ദൃഷ്ടിദോഷം നീങ്ങാന്‍ 21 ദിവസം ഇത് ജപിക്കുക; ഒപ്പം ഒരു നുറുങ്ങു വിദ്യയും
മംഗള ഗൗരി
ദൃഷ്ടിദോഷം, ശാപദോഷം, ശത്രുദോഷം എന്നിവ കാരണം ക്ലേശിക്കുന്നവർ ധാരാളമാണ്. തിരിച്ചടികളും
തടസ്സങ്ങളും കാരണം വിഷമിക്കുന്ന ഇവർക്ക് ഏറെ ഫലപ്രദവും പെട്ടെന്ന് ഫലം കിട്ടുന്നതുമായ ചില കർമ്മങ്ങൾ പറയാം. ഇതിൽ പ്രധാനം അഘോരമന്ത്രം കൊണ്ട് പൂജനടത്തി പൂജാപ്രസാദമായ ഭസ്മം നിത്യേന രാവിലെയും വൈകിട്ടും ധരിക്കുകയാണ്. ഈ ഭസ്മം ചേര്‍ത്തജലം ഗൃഹത്തിലും സ്ഥാപനത്തിലും ഒക്കെ തളിക്കുകയും ചെയ്യാം. 21 ദിനം ഇങ്ങനെ ചെയ്താല്‍ ദൃഷ്ടിദോഷം നീങ്ങും.
അഘോരശിവൻ
മഹാദേവന്റെ പഞ്ചമുഖങ്ങളിൽ നടുവിലത്തേതാണ് അഘോര ഭാവം. ഈശാനം, തത്പുരുഷം, വാമദേവം സദ്യോജാതം എന്നിവയാണ് മറ്റ് നാല് മുഖഭാവങ്ങൾ. അഘോര ഭാവത്തെ ആശ്രയിച്ചുള്ള സങ്കല്പമായത് കൊണ്ടാണ് അഘോരശിവൻ എന്ന് മൂർത്തിക്ക് പേര് ലഭിച്ചത്. തെക്കോട്ടാണ് ദർശനം. എല്ലാ വിധത്തിലുള്ള തിന്മകളേയും സംഹരിക്കുന്ന ശിവസ്വരൂപമാണിത്. ഏറ്റുമാനൂരപ്പൻ അഘോര ശിവ സങ്കല്പമാണ്.
അഘോരമന്ത്രം ജപിക്കുന്നിടത്തേക്ക് പ്രവേശിക്കാൻ
ഒരു പൈശാചിക ശക്തിക്കും കഴിയില്ല. ശ്രീരുദ്രന്റെ കോപാഗ്നിയാണ് അഘോരത്തിന്റെ ഊര്‍ജ്ജ ശക്തി.
അതിവേഗം ഫലസിദ്ധിയേകുന്ന മന്ത്രങ്ങളില്‍ ഏറ്റവും പ്രധാനമായിട്ടുള്ളതാണ് ആഘോരമന്ത്രം. വളരെ ശ്രദ്ധയോടെ തെറ്റുകൂടാതെ വേണം ഇത് കൈകാര്യം ചെയ്യാന്‍. ജപത്തിന് മുമ്പും പിമ്പും 108 തവണ ഗായത്രി ചൊല്ലുന്നത് മന്ത്രജപത്തിലെ പിഴയ്ക്ക് രക്ഷയാണ്.
അഘോരമന്ത്രം
ഓം ഹ്രീം സ്ഫുര സ്ഫുര
പ്രസ്ഫുര പ്രസ്ഫുര
ഘോരഘോര തര തനുരൂപ
ചടചട പ്രചട പ്രചട
കഹകഹ വമവമ ബന്ധബന്ധ
ഘാതയഘാതയ ഹും ഫട് സ്വാഹാ.
വ്യക്തിദോഷം ഉദ്ദേശിച്ച് ഈ മന്ത്രം ജപിക്കുന്നത് കാലാന്തരത്തില്‍ ദോഷത്തെ ചെയ്യുമെന്ന് ഓര്‍ക്കുക. തിങ്കളാഴ്ച, പ്രദോഷം തുടങ്ങി നിത്യം 2 നേരം 48 വീതം ജപിക്കണം. ശത്രുദോഷം അകറ്റി ജീവിത വിജയം നല്കും. ശക്തിയേറിയ മന്ത്രം ആയതിനാല്‍ ഗുരുവിന്റെ നിര്‍ദ്ദേശപ്രകാരം മാത്രമേ ജപിക്കാവൂ.
ശ്രീരാമ മൂലമന്ത്രജപം
ദൃഷ്ടി ദോഷം മൂലമുള്ള ദൗര്‍ഭാഗ്യങ്ങളകറ്റി ശാന്തിയും ഐശ്വര്യവും നൽകുന്നതാണ് ശ്രീരാമമൂലമന്ത്രജപം.
ഓം രാം രാമായണ നമഃ എന്നതാണ് ശ്രീരാമന്റെ മൂലമന്ത്രം. നിത്യേന ഈ മന്ത്രം 108 വീതം രണ്ട് നേരം ജപിക്കുന്നത് ദൃഷ്ടിദോഷ ദുരിതങ്ങളില്ലാതാക്കും. ഒരു ഗുരുവില്‍ നിന്നും ശ്രീരാമഭഗവാന്റെ ഈ മൂലമന്ത്രം ഉപദേശമായി സ്വീകരിച്ച് ജപിക്കുന്നത് ശ്രേയസ്‌കരം. മത്സ്യമാംസാദി ത്യജിച്ച് വ്രതചര്യയോടെ 21 ദിവസം രണ്ട് നേരം ഈ മന്ത്രം 108 വീതം ജപിക്കുക ദൃഷ്ടിദോഷത്തിന് മികച്ച പരിഹാരമാണ്. ഈ മന്ത്രജപം ഭാഗ്യം തെളിയാനും ധനലബ്ധിക്കും കിട്ടുന്ന ധനം നിലനില്ക്കുന്നതിനും കൂടി ഉത്തമമാണ്.
ഒരു നുറുങ്ങുവിദ്യ
വിദ്യാർത്ഥികൾക്കും അല്ലാത്തവർക്കും ഏൽക്കുന്ന കൺദോഷം മാറുന്നതിന് വളരെ ചെലവുകുറഞ്ഞ താഴെപ്പറയുന്ന ഉഴിച്ചിൽ നടത്തിയാൽ മതി എന്ന് പരമ്പരാഗതമായി വിശ്വസിക്കുന്നു. കുറച്ച് പരൽഉപ്പ്,
ഒരു വറ്റൽമുളക്, കുറച്ച് കടുക് എന്നിവ വലത് ഉള്ളം കൈയിൽ എടുത്ത് വിരലുകൾ കൊണ്ട് അമർത്തി പിടിച്ചതിനുശേഷം കൺദോഷം മാറണമേ എന്ന് മനസിൽ പ്രാർത്ഥിച്ച് ഒന്നും സംസാരിക്കാതെ ശിരസിന് മൂന്നു പ്രാവശ്യം നെഞ്ചിന് മൂന്നു പ്രാവശ്യം ഉഴിഞ്ഞ് കത്തി കൊണ്ടിരിക്കുന്ന അടുപ്പിലേക്കോ അല്ലെങ്കിൽ തീയിലെക്കോ സമർപ്പിക്കുക. കൺദോഷം ഉണ്ടെങ്കിൽ അതു മാറി കിട്ടും. പരീക്ഷാ സമയത്ത് വിദ്യാർത്ഥികൾ ഇപ്രകാരം ചെയ്യുന്നത് വളരെ പ്രയോജനകരമായി കാണുന്നുണ്ട്.
Story Summary: Simple Remedies for Evil Eye