Friday, 22 Nov 2024

ദുരിതവും കടവും ശത്രുദോഷവും അതിവേഗമകറ്റാൻ ഇതാണ് മാർഗ്ഗം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
സൗമ്യ മൂർത്തിയായ മഹാവിഷ്ണുവിന്റെ അതിരൗദ്രഭാവമാണ് നരസിംഹമൂർത്തി. ശക്തമായ ശത്രുദോഷങ്ങൾ വരെ ഹനിക്കുന്ന, അതിവേഗം പ്രസാദിക്കുന്ന ഉഗ്രമൂർത്തിയായി അറിയപ്പെടുന്ന നരസിംഹ ഭഗവാനെ ഭജിക്കാൻ വ്യാഴാഴ്ചകളാണ് പ്രധാനം. ആ ദിവസം നടത്തുന്ന പ്രാർത്ഥനകൾ പെട്ടെന്ന് ഫലിക്കും. വ്രതമെടുത്തു പ്രാർത്ഥിച്ചാൽ വേഗം കൂടുതൽ അനുഗ്രഹം ലഭിക്കും. നരസിംഹമൂർത്തിക്ക് ക്ഷേത്രമില്ലാത്ത സ്ഥലമാണെങ്കിൽ വിഷ്ണുക്ഷേത്ര ദർശനം നടത്തിയാൽ മതി.

ദുഷ്ടനായ ഹിരണ്യകശിപുവിന്റെ മദം തീർത്ത് നിഗ്രഹിച്ച് തന്റെ ഭക്തനായ പ്രഹ്‌ളാദനെ കൂടുതൽ ഭക്തനാക്കി മാറ്റുകയാണ് വിഷ്ണു ഭഗവാൻ നരസിംഹാവതാരത്തിലൂടെ ചെയ്തത്. മനസിലെ മൃഗീയവാസനകൾ നശിപ്പിച്ച് നല്ല പ്രവൃത്തികളിലേക്ക് തിരിഞ്ഞാൽ ഏതൊരു വ്യക്തിക്കും ഉത്തമ വ്യക്തികളായി മാറാനാകും. മനോഭിലാഷങ്ങളെല്ലാം സാക്ഷാത്കരിക്കാൻ കഴിയും – ഇതാണ് നരസിംഹ അവതാരം നൽകുന്ന സന്ദേശം.

ക്ഷിപ്രസാദിയായ നരസിംഹമൂർത്തിയെ ഉപാസിച്ചാൽ വ്യാഴം, ശനി ഗ്രഹദോഷങ്ങൾ, ദൃഷ്ടിദോഷങ്ങൾ ഇവയെല്ലാം അവസാനിക്കും. വിഷ്ണു, നരസിംഹ ക്ഷേത്ര സന്നിധിയിൽ സുദർശന ഹോമം നടത്തിയാൽ ഗ്രഹദോഷങ്ങൾ, ദൃഷ്ടിദോഷങ്ങൾ എന്നിവ ഉടൻ പരിഹരിക്കാം. ജാതകത്തിലെ ശത്രുബാധ, രോഗബാധ, പ്രേതബാധ, വിവാഹതട‌സം എന്നിവ മാറാൻ ലക്ഷ്മീ സമേതനായ നരസിംഹ മൂർത്തിയെ പൂജിച്ചാൽ മതി. വ്യാഴാഴ്ചകളിലും നരസിംഹജയന്തി ദിവസവും വിഷ്ണു – നരസിംഹ മൂർത്തി ക്ഷേത്രദർശനവും അരയാൽ പ്രദക്ഷിണവും നരസിംഹമൂർത്തി മന്ത്ര ജപവും നടത്തുന്നത് ശത്രുക്കളുടെ ഉപദ്രവങ്ങൾ നശിപ്പിക്കുന്നതിനും വ്യാപാരത്തിലെയും മറ്റ് കർമ്മ രംഗങ്ങളിലെയും എതിരാളികളുടെ ഉപദ്രവങ്ങൾ കുറയുന്നതിനും നല്ലതാണ്.

പാനകമാണ് നരസിംഹമൂർത്തിയുടെ നിവേദ്യം. ശത്രു ദോഷശാന്തിയാണ് ഈ വഴിപാടിന്റെ പ്രധാന ഫലം. ചെറുപയർ വഴിപാട് നടത്തിയാൽ തടസങ്ങൾ മാറും. രക്തപുഷ്പാഞ്ജലി കഴിച്ചാൽ ദൃഷ്ടി, ശത്രു, ഗ്രഹ ദോഷങ്ങൾക്ക് ശാന്തി ലഭിക്കും. പുരുഷസൂക്താർച്ചന, ഐശ്വര്യം സമ്മാനിക്കും. ശർക്കരപായസം മന:ശാന്തിയേകും. ഇഷ്ടസിദ്ധിക്ക് നേദിക്കുന്നത് പാൽപ്പായസമാണ്. തുളസിമാല പാപമോചനവും ചുവന്നമാലയും ചുവന്നപട്ടും ആഭിചാരദോഷ ശാന്തിയേകും.

വിഷ്ണുവിന്റെ അവതാരമായതിനാലാണ് വ്യാഴാഴ്ചകൾ നരസിംഹ മൂർത്തിക്കും പ്രധാനമായത്. നരസിംഹാവതാരം സന്ധ്യാസമയത്ത് ആയിരുന്നതിനാൽ ആ സമയത്ത് നരസിംഹമൂർത്തി മന്ത്രം ജപിക്കുന്നന്നത് അനുഗ്രഹലബ്ധിക്ക് വളരെ നല്ലതാണ്.

നരസിംഹമൂർത്തി മന്ത്രം

ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം

വ്രതമെടുത്ത് നരസിംഹമൂർത്തിയെ പ്രീതിപ്പെടുത്താൻ താല്പര്യപ്പെടുന്നവർ ബ്രഹ്മചര്യം പാലിച്ച് മത്സ്യ മാംസാദികൾ ഉപേക്ഷിച്ച് തലേ ദിവസം മുതൽ വ്രതമെടുക്കണം. 108 തവണ ഓം നമോ നാരായണായ ജപിച്ചുകൊണ്ട് ക്ഷേത്രത്തിന് 7 പ്രദക്ഷിണവും അരയാലിന് 7 പ്രദക്ഷിണം വച്ച ശേഷം വ്രതമെടുക്കുന്നവർ നരസിംഹമൂർത്തി മന്ത്രം 36 തവണ ജപിക്കണം. കടുത്ത ശത്രുദോഷമാണെങ്കിൽ 41 ദിവസം കഠിനവ്രതത്തോടെ ദിവസവും 108 തവണ വീതം നരസിംഹമൂർത്തി മന്ത്രം ജപിക്കുക.

ലക്ഷ്മീ നരസിംഹമന്ത്ര ജപം ധനലബ്ധിക്ക് ഉത്തമമാണ്. 86 തവണ വീതം 36 ദിവസം മന്ത്രോപദേശം നേടി ജപിച്ചാൽ ധനലാഭം, പ്രശസ്തി ഐശ്വര്യം എന്നിവയാണ് ഫലം. പരീക്ഷവിജയം, ഓർമ്മശക്തി ബുദ്ധിശക്തി വർദ്ധിക്കുന്നതിനും നരസിംഹപൂജ നല്ലതാണ്. 108 തവണ വീതം ജപിക്കുക. 28 ദിവസത്തെ ജപം കൊണ്ട് അത്ഭുതഫലം ലഭിക്കും. തൊഴിൽ വിജയത്തിനും കർമ്മരംഗത്ത് അസൂയാവഹമായ നേട്ടത്തിനും നരസിംഹ മൂർത്തിയെ ആശ്രയിക്കാം. 28 ദിവസം 28 തവണ വീതം ജപിക്കണം. വ്രതം വേണം. എന്നും ജപിക്കാം.

ധനലബ്ധിക്ക്
ഓം നമോ നാരസിംഹായ
നാരായണായ മധുസൂദനായ
ലക്ഷ്മീ പ്രിയായ
നാരസിംഹായ നമ:

പരീക്ഷവിജയത്തിന്
ഓം ശ്രീം ഇന്ദ്രായ ഉഗ്രരൂപായ
സർവ്വരൂപായ നിത്യായ ശ്രീം നമോ
ഭഗവതേ നാരസിംഹായ മഹതേ
തേജോമയായ സർവ്വ വന്ദ്യാത്മനേ
പരമാത്മനേ ശ്രീം നാരായണായ
നമോ നമ:

തൊഴിൽ വിജയത്തിന്
ഓം നമ: നാരസിംഹായ
ശത്രുക്ഷയകരായ
പൂർണ്ണായ നമോ നാരായണായ
വിഷ്ണവേ
ത്രൈലോക്യനാഥായ
കർമ്മസിദ്ധപ്രദായ
ശ്രീം ശ്രീം ശ്രീം നാരസിംഹവപുഷേ നമ:

സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

error: Content is protected !!
Exit mobile version