Friday, 22 Nov 2024

ദുരിതവും ദാരിദ്ര്യദുഃഖവും തീർക്കുന്ന
തൃപ്രയാർ ഏകാദശി ഈ ഞായറാഴ്ച

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
വൃശ്ചികം, ധനു മാസങ്ങളിലെ മൂന്ന് ഏകാദശികൾ കേരളത്തിൽ അതിവിശേഷമാണ് : വൃശ്ചികത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണ് തൃപ്രയാർ ഏകാദശി. വെളുത്തപക്ഷ ഏകാദശി ഗുരുവായൂർ ഏകാദശി; ധനുവിലെ വെളുത്തപക്ഷ ഏകാദശി സ്വർഗ്ഗവാതിൽ ഏകാദശി. ഇവ ഓരോന്നും യഥാക്രമം ശ്രീരാമനും ശ്രീകൃഷ്ണനും മഹാവിഷ്ണുവിനുമാണ് പ്രധാനം.

ഗുരുവായൂരിലും ശ്രീപത്മനാഭ ക്ഷേത്രത്തിലും വെളുത്തപക്ഷ ഏകാദശികൾ പ്രധാനമാകുമ്പോൾ തൃപ്രയാറിൽ കറുത്തപക്ഷ ഏകാദശി വിശേഷമായതിന് ആചാര്യന്മാർ പറയുന്ന കാരണം തൃപ്രയാറപ്പന്റെ ശൈവചൈതന്യ സാമീപ്യമാണ്. ചതുർബാഹുവായ ശ്രീരാമചന്ദ്രനാണ് തൃപ്രയാർ ക്ഷേത്രത്തിലെ പ്രതിഷ്ഠ. വലതുവശത്ത് ലക്ഷ്മീദേവി, ഇടതുവശത്ത് ഭൂമിദേവി സമ്മേതനായാണ് തൃപ്രയാറപ്പൻ കുടികൊള്ളുന്നത്. ശ്രീകോവിലിൽ തെക്ക് ദർശനമായി ദക്ഷിണാമൂർത്തി പ്രതിഷ്ഠയുണ്. മതിൽക്കെട്ടിൽ തെക്കു ഭാഗത്ത് ഗണപതിയും ശാസ്താവും വടക്ക് ഗോശാലകൃഷ്ണൻ. തൃപയാറപ്പനെ ആരാധിച്ചാൽ എല്ലാത്തരത്തിലുള്ള ദുരിതദോഷങ്ങളും ദാരിദ്ര്യദുഃഖവും ആധിവ്യാധികളും അകലും. നാലമ്പലങ്ങളിൽ ഏറ്റവും പ്രശസ്തമായ ഈ ക്ഷേത്രത്തിലെ വാർഷികാഘോഷവുമാണ് തൃപ്രയാർ
ഏകാദശി. 2022 നവംബർ 20 നാണ് ഇത്തവണ തൃപ്രയാർ ഏകാദശി. ശ്രീരാമസ്വാമിയെ ഉപാസിക്കുന്നതിനുള്ള ഈ ഏകാദശി വിധി പ്രകാരം നോറ്റാൽ ആഗ്രഹസാഫല്യവും ദുരിതമോചനവും ലഭിക്കും.

തൃശ്ശൂരിലെ നാട്ടികയിലാണ് ക്ഷേത്രം. തൃപ്രയാർ ഏകാദശി ദിനത്തിലെ ഭഗവാന്റെ നിർമ്മാല്യദർശനം ശ്രേഷ്ഠവും പുണ്യദായകവുമാണ്. ഗുരുവായൂരിലെ ഏകാദശി ദിനചടങ്ങുകൾ പോലെ തന്നെയാണ് തൃപ്രയാറിലും. ഏകാദശിദിവസം രാത്രിയിൽ ഭഗവാന് ദ്വാദശിപ്പണ സമർപ്പണം നടക്കും. അന്ന് ഭഗവാനെ തൊഴുത് കാണിക്കയര്‍പ്പിക്കുന്നത് പ്രധാന ചടങ്ങാണ്. ഏകാദശിയുടെ തലേന്ന് നടത്തപ്പെടുന്ന ആചാരമാണ് ദശമിവിളക്ക്. അന്ന് മുഖ്യ പ്രതിഷ്ഠയായ ശ്രീരാമദേവന് പകരം ആദ്യപ്രതിഷ്ഠയായ ശാസ്താവിനെയാണ് തൃപ്രയാറിൽ എഴുന്നള്ളിക്കുന്നത്. ശാസ്താവിനെയാണ് എഴുന്നള്ളിക്കുന്നതെങ്കിലും വിളക്ക് തൃപ്രയാറപ്പനാണ്.

തൃപ്രയാർ ക്ഷേത്രത്തിലെ പ്രധാന വഴിപാടുകൾ കതിനാവെടി സമർപ്പണവും മീനൂട്ടുമാണ്. 10, 101, 1001 എന്നീ ക്രമത്തിലാണ് വഴിപാട്. ഭക്തർ സമർപ്പിക്കുന്ന അന്നം സ്വീകരിക്കാൻ ഭഗവാൻ മത്സ്യരൂപം ധരിച്ച് എത്തുന്നു എന്ന സങ്കല്പത്തിലാണ് മീനൂട്ട് നടത്തുക. ശ്വാസസംബന്ധമായ അസുഖങ്ങള്‍ മാറുവാന്‍ ഈ വഴിപാട് ഉത്തമമാണ്. ഭഗവാന് ആടിയ എണ്ണ വാത, പിത്ത രോഗങ്ങൾക്ക് മികച്ച ഔഷധമാണെന്നാണ് വിശ്വസിക്കുന്നത് . ശ്രീരാമനാമം ജപിക്കുന്നിടത്തെല്ലാം ഹനുമാൻസ്വാമി ഉണ്ടാവുമെന്ന് കരുതുന്നു. ഇവിടെ ഹനുമാൻസ്വാമിക്ക് പ്രത്യേകം പ്രതിഷ്ഠ ഇല്ലെങ്കിലും ഹനുമദ്പ്രീതിയിലൂടെ അഭീഷ്ടസിദ്ധി നേടാൻ അവൽ നിവേദ്യവും സുന്ദരകാണ്ഡ വായനയും നടത്താറുണ്ട്.

ലൗകിക സുഖമല്ല പരമമായ മോക്ഷമാണ് ഏകാദശി വ്രതാചരണത്തിന്റെ ലക്ഷ്യമെങ്കിലും ഏകാദശി നോറ്റാൽ അളവറ്റ ഐശ്വര്യാഭിവൃദ്ധികൾ ഉണ്ടാകും. വിഷ്ണു ഭഗവാനെ പ്രീതിപ്പെടുത്തി അനേക ജന്മ പാപങ്ങൾ പോലും അകറ്റി വ്യക്തിയെ മോക്ഷത്തിലെത്തിക്കാൻ ഈ വ്രതത്തിനാകും. ഏകാദശിവ്രതം നോൽക്കുന്നവർ ദശമി നാളിൽ അതായത് തലേ ദിവസം ഒരിക്കൽ എടുത്ത് വേണം വ്രതം ആരംഭിക്കാൻ. അന്ന് നിലത്ത് ഉറങ്ങണം. ദമ്പതികൾ ഒരുമിച്ച് ശയിക്കരുത്. ഏകാദശി നാൾ സൂര്യോദയത്തിന് മുൻപ് ഉണര്‍ന്ന് ശുഭ്ര വസ്ത്രം ധരിച്ച് ഭഗവത് നാമങ്ങൾ ചൊല്ലുക. വിഷ്ണു അഷ്ടോത്തരം, സഹസ്രനാമം, ഭഗവത് ഗീത, ഭാഗവതം നാരായണീയം തുടങ്ങിയവ ഭഗവാന്‍റേതായിട്ടുണ്ട്. ഇവ പാരായണം ചെയ്യുക. അതിന് കഴിയുന്നില്ലെങ്കിൽ ഓം നമോ നാരായണായ, ഓം നമോ ഭഗവതേ വാസുദേവായ, ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഹരേ രാമ ഹരേ രാമ രാമ രാമ ഹരേ ഹരേ എന്നീ മന്ത്രങ്ങൾ ചൊല്ലാം. തൃപ്രയാർ ഏകാദശി വ്രതം എടുക്കാൻ കഴിയാത്തവർ ഈ മന്ത്രങ്ങൾ യഥാശക്തി ജപിച്ചാൽ ഈശ്വരാനുഗ്രഹം ലഭിക്കും. അന്ന് ഭഗവത് കീര്‍ത്തനങ്ങൾ കേൾക്കുകയും വിഷ്ണു ക്ഷേത്രത്തിൽ ദര്‍ശനം നടത്തുകയും ചെയ്യുന്നത് വളരെ നല്ലതാണ്.
ക്ഷേത്രത്തിൽ വിഷ്ണു ഭഗവാന് 4 പ്രദക്ഷിണമാണ് വേണ്ടത്. തുളസിമാല, തൃക്കൈവെണ്ണ, പാൽപ്പായസം, പുരുഷ സൂക്തം, വിഷ്ണു സൂക്തം, ഭാഗ്യസൂക്തം എന്നീ വഴിപാടുകൾ നടത്തുന്നത് ഐശ്വര്യപ്രദമാണ്. വ്രതം അനുഷ്ഠിക്കുന്ന ദിവസം അരി ഭക്ഷണം പാടില്ല. പഴങ്ങളും ഫലങ്ങളും കഴിക്കാം. ഉപവാസമാണ് ഉത്തമം. തുളസി വെള്ളം മാത്രം കുടിച്ച് വ്രതം എടുക്കുന്നവരും ഉണ്ട്. ഇത് സാധിക്കാത്തവര്‍ക്ക് ഏകാദശി ദിവസം ഉച്ചയ്ക്ക് മാത്രം ലഘു ഭക്ഷണം കഴിക്കാം. ഏകാദശി ദിവസം രാവിലെ കുളിച്ച് അരയാലിലും തുളസിക്കും പ്രദക്ഷിണം ചെയ്യുന്നത് പുണ്യകരമാണ്. ഏഴ് പ്രാവശ്യം വീതം പ്രദക്ഷിണം ചെയ്യുക. ജീവിത പ്രതിസന്ധികളിൽ കിടന്ന് നട്ടം തിരിയുന്നവർക്ക് ഈ കർമ്മം ഒരു വഴിക്കാട്ടിത്തരും, ദുരിതനിവാരണമാണ് പ്രധാന ഫലം.

ഏകാദശി നോറ്റ് ജപിക്കാന്‍ 7 മന്ത്രങ്ങള്‍

1 ഓം നമോ ഭഗവതേ വാസുദേവായ
2 ഓം നമോ വിഷ്ണവേ മധുസൂദനായ നമ:
3 ഓം നമോ നാരായണായ
4 ഓം ക്ലീം കൃഷ്ണായ നമ:

5. ഓം ക്ലീം ഹൃഷീകേശായ നമ:

6. ഓം ക്ലീം കൃഷ്ണായ
ഗോഗോപീസുന്ദരായ ക്ലീം ശ്രീം
സര്‍വ്വാലങ്കാര ഭൂഷിണേ നമ:

7. ഓം ത്രിവിക്രമായ മധുസൂദനായ ശ്രീം നമ:

ഈ ഏഴ് മന്ത്രങ്ങളും ദിവസവും 108 വീതം രാവിലെയും വൈകിട്ടും രണ്ടുനേരം ജപിന്നത് ഭാഗ്യസിദ്ധിക്ക് ഗുണകരമാണ്. ഏകാദശി ദിവസം മുഴുവന്‍ സമയവും കഴിയുന്നത്ര പ്രാവശ്യം ഈ മന്ത്രങ്ങൾ ചൊല്ലണം. ഈ ദിവസം സാധുക്കൾക്ക് അന്നദാനം നടത്തുന്നത് ബഹുവിശേഷമാണ്. ഒരു കാര്യം പ്രത്യേകം അറിയണം – ഏകാദശി വ്രതം നോറ്റാൽ ഫലം ഉറപ്പാണ്. എല്ലാ പാപങ്ങളും നശിക്കും; കുടുംബൈശ്വര്യത്തിനും കാരണമാകും.

  • തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
    +91 9447020655

Story Summary: Significance, Rules and Rituals of Thriprayar Ekadasi on November 20 , 2022

error: Content is protected !!
Exit mobile version