Friday, 22 Nov 2024

ദശാവതാര മൂർത്തികളെ ഭജിച്ചാൽ കർമ്മവിജയം, ദാമ്പത്യ ഭദ്രത, ശത്രു മുക്തി

മംഗള ഗൗരി
ഭഗവാൻ ശ്രീ മഹാവിഷ്ണുവിൻ്റെ അവതാരങ്ങളിൽ ഏറ്റവും പ്രാധാന്യമുള്ളത് ശ്രീരാമനും ശ്രീകൃഷ്ണനും നരസിംഹ മൂർത്തിയുമാണ്. കർമ്മവിജയം, വിദ്യാലാഭം, സന്താനലാഭം, ദാമ്പത്യ ഭദ്രത, ശത്രു ദോഷമുക്തി ബുധ – വ്യാഴ ദോഷ പരിഹാരം, തുടങ്ങിയവയാണ് വിഷ്ണു അവതാരമൂർത്തികളെ ആരാധിക്കുന്നത് കൊണ്ടുള്ള പ്രധാന ഫലങ്ങൾ. ബുധൻ, വ്യാഴം ദിവസങ്ങളും അതാത് മൂർത്തികളുടെ ദിനങ്ങളുമാണ് പ്രധാന ദിവസങ്ങൾ. ചൈത്രമാസത്തിലെ നവമി ദിനം ശ്രീരാമജയന്തിയായി ആഘോഷിക്കുന്നു. ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ ഇല്ലാതാകുക, പരസ്പര വശ്യതയുണ്ടാക്കുക, പ്രവൃത്തി മണ്ഡലത്തിൽ വിജയം നേടുക, സമൂഹത്തിൽ ഉന്നത സ്ഥലം കൈവരിക്കുക തുടങ്ങിയവയാണ് ശ്രീരാമ ദേവനെ ആരാധിക്കുന്നതിന്റെ ഫലങ്ങൾ. വിഷ്ണുവിനുള്ള എല്ലാ വഴിപാടുകളും ശ്രീരാമനും പ്രധാനമാണ്.

ബുധൻ, വ്യാഴം ദിവസങ്ങളും ചിങ്ങത്തിലെ അഷ്ടമി രോഹിണിയും മാസന്തോറും രോഹിണി നക്ഷത്രവുമാണ് ശ്രീകൃഷ്ണന് പ്രധാനം. നെയ് വിളക്ക്, പാൽപായസം, തുളസിമാല ചാർത്തുക, താമരമാല, തൃക്കൈ വെണ്ണ, പുരുഷസൂക്താർച്ചന, നാരായണ സൂക്താർച്ചന, കദളിപ്പഴ നിവേദ്യം തുടങ്ങിയവയാണ് ശ്രീകൃഷ്ണന് പ്രിയപ്പെട്ട വഴിപാടുകൾ.

വൈശാഖമാസത്തിലെ ശുക്ലപക്ഷ ചതുർദ്ദശിയിലെ നരസിംഹ ജയന്തിയും എല്ലാ മാസത്തിലെയും ചോതി നക്ഷത്ര ദിവസങ്ങളും നരസിംഹമൂർത്തിയുടെ പ്രധാന ദിനങ്ങളാണ്. ശത്രുദോഷം, രോഗബാധകൾ, വിവാഹ തട‌സം, പ്രേതബാധകൾ, സാമ്പത്തിക ക്ലേശങ്ങൾ, ക്രൂര ഗ്രഹ ദോഷങ്ങൾ, ദൃഷ്ടിദോഷം, ബുധദോഷം ഇവയിൽ നിന്നുള്ള മോചനമാണ് നരസിംഹമൂർത്തി ഉപാസനയുടെ പ്രധാന ഫലങ്ങൾ. പാനകമാണ് പ്രധാന വഴിപാട്. രോഗ ശാന്തിയാണ് ഇതിന്റെ മുഖ്യ ഫലം. രക്തപുഷ്പാഞ്ജലി ദൃഷ്ടിദോഷ ശത്രുദോഷങ്ങളും ഗ്രഹ ദോഷങ്ങളും ശമിപ്പിക്കും. പുരുഷ സൂക്താർച്ചനയിലൂടെ ഐശ്വര്യം നേടാം. ശർക്കരപായസം വഴിപാട് മന:ശാന്തി നൽകും. ഇഷ്ടസിദ്ധിക്ക് പാൽപ്പായസമാണ് നരസിംഹ ഭഗവാന് നേദിക്കുന്നത്.

വിഷ്ണു ഭഗവാന്റെ മറ്റ് അവതാരങ്ങളായ മത്സ്യമൂർത്തിയെ പൂജിച്ചാൽ വിദ്യാലാഭവും, കൂർമ്മ മൂർത്തിയെ ആരാധിച്ചാൽ എല്ലാ കാര്യത്തിലും വിജയവും കൈവരിക്കാനാവും. വാമനമൂർത്തിയെ ആരാധിച്ചാൽ സന്താന ലാഭം, ഭൂമി ലാഭം, വിദ്യാ ലാഭം എന്നിവ ലഭിക്കും.
ചിങ്ങത്തിലെ തിരുവോണം വാമനമൂർത്തിയുടെ അവതാര ദിവസമാണ്. ഈ ദിവസം വാമന മൂർത്തിക്ക് വഴിപാട് നടത്താൻ ശ്രേഷ്ഠമാണ്. വരാഹമൂർത്തിയെ ആരാധിച്ചാൽ ഭൂമി സംബന്ധമായ ദോഷങ്ങളും കുടുംബ ശാപം തുടങ്ങിയവയും ഇല്ലാതാകും. പരശുരാമനെ ആരാധിച്ചാൽ പിതൃദോഷശാന്തിയും, ബലരാമനെ ആരാധിച്ചാൽ കാർഷികവൃത്തികളിൽ അഭിവൃദ്ധിയും, കൽക്കിയെ ആരാധിച്ചാൽ ശത്രുനാശവുമാണ് ഫലം.

ഭഗവാൻ്റെ തന്നെ അംശാവതാരമായ ധന്വന്തരി മൂർത്തിയെ ആരാധിച്ചാൽ രോഗ നാശം, ആരോഗ്യ സിദ്ധി എന്നിവയാണ് ഫലം. പൊതുവെ വിഷ്ണുഭഗവാന് പറഞ്ഞിരിക്കുന്ന പാൽപായസം, തുളസിമാല, താമരമാല, നെയ് വിളക്ക് സഹസ്രനാമാർച്ചന, പുരുഷസൂക്താർച്ചന, നാരായണസൂക്താർച്ചന തുടങ്ങിയവയാണ് എല്ലാ അവതാരമൂർത്തികളുടെയും വഴിപാടുകൾ.

മൂലമന്ത്രങ്ങൾ
1 വിഷ്ണു
ഓം നമോ നാരായണായ

2 ശ്രീരാമൻ
ഓം രാം രാമായ നമഃ

3 ശ്രീകൃഷ്ണൻ
ഓം ക്ലീം കൃഷ്ണായ നമഃ

4 നരസിംഹം
ഓം ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം

Story Summary: Significance and Benefits of Deshavathara moorthy Worshipping


error: Content is protected !!
Exit mobile version