ദുരിതവും തിരിച്ചടികളും ഒഴിവാക്കാൻ ഭദ്രകാളീ പ്രീതിക്ക് ഇതാണ് വഴി
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ഏറ്റവും ഉഗ്രരൂപിണിയായ അമ്മയാണ്, ഭഗവതിയാണ് ഭദ്രകാളി. എന്നാൽ ഭക്തിയോടും ശ്രദ്ധയോടും പ്രാർത്ഥിക്കുന്നവർക്ക് ദേവി യാതൊരു വിധത്തിലുള്ള ദോഷവും ചെയ്യില്ല. ഒരേസമയം സംഹാരഭാവത്തോട് കൂടിയ ഉഗ്രരൂപിയായും മാതൃവാത്സല്യത്തോടുകൂടിയ ഏറ്റവും ശാന്തമായ അമ്മയായും ദേവിയെ ഭജിക്കാം. ദേവിയുടെ പ്രീതി ആഗ്രഹിക്കുന്നവർ ഒരു കാരണവശാലും സ്ത്രീകളെ വേദനിപ്പിക്കരുത്. സ്ത്രീകളെ അമ്മയായും ദേവിയായും കാണണം.
ആരാധനാക്രമങ്ങളിൽ വ്യത്യാസം ഉണ്ടെങ്കിലും ജാതി പരിഗണനകളും ഉച്ചനീചത്വങ്ങളുമില്ലാതെ എല്ലാ വിഭാഗം ഹൈന്ദവരും ഭദ്രകാളിയെ ആരാധിക്കുന്നു. കാവുകളുമായി ബന്ധപ്പെട്ടാണ് ഭദ്രകാളി ആരാധന ഇവിടെ കൂടുതലും കാണപ്പെടുന്നത്. കൊടുങ്ങല്ലൂർകാവ്, പനയന്നാർ കാവ്, മണ്ണടിക്കാവ്, മാടായിക്കാവ് തുടങ്ങി പ്രസിദ്ധമായ മിക്ക ഭദ്രകാളി ക്ഷേത്രങ്ങളും കാവുകളുടെ അനുബന്ധമായി നിർമ്മിച്ചവയാണ്. വൈദിക സങ്കല്പങ്ങളിൽ കാളി സൗമ്യദേവതയാണ്. വൈദിക, താന്ത്രിക ക്രമങ്ങളിൽ ഭഗവതി പൂജാ ദുർഗ്ഗാപൂജ തുടങ്ങി സാത്വിക കർമ്മങ്ങളാണ് നിലനിൽക്കുന്നത്. എന്നാൽ പണ്ടുകാലത്ത് പാരമ്പര്യ കാളീ ആരാധന രീതിയിലും ബ്രഹ്മണേതരുടെ ശാക്തേയ പൂജകളിലും മദ്യം, ജന്തുബലി തുടങ്ങിയവയുണ്ടായിരുന്നു. ഇപ്പോൾ അതെല്ലാം ഒഴിവായി. പകരം കളമെഴുത്ത്, പാട്ട്, കുത്തിയോട്ടം, ഗുരുതി, ബലി, തുടങ്ങിയ അനുഷ്ഠാന കർമ്മങ്ങളാണ് നമ്മുടെ കാളീപൂജയുടെ വകഭേദങ്ങൾ.
കാലങ്ങളായി കേരളത്തിൽ ക്ഷതമേൽക്കാതെ നിൽക്കുന്നത് ഭദ്രകാള്യാരാധനയാണ്. മിക്ക കേരളീയ ഹൈന്ദവ കുടുംബങ്ങളുടെയും പരദേവത, ധർമ്മദൈവം ഭദ്രകാളിയാണ്. ഹിമവാന്റെ പുത്രിയും പരമേശ്വര പത്‌നിയുമാണ് കാളി എന്ന് ഒരു സങ്കല്പമുണ്ട്. ഭഗവാൻ കാളി എന്ന് കളിയാക്കി വിളിച്ചത് തന്റെ കറുത്ത ശരീരം ശിവന് ഇഷ്ടമല്ലാത്തത് കൊണ്ടാണെന്ന് പാർവ്വതി തെറ്റിദ്ധരിച്ചു. തുടർന്ന് പാർവതി ബ്രഹ്മാവിനെ തപസ് ചെയ്ത് വരം നേടിയപ്പോൾ കറുത്ത ചർമ്മം അടർന്ന് വീഴുകയും ദേവി ഗൗരവർണ്ണമുള്ള ഗൗരിയായി മാറുകയും ചെയ്തു എന്ന് ദേവീഭാഗവതത്തിൽ പറയുന്നു. സതി ദേഹത്യാഗം ചെയ്തത് അറിഞ്ഞ് കോപിച്ച പരമശിവൻ ദക്ഷനോടുള്ള പ്രതികാരം തീർക്കാൻ തന്റെ ജട നിലത്തടിച്ച് സൃഷ്ടിച്ചതാണ് ഭദ്രകാളിയെ എന്നും ദേവീഭാഗവതത്തിൽ തന്നെ പറയുന്നുണ്ട്. അതിഭയങ്കര മുഖത്തോട് കൂടിയ, കയ്യിൽ വാളും പാശവും ധരിച്ചിരിക്കുന്ന കാളി, സിംഹാസനസ്ഥയായ ദേവിയുടെ നെറ്റിത്തടത്തിൽ നിന്നുമാണ് അപ്പോൾ ഉത്ഭവിച്ചതത്രേ. ഇങ്ങനെ കാളിയെക്കുറിച്ച് നിരവധി കഥകളുണ്ടെങ്കിലും കേരളത്തിൽ ഭദ്രകാളീ ആരാധനയ്ക്ക് അടിസ്ഥാനം ദാരികവധമാണ്.
ദാരികാസുരനെ നിഗ്രഹിക്കാൻ ശിവന്റെ തൃക്കണ്ണിൽ നിന്നും ഭദ്രകാളി ആവിർഭവിച്ച കഥ മാർക്കണ്ഡേയ പുരാണത്തിലാണുള്ളത്. മറ്റ് സ്ഥലങ്ങളിൽ ദുർഗ്ഗയുടെ മഹിഷാസുര നിഗ്രഹ കഥയ്ക്കാണ് പ്രാധാന്യം. ദാരികാസുരവധം സമഗ്രഹമായി പ്രതിപാദിക്കുന്ന കൃതിയാണ് ഭദ്രകാളീമഹാത്മ്യം. നിത്യവും ഭദ്രകാളി ദേവിയുടെ ധ്യാനവും മൂലമന്ത്രവും 7 തവണ വീതം ജപിച്ചാൽ ജീവിത ദുരിതങ്ങൾ അതിജീവിച്ച് ഐശ്വര്യസമൃദ്ധിയിലേക്ക് ചുവടുവയ്ക്കാൻ കഴിയും. ദൃഷ്ടിദോഷം ശത്രു ദോഷം, ഭയം, പല തരത്തിലെ തിരിച്ചടികൾ എല്ലാം ഒഴിഞ്ഞു പോകും. കാർമേഘത്തിന്റെ നിറമുള്ള, മൂന്നു കണ്ണുകളുള്ള, വേതാളത്തിന്റെ കണ്ഠത്തിൽ ഇരിക്കുന്ന വാൾ, പരിച, തലയോട്ടി, ദാരികശിരസ് എന്നിവ ധരിച്ച, ഭൂതങ്ങൾ, പ്രേതങ്ങൾ, പിശാചുക്കൾ, മാതൃക്കൾ എന്നിവയോടു കൂടിയ, മനുഷ്യശിരസുകൾ കോർത്ത മാല അണിഞ്ഞ, വസൂരി മുതലായവ മഹാമാരികൾ നശിപ്പിക്കുന്ന ഭഗവതിയായാണ് ഭദ്രകാളിയെ ധ്യാനത്തിൽ വന്ദിക്കുന്നത്. കാളിയെ പ്രാർത്ഥിക്കുമ്പോൾ ഈ രൂപമാണ് മനസിൽ നിറേണ്ടത്.
ഭദ്രകാളിയുടെ ധ്യാനം
കാളീം മേഘസമപ്രഭാം
ത്രിനയനാം
വേതാളകണ്ഠസ്ഥിതാം
ഖഡ്ഗം ഖേടകപാലദാരികശിര:
കൃത്വാ കരാഗ്രേഷു ച
ഭൂതപ്രേതപിശാചമാതൃസഹിതാം മുണ്ഡസ്രജാലംകൃതാം
വന്ദേ ദുഷ്ടമസൂരികാദിവിപദാം
സംഹാരിണീമീശ്വരീം
ഭദ്രകാളിയുടെ മൂല മന്ത്രം
ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യെ നമ:
സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 94-470-20655