Saturday, 21 Sep 2024

ദക്ഷിണാമൂർത്തിയെ തൊഴുതാൽ ഓർമ്മശക്തി, ബുദ്ധിശക്തി, വിദ്യാവിജയം

മംഗള ഗൗരി

ഭാരതീയ സങ്കല്പത്തിൽ വിദ്യയ്ക്ക് 2 ദേവതകളുണ്ട്. വിദ്യ, വിജ്ഞാനം, വിവേകം, അക്ഷരകല, കാവ്യരചന തുടങ്ങിയ വാക്ക് വൈഭവ ദേവത പൂർണ്ണമായും സരസ്വതി ദേവിയാണ്. എന്നാൽ നമ്മുടെ ജ്ഞാനദേവത ദക്ഷിണാമൂർത്തിയാണ്. അരയാലിന്റെ ചുവട്ടിൽ തെക്കോട്ട് അഭിമുഖമായി ഇരിക്കുന്ന ശിവന്റെ രൂപമാണ് ദക്ഷിണാമൂർത്തി.

ശിവ ഭഗവാന്റെ ആദ്യ ഭാര്യയാണ് സതി. എന്നാൽ സതിയുടെ പിതാവ് ദക്ഷന് ശിവനും സതിയും തമ്മിലുള്ള ബന്ധം ഇഷ്ടമായില്ല. ദക്ഷൻ ശിവനെ ശത്രുപക്ഷത്ത് കണ്ട് ഒരു യാഗം നടത്താൻ തീരുമാനിച്ചു. ശിവനൊഴിച്ച് എല്ലാരെയും യാഗത്തിന് ക്ഷണിച്ചു. വിവരം അറിഞ്ഞ് സതി ഭർത്താവിനോട് യാഗത്തിന് പോകാൻ അനുവാദം ചോദിച്ചു. ശിവൻ സതിയെ യാഗത്തിന് പോകാൻ ഒരു ഉപാധിയോടെ അനുവദിച്ചു: യാഗത്തിന് പോകാം, പക്ഷേ ക്ഷണിക്കാതെ ചെന്നാൽ അച്ഛൻ അധിക്ഷേപിച്ചാലോ?

അപ്പോൾ സതി പറഞ്ഞു: അധിക്ഷേപിക്കില്ലെന്ന് എനിക്ക് ഉറപ്പുണ്ട്. അഥവാ അധിക്ഷേപിച്ചാൽ ഞാൻ തിരിച്ചു വരില്ല. ശിവൻ അനുവദിച്ചു. സതി യാഗത്തിന് പുറപ്പെട്ടു. സതി യാഗസ്ഥലത്തെത്തി. പുത്രിയെ കണ്ട ദക്ഷൻ കോപാകുലനായി. ശിവനെയും സതിയെയും അധിക്ഷേപിച്ചു. സതിയെ യാഗസ്ഥലത്ത് നിന്നും ആട്ടിപ്പായിക്കാൻ അനുചരരോട് പറഞ്ഞു. ശപഥം പാലിക്കാൻ സതി യാഗത്തിലെ ഹോമാഗ്‌നിയിൽ ചാടി വെന്തുമരിച്ചു.

സംഭവമറിഞ്ഞ് കോപം അടക്കാനാകാതെ ശിവൻ പാഞ്ഞെത്തി യാഗം മുടക്കി ; ദക്ഷനെ കൊന്നു. എല്ലാം ഭസ്മമാക്കി. സതിയുടെ ജഢവുമെടുത്ത് സംഹാര താണ്ഡവമാടിയ ശിവൻ ഒടുവിൽ ഒരരയാലിന്റെ ചുവട്ടിൽ തെക്കോട്ട് അഭിമുഖമായി ഇരുന്ന് ദീർഘകാലം തപസ്‌ അനുഷ്ഠിച്ചു; തികച്ചും മൗനിയായി തീർന്നു. ശിവൻ അഖണ്ഡജ്ഞനത്തിന്റെ അമൃതായി മാറി. ഇതറിഞ്ഞ ഋഷികളും പണ്ഡിതരും ജ്ഞാനാന്വേഷികളും കൂട്ടം കൂട്ടമായി ശിവന്റെ മുന്നിലെത്തി.

ശിവൻ ഒരക്ഷരം ആരോടും ഒന്നും ഉരിയാടിയില്ല. വന്ന എല്ലാവർക്കും ധാരാളം സംശയങ്ങൾ ഉണ്ടായിരുന്നു. ആരും തന്നെ ഒരു സംശയവും ശിവനോട് ചോദിക്കാൻ ധൈര്യം കാട്ടിയില്ല. അവർ ദക്ഷിണാമൂർത്തിയായ ശിവനെ തൊഴുതു മടങ്ങി. പക്ഷെ അത്ഭുതം സംഭവിച്ചു. വന്നെത്തിയ ഓരോ ശിഷ്യന്റെയും ചെറിയ സംശയം പോലും ഈ മൗന ദർശനത്തിൽ തന്നെ ദൂരീകരിക്കപ്പെട്ടു. ഇതാണ് ദക്ഷിണാമൂർത്തിയുടെ മഹാദ്ധ്യാപനം. സർവ്വ കലകളുടെയും ദേവതയായ സരസ്വതിയും ജ്ഞാനമൂർത്തിയായ ദക്ഷിണാമൂർത്തിയും അമൃതം പോലെയാണ്. രണ്ടു പേരുടെയും നിറവും മനസും വെള്ളയാണ്. ആടയാഭരണങ്ങളും പ്രകാശമാനമായ, അമൃതതുല്യമായ ശുഭ്രവർണ്ണം. ഇരുവരുടെയും കൈകളിൽ അക്ഷയമാലകൾ. ശിരസിൽ കിരീടം പോലെ ശുഭ്രവസ്ത്രങ്ങൾ, സരസ്വതിയുടെ ശിരസിലെ ചന്ദ്രക്കലയും ശ്രദ്ധേയമാണ്. ഇരുവർക്കുമുണ്ട് ത്രിനയനങ്ങൾ. പ്രകാശമയമായ വെളുത്തനിറം ചന്ദ്രക്കല, സ്ഫടികമാല, ആടയാഭരണങ്ങൾ എല്ലാം ജ്ഞാനത്തിന്റെയും സമാധാനത്തിന്റെയും പ്രതീകം. സരസ്വതിക്കും ദക്ഷിണാമൂർത്തിക്കും പുറമെ ഗണപതി, മുരുകൻ, ഗീതാകൃഷ്ണൻ സങ്കൽപ്പങ്ങളും ചിലയിടങ്ങളിൽ പ്രദേശികമായി വിദ്യാദേവതയായി വിശ്വസിച്ചു പോരുന്നു.

ഓർമ്മശക്തിയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കാനും വിദ്യാവിജയത്തിനും ക്ഷിപ്ര ഫലദായകമാണ് ദക്ഷിണാമൂർത്തി മന്ത്രജപം. ശിവഭഗവാന് വിശേഷമായ പ്രദോഷം, ശിവരാത്രി, ഞായറാഴ്ച തുടങ്ങി ഈ മന്ത്രം 28 ദിവസം തുടർച്ചയായി ജപിക്കുക. ധ്യാനശ്ലോകം 12 പ്രാവശ്യം ജപിക്കുക. മന്ത്രം 108 പ്രാവശ്യം ജപിക്കുക.

ധ്യാനശ്ലോകം
സ്ഫടികരജതവർണ്ണം മൗക്തികീമക്ഷമാലാം
അമൃതകലശവിദ്യാജ്ഞാനമുദ്രാ: കരാഗ്രൈ:
ദധതമുരഗകക്ഷം ചന്ദ്രചൂഡം ത്രിനേത്രം
വിധൃതവിവിധഭൂഷം ദക്ഷിണാമൂർത്തീമീഡേ

ദക്ഷിണാമൂർത്തി മന്ത്രം
ഓം ദം ദക്ഷിണമൂർത്തയേ നമ:

വന്ദന ശ്ലോകം
നമശ്ശിവായ ശാന്തായ ശുദ്ധായ പരമാത്മനേ
നിർമ്മലായ പ്രസന്നായ ദക്ഷിണാമൂർത്തയേ നമ:

നന്ദീശ്വര ഗായത്രി
അറിവ് വര്‍ദ്ധിക്കാന്‍ ഉത്തമമായ മന്ത്രമാണ് നന്ദീശ്വര ഗായത്രി. ആദി ഗുരുവായ, അറിവിന്റെ ദേവനായ ദക്ഷിണാമൂർത്തി ശിവ ഭവാന്റെ ജ്ഞാന രൂപഭാവമാണ്. ആ ശിവന്റ വാഹനമായ നന്ദിയുടെ മന്ത്രമാണ് നന്ദീശ്വര മന്ത്രം. പഠിക്കുന്ന കുട്ടികൾ ഈ മന്ത്രം ചൊല്ലുന്നത് വളരെ നല്ലതാണ്. പഠിച്ചതെല്ലാം പരീക്ഷകളിൽ നന്നായി പ്രയോജനപ്പെടും. 28 തവണ വീതം എന്നും രാവിലെ ചൊല്ലുക.

സൗരഭേയായ വിദ്മഹേ
മഹാബലായ ധീമഹേ
തന്നോ ഋഷ: പ്രചോദയാല്‍

മംഗള ഗൗരി

Story Summary: Significance of Dakshina Murthy in learning


error: Content is protected !!
Exit mobile version