‌കന്ദായ നമഃ (തൊഴില്‍ ലബ്ധി, ഉന്നതി )
  2. ഓം സനല്ക്കുമാരായ നമഃ (ആയൂര്‍ബലം)
  3. ഓം നീലകണ്ഠാത്മജായ നമഃ (ഭാഗ്യ വർദ്ധന )
  4. ഓം കുമാരായ നമഃ (കര്‍മ്മവിജയം)
  5. ഓം മയൂരവാഹായ നമഃ (രോഗശാന്തി)
  6. ഓം വിശാഖായ നമഃ (വിദ്യഗുണം)
    (നിത്യവും രാവിലെയും വൈകിട്ടും കുറഞ്ഞത് 144 തവണ വീതം ജപിക്കുക.)

ജ്യോതിഷരത്നം വേണു മഹാദേവ്,

+91 9847475559

Story Summary: Three days Thipooya Vritham for material benifits
Copyright 2022 Neramonline.com. All rights reserved


error: Content is protected !!
Exit mobile version