Friday, 22 Nov 2024

ദാരിദ്ര്യം മാറാനും ധനം വരാനും പഞ്ചാക്ഷരി ജപിച്ച് നിത്യവും ഇപ്രകാരം ചെയ്യുക

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ആശ്രയിക്കുന്നവർക്ക് എല്ലാ ഐശ്വര്യവും നൽകുന്ന മൂർത്തിയാണ് കുബേരൻ. എന്നാൽ ശിവനെ പ്രാർത്ഥിച്ച് പ്രീതിപ്പെടുത്തിയാൽ മാത്രമേ ധനത്തിന്റെ അധിപനായ കുബേരന്റെ കടാക്ഷം ലഭിക്കൂ. സമ്പദ്‌ സമൃദ്ധിയുടെ ഈശ്വരഭാവമായ കുബേരന് ഐശ്വര്യങ്ങൾ ലഭിച്ചത് അപ്രകാരമാണ്. അതിനാൽ കുബേരനെ ഭജിക്കുന്നവർ ശിവനെയും തീർച്ചയായും പ്രീതിപ്പെടുത്തണം. അതിനു വേണ്ടി എത് കുബേരമന്ത്രവും ജപിക്കുന്നതിനും മുമ്പ് ഓം നമഃ ശിവായ എന്ന പഞ്ചാക്ഷരി മന്ത്രം 108 പ്രാവശ്യം ജപിക്കണം എന്നാണ് വിശ്വാസം. ശിവ ഭഗവാനെ അവഗണിക്കുന്നവർക്ക് കുബേരമന്ത്രങ്ങൾ ഫലിക്കില്ല. ദാരിദ്ര്യം മാറാനും ഭാഗ്യ ലബ്ധിക്കും പ്രത്യേകം കുബേര മന്ത്രമുണ്ട്. ഈ മന്ത്രങ്ങൾ ജപിക്കുന്നതിന് ചില ചിട്ടകൾ കർശനമായും പാലിക്കണം. ഈ നിഷ്ഠകൾ പാലിച്ച് കുബേരമൂർത്തിയെ ഭക്തിപൂർവ്വം സ്മരിക്കുന്നവർക്ക് അളവറ്റ ധനസമൃദ്ധിയുണ്ടാകും. കടബാധ്യതകൾ, ദാരിദ്ര്യം ഇവ അകലും.

കുബേര മന്ത്രജപത്തിന്റെ ചിട്ടകൾ

1 ) ശുദ്ധിയുള്ള, വൃത്തിയുള്ള സ്ഥലത്ത് കഴുകി വൃത്തിയാക്കിയ വെളുത്ത വസ്ത്രം ധരിച്ച് മാത്രമേ കുബേരമന്ത്രം ജപിക്കാൻ പാടുള്ളൂ.
2 ) എന്നും രാവിലെ കുളിച്ച് പൂജാമുറിയിൽ
വടക്കുദിക്കിലേക്ക് തിരിഞ്ഞിരുന്നാണ് ജപിക്കേണ്ടത്.
3 ) നെയ്‌വിളക്ക് കൊളുത്തി വച്ച് വേണം പ്രാർത്ഥന.
4 ) എത് കുബേരമന്ത്രവും ജപിക്കുന്നതിനും മുമ്പ്
ഓം നമഃ ശിവായ ജപിക്കണം.
5 ) പഞ്ചാക്ഷരി ജപിച്ച ശേഷം കുബേര മന്ത്ര ജപത്തിന്
മുൻപ് കുബേരമൂർത്തിയുടെ ധ്യാനശേ്‌ളാകം ജപിക്കണം.
6 ) മനോഹരവും ദിവ്യവുമായ, സ്വർണ്ണരത്ന വിമാനത്തിൽ ഇരിക്കുന്ന കുബേരമൂർത്തി രൂപം നന്നായി മനസിൽ ചിന്തിച്ചുറപ്പിച്ച ശേഷം ധ്യാനശ്ലോകം മൂന്നു പ്രാവശ്യമാണ് ജപിക്കേണ്ടത്.
7 ) പൗർണ്ണമി, വെള്ളിയാഴ്ച, തിങ്കളാഴ്ച, നവമി, പഞ്ചമി, ദിവസങ്ങൾ കുബേര ഉപാസനയ്ക്ക് പ്രധാനമാണ്. ഈ ദിവസങ്ങൾ കുബേര മന്ത്രജപാരംഭത്തിനും ഉത്തമമാണ്.

ധ്യാനശ്ലോകം

മനുജവാഹ്യവിമാനവരസ്ഥിതം
ഗരുഡരത്‌നനിഭം നിധിനായകം
ശിവസഖം മകുടാദി വിഭൂഷിതം
വരഗദെ ദധതം ഭജതുന്ദിലം

വൈശ്രവണ മഹാമന്ത്രം
ഓം യക്ഷായ കുബേരായ
വൈശ്രവണായ
ധനധാന്യാധിപതയേ
ധനധാന്യരത്‌നസമൃദ്ധിം മേ
ദേഹി ദദാപയ സ്വാഹാ

ദാരിദ്ര്യം മാറുന്നതിനുള്ള പ്രത്യേക കുബേര മന്ത്രമാണ് വൈശ്രവണ മഹാമന്ത്രം. ഈ മന്ത്രം എന്നും 64 പ്രാവശ്യം ജപിക്കണം. ഈ ജപം യഥാവിധി പിൻതുടരുന്നവരെ ദാരിദ്ര്യദു:ഖം ബാധിക്കില്ല. എത്ര മോശം ധന സ്ഥിതിയിൽ നിൽക്കുന്നവർക്കും ഇതിലൂടെ സമൃദ്ധി നേടി രക്ഷപ്പെടാം. മന്ത്രോപദേശം, വ്രതനിഷ്ഠ എന്നിവ നിർബന്ധമില്ല.

കുബേര ഭാഗ്യമന്ത്രം
ഓം നമോ ഭഗവതേ വൈശ്രവണായ
ധനാധിപതയേ ശ്രീം ശിവഭക്തായ
ഐശ്വര്യദായകായ ധനാർജ്ജവ സ്വരൂപിണേ
ധനദായ ശ്രീം വിശ്വമോഹായ മോദായ
പരമാത്മനേ കുബേരായ നമഃ

ഭാഗ്യലബ്ധി ആർജ്ജിക്കാൻ വേണ്ടിയുള്ളതാണ് കുബേര ഭാഗ്യമന്ത്രം. ഈ മന്ത്രം 28 പ്രാവശ്യം വീതം നിത്യേന പ്രഭാതത്തിലും വൈകിട്ടും ജപിച്ചാൽ ഭാഗ്യലബ്ധി ഫലം. തികഞ്ഞ ഭക്തിയോടും വിശ്വാസത്തോടും നിഷ്ഠയോടും ജപിച്ചാൽ ധന ഭാഗ്യവും ഉണ്ടാകും.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി, +91 094-470-20655

Story Summary: Significance, Rules and Benefits of Kubera Mantras Recitation

error: Content is protected !!
Exit mobile version