ദുഃഖങ്ങളെല്ലാം തീർക്കും ദുർഗ്ഗയെ ഇങ്ങനെ ആശ്രയിച്ചാൽ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ദുർഗ്ഗാം ദേവീം ശരണമഹം പ്രപദ്യേ – ഇത് ദുർഗ്ഗാ ദേവിയുടെ ദ്വാദശാക്ഷരി മന്ത്രമാണ്. ദുർഗ്ഗാ ദേവിയുടെ ഭക്തർ ഈ മന്ത്രം എല്ലാ ദിവസവും രാവിലെ 1008 പ്രാവശ്യം ജപിക്കുക. പരമാവധി ചിട്ടകളോടെ ജപിക്കേണ്ട മന്ത്രമാണിത്. സുര്യോദയത്തിന് മുമ്പായി ജപിക്കുന്നത് ഏറ്റവും വിശേഷം. മന്ത്ര ജപത്തിന് മുൻപ് ജലപാനം പോലും പാടില്ല. ദേവിയെ ശരണം പ്രാപിക്കുന്ന ഈ മന്ത്രം ജപിക്കുന്നതിലൂടെ നമ്മുടെ എല്ലാ വിധത്തിലുളള പ്രയാസങ്ങളും ദുഃഖങ്ങളും ദേവി ഏറ്റെടുത്ത് നമ്മെ കാത്തു രക്ഷിക്കും എന്നാണ് വിശ്വാസം. പ്രശസ്തമായ ധാരാളം ദേവീ ക്ഷേത്രങ്ങളിൽ ഈ മന്ത്രം കൊണ്ട് 12,000 പ്രാവശ്യം പുഷ്പാഞ്ജലി നടത്തുന്ന പന്തീരായിരം പുഷ്പാഞ്ജലി എന്ന വഴിപാട് നടത്താറുണ്ട്. മഹാവിഷ്ണു നാരദ മഹർഷിയ്ക്ക് ഈ മന്ത്രം ഉപദേശിച്ചു കൊടുത്തു എന്ന് വിശ്വസിക്കപ്പെടുന്നു. ഏറ്റവും സൗമ്യമായ ഭാവത്തിൽ വേണം ഈ മന്ത്ര ജപത്തിൽ ദുർഗ്ഗാ ദേവിയെ സങ്കല്പിക്കേണ്ടത്.
എല്ലാ ശക്തികളുടെയും പരമോന്നത ഭാവമാണ്, സർവ ശക്തിസ്വരൂപിണിയാണ് ദുർഗ്ഗാ ഭഗവതി. 64 ഭിന്ന ഭാവങ്ങളിൽ ശാന്തയായും രൗദ്രയായും ദുർഗ്ഗാ ഭഗവതിയെ ആരാധിക്കുന്നു. പാർവതി, ഭവാനി, ജഗദംബ, ഗായത്രി, ഉമ, കാർത്ത്യായനി, രാജരാജേശ്വരി തുടങ്ങിയവ ദേവിയുടെ സൗമ്യഭാവങ്ങളാണ്. കാളി, ഭൈരവി, ചണ്ഡിക തുടങ്ങിയവയാണ് ദേവിയുടെ രൗദ്രഭാവങ്ങൾ. നവരാത്രികാലത്തെ അഷ്ടമി തിഥി, കാർത്തിക നക്ഷത്രം, പ്രത്യേകിച്ച് വൃശ്ചികത്തിലെ കാർത്തിക, പൗർണ്ണമി തിഥി, തിങ്കളാഴ്ച തുടങ്ങിയവയാണ് ദുർഗ്ഗാ ദേവിക്ക് വിശേഷ ദിനങ്ങൾ. ലളിതാ സഹസ്രനാമം, ലളിതാ ത്രിശതി, അഷ്ടോത്തരം, ഭാഗ്യസൂക്തം തുടങ്ങിയവ കൊണ്ടുളള പുഷ്പാഞ്ജലിയാണ് ദേവിക്ക് ഏറ്റവും പ്രിയങ്കരം.
ഭഗവതി സേവ, കുങ്കുമാർച്ചന, കടുംപായസം, പട്ട്, താലി സമർപ്പണം തുടങ്ങിയവയാണ് പ്രധാന വഴിപാടുകൾ. ക്ഷേത്രത്തിൽ 7 പ്രദക്ഷിണമാണ് ദേവിക്ക് വിധിച്ചിട്ടുള്ളത്. ഗോചരാലും ജാതകത്തിലും പ്രശ്നത്തിലും ചന്ദ്ര ഗ്രഹദോഷങ്ങൾ കണ്ടാൽ ദുർഗ്ഗാ പൂജ, ദുർഗ്ഗാ ക്ഷേത്ര ദർശനം തുടങ്ങിയവ ഉത്തമമാണ്. ചന്ദ്രദശാകാലത്ത് ദോഷദുരിത ശമനത്തിന് എല്ലാ മാസവും ജന്മനക്ഷത്ര ദിവസം ഭഗവതി സേവ നടത്തണം. ഭരണി, പൂരം, പൂരാടം, ആയില്യം, തൃക്കേട്ട, രേവതി, പുണർതം, വിശാഖം, പുരൂരുട്ടാതി നക്ഷത്രക്കാർ ചന്ദ്രദശയിൽ ദുർഗ്ഗയെ ആരാധിക്കണം. വൃശ്ചികക്കൂറിൽ ജനിച്ച വിശാഖം അവസാന പാദം, അനിഴം, തൃക്കേട്ട നക്ഷത്രജാതർ എന്നും ദുർഗ്ഗയെ ആരാധിക്കുന്നത് നല്ലതാണ്.
സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655