ദാമ്പത്യസൗഖ്യത്തിനും കുടുംബഭദ്രതയ്ക്കും സർവോത്തമം ധനുമാസത്തിരുവാതിര
ജ്യോതിഷി പ്രഭാസീന സി പി
ദാമ്പത്യ സൗഖ്യത്തിനും കുടുംബഭദ്രതയ്ക്കും ധാരാളം പ്രാർത്ഥനകളും അനുഷ്ഠാനങ്ങളുമുണ്ട്. അതിൽ മുഖ്യം ധനുമാസത്തിലെ തിരുവാതിര വ്രതമാണ്. എല്ലാ മാസത്തെയും തിരുവാതിര വിശേഷമാണെങ്കിലും ധനുമാസത്തിരുവാതിരയാണ് ശ്രേഷ്ഠം. ലോകനാഥനായ മഹാദേവനേയും ശ്രീപാർവ്വതിദേവിയെയും അന്ന് വ്രതം നോറ്റ് ഭജിച്ചാൽ സർവ്വാഭിഷ്ടസിദ്ധിയാണ് ഫലം. 2023 ഡിസംബർ 27 ബുധനാഴ്ചയാണ് ഈ വർഷത്തെ ധനുമാസത്തിരുവാതിര.
പണ്ട് കാലത്ത് കേരളത്തിലെ സ്ത്രീകൾ ഉത്സാഹപൂർവം ആഘോഷിച്ചിരുന്നതാണ് തിരുവാതിര. ആചാരങ്ങളും വ്രതാനുഷ്ഠാനങ്ങളുമായി സ്ത്രീകൾ ഈ ഉത്സവം കൊണ്ടാടിയിരുന്നു. സാധാരണ വ്രതാനുഷ്ഠാനങ്ങളിൽ നിന്ന് വ്യത്യാസ്തമാണ് തിരുവാതിരയുടെ ആചാരങ്ങൾ.
മൂന്ന് ഐതിഹ്യങ്ങൾ
തിരുവാതിരക്ക് പിന്നിലും ഏതൊരു ആഘോഷത്തിലും എന്ന പോലെ ഐതിഹ്യങ്ങൾ ഉണ്ട്. ഇതിൽ പ്രധാനം ധനുമാസത്തിലെ തിരുവാതിര കൈലാസനാഥനായ ശ്രീ പരമേശ്വരൻ്റെ തിരുന്നാൾ എന്നതു തന്നെയാണ്.
ഭർത്താവിന് തന്നിൽ പ്രണയം കൂടുന്നതിന് ശ്രീപാർവ്വതി
ഈ ദിവസം വ്രതമനുഷ്ഠിച്ചു എന്ന് കരുതുന്നു. പിന്നാലെ ദേവസ്ത്രീകളും മറ്റ് സാധാരണക്കാരും നെടുമംഗല്യത്തിന് ഈ വ്രതം അനുഷ്ഠിച്ചു തുടങ്ങി എന്നാണ് വിശ്വാസം.
രണ്ടാമത്തെ ഐതിഹ്യം പാലാഴി കടഞ്ഞപ്പോൾ വാസുകി വമിച്ച വിഷം പ്രപഞ്ച രക്ഷയെ കരുതി കഴിച്ച ശിവന് ആപത്തൊന്നും വരാതിരിക്കാൻ ഭഗവാനെ ഉറക്കാതെ പാർവ്വതി കാവലിരുന്നുവത്രെ. ആ രാത്രിയിൽ ഭഗവാൻ ഉറങ്ങാതിക്കാൻ വേണ്ടി പാർവതി ദേവിയും സഖിമാരും പാടിയും ആടിയും പ്രഭാതം വരെ കഴിച്ചു കൂട്ടി എന്നും ഒരു കഥയുണ്ട്.
മറ്റൊരു ഐതിഹ്യം ഇങ്ങനെ: ഹിമവത് പുത്രിയായി പിറന്ന പാർവ്വതിദേവി ശിവനെ ഭർത്താവായി ലഭിക്കാൻ തപസ്സു ചെയ്തു. ദേവൻമാരാകട്ടെ ഈ സമയം അസുര നിഗ്രഹത്തിനായി ശിവസുതൻ ജനിക്കണം എന്ന ആവശ്യാർത്ഥം ശിവന് പാർവ്വതിയിൽ അഭിനിവേശം ജനിപ്പിക്കാൻ കാമദേവനെ നിയോഗിച്ചു.
താമര, അശോകം, മുല്ല, മാമ്പൂവ്, കരിം കൂവളം എന്നീ പഞ്ചപുഷ്പങ്ങൾ കൊണ്ടുള്ള ശരമെയ്ത് കാമദേവൻ ശിവന് പാർവ്വതിയിൽ അനുരാഗം ഉണർത്തി. അങ്ങനെ ശിവപാർവ്വതി പരിണയത്തിന് കളം ഒരുങ്ങി. ഇതറിഞ്ഞ് കോപിഷ്ഠനായ മുക്കണ്ണൻ കാമദേവനെ ദഹിപ്പിച്ചു കളയുന്നു. പ്രിയനെ പിരിയേണ്ടി വന്ന രതിദേവി ഊണും ഉറക്കവും ഉപേക്ഷിച്ചു വിലപിച്ചു. ഈ ദുഃഖത്തിൽ ദേവസ്ത്രീകളും സങ്കടപ്പെട്ട് ജലപാനം പോലും ഒഴിവാക്കി ശിവന് ദയ തോന്നാൻ വേണ്ടി വ്രതം അനുഷ്ഠിക്കുന്നു. ഈ വ്രതാനുഷ്ഠാനമാണ് ഇന്നും തിരുവാതിര നാളിൽ സ്ത്രീകൾ നടത്തുന്ന വ്രതാനുഷ്ഠാനത്തിനാധാരം. ഒടുവിൽ കരുണ തോന്നിയ ശിവ ഭഗവാൻ കാമദേവനെ പുനർജീവിപ്പിക്കുന്നു. പാർവ്വതീപരിണയവും നടക്കുന്നു.
ഉണരുണരൂ ഗംഗാദേവി
തിരുവാതിര നാളിനു മുമ്പുതന്നെ സ്ത്രീകൾ തിരുവാതിര അനുഷ്ഠാനങ്ങൾ തുടങ്ങുന്നു. പുലരും മുമ്പ് കൂട്ടം കൂട്ടമായി പാട്ടു പാടി കൊണ്ടാണ് സ്ത്രീകൾ കുളിക്കാൻ പോകുന്നത്. കാർത്തിക നാൾ കാക്ക കരയും മുമ്പ്, രോഹിണി നാളിനു മുമ്പ് കാണും മുമ്പ് മകയിരത്തിന് മക്കളുണരും മുമ്പ് എന്ന് ജലത്തിൽ പ്രത്യേക തരത്തിൽ തട്ടി ശബ്ദം ഉണ്ടാക്കി തുടിക്കുന്നതിനൊപ്പം പാട്ടും പാടുന്നു:
ഒന്നാം ശ്രീ പാൽക്കടവിൽ
ഒന്നല്ലോ പള്ളി ശംഖ്
പള്ളി ശംഖിൽ നാദം കേട്ട്
ഉണരുണരൂ ഗംഗാദേവി
ഇത് ഗംഗാദേവിയെ ഉണർത്തുന്നതിനായി പാടുന്നു എന്നാണ് വിശ്വാസം. കുളിക്കഴിഞ്ഞാൽ ശുഭ വസ്ത്രങ്ങൾ ധരിക്കുന്നു. കണ്ണെഴുതി ചന്ദനം, മഞ്ഞൾ എന്നിവ കൊണ്ട് കുറിയിടുന്നു തിലകവും ചാർത്തുന്നു. മുടിയിൽ ദശപുഷ്പവും ചൂടുന്നു.
മക്കളുടെ സൗഭാഗ്യത്തിന് മകയിരം
മക്കളുടെ സൗഭാഗ്യത്തിന് മകയിരവും, ഭർത്താവിൻ്റെ സൗഭാഗ്യത്തിന് തിരുവാതിര നോയ്മ്പുമെന്നാണ് വിശ്വാസം. മകയിരത്തിൻ്റെ അന്ന് സന്ധ്യയ്ക്ക് ചേന, കായ, ചേമ്പ്, കാച്ചിൽ, കൂർക്ക, മൂന്നുതരം കിഴങ്ങ് എന്നിവയെല്ലാം തീയിലിട്ട് ചുട്ട് ഒരുക്കുന്നു. ഇതിന്റെ കൂടെ പയറ്, മുതിര, എള്ള്, ശർക്കര, നാളികേരം ചേർത്ത് കോലമിട്ട് അലങ്കരിച്ച് മുറ്റത്ത് അഞ്ചുതിരിയിട്ട് കത്തിച്ച നിലവിളക്കിന് മുമ്പിൽ നാക്കിലയിൽ വയ്ക്കുന്നു. പിന്നീട് മുറപോലെ ഗണപതി, സരസ്വതി ശിവപാർവ്വതിമാരെ ധ്യാനിച്ചു നിവേദിക്കുന്നു. പല സ്ഥലങ്ങളിലും കൂവ വരട്ടിയതും, പഴം, ഉപ്പേരി, ഇളനീർ എന്നിവയും ഉണ്ടാകും. കവി ഈ ആചാരത്തിനെ ഇങ്ങനെ വർണ്ണിക്കുന്നു .
ആലങ്ങാ നാരങ്ങാ നാളികേരം
കനിവുള്ള ശർക്കര വാഴപ്പഴം
കൊട്ട തേങ്ങ ചെറുനാരങ്ങയും
ഒട്ടൊട്ടു വെന്തൊരു നീലക്കരിമ്പും
കടലയ്ക്കയും വാഴക്കയും
വൻ ചേന, നല്ല ചെറുകിഴങ്ങ്,
പുഞ്ച മലർപ്പൊടി, പാലിളനീർ
ചോളമിറങ്ങും പയറുമെള്ളും
നൽപ്പൊരി നല്ല തരിപ്പണവും
നീണ്ടു തടിച്ച ഞെരിപ്പടയും
വേണ്ടുവോളം നല്ല പായസവും
ഇവയെല്ലാം നിൻ്റെ മുന്നിൽ വെച്ച്
എൻ്റെ ഗണപതി തമ്പുരാനെ
ഞാനിതാ നിൻപാദം തൊഴുന്നേൻ
പൂത്തിരുവാതിര
വിവാഹം കഴിഞ്ഞ് വരുന്ന ആദ്യത്തെ തിരുവാതിരയെ പൂത്തിരുവാതിര എന്ന് പറയും. ഇത് ആഘോഷിക്കുന്ന യുവതികൾ ഈ പൂജ നടത്തുന്നത് പണ്ട് കാലത്ത് പതിവായിരുന്നു. പിന്നീട് ആ പ്രസാദം എല്ലാവർക്കും വിതരണം ചെയ്യുന്നു.
അരി ഭക്ഷണം ഉപേക്ഷിച്ച്
എന്നും കഴിക്കുന്ന അരി ഭക്ഷണം തിരുവാതിര നൊയമ്പിന് ഉപേക്ഷിക്കുന്നു. പഴങ്ങൾ, ഗോതമ്പ്, കിഴങ്ങു വർഗ്ഗങ്ങൾ എന്നിവ ഭക്ഷിക്കുന്നു. മുതിര, പയർ, കായ, ചേന, ചേമ്പ്, കൂർക്ക, മറ്റ് കിഴങ്ങുവർഗ്ഗങ്ങൾ തുടങ്ങിയവ ചേർത്തുണ്ടാക്കുന്ന തിരുവാതിര പുഴുക്ക് അന്നേ ദിവസം പ്രധാന ഭക്ഷണമാണ്. മകയീരവും തിരുവാതിരയും ചേർന്നു വരുന്ന രാത്രിയിലാണ് ആഘോഷമേറെയും .എട്ടങ്ങടി നേദിച്ചു കഴിഞ്ഞ് ആ പ്രസാദവും ഭക്ഷിച്ചു കഴിഞ്ഞാൽ പിന്നെ നിലവിളക്കിനു മുന്നിൽ അഷ്ടമംഗല്യം ഒരുക്കുന്നു. കിണ്ടിയിൽ വെള്ളം, ദശപുഷ്പങ്ങൾ, നിറപറ ഇവയെല്ലാം ഒരുക്കിയിരിക്കും. താംബൂല ചർവ്വണത്തിന് ആവശ്യമായ വെറ്റില, കളിയടയ്ക്ക, ചുണ്ണാമ്പ് എന്നിവയും ഉണ്ടാകും.
തിരുവാതിരക്കളി
പിന്നീട് ഇവയ്ക്കു ചുറ്റും സ്ത്രീകൾ തിരുവാതിരക്കളി ആരംഭിക്കും. ഗണപതി, സരസ്വതി വന്ദനത്തോടെയാണ് ആരംഭം. പിന്നീട് പാർവ്വതി പരമേശ്വരൻമാരെയും മറ്റ് ദേവീ ദേവൻമാരെയും സ്തുതിക്കുന്നു. പാതിരാവ് വരെയാണ് ഇത്. ഇതിനിടയിൽ ഊഞ്ഞാലാട്ടവും മാണിക്ക ചെമ്പഴുക്ക, താലി പീലി തുടങ്ങിയ കളികളും നടക്കുന്നു.
പാതിരാ പൂചൂടൽ
തുർടന്നു പാതിരാ പൂചൂടൽ എന്ന ചടങ്ങായി. അർദ്ധരാത്രി വിടരുന്ന കൊടുവേലി പൂ, പാട്ടുപാടി സ്ത്രീകൾ കൊണ്ടു വരുന്നു. ഈ സമയം തിരുവാതിര നക്ഷത്രം ഉദിച്ചിരിക്കും. പിന്നീട് പൂ നാക്കിലയിൽ വെച്ച് ഇങ്ങനെ പാടിക്കളിക്കുന്നു:
ശ്രീ ഭഗവതി ചിരുതേയീ
നിനക്കാരേ പൂതന്നു
എനിക്കാരും തന്നതല്ല
ഞാൻ പറിച്ചു ചൂടീതല്ല
ചെമ്പരത്തിച്ചോട്ടിലൂടെ
പയ്യ് തെളിക്കാൻ പോയപ്പോൾ
എൻമുടിയിൽ വീണതാണേ
പാതിരാപൂ കൊണ്ടു വന്നാൽ മുമ്പേ ഒരുക്കിയിരിക്കുന്ന ദശപുഷ്പങ്ങളും ചൂടാൻ തുടങ്ങും. ഈ ചടങ്ങിൽ കൊന്നയിലയ്ക്കും, എരുക്കിലയ്ക്കും പ്രാധാന്യമുണ്ട്. എരുക്കിലയിലാണ് ദശപുഷ്പങ്ങൾ അടുക്കി വയ്ക്കുന്നത്. ദശപുഷ്പങ്ങൾ ഒരുക്കുന്ന കൂട്ടത്തിൽ തൃപ്പുട എന്ന ചെടിയുടെ ഇലയ്ക്കും പ്രാധാന്യ മുണ്ട്. ശിവൻ്റെ ജടയാണ് ഇതെന്നാണ് സങ്കൽപ്പം. ദശപുഷ്പങ്ങൾ ചൂടുന്നതിനെക്കുറിച്ചും പാട്ടുകളുണ്ട്.
പുഷ്പങ്ങളും ദേവതകളും ഫലവും
ഓരോ പുഷ്പങ്ങളുടെ അധിദേവതകളും ഓരോ പുഷ്പങ്ങളുടെ ഗുണ ഗണങ്ങളും പാട്ടിൽ വിവരിക്കുന്നു .
കറുകയുടെ ദേവത ആദിത്യനാണ്. ഫലം: ആധിവ്യാധി തീർക്കുക.
വിഷ്ണുകാന്തിയുടെ ദേവത മഹാവിഷ്ണു. ഫലം വൈഷ്ണവ പദം തേടും
തിരുതാളിയുടെ ദേവത ലക്ഷ്മിദേവി ഫലം: ഐശ്വര്യം ലഭിക്കും
പൂവാം കുറിഞ്ഞിലയുടെ ദേവത നാൻ മുഖൻ. ഫലം : ദാരിദ്യം തീരും.
കുഞ്ഞുണ്ണിയുടെ ദേവത പഞ്ചബാണാരി. ഫലം : പഞ്ചപാതകം തീരുന്നു
മുക്കുറ്റിയുടെ ദേവത പാർവ്വതി. ഫലം: ഭർത്തൃ സൗഖ്യം
നിലപ്പനയുടെ ദേവത ഭൂമിദേവി. ഫലം: ഭൂദേവി പ്രീതിയോടെ ജ്ഞാനം
ഉഴിഞ്ഞയുടെ ദേവത ഇന്ദ്രൻ ഫലം: സർവ്വാഭീഷ്ടം
ചെറൂളയുടെ ദേവത യമധർമ്മൻ. ഫലം: ദീർഘായുസ്സ് .
മുയൽചെവിയുടെ ദേവത ചിത്തജൻ. ഫലം: സൗന്ദര്യം
ഇങ്ങനെ പാതിരപ്പൂവും ദശപുഷ്പങ്ങളും ചൂടി കഴിഞ്ഞാൽ വീണ്ടും തിരുവാതിരക്കളി തുടങ്ങുകയായി.
ജ്യോതിഷി പ്രഭാസീന സി പി
+91 9961442256
Email ID: prabhaseenacp@gmail.com
Story Summary: Rituals and Significance of Thiruvathira