ദുരിതദോഷങ്ങൾ അകന്നു പോയീടുവാൻ നാഗത്താന്മാർക്കൊരു നാഗരൂട്ട്
ജ്യോതിഷരത്നം വേണു മഹാദേവ്
നാഗദേവതകൾ അതിവേഗം പ്രസാദിപ്പിക്കുന്ന ഒരു വഴിപാടാണ് സർപ്പം പാട്ട്. സർപ്പങ്ങളെ സ്തുതിച്ച് പൂജിച്ച് തൃപ്തരാക്കാനാണ് ഇത് ചെയ്യുന്നത്. പാമ്പും തുള്ളൽ, നാഗം തുള്ളൽ, സർപ്പം തുള്ളൽ, നാഗക്കളം, നാഗപ്പാട്ട് എന്നീ പേരുകളിൽ സർപ്പം പാട്ട് പ്രശസ്തമാണ്.
പുള്ളുവർ എന്ന സമുദായക്കാരാണ് തറവാടുകളിലെ സർപ്പക്കാവുകളിലും നാഗക്ഷേത്രങ്ങളിലും മറ്റും സർപ്പം പാട്ട് നടത്തിവരുന്നത്. നാഗാരാധന നടത്തി ജീവിച്ചു കൊള്ളാൻ ബ്രഹ്മാവ് വരം കൊടുത്ത സമുദായക്കാരാണ് പുള്ളുവർ എന്ന് വിശ്വസിക്കുന്നു.
പുള്ളുവൻ പാട്ടാണ് ഇവർ നടത്തുന്ന വഴിപാടുകളിൽ ഏറ്റവും ലളിതം. വീണമീട്ടി കൊണ്ട് ഇവർ നാഗത്തറയിൽ വഴിപാടുകാരുടെ പേരും നാളും പറഞ്ഞ് നാഗദേവതകളെ പാടി തൃപ്തരാക്കുന്നു. വ്യക്തിപരമായ നാഗദോഷങ്ങൾ, കുടുംബ ദോഷങ്ങൾ, ഗ്രഹദോഷങ്ങൾ എന്നിവയ്ക്കെല്ലാം പരിഹാരമാണ് പുള്ളുവൻ പാട്ട്.
പുള്ളുവൻ പാട്ട്
നാഗത്തറയിലെ നാഗത്താന്മാരുടെ മുന്നിൽ കുടംക്കൊട്ടിയിരുന്നു ഞങ്ങൾ പാടുന്നേൻ
ഗൃഹദോഷം മാറുവാൻ ശനിദോഷം തീരുവാൻ നാഗദൈവങ്ങളെ തുണയേകണേ…….
ആയില്യം നാളിൽ നൂറും പാലും നിവേദ്യമാക്കി
ഞങ്ങൾ കൈതൊഴുന്നോൻ
കളമെഴുതി പാടുന്നേൻ
കർപ്പൂരമുഴിയുന്നേൻ കുരുത്തോല
പന്തൽ കെട്ടി തോരണം ചാർത്തുന്നേൻ
സന്തതി സൗഭാഗ്യ പുണ്യങ്ങൾ നല്കീടണം
അടിയങ്ങളെയെന്നും തുണച്ചിടേണം…..
ദുരിതദോഷങ്ങളെല്ലാം അകന്നു പോയീടുവാൻ
നാഗത്താന്മാർക്കൊരു നാഗരൂട്ട്
തുണയേകണം നിത്യ ശരണമായി മാറണം
നാഗദൈവങ്ങളെ നിങ്ങൾ മാത്രം
പാലമരച്ചോട്ടിൽ കുടികൊള്ളും നാഗങ്ങളെ…..
സർപ്പബലി, സർപ്പം പാട്ട് എന്നിവ വിപുലമായ സർപ്പ ആരാധനാപദ്ധതികളാണ്. ചില പ്രമുഖ ക്ഷേത്രങ്ങളിലെ സർപ്പത്തറകളിൽ മാസം തോറും കളം വരച്ച് സർപ്പബലി നടത്താറുണ്ട്. സർപ്പം പാട്ട് അതിവിപുലമായി നടത്തുന്ന ഒന്നാണ്. എത്ര കടുത്ത നാഗദോഷങ്ങളും സർപ്പം പാട്ട് നടത്തിയാൽ ശമിക്കും എന്ന് വിശ്വസിക്കുന്നു. പണ്ട് കാലത്ത് 41 ദിവസം വരെ നീണ്ടുനിന്നിരുന്ന നാഗം പാട്ട് ഇന്ന് 9 ദിവസത്തിനപ്പുറം പോകാറില്ല.
സർപ്പംപാട്ട് നിശ്ചയിച്ച് ചാർത്തുന്നതോടെ ചടങ്ങ് തുടങ്ങും. തുടർന്ന് പ്രത്യേകം അളവിൽ പന്തൽ ഇടും. കുലവാഴ, തോരണങ്ങൾ എന്നിവയാൽ അലങ്കരിച്ച പന്തലിൽ നിലം ശുദ്ധിവരുത്തി പുള്ളുവന്മാർ പഞ്ചവർണ്ണപ്പൊടികൾകൊണ്ട് കളം വരയ്ക്കുന്നു.
നാഗങ്ങളുടെ രൂപമാണ് കളത്തിൽ വരയ്ക്കാറുള്ളത്. മണിപ്പന്തലിന് നടുവിൽ നിന്ന് കൃഷ്ണപ്പൊടി കൊണ്ടാണ് കളമെഴുത്ത് ആരംഭിക്കുന്നത്. അരിപ്പൊടി, മഞ്ഞൾ പൊടി, മഞ്ഞളും ചുണ്ണാമ്പും ചേർത്തുണ്ടാക്കുന്ന ചുവപ്പ് പൊടി, ഉമി കരിച്ചുണ്ടാക്കുന്ന ഉമിക്കരി, മഞ്ചാടി ഇലകൾ ഉണക്കി പൊടിച്ച പച്ചപ്പൊടി എന്നീ പഞ്ചവർണ്ണപ്പൊടി ആണ് കളമെഴുത്തിന് ഉപയോഗിക്കുക.
നാഗങ്ങളെയും ദേവികളെയും വരക്കാൻ തുടങ്ങിയാൽ പൂർണ്ണമാക്കിയേ നിറുത്താൻ പാടുള്ളൂ എന്നാണ് വിശ്വാസം. വരച്ചു കഴിഞ്ഞാൽ മുകളിൽ ചവിട്ടാൻ പാടില്ല. ചിരട്ടയാണ് കളമെഴുത്തിന് വേണ്ട ഉപകരണം. വരക്കുന്ന രീതി അനുസരിച്ച് ചിരട്ടയിൽ തുളകളിട്ട് ഉപയോഗിക്കും.
അഷ്ടനാഗക്കളം, നാഗരാജക്കളം, നാഗയക്ഷിക്കളം തുടങ്ങി നാഗക്കളങ്ങൾ പലതുണ്ട്. ഇതിൽ പ്രധാനം അഷ്ടനാഗക്കളമാണ്. കളത്തിനു ചുറ്റും നിലവിളക്ക്, നിറനാഴി, നിറപറ, ഭസ്മം, ചന്ദനം, പൂവ്, കമുകിൻപൂക്കുല, നാളികേരം, പാക്ക്, വെറ്റില, ചെറുനാരങ്ങ, പഴം, തുടങ്ങിയ മംഗല്യവസ്തുക്കളും, പീഠം, വാൾ, പട്ട്, ഉമിക്കരി, സിന്ദൂരം, അരിപ്പൊടി, നീലം, ചുണ്ണാമ്പ്, അഭ്രം, മുറം, കുട്ട, കലം, കുട, തഴപ്പായ, വട്ടി, മുണ്ട്, തോർത്ത്, വീരാളിപ്പട്ട് എന്നിവയും വയ്ക്കുന്നു.
പുള്ളോർക്കുടം, വീണ, ഇലത്താളം എന്നിവ കൊണ്ടാണ് പുള്ളുവർ നാഗസ്തുതികൾ പാടുന്നത്. സർപ്പം പൂജ, പുള്ളുവ ദമ്പതികളുടെ പാട്ട് വാദ്യോപകരണ സംഗീതം ഇവയ്ക്ക് ഒപ്പിച്ച് പുള്ളുവപ്പിണിയാൾ സ്ത്രീ കളത്തിൽ ഉറഞ്ഞാടും. സർപ്പങ്ങളുമായി ബന്ധപ്പെട്ട പ്രബല വിശ്വാസങ്ങളിൽ സർപ്പം തുള്ളലിന് അഭേദ്യമായ സ്ഥാനം തന്നെയുണ്ട്.
സാധാരണ സർപ്പം തുളളൽ നടത്തുന്നത് സ്ത്രീകളാണ്. ചിലയിടത്ത് പുരുഷന്മാരും തുളളാറുണ്ട്. നാഗരാജാവിനെ പ്രതിനിധീകരിച്ച് ഒരു പുരുഷനും നാഗയക്ഷിയെയും മറ്റ് സർപ്പങ്ങളെയും ഉദ്ദേശിച്ച് ഒരു മധ്യവയസ്‌കയും ഒമ്പതു ബാലികമാരും കളത്തിലിക്കുന്ന ചടങ്ങും ചിലയിടത്തുണ്ട്.
ഒരു സ്ത്രീയും മൂന്ന് ബാലികമാരും സുമംഗലിയായ ഒരു സ്ത്രീയും ഒരു കന്യകയും ഇങ്ങനെ പല ക്രമത്തിലാണ് ഒരോരോ സ്ഥലത്തും സർപ്പക്കളത്തിൽ ഇരിക്കുന്നത്.
ഏഴുമുതൽ ഒൻപത് ദിവസം വരെ വ്രതം നോറ്റാണ് ഇത് ചെയ്യുന്നത്.
പൂജയ്ക്ക് നൂറുംപാലുമാണ് മുഖ്യം. പുളളുവപ്പണിക്കർ നാഗരാജാവിന്റെ പ്രാതിനിധ്യം വഹിക്കുന്ന പിണിയാളുടെ കയ്യിൽ കാപ്പുകെട്ടുന്നു. പിണിയാളെക്കൊണ്ടാണ് പൂജ ചെയ്യിക്കുക. പൂജാകർമ്മങ്ങൾ കഴിഞ്ഞാൽ നോമ്പു നോറ്റ് തുള്ളാൻ നില്ക്കുന്നവർ പന്തലിലേയ്ക്ക് കയറും.
അവർ നാഗക്കളത്തിന് അഭിമുഖമായി ചമ്രംപടിഞ്ഞ് ഇരിക്കുന്നു. ശംഖുവിളിക്കുമ്പോൾ പുളളുവക്കാരണവർ അവർക്ക് പൂക്കുല കൊടുക്കും. കൂപ്പുകൈകളാൽ അത് അവർ മാറോടടുക്കിപ്പിടിക്കുന്നു. ആർപ്പുവിളിയും കുരവയും ശംഖനാദവും ഉയരുന്നതോടൊപ്പം വീണ, കുടം, കൈമണി എന്നിവ വച്ച് പുളളുവർ പാട്ട് തുടങ്ങുന്നു. ഈ സമയം പാട്ട് കേട്ട് ഭക്തിസാഗരത്തിൽ ആറാടുന്നവർക്ക് നാഗദൈവങ്ങളുടെ അനുഗ്രഹമുണ്ടാകുമെന്നാണ് വിശ്വാസം. സർപ്പംപാട്ട് തുടങ്ങിയാൽ അത് തീരുംവരെ നട അടയ്ക്കാറില്ല. രാപ്പകലെന്യേ ഏതു സമയവും ദർശനം നടത്താനാകും. നാടൻനൃത്തവും നാടൻപാട്ടും കൊട്ടും വാദ്യവുമെല്ലാം സർപ്പം പാട്ടിലുണ്ട്. വെട്ടിക്കോട് നാഗരാജ ക്ഷേത്രത്തിൽ പുള്ളുവപ്പാട്ടുണ്ട്; എന്നാൽ സർപ്പം പാട്ടില്ല. പാമ്പുംമേയ്ക്കാട്ടുമനയിൽ സർപ്പംപാട്ട് ഉണ്ട്; നടത്തുന്നത് വരണാട്ടുകുറുപ്പന്മാരാണ്. അനന്തൻകാട് ശ്രീനാഗരാജ ക്ഷേത്രത്തിൽ വർഷത്തിൽ ഒരിക്കൽ ഉത്സവത്തിന്റെ അവസാന ദിവസം സർപ്പംപാട്ട് നടത്താറുണ്ട്. തിരുവനന്തപുരത്ത് പഴഞ്ചിറദേവീ ക്ഷേത്രത്തിൽ ഉത്സവകാലത്ത് ഒരു ദിവസം സർപ്പം പാട്ട് നടത്തുന്നുണ്ട്. മണ്ണാറശാലയിൽ 41 വർഷം കൂടുമ്പോൾ വിപുലമായാണ് സർപ്പംപാട്ട് നടത്തുന്നത്. 1976 ഏപ്രിൽ 14 (1151 മേടം ഒന്നിന്) നാണ് ഇവിടെ അവസാനമായി സർപ്പം പാട്ട് നടത്തിയത്. പണ്ട് 12 മുതൽ 41 ദിവസം വരെ നീണ്ടുനിന്നിരുന്ന ഈ ദിവ്യയജ്ഞം ഇപ്പോൾ 15 ദിവസം കൊണ്ട് പൂർത്തിയാക്കും. മാവേലിക്കരയ്ക്കടുത്തുള്ള തഴക്കര ഐവാലക്കാവിലമ്മ ക്ഷേത്രത്തിൽ ഏഴുവർഷം കൂടുമ്പോൾ ത്തിലൊരിക്കൽ സർപ്പം പാട്ട് നടത്താറുണ്ട്.
പത്തിരുപതടി ഉയരത്തിൽ പടർന്നു പന്തലിച്ചുകിടക്കുന്ന വള്ളിയിൽക്കയറി കന്യകകൾ സർപ്പചേഷ്ടകൾ കാണിക്കുന്നത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്.
നാഗരാജ മൂലമന്ത്രം
ഓം നമ: കാമരൂപിണേ മഹാബലായ
നാഗാധിപതയേ നമഃ
സർപ്പദോഷ നിവാരക മന്ത്രം
ഓം കുരു കുല്ലേ ഹും ഫട് സ്വാഹ
നാഗരാജ ഗായത്രി
ഓം നാഗരാജായ
വിദ്മഹേ
ചക്ഷു: ശ്രവണായ ധീമഹി
തന്നോ സർപ്പ: പ്രചോദയാത്
ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559
Story Summary : Significance of Pulluvan Pattu, Sarppa Bali,
and Kalamezhuthum Pattu