Saturday, 23 Nov 2024

ദാരിദ്ര്യശമനം, രോഗമുക്തി, ഐശ്വര്യം;
ഈ ശനി പ്രദോഷം നോറ്റാൽ ഇരട്ടിഫലം

ജ്യോതിഷരത്നം വേണു മഹാദേവ്

ശിവപ്രീതിക്ക് അനുഷ്ഠിക്കുന്ന വ്രതങ്ങളിൽ ഏറ്റവും ഫലദായകമാണ് പ്രദോഷവ്രതം. ദോഷം ഇല്ലാതാക്കുക എന്നാണ് പ്രദോഷം കൊണ്ട് അർത്ഥമാക്കുന്നത്. സന്ധ്യയ്ക്ക് ത്രയോദശി തിഥി വരുന്ന ദിവസമാണ് പ്രദോഷമായി കണക്കാക്കുന്നത്. ശിവൻ നടരാജനായി നൃത്തം ചെയ്യുന്ന പ്രദോഷം ദിവസം ഭക്തിയോടെ വ്രതം അനുഷ്ഠിച്ചാൽ സന്താനസൗഭാഗ്യം, ദാരിദ്ര്യദുഃഖശമനം, ആയുരാരോഗ്യം, പാപമുക്തി, ഐശ്വര്യം, സത്കീർത്തി എന്നിവയെല്ലാമാണ് ഫലം. വ്രതം അനുഷ്ഠിക്കാൻ സാധിക്കാത്തവർ അന്നേദിവസം ശിവക്ഷേത്രദർശനം നടത്തി വഴിപാടുകൾ നടത്തുന്നത് അതിവിശിഷ്ടമാണ്.

കറുത്തപക്ഷത്തിലും വെളുത്തപക്ഷത്തിലുമായി ഒരു മാസം രണ്ട് പ്രദോഷം ഉണ്ട്. രണ്ട് പ്രദോഷത്തിലും ഭക്തർ വ്രതം അനുഷ്ഠിക്കും. കറുത്തപക്ഷ പ്രദോഷവ്രതം മാത്രം അനുഷ്ഠിക്കുന്നവരുമുണ്ട്. ശനിയാഴ്ച ദിവസം വരുന്ന ശനി പ്രദോഷം നോൽക്കുന്നത് അത്യുത്തമമാണ്. സാധാരണ പ്രദോഷവ്രതം അനുഷ്ഠിക്കുന്നതിന്റെ ഇരട്ടി ഫലം നൽകുന്നതാണ് ശനിപ്രദോഷം. അതിൽ തന്നെ കറുത്തപക്ഷത്തിൽ വരുന്ന ശനിപ്രദോഷം ശ്രേഷ്ഠമാണ്. 2021 സെപ്തംബർ 4 ന് കറുത്തപക്ഷ ശനിപ്രദോഷമാണ്.

പ്രദോഷം ദിവസം സന്ധ്യയിൽ പാർ‌വതിദേവിയെ സന്തോഷിപ്പിക്കാൻ ശിവഭഗവാൻ നടരാജനായി നൃത്തം ചെയ്യുമ്പോൾ സകല ദേവീദേവന്മാരും അവിടെ സന്നിഹിതരാകുമെന്നാണു വിശ്വാസം. അതിനാൽ പ്രദോഷവ്രതം അനുഷ്ഠിച്ചാൽ എല്ലാ ദേവതകളുടെയും അനുഗ്രഹം ലഭിക്കും. ശിവപാർ‌വതിമാർ‌ ഏറ്റവും പ്രസന്നരായിരിക്കുന്ന പ്രദോഷസന്ധ്യയിൽ ശിവഭജനം നടത്തുന്നതും കൂവളത്തില കൊണ്ട് ശിവന് അർച്ചന നടത്തുന്നതും സന്താനലാഭം, ആയുരാരോഗ്യം, സന്തുഷ്ട കുടുംബജീവിതം എന്നിവ സമ്മാനിക്കും. “സന്തതിക്കും യശസ്സിനും ധനത്തിനും സന്തതം ശോഭനം പ്രദോഷികം വ്രതം” എന്നാണു ശിവപുരാണത്തിൽ പറയുന്നത്.

ദേവിക്ക് പൗർണമി പോലെ വിഷ്ണുവിന് ഹരിവാസരം പോലെ മഹാദേവന് പ്രാധാന്യമുള്ള പ്രദോഷ വേളയിൽ വിനോദങ്ങളിൽ ഏർപ്പെടുക, ഭക്ഷണം കഴിക്കുക, പാകം ചെയ്യുക എന്നിവയൊന്നും പാടില്ല. ഈ സമയത്ത് ക്ഷേത്രത്തിലാണെങ്കിലും അല്ലെങ്കിലും പഞ്ചാക്ഷരീ മന്ത്രം, ഓം നമഃ ശിവായ കഴിയുന്നത്ര ജപിക്കുക ഉത്തമം.

പ്രദോഷദിനത്തിന്റെ തലേന്ന് വ്രതം ആരംഭിക്കണം. അന്ന് ഒരിക്കൽ നിർബന്ധമാണ്. പ്രദോഷദിനത്തിൽ രാവിലെ എണ്ണ തേക്കാതെ കുളിക്കണം. പഞ്ചാക്ഷരീ ജപത്തോടെ ശിവക്ഷേത്രദർശനം നടത്തി കൂവളത്തില കൊണ്ട് അർച്ചന, കൂവളമാല സമർപ്പണം, പിൻവിളക്കിൽ എണ്ണ, ജലധാര എന്നിവ നടത്തുക. പകൽ മുഴുവൻ ഉപവാസം നന്ന്. അതിന് സാധിക്കാത്തവർക്ക് ഉച്ചയ്ക്ക് ക്ഷേത്രത്തിൽ നിന്നുള്ള നിവേദ്യം കഴിക്കാം. പഞ്ചാക്ഷരി സ്തോത്രം, ശിവസഹസ്രനാമം, ശിവാഷ്ടകം എന്നിവ ചൊല്ലുക, ശിവപുരാണ പാരായണം നടത്തുക എന്നിവ നല്ലതാണ്. സന്ധ്യയ്ക്ക് മുൻപ് കുളിച്ച് ക്ഷേത്ര ദർശനം നടത്തി ആറര മണിയോടെ തുടങ്ങുന്ന പ്രദോഷ പൂജ, ദീപാരാധന ഇവയിൽ പങ്കുകൊള്ളുക. ഭഗവാന് കരിക്ക് നേദിച്ച് അതിലെ ജലം സേവിക്കുക. അവിലോ മലരോ പഴമോ കഴിച്ച് ഉപവാസം അവസാനിപ്പിക്കാം. ദീപാരാധന കഴിഞ്ഞ് ക്ഷേത്രത്തിൽ നിന്നുള്ള ചോറു വാങ്ങി കഴിച്ച് വ്രതം പൂർത്തിയാക്കാം.

പ്രാർത്ഥനാ ശ്ലോകങ്ങൾ

ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാർഗ്ഗ പ്രണേതാരം
പ്രണതോസ്മി സദാശിവം

സംഹാരമൂര്‍ത്തിം ഹരമന്തകാരീം
വൃഷധ്വജം ഭൂതഗണാദിസേവ്യം
കൈലാസവാസം പരമേശ്വരം തം
നിത്യം നമാമി പ്രണവസ്വരൂപം

ശിവപഞ്ചാക്ഷരി സ്തോത്രം

നാഗേന്ദ്രഹാരായ ത്രിലോചനായ
ഭസ്മാംഗരായായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ
തസ്മൈ നകാരായ നമഃ ശിവായ

മന്ദാകിനീസലില ചന്ദന ചര്‍ച്ചിതായ
നന്ദീശ്വരപ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ
തസ്മൈ മകാരായ നമഃ ശിവായ

ശിവായ ഗൗരീവദനാരവിന്ദ
സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ
തസ്മൈ ശികാരായ നമഃ ശിവായ

വസിഷ്ഠകുംഭോത്ഭവ ഗൗതമാര്യ
മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനരലോചനായ
തസ്മൈ വകാരായ നമഃ ശിവായ

യക്ഷസ്വരൂപായ ജഡാധരായ
പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ
തസ്മൈ യകാരായ നമഃ ശിവായ

ജ്യോതിഷരത്നം വേണു മഹാദേവ്, +91 9847475559

Story Summary: Significance of Shani Pradosham

error: Content is protected !!
Exit mobile version