Friday, 22 Nov 2024

ദൃഷ്ടിദോഷം മാറാന്‍ എന്തു ചെയ്യണം?

കണ്ണേറ്, ദൃഷ്ടിബാധ, കരിങ്കണ്ണ്, നോക്കുദോഷം എന്നെല്ലാം പറയുന്ന ദൃഷ്ടിദോഷത്തെ മിക്കവർക്കും പേടിയാണ്. കണ്ണു കിട്ടിയാൽ തുള്ളിച്ചാടി നടക്കുന്ന കുട്ടികളും നല്ല ആരോഗ്യത്തോടിരിക്കുന്ന മനുഷ്യരും അസുഖം പിടിച്ച് കിടപ്പിലാകുകയോ ദുരിതങ്ങൾ അനുഭവിക്കുകയോ ചെയ്യുമെന്നാണ് വിശ്വാസം.  കൃഷി, ഗൃഹനിര്‍മ്മാണം, ഫലസമൃദ്ധി തുടങ്ങിയവയെല്ലാം കണ്ണേറു ബാധിച്ചാല്‍ നശിച്ചുപോകുമത്രേ. വിളഞ്ഞുകിടക്കുന്ന പാടത്ത്  കരിങ്കണ്ണർ നോക്കിയാൽ  വിള നശിക്കും. പണിതുകൊണ്ടിരിക്കുന്ന കെട്ടിടത്തില്‍ ചിലരുടെ കണ്ണു വീണാൽ അപകടമുണ്ടാകും, പണി പൂർത്തിയാക്കിയ, കെട്ടിടം തകര്‍ന്നുവീഴും എന്നെല്ലാമാണ് വിശ്വാസം. ഇങ്ങനെ കണ്ണേറുമൂലം വസ്തുനാശം വരുത്തുന്നവരെയാണ് കരിങ്കണ്ണന്‍മാരെന്ന് വിളിക്കുന്നത്. ഇതിൽ നിന്നും രക്ഷ നേടാൻ  വികൃതരൂപങ്ങളും കോലങ്ങളും സ്ഥാപിക്കുകയും എന്താ കരിങ്കണ്ണാ നോക്കുന്നത്  എന്നും മറ്റും  പണി തീരുന്ന വീടിനു മുന്നിൽ എഴുതി തൂക്കുന്നതും മറ്റും നാട്ടിൽ പതിവാണ് . നോക്കുകുത്തി എന്നാണ് ഇവയെ പറയുന്നത്. ഓമനത്തമുള്ള കുട്ടികളെയും വളർത്തു മൃഗങ്ങളെയും കരിങ്കണ്ണന്മാരുടെ കണ്ണു വീഴാൻ  ഇടകൊടുക്കാതെ സൂക്ഷിക്കും. അരയില്‍ ചരടില്‍ മന്ത്രം ജപിച്ചു കെട്ടുകയും അടുപ്പിൽ മുളകും കരുമുളകുമിട്ട് പൊട്ടിക്കുകയും കണ്ണേറുപാട്ടു പാടി ദോഷം  ഒഴിപ്പിക്കുകയും മറ്റുംചെയ്യാറുണ്ട്. കറവയുള്ള പശുക്കളുടെ കഴുത്തില്‍ ചിരട്ട കോര്‍ത്തു കെട്ടുന്ന പതിവുമുണ്ട്. ജപിച്ച് ഊതിയ പുല്ലും പഴവും കൊടുക്കും. കണ്ണേറു ബാധിച്ച ആളുകളെ മന്ത്രം ചൊല്ലി ബാധയൊഴിപ്പിക്കുന്നതില്‍ ഉത്തര കേരളത്തിലെ മലയരയന്‍മാര്‍ വിദഗ്ധരാണ്.  കണ്ണേറ് പോലുള്ള  ഒരു ഉപദ്രവമാണ് നാവേറ്. കരിങ്കണ്ണുള്ളവര്‍ പൊതുവെ കരിനാക്കന്മാരുമായിരിക്കും .
സുദര്‍ശനം, ഗണപതി, നരസിംഹം എന്നീ യന്ത്രങ്ങള്‍ എഴുതി സ്ഥാപിക്കുന്നത് സ്ഥാപനങ്ങളുടെയും വീടിന്റെയും ദൃഷ്ടിദോഷത്തിന് പരിഹാരമാണ്. സുബ്രഹ്മണ്യന് നാരങ്ങാമാലയും ഹനുമാന്‍ സ്വാമിക്ക് വെറ്റിലമാലയും ചാര്‍ത്തുന്നത് നല്ലതാണ്. അഘോരമന്ത്രം കൊണ്ട് പൂജിച്ച് പ്രസാദമായ ഭസ്മം ഗൃഹത്തില്‍ വിതറുന്നതും കുടുംബാംഗങ്ങള്‍ ധരിക്കുന്നതും നല്ലത്.
ഹിന്ദുക്കള്‍ മാത്രമല്ല മുസ്ലിംകളും ക്രിസ്ത്യാനികളും കണ്ണേറുദോഷത്തില്‍ വിശ്വസിക്കുന്നുണ്ട്. കണ്ണേറുകാരെയും നാവേറുകാരെയും ബന്ധപ്പെടുത്തി ധാരാളം സംഭവകഥകള്‍ പലര്‍ക്കും പറയാനുണ്ടാകും. എന്നാല്‍ യാദൃശ്ചികത്വം എന്ന് മാത്രമാണ് ഒരു യുക്തിവാദികൾ ഇതിനെപ്പറ്റി പറയുന്നത് .
error: Content is protected !!
Exit mobile version