Friday, 22 Nov 2024

ദു:ഖ മോചനത്തിനും ജീവിത
വിജയത്തിനും എളുപ്പ വഴി

മംഗള ഗൗരി
വിഷ്ണു ഭഗവനെ ആശ്രയിച്ചാൽ സകല ജീവിത ദു:ഖങ്ങൾക്കും പരിഹാരം ലഭിക്കും. സ്നേഹത്തിന്റെയും ശാന്തിയുടെയും ഐശ്വര്യത്തിന്റെയും സൗമ്യതയുടെയും ദേവൻ വിഷ്ണു തന്നെയാണ്. അതുകൊണ്ടാണ് ഭൗതിക വിജയത്തിനും ആഗ്രഹങ്ങളുടെ സഫലീകരണത്തിനും വിഷ്ണു ഭഗവനെ ആശയിക്കാൻ പറയുന്നത്.

ഓം നമോ ഭഗവതേ വാസുദേവായ, ഓം നമോ നാരായണായ എന്നീ വിഷ്ണു മന്ത്രങ്ങൾക്ക് അപാരമായ ഫലസിദ്ധിയുണ്ട്. ഈ മന്ത്രങ്ങൾ പതിവായി ജപിക്കുന്നത് ജീവിത വിജയത്തിന് ഉത്തമമാണ്. വ്യാഴ ദോഷത്തിൽ നിന്നും മോചനം നേടാനും വിഷ്ണുമന്ത്രങ്ങൾ സഹായിക്കും. ദോഷദുരിത കാലത്ത് മാത്രമല്ല എപ്പോഴും വിഷ്ണു മന്ത്രങ്ങൾ കൂടെയുണ്ടാകണം. കഴിയുന്നത്ര ദിവസങ്ങളിൽ അഷ്ടാക്ഷര മന്ത്രം, ദ്വാദശാക്ഷര മന്ത്രം, വിഷ്ണു ഗായത്രി , വിഷ്ണു അഷ്ടോത്തരം, വിഷ്ണു സഹസ്രനാമം എന്നിവ ജപിക്കണം. ഇതെല്ലാം ദിവസവും ജപിക്കാൻ കഴിഞ്ഞെന്ന് വരില്ല; സൗകര്യപ്രദമായത് തിരഞ്ഞെടുത്ത് എന്നും ജപിക്കുക. പതിവായി ഹരി നാമ കീർത്തനം, ഭാഗവതം, നാരായണീയം തുടങ്ങിയവ ജപിക്കുന്നവർക്ക് ഈശ്വര കാരുണ്യം വേണ്ടുവോളം ലഭിക്കും.

വിഷ്ണു മന്ത്രങ്ങളിൽ ഏറെ ഫലപ്രദം ഭഗവാനുമായി ബന്ധപ്പെട്ട ഗായത്രികളാണെന്ന് പറയാറുണ്ട്. വിഷ്ണു ഗായത്രി ഐശ്വര്യ വർദ്ധനവിനും ലക്ഷ്മീ ഗായത്രി ധനലബ്ധിക്കും രാധാ ഗായത്രി പ്രണയ സാഫല്യത്തിനും കൃഷ്ണഗായത്രി ജോലി സ്ഥിരതയ്ക്കും രാമ ഗായത്രി കീർത്തി വർദ്ധനവിനും നരസിംഹ ഗായത്രി ശത്രുദോഷം മാറുന്നതിനും ധന്വന്തരി ഗായത്രി രോഗശമനത്തിനും നിത്യവും 108 തവണ ജപിക്കുന്നത് ഉത്തമമാണ്.

ദോഷപരിഹാരത്തിന് വിഷ്ണുപൂജകൾ വളരെ പ്രസിദ്ധമാണ്. ഐശ്വര്യത്തിന് ലക്ഷ്മീ നാരായണ പൂജ, ശത്രു സംഹാരത്തിന് മഹാസുദർശന ഹോമം, സന്താന ലബ്ധിക്ക് സന്താന ഗോപാല പൂജ, രോഗമുക്തിക്ക് ധന്വന്തരി ഹോമം, അഭീഷ്ട സിദ്ധിക്ക് പുരുഷസൂക്ത ഹോമം എന്നിവ നല്ലതാണ്.

വിഷ്ണു ഗായത്രി
ഓം നാരായണായ വിദ്മഹേ
വാസുദേവായ ധീമഹേ
തന്നോ വിഷ്ണു: പ്രചോദയാത്

ലക്ഷ്മി ഗായത്രി
ഓം മഹാദേവ്യൈ ച വിദ് മഹേ
വിഷ്ണു പത്ന്യേ ച ധീമഹി
തന്നോ ലക്ഷ്മി പ്രചോദയാത്

രാമഗായത്രി
ഓം ദാശരഥയേ ച വിദ് മഹേ
സീതാപതയേ ച ധീമഹി
തന്നോ രാമ പ്രചോദയാത്

നരസിംഹ ഗായത്രി
ഓം നരസിംഹായ വിദ്മഹേ
വജ്റ നഖായ ധീമഹി
തന്നോ സിംഹ പ്രചോദയാത്

രാധാ ഗായത്രി
ഓം വൃഷഭാനുജായൈ വിദ്മഹേ
കൃഷ്ണപ്രിയായ ധീമഹി
തന്നോ രാധ പ്രചോദയാത്

കൃഷ്ണ ഗായത്രി
ഓം ദേവകീ നന്ദനായ വിദ്മഹേ
വസുദേവായ ധീമഹി
തന്നോ കൃഷ്ണ പ്രചോദയാത്

ധന്വന്തരി ഗായത്രി
ഓം വാസുദേവായ വിദ്മഹേ
വൈദ്യരാജായ ധീമഹി
തന്നോ ധന്വന്തരി പ്രചോദയാത്

  • മംഗള ഗൗരി

Story Summary: Significance of Vishnu Mantras and Vishnu Pooja


error: Content is protected !!
Exit mobile version