ദുഷ്ടനിഗ്രഹത്തിനും ശിഷ്ട രക്ഷയ്ക്കും ഭഗവാൻ ദിവ്യാവതാരമെടുത്ത കഥ
ജ്യോതിഷ ചക്രവർത്തി
പെരിങ്ങോട് ശങ്കരനാരായണൻ
ദുഷ്ടരെ ഉന്മൂലനം ചെയ്ത് ഉത്തമമനുഷ്യരെ സംരക്ഷിക്കുന്നതിന് കംസന്റെ കാരാഗൃഹത്തിൽ ശ്രീകൃഷ്ണ ഭഗവാൻ അവതരിച്ച ദിവസമാണ് അഷ്ടമിരോഹിണി. ഉഗ്രസേനന്റെ പുത്രനായ കംസൻ പിതാവിനെ തടവിലാക്കിയ ശേഷം മഥുരയുടെ അധികാരം പിടിച്ചെടുത്ത് തലസ്ഥാനമായ ദ്വാരകയിൽ വിരാജിച്ചു. ഉഗ്രസേനന്റെ ജ്യേഷ്ഠനായ ദേവകന്റെ ഏറ്റവും ഇളയപുത്രിയാണ് ദേവകി. ദേവകിയെ ശൂരസേനന്റെ പുത്രൻ വസുദേവർക്ക് വിവാഹം ചെയ്തു കൊടുത്തു. (ശൂരസേനന്റെ ഇളയ മകളും വസുദേവരുടെ അനുജത്തിയുമാണ് പാണ്ഡവരിലെ ആദ്യ മൂന്നുപേരുടെ മാതാവായ കുന്തി) സുഹൃത്തായ കംസന്റെ നിർബ്ബന്ധം കാരണമാണ് മുൻപേവിവാഹിതനായിരുന്ന വസുദേവർ ( ആദ്യ ഭാര്യ രോഹിണി) ദേവകിയെ വിവാഹം ചെയ്യാൻ സമ്മതിച്ചത്.
വിവാഹ ഘോഷയാത്രയിൽ ദേവകിയുടെയും വസുദേവരുടെയും തേര് തെളിക്കാൻ സഹോദര സ്ഥാനീയനായ കംസൻ ചാട്ടവാറുമായെത്തി. അദ്ദേഹം തേര് തെളിക്കാൻ തുടങ്ങിയപ്പോൾ ആകാശത്തുനിന്ന് ഒരു അശരീരി കേട്ടു. ‘കംസാ ദേവകിയുടെ എട്ടാമത്തെ പുത്രൻ നിന്നെ വധിക്കും’. അതോടെ കംസന് ഭയമായി. എട്ടാമത്തെ പുത്രന്റെ ജനനം വരെ കാത്തുനില്ക്കാതെ തന്നെ ദേവകിയെ കൊല്ലാൻ അദ്ദേഹം തീരുമാനിച്ചു. പിന്നെയെങ്ങനെയാണ് എട്ടാമത്തെ പുത്രൻ ജനിക്കുക. ദേവകിക്ക് നേരെ വാളോങ്ങിയ കംസനോട് സ്ത്രീകളെ കൊല്ലരുതെന്ന് വസുദേവർ യാചിച്ചു. തനിക്കുണ്ടാകുന്ന എല്ലാ പുത്രന്മാരെയും പ്രസവം കഴിഞ്ഞാലുടൻ കൊണ്ടു വന്ന് കാണിക്കാമെന്ന് പറഞ്ഞപ്പോൾ കംസൻ വധോദ്യമത്തിൽ നിന്നും പിൻതിരിഞ്ഞു. ദേവകിക്ക് ഗർഭമായാൽ തന്നെ വിവരം അറിയിക്കണമെന്നും പ്രസവം കഴിയും വരെ തന്റെ തടങ്കലിൽ കഴിയണമെന്നും കംസൻ ആവശ്യപ്പെട്ടു.
അങ്ങനെ ആദ്യത്തെ ആറു കുട്ടികളുടെ പ്രസവം അറിഞ്ഞെത്തിയ കംസൻ കാരാഗൃഹത്തിൽ വച്ചു തന്നെ ഒരോ കുട്ടിയെയും ചുമരിലടിച്ച് കൊന്നു. ദേവകിക്കും വസുദേവർക്കും നിസഹായതയോടെ നോക്കി നില്ക്കാനെ കഴിഞ്ഞുള്ളൂ. എന്നാൽ ഏഴാമത്തെ പുത്രനായ ബലരാമന്റെ ഗർഭം ദേവകിയുടെ ഉദരത്തിൽ നിന്നും വസുദേവരുടെ ആദ്യപത്നി രോഹിണിയിലേക്ക് മാറ്റി. എന്നിട്ട് ഗർഭച്ഛിദ്രം സംഭവിച്ചുവെന്ന് കംസനെ പറഞ്ഞ് വിശ്വസിപ്പിക്കുകയും ചെയ്തു. തുടർന്നാണ് ഭഗവാൻ ശ്രീകൃഷ്ണന്റെ തിരു അവതാരം സംഭവിച്ചത്. അഷ്ടമിരോഹിണി ദിവസം അർദ്ധരാത്രി ദേവകിയും വസുദേവരും ബന്ധനസ്ഥരായിരുന്ന കാരാഗൃഹത്തിൽ ദേവകി ശ്രീകൃഷ്ണനെ പ്രസവിച്ചു. ജനിച്ച ഉടനെ ആ ശിശു ചതുർബാഹുവായ വിഷ്ണുരൂപത്തിൽ പ്രത്യക്ഷപ്പെട്ടു. നാല് കയ്യിലും ശംഖ്, താമരപ്പൂവ്, ഗദ, സുദർശനം എന്നിവ ധരിച്ചാണ് മാതാപിതാക്കൾക്ക്ദർശനം നൽകിയത്. തന്നെ ഉടൻ യമുനാ നദിക്കപ്പുറത്ത് അമ്പാടിയിൽ ഗോപാലകനായ നന്ദഗോപരുടെ ഗൃഹത്തിൽ കൊണ്ടുപോകണമെന്ന് ശ്രീകൃഷ്ണനായി അവതരിച്ച വിഷ്ണുഭഗവാൻ വസുദേവരോട് കല്പിച്ചു. നന്ദഗോപരുടെ ഭാര്യ യശോദ പ്രസവിച്ച കുഞ്ഞിനെ എടുത്ത് ഇവിടെ കൊണ്ടു വന്ന് കിടത്തണമെന്നും പറഞ്ഞു.
ആ അർദ്ധരാത്രിയിൽ പെരുമഴയായിരുന്നു. ഭഗവാന്റെ ദിവ്യശക്തിയാൽ കാരാഗൃഹത്തിന്റെ വാതിൽ തുറന്നു. പിഞ്ചുകുഞ്ഞിനെയും തലയിലേറ്റി വസുദേവർ അമ്പാടിയിലേക്ക് നടന്നു. ഒരു പരന്ന പാത്രത്തിൽ കിടത്തിയിരുന്ന കുഞ്ഞിന് മഴ കൊള്ളാതിരിക്കാൻ അനന്തൻ കുടപോലെ ഫണം പരത്തി അനുഗമിച്ചു. യമുനാതീരത്തെ ജലം വസുദേവർക്ക് പോകാൻ പറ്റിയ വിധത്തിൽ രണ്ടായി പിളർന്നു നടുക്ക് കരയാക്കിക്കൊടുത്തു. അതിലൂടെ വസുദേവർ നടന്ന് നന്ദഗോപന്റെ ഗൃഹത്തിലെത്തി. എല്ലാവരും ഗാഢനിദ്രയിലായിരുന്നു. ദേവകീപുത്രനെ യശോദയുടെ സമീപം കിടത്തിയിട്ട് യശോദയുടെ അടുത്ത് ഉറങ്ങിയ പെൺകുഞ്ഞിനെ എടുത്ത് മടങ്ങി. ഇക്കാര്യം രഹസ്യമാക്കി വച്ചു. യശോദയുടെ കുട്ടിയെ കൊണ്ടു വന്ന് ദേവകിയുടെ സമീപത്ത് കിടത്തി.ആ കുഞ്ഞിനെ കയ്യിലെടുത്ത് തറയിലേക്കെറിയാൻ തുടങ്ങിയപ്പോൾ കംസന്റെ കയ്യിൽനിന്നും കുഞ്ഞ് സ്വതന്ത്രയായി ആകാശത്തേക്ക് ഉയർന്ന് ഇപ്രകാരം പറഞ്ഞു. കംസാ എന്നെ കൊന്നിട്ട് കാര്യമില്ല, സ്ത്രീകളോടല്ല ശൗര്യം (പരാക്രമം) കാണിക്കേണ്ടത്. നിന്നെ വധിക്കാനുള്ള ദേവകിയുടെ പുത്രൻ ഭൂമിയിൽ ജനിച്ചിരിക്കുന്നു. അവനെ തിരഞ്ഞു പിടിച്ചോളൂ. (ആ പെൺകുഞ്ഞ് സാക്ഷാൽ പരാശക്തി ആയിരുന്നു.) അതോടെ കംസന് ആധി വർദ്ധിച്ചു. അയാൾ ശ്രീകൃഷ്ണനുവേണ്ടി തിരച്ചിൽ ആരംഭിച്ചു. (ഭാഗവതപുരാണ പ്രകാരം ദേവകിയുടെയും വസുദേവരുടെയും മാനസിക സംയോഗത്താലാണ് ശ്രീകൃഷ്ണന്റെ ജനനം)
ജ്യോതിഷ ചക്രവർത്തി
പെരിങ്ങോട് ശങ്കരനാരായണൻ,
റിട്ട. ബി എസ് എൻ എൽ എൻജിനീയർ,
കുന്നംകുളം, + 91 944740 4003