Saturday, 23 Nov 2024

ദാരിദ്ര്യമോചനത്തിന് നിത്യേന 21 തവണ ശാസ്തൃഗായത്രി ജപിക്കുക

ജ്യോതിഷരത്നം വേണു മഹാദേവ്

മന്ത്രങ്ങളില്‍ വച്ച് സര്‍വശ്രേഷ്ഠമായ മന്ത്രമാണ് ഗായത്രി മന്ത്രം. എല്ലാ പ്രധാന ദേവതാ സങ്കല്‍പ്പങ്ങള്‍ക്കും മൂലമന്ത്രം പോലെ ഗായത്രി മന്ത്രങ്ങള്‍ അതായത് ഗായത്രി ഛന്ദസിലുള്ള മന്ത്രങ്ങള്‍ നല്‍കിയിട്ടുണ്ട്. ശാസ്താവിന് ശാസ്തൃഗായത്രി, ഭൂതനാഥ ഗായത്രി എന്നിങ്ങനെ രണ്ട് മുഖ്യ ഗായത്രി മന്ത്രങ്ങളാണ് ഉള്ളത്. ദരിദ്ര്യദു:ഖത്തിൽ നിന്നുള്ള മോചന മന്ത്രങ്ങളാണ് ശാസ്തൃ ഗായത്രി, ഭൂതനാഥ ഗായത്രി മന്ത്രങ്ങൾ.

ശാസ്തൃ ഗായത്രി
ഓം ഭൂതാധിപായ വിദ്മഹേ
ഭവപുത്രായ ധീമഹി
തന്നോ ശാസ്ത പ്രചോദയാത്

ഭൂതനാഥഗായത്രി
ഓം ഭൂതനാഥായവിദ്മഹേ
മഹാദേവായ ധീമഹി
തന്നോ ശാസ്ത പ്രചോദയാത്

നിത്യേന 21 തവണ ശാസ്തൃ ഗായത്രി അല്ലെങ്കിൽ ഭൂതനാഥഗായത്രി ജപിച്ചാൽ ദാരിദ്ര്യ ദു:ഖത്തിൽ നിന്നും നിത്യമോചനമുണ്ടാകും. ജപിക്കുന്നവരെ രക്ഷിക്കുകയാണ് ഗായത്രിയുടെ ധർമ്മം. എല്ലാ അർത്ഥങ്ങളെയും ദ്യോതിപ്പിക്കാൻ കഴിയുന്ന ഓം കാരം ഉച്ചരിച്ചുകൊണ്ടാണ് മന്ത്രം തുടങ്ങുന്നത്. ശാസ്തൃ എന്ന പദത്തിന് ഇന്ദ്രിയാദി കരണങ്ങളെ നിയന്ത്രിക്കുന്നവൻ എന്നാണ് അർത്ഥം. ഭൂതാധിപായ വിദ്മഹേ അല്ലെങ്കിൽ ഭൂതനാഥായ വിദ്മഹേ എന്നാണ് സ്തുതി. പൃഥ്വി, ജലം, വായു, അഗ്‌നി, ആകാശം എന്നീ അഞ്ചു ഭൂതങ്ങളാണ് എല്ലാ പ്രവർത്തനങ്ങളുടെയും അടിസ്ഥാനം. ഈ ഭൂതങ്ങൾക്കെല്ലാം അധിപനായ ഭഗവാനെ അറിയാൻ ഇടവരട്ടെ എന്നാണ് സാരാംശം. മഹാദേവനെയാണ് ശാസ്തൃഗായത്രിയിലും ഭൂതനാഥഗായത്രിയിലും ധ്യാനിക്കുന്നത്. മഹാദേവൻ എന്നാൽ ശിവൻ എന്നാണ് പൊതുവേയുള്ള സങ്കല്‌പം.

മഹാദേവ പുത്രനാണ് ഇവിടെ അയ്യപ്പൻ. തുടക്കത്തിൽ ക്രീഡാലോലനാണ് ഈശ്വരൻ. പ്രളയജലത്തിൽ ആലിലയിൽ കാൽവിരൽത്തുമ്പു കടിച്ചുകൊണ്ട് ഒഴുകിവരുന്ന ഈശ്വരരൂപം. മഹാപ്രളയകാലത്ത് പ്രളയത്തിൽ ക്രീഡിക്കുന്നവനാണ് മഹാദേവൻ. മഹാദേവനെ ധ്യാനിച്ചുകൊണ്ട് ശാസ്താവിനാൽ പ്രേരിപ്പിക്കപ്പെടുന്ന ആത്മചൈതന്യത്തെയാണ് ശാസ്തൃഗായത്രിയിലും ഭൂതനാഥ ഗായത്രിയിലും പ്രതിപാദിക്കുന്നത്.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559

error: Content is protected !!
Exit mobile version