ദുരിത ദു:ഖങ്ങൾ അകറ്റാൻ
കർക്കടകത്തിൽ നാലമ്പല ദർശനം
സുജാത പ്രകാശൻ, ജ്യോതിഷി
സൂര്യൻ കർക്കടക രാശിയിൽ പ്രവേശിക്കുന്ന കർക്കടക മാസം ദക്ഷിണായന ആരംഭമാണ്. ശ്രീരാമദേവന്റെ നാമോച്ചാരണ പുണ്യം നാടെങ്ങും നിറയുന്ന കർക്കടകം ആരാധനകൾക്ക് അതിവേഗം ഫലം ലഭിക്കുന്ന രാമായണ മാസം കൂടിയാണ്. രാമായണ പാരായണം പോലെ തന്നെ ഭഗവതി സേവ, ഔഷധ സേവ തുടങ്ങിയ കാര്യങ്ങൾക്കും ഉത്തമമായ കർക്കടക മാസത്തിൽ നാലമ്പല ദര്‍ശനം നടത്തുന്നതും പുണ്യമായി കരുതുന്നു.
ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരുടെ ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദര്‍ശനം നടത്താന്‍ കഴിയുംവിധം സമീപപ്രദേശങ്ങളിലായി നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രങ്ങളെയാണ് നാലമ്പലങ്ങള്‍ എന്നുപറയുന്നത്. ഇതിൽ ഏറ്റവും പ്രസിദ്ധമായവ തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം എന്നിവ ആണ്. ഇതിൽ ആദ്യത്തെ മൂന്നെണ്ണം തൃശ്ശൂര്‍ ജില്ലയിലും തിരുമൂഴിക്കുളം ക്ഷേത്രം എറണാകുളം ജില്ലയിലും സ്ഥിതി ചെയ്യുന്നു. ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്. ദ്വാരക കടലിൽ മുങ്ങിയതോടെ ഈ വിഗ്രഹങ്ങളും കാണാതായെന്നും വളരെക്കാലത്തിനുശേഷം കേരളക്കരയിലെ മറ്റുള്ളവര്‍ക്ക് അവ ലഭിച്ചുവെന്നുമാണ് ഐതിഹ്യം. ഈ നാലുക്ഷേത്രങ്ങളിലും ഒരേ ദിവസം തന്നെ ദര്‍ശനം നടത്തുന്നത് പാപപരിഹാരമാണെന്ന് വിശ്വസിക്കുന്നു . തൃപ്രയാറപ്പന്റെ നിര്‍മ്മാല്യം തൊഴുത് മറ്റ് 3 ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി അത്താഴപ്പൂജയ്ക്ക് തൃപ്രയാറില്‍ത്തന്നെ മടങ്ങിവരുന്നത് പുണ്യപ്രദമാണെന്ന് വിശ്വസിക്കുന്നു.
ബാധോപദ്രവ മുക്തിക്ക് തൃപ്രയാര്‍ ശ്രീരാമ ദർശനം
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ വഴിയില്‍ തൃപ്രയാര്‍ പുഴയുടെ തീരത്താണ് ക്ഷേത്രം. ശംഖം, ചക്രം, ഗദ, അക്ഷമാല എന്നിവ ധരിച്ച ചതുര്‍ബാഹുവായ ശ്രീരാമനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശാസ്താവ്, ഗണപതി, ദക്ഷിണാമൂര്‍ത്തി, ഹനുമാന്‍ എന്നിവരാണ് ഉപദേവതമാര്‍. കൊടിയേറി ഉത്സവം നടക്കാത്ത അപൂര്‍വ ക്ഷേത്രമാണ്. ആറാട്ട് പുഴ പൂരത്തിന്റെ നായകത്വം വഹിക്കുന്നത് തൃപ്രയാറപ്പനാണ്. ബാധോപദ്രവങ്ങളിൽ നിന്ന് മുക്തി നേടാൻ തൃപ്രയാറപ്പനെ ഉപാസിക്കുന്നത് ഉത്തമമാണെന്ന് വിശ്വാസികള്‍ പറയുന്നു.
രോഗശാന്തിക്ക് കൂടല്‍മാണിക്യം ഭരത ക്ഷേത്ര ദർശനം
തൃശ്ശൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇരിങ്ങാലക്കുടയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട് വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തിലെ പോലുള്ള പ്രദക്ഷിണരീതിയാണ് നടത്തുന്നത്. ഉപദേവതാ പ്രതിഷ്ഠ ഇല്ല എന്ന സവിശേഷതയും ക്ഷേത്രത്തിനുണ്ട്. വിഗ്രഹത്തില്‍ കണ്ട മാണിക്യകാന്തി പരീക്ഷിക്കാൻ കായംകുളം രാജധാനിയില്‍ നിന്നും കൊണ്ടു വന്ന മാണിക്യം വിഗ്രഹത്തിനടുത്തുവച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചു ചേര്‍ന്നു എന്നുമാണ് ഐതിഹ്യം. ഇതിനുശേഷമാണ് കൂടല്‍മാണിക്യം എന്ന പേരുണ്ടായത്. ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക് കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല. കൂടല്‍മാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രദാനം ചെയ്യുന്നവനുമാണ്. ആണ്‍കുട്ടിയുണ്ടാകുന്നതിന് കടുംപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന് വെള്ള നിവേദ്യവും ക്ഷേത്രത്തില്‍ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക് വഴുതനങ്ങ നിവേദ്യവും അര്‍ശസ്സിന് നെയ്യാടിസേവയും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് മീനൂട്ടും ഈ ക്ഷേത്രത്തിലെ സവിശേഷ വഴിപാടുകളാണ്. പുത്തരി നിവേദ്യത്തിന്റെ ഭാഗമായ മുക്കിടി സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരു രോഗവും ഉണ്ടാകില്ലെന്നാണ് വിശ്വാസം.
സര്‍പ്പ ദോഷങ്ങൾ അകറ്റും തിരുമൂഴിക്കുളം ലക്ഷ്മണസ്വാമി
ആലുവ – മാള വഴിയില്‍ എറണാകുളം ജില്ലയില്‍ മൂഴിക്കുളത്താണ് നൂറ്റിയെട്ട് തിരുപ്പതികളില്‍ ഒന്നായി വൈഷ്ണവ ആചാര്യന്മാരായ ആഴ്വാര്‍മാര്‍ പാടി പുകഴ്ത്തിയ ഈ ക്ഷേത്രം. ശിവന്‍, ഗണപതി, ശ്രീരാമന്‍, സീത, ശാസ്താവ്, ഭഗവതി, ഗോശാലകൃഷ്ണന്‍ എന്നിവരാണ് ഉപദേവതമാര്‍. അനന്താവതാരമായ ലക്ഷ്മണമൂര്‍ത്തിയാണ് ഇവിടെ വസിക്കുന്നതെന്നാണ് ഐതിഹ്യം. അതുകൊണ്ട് ഈ ഗ്രാമത്തില്‍ സര്‍പ്പത്തിന്റെ ഉപദ്രവം ഉണ്ടാകില്ല എന്നും വിശ്വാസമുണ്ട്.
ശത്രുദോഷങ്ങൾ മാറ്റാൻ പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം
കൊടുങ്ങല്ലൂര്‍ – ഇരിങ്ങാലക്കുട റൂട്ടില്‍ വെള്ളാങ്ങല്ലൂര്‍ കവലയില്‍നിന്നും ആറ് കിലോമീറ്റർ അകലെ പൂമംഗലം പഞ്ചായത്തിലാണ് ഈ ക്ഷേത്രം. മഹാവിഷ്ണുവിന്റെ ആയുധമായ സുദര്‍ശന ചക്രത്തിന്റെ അവതാരമാണ് ശത്രുഘ്‌നന്‍ എന്ന് വിശ്വസിക്കപ്പെടുന്നു. ശത്രുദോഷ ശാന്തിക്കും ശ്രേയസ്സിനും സുദര്‍ശന പുഷ്പാഞ്ജലിയും സുദര്‍ശന ചക്ര സമര്‍പ്പണവുമാണ് പ്രധാന വഴിപാടുകള്‍. ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയില്‍നിന്നും മുക്തി സിദ്ധിക്കുന്നതിനായി ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് ഉത്തമമാണെന്ന് കരുതപ്പെടുന്നു.
സുജാത പ്രകാശൻ, ജ്യോതിഷി
+91 9995960923
Story Summary: Significance of Nalabala Dershanam in Karkkadakam Month