Friday, 20 Sep 2024

ദുഃസ്വപ്നം കണ്ടാൽ ഭയക്കണ്ടാ, ധാരാളം പരിഹാരം ഉണ്ട്

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

ഉറക്കത്തിൽ സ്വപ്നം കാണാത്തവരില്ല. ഒരിക്കലെങ്കിലും സ്വപ്നം കണ്ട് ഭയക്കാത്തവരും കാണില്ല. സ്വപ്നം രണ്ടു തരമുണ്ട്. നല്ല സ്വപ്നവും ദുഃസ്വപ്നവും. പൗരാണിക ഭാരതം സ്വപ്ന ശാസ്ത്രത്തെ വ്യാഖ്യാനിക്കുന്നത് പോലെ അല്ല ആധുനിക മന:ശാസ്ത്രം സ്വപ്നത്തെ കാണുന്നത്. അതെന്തായാലും പരമ്പരാഗത വിശ്വാസ പ്രകാരം വരാൻ പോകുന്നതിന്റെ സുചനകളാണ് നമുക്ക് സ്വപ്നങ്ങൾ.

ഉറക്കത്തിൽ ഒരു സ്വപ്നം കണ്ടാൽ അതിന്റെ അനുഭവത്തിന് സമയം വരെ ആചാര്യന്മാർ എഴുതി വച്ചിട്ടുണ്ട്. രാത്രി 9 മണിക്ക് മുൻപ് സ്വപ്നം കണ്ടാൽ ഒരു വർഷത്തിനകം അനുഭവം. രാത്രി 12 മണിക്ക് മുൻപ് സ്വപ്നം കണ്ടാൽ ആറു മാസത്തിനകം ഫലം. വെളുപ്പിന് 3 മണിക്ക് മുൻപ് സ്വപ്നം കണ്ടാൽ മൂന്നു മാസത്തിനകം ഫലം അനുഭവത്തിൽ വരും. വെളുപ്പിന് 6 മണിക്ക് മുൻപ് സ്വപ്നം കണ്ടാൽ ഒരു മാസത്തിനകം ഫലം. പ്രഭാതത്തിൽ ഉണരുമ്പോൾ കണ്ടാൽ ഉടൻ ഫലം – ഇങ്ങനെയാണ് പറയുന്നത്. ഇനി കാണുന്നത് ദുഃസ്വപ്നം ആണെങ്കിൽ ദോഷപരിഹാരങ്ങളും ആചാര്യന്മാർ നിർദ്ദേശിക്കുന്നു.

സാധാരണയായി ദുഃസ്വപ്‌നങ്ങള്‍ കണ്ടാല്‍ രാവിലെ എഴുന്നേറ്റ് കുളിച്ച് മഹാവിഷ്ണു, ശിവൻ അല്ലെങ്കില്‍ ഇഷ്ടദേവതയെ മനസില്‍ ധ്യാനിച്ച് പ്രാര്‍ത്ഥിക്കുക. അതിലൂടെ സ്വസ്ഥത കിട്ടും. ഇതിനൊപ്പം അടുത്തുള്ള ക്ഷേത്രത്തില്‍ പോയി ജന്മനക്ഷത്രം പറഞ്ഞു അർച്ചന നടത്തണം.

രോഗം സംബന്ധിച്ച സ്വപ്‌നങ്ങള്‍ പതിവായി കണ്ടാൽ എല്ലാ ദിവസവും ധന്വന്തരി ഭഗവാന്റെ മന്ത്രം ജപിക്കണം.

ധന്വന്തരി മന്ത്രം
ഓം നമോ ഭഗവതേ
വാസുദേവായ
ധന്വന്തരയേ
അമൃതകലശഹസ്തായ
സർവാമയ വിനാശായ
ത്രൈലോക്യ നാഥായ
മഹാവിഷ്ണവേ നമ:

ഇതിനൊപ്പം ഓം ഹം ഹനുമതേ നമ: ജപിക്കുകയും ഹനുമാൻ സ്വാമിക്ക് വെറ്റിലമാലയും മറ്റ് വഴിപാടുകളും നടത്തുന്നതും ഉത്തമം.

പാമ്പുകള്‍, വിഷജന്തുക്കള്‍ എന്നിവ സ്വപ്‌നത്തില്‍ പതിവായി വന്നാല്‍ ഗരുഡന്റെ മീതെയുള്ള വിഷ്ണുവിന്റെ ഫോട്ടോവച്ച് പൂജിച്ചു പ്രാര്‍ത്ഥിക്കാം. അല്ലെങ്കില്‍ ക്ഷേത്രത്തിലുള്ള ഗരുഡന് മുമ്പാകെ നെയ് വിളക്ക് കത്തിച്ചുവച്ച് പ്രാര്‍ത്ഥിച്ചാല്‍ വിഷജന്തുക്കള്‍ സംബന്ധമായ സ്വപ്‌നങ്ങള്‍ വരില്ല. സ്വപ്‌ന ദോഷങ്ങളും മാറും.

പ്രേതപിശാചുക്കളെ സ്വപ്‌നം കാണുക, കാര്യങ്ങള്‍ക്ക് തടസം നേരിടുക എന്നിങ്ങനെയുള്ള സ്വപ്‌നങ്ങള്‍ കണ്ടാല്‍ ആൽമരച്ചുവട്ടിലുള്ള ഗണപതിയെ തൊഴുത് പ്രാര്‍ത്ഥിക്കുക.

പണത്തിന് ബുദ്ധിമുട്ട്, ധനനഷ്ടം എന്നിങ്ങനെയുള്ള സ്വപ്‌നങ്ങള്‍ കണ്ടാല്‍ വൈകുന്നേരങ്ങളില്‍ മഹാലക്ഷ്മിക്ക് നെയ്ദീപം കത്തിച്ചുവച്ച് പ്രാര്‍ത്ഥിക്കുക. പഠിത്തത്തില്‍ തടസം നേരിടുന്നതായി സ്വപ്‌നം കണ്ടാല്‍ സരസ്വതി ദേവി, ഹയഗ്രീവ മന്ത്രം ജപിക്കുക.

മരിച്ചവര്‍ ഇടയ്ക്കിടെ സ്വപ്‌നത്തില്‍ വന്നു കരയുന്നത് പോലെ സ്വപ്‌നം കണ്ടാല്‍ വിഷ്ണുവിന് ഏകാദശിവ്രതം അനുഷ്ഠിച്ച് വിഷ്ണുപ്രദക്ഷിണം നടത്തി പ്രാര്‍ത്ഥിക്കുക. കുലദൈവ ക്ഷേത്രത്തില്‍ പായസം നേദിച്ച് വഴിപാടുകള്‍ നടത്തുകയും ഒപ്പം പിതൃക്കള്‍ക്ക് ശ്രാദ്ധം ചെയ്യുകയും വേണം.

ശ്രീകൃഷ്ണന്റെ ഈ എട്ട് നാമങ്ങൾ എന്നും ജപിച്ചാൽ ദു:സ്വപ്നം നല്ല സ്വപ്നമായി പരിണമിക്കുകയും ചെയ്യും.

ശ്രീകൃഷ്ണ അഷ്ട നാമം

അച്യുതം കേശവം വിഷ്ണും
ഹരിം സത്യം ജനാർദ്ദനം
ഹംസം നാരായണം ചൈവ-
മേതന്നാമഷ്ടകം പഠേത്

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

+91 9847575559

Summary: Remedies for bad dreams in astrology

error: Content is protected !!
Exit mobile version