ദൃഷ്ടിദോഷവും ശത്രു ദോഷവും അതിവേഗം അകറ്റും ഉഗ്രപ്രത്യംഗിരാ ദേവി
ജ്യോതിഷാചാര്യൻ കെ. ദേവീദാസ്
ശത്രുസംഹാരത്തിന്റെ ദേവതയാണ് ഉഗ്രപ്രത്യംഗിര. ശത്രുദോഷം ദൃഷ്ടിദോഷം, ക്ഷുദ്ര പ്രയോഗങ്ങൾ എന്നിവ കാരണം ദുരിതം അനുഭവിക്കുന്നവർക്ക് രക്ഷയേകുന്ന ഈ ദേവി സംഹാരദേവനായ ശ്രീ മഹാദേവന്റെ തൃക്കണ്ണിൽ നിന്നാണ് അവതരിച്ചത്. മഹാകാലനെപ്പോലും വിറപ്പിക്കുന്ന സംഹാരശക്തിയുള്ള ഈ ദേവി കടുത്ത രോഗപീഢ, കൺദോഷം, ശത്രുദോഷം, ഘോരമായ ക്ഷുദ്രാഭിചാര ദോഷങ്ങൾ ഇവയിൽ നിന്നെല്ലാം ഭക്തർക്ക് മോചനം തരും.
ഹിരണ്യകശിപുവിനെ വധിച്ച ശേഷമുള്ള നരസിംഹ മൂർത്തിയുടെ കോപം അടക്കാനാണ് ഈ മഹാശക്തി അവതാരമെടുത്തത്.നിഗ്രഹ ശേഷം ഹരിണ്യകശിപുവിന്റെ കുടൽ മാലയണിഞ്ഞ് നരസിംഹമൂർത്തി താണ്ഡവമാടി. അത്യുഗ്രമായ ഭഗവാന്റെ അലർച്ചയിൽ ഭൂമി വിറയ്ക്കുകയും കടൽ ഇളകിമറിയുകയും കൊടുങ്കാറ്റടിക്കുകയും ചെയ്തു. നരസിംഹമൂർത്തിയുടെ സമീപത്ത് ചെല്ലാൻ പോലും ദേവന്മാർ ഭയന്നു. അവർ മഹാദേവനെ ശരണം പ്രാപിച്ചു. ജീവജാലങ്ങളുടെ നിലനിൽപ്പിന്റെ പ്രശ്‌നമായതിനാൽ സഹായിക്കാമെന്ന് ശിവൻ സമ്മതിച്ചു. ഭഗവാൻ ഉടൻ ശരഭമായി അവതരിച്ചു. പക്ഷിയുടെ രൂപത്തിലുള്ള ഭയാനക മൂർത്തിയായിരുന്നു അത്. ആ ബീഭത്‌സരൂപം കണ്ട് സർവ്വരും നടുങ്ങിവിറച്ചു. പകുതി പക്ഷിയുടെയും പകുതി സിംഹത്തിന്റെയും രൂപമായിരുന്നു ശരഭമൂർത്തിക്ക്.
എന്നാൽ ശരഭത്തെ കണ്ട് കോപം ഒന്നുകൂടി വർദ്ധിച്ച നരസിംഹമൂർത്തി സ്വന്തം കണ്ഠത്തിൽ നിന്നും പക്ഷി രൂപത്തിൽ തന്നെയുള്ള ഒരു മൂർത്തിയെ ഉടൻ സൃഷ്ടിച്ചു; കണ്ഠഭേരൂണ്ഠൻ എന്ന് അതിന് പേരുമിട്ടു. ഈ പക്ഷികൾ തമ്മിൽ അത്യുഗ്രമായ യുദ്ധമാരംഭിച്ചു. മഹാദേവൻ ക്ഷണനേരം കൊണ്ട് അഗ്‌നിനേത്രമായ തൃക്കണ്ണ് തുറന്നു. അതിൽ നിന്നും പ്രത്യംഗിരാ രൂപത്തിൽ അഥർവണ ഭദ്രകാളി അവതരിച്ചു. ആ ഘോരരൂപത്തിന്റെ അട്ടഹാസത്തിൽ ദേവന്മാർ ഭയന്നു വിറച്ചു. അത് തടുത്തു നിർത്താൻ നരസിംഹമൂർത്തിക്ക് പോലുംകഴിയില്ലായിരുന്നു. കണ്ഠഭേരൂണ്ഠനെ പ്രത്യംഗിര വിഴുങ്ങി. അതോടെ നരസിംഹമൂർത്തിയുടെ കോപമടങ്ങി. ആ സമയത്ത് ഈ ദേവിയെ ഒരു പേരിട്ടു വിളിക്കാൻ ദേവന്മാർ പോലും അശക്തരായി. ഏതു സ്തുതിയാലാണ്, ധ്യാനത്താലാണ് ദേവി പ്രസന്നയാകുന്നതെന്ന് ആർക്കും നിശ്ചയമുണ്ടായിരുന്നില്ല. അതിനാൽ ഏറെ കാലത്തേക്ക് ദേവി അപൂജിതയായി.
ഒടുവിൽ അംഗിരസ് എന്നും പ്രത്യംശിരസ് എന്നും പേരുള്ള രണ്ട് ഋഷിമാർ മഹാമേരു തന്ത്രത്തിൽ പ്രത്യംഗിരാ വിധാനത്തെ പറ്റി പറയുന്നത് കണ്ടെത്തി, മറഞ്ഞു നിന്ന ഈ തന്ത്രത്തെദേവിക്ക് സമർപ്പിച്ചു. ബ്രഹ്മ ഋഷിയും പ്രത്യംഗിരാ ദേവതയും അനുഷ്ടുപ് ഛന്ദസും അംഗിരസ്, പ്രത്യംശിരസ് മുനിമാരും ചേർന്ന് സൃഷ്ടിച്ചപ്രത്യുംഗിരാ മന്ത്രത്തിൽ പ്രസാദവതിയായ ദേവി അവർക്ക് സർവ്വാഭീഷ്ടങ്ങളും പ്രദാനം ചെയ്തു. അതോടെ ദേവിക്ക് പ്രത്യംഗിര എന്നു പേരായി. ഉഗ്രമൂർത്തിയായതിനാൽ ഉഗ്ര എന്ന ദ്വയാക്ഷരം കൂടി പേരിനോട് ചേർന്നു. അതോടെ ആ അവതാര ശക്തി ഉഗ്രപ്രത്യംഗിരാ ദേവിയായി.
ക്ഷിപ്ര ശക്തിയായതിനാൽ അതീവ നിഷ്ഠകളുള്ള മാന്ത്രികർക്ക് മാത്രമേ പ്രത്യംഗിരാ മാതാവിനെ ഉപാസിക്കാനാവൂ. മന്ത്രതന്ത്രാദികളിലും ഉപാസനാ രീതികളിലും ചെറിയ പിഴവ് പോലും ദേവി സഹിക്കില്ല. നിശ്ചയിച്ച മന്ത്രങ്ങൾ വിധി പ്രകാരം ഉപയോഗിച്ചാൽ സർവ്വവിജയങ്ങൾക്കും ദുഷ്ടരെ അകറ്റുന്നതിനും മറ്റൊരു മൂർത്തിയെ ആശ്രയിക്കേണ്ട.
ദേവന്മാർപോലും ഈ ദേവിയുടെ വിശ്വരൂപം ഒരു തവണയേ കണ്ടിട്ടുള്ളൂ. ദുഷ്ടസംഹാരം മാത്രമല്ല സംപ്രീതയായാൽ ഭക്തരെ ഏതുവിധത്തിൽ സംരക്ഷിക്കാനും ദേവി സന്നദ്ധയാണ്. അതിനാൽ ആശ്രയിക്കുന്നവർക്ക് ആനന്ദരൂപിണിയും അഹങ്കരിക്കുന്നവർക്ക് ഉഗ്രയുമാണ് ദേവി.
കത്തിജ്വലിക്കുന്ന ചുവന്ന കണ്ണുകളും തീവ്രമായ ദംഷ്ട്രങ്ങളും വജ്രതുല്യമായ നഖങ്ങളും സിംഹവദനവും മനുഷ്യശരീരവും നാലുകൈകളിൽ ശൂലം, നാഗം, കപാലം, മഴു – വസ്ത്രങ്ങൾക്ക് നീലനിറം. ശിരസിൽ ചന്ദ്രക്കല എന്നിവയോടെ സിംഹാരൂഢയായി ഉഗ്രപ്രത്യംഗിര വിരാജിക്കുന്നു.
ദേവിക്ക് പലഭാവങ്ങളുള്ളതിൽ അതി ഭയാനകമായ രൂപമാണ് ആയിരം ശിരസുകളുള്ള പ്രത്യംഗിര. ആയിരം ശിരസ്സുകളും, ആയിരം കൈകളുമായി നാല് സിംഹങ്ങളെ പൂട്ടിയ രഥത്തിലിരിക്കുന്ന ദേവി. ആ സിംഹങ്ങൾ രഥം വലിച്ച് കൊണ്ടുപോകുന്നു. ദേവിയുടെ രൗദ്രരൂപത്തിലുള്ള ആ ആയിരം വദനങ്ങൾ കണ്ടാൽ ഏതൊരു ആഭിചാര ശക്തിയും ഓടി അകലും. ദേവിയുടെ വിശ്വരൂപത്തിന്റെ ആയിരം മുഖങ്ങൾ സഹസ്രാരപത്മത്തിലെ ഇതളുകളായും തേര് വലിക്കുന്ന സിംഹങ്ങളെ ചതുർവേദമായും കണക്കാക്കുന്നു. മഹാരുദ്രന്റെ മൂന്നാം തൃക്കണ്ണിൽ നിന്നും പുറപ്പെട്ട കോപ ജ്വാലകൾ പ്രത്യംഗിരാ ദേവിയായി രൂപപ്പെട്ടതിനാലാണ് ദേവിയെ ശത്രുസംഹാര മൂർത്തിയായി കരുതുന്നത്.
കേരളത്തിൽ ഉഗ്രപ്രത്യംഗിര പ്രതിഷ്ഠയുള്ള ഒരു പ്രധാന ക്ഷേത്രമാണ് തിരുവനന്തപുരം ശാസ്തമംഗലം ബ്രഹ്മപുരം ശ്രീമഹാലക്ഷ്മി ക്ഷേത്രം. അതി വിപുലമായ നവീകരണം നടക്കുന്ന ഈ ക്ഷേത്രത്തിൽ ദേവിയുടെ തിരുനടയിൽ നാളികേരവുമായി 12 പ്രാവശ്യം പ്രദക്ഷിണം നടത്തി 12 തവണ തലയ്ക്കുഴിഞ്ഞശേഷം നടയിൽ അടിച്ചു പൊട്ടിച്ചാൽ ശത്രുബാധയും എല്ലാത്തരത്തിലുള്ള കൺദോഷങ്ങളും ഒഴിയുമെന്ന് നൂറു കണക്കിന് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. കൂടുതൽ വിവരങ്ങൾക്ക് ഈ ക്ഷേത്രത്തിലെ തന്ത്രി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരിയെ ബന്ധപ്പെടാം. മൊബൈൽ : +91 98 95 559402.
– ജ്യോതിഷാചാര്യൻ കെ. ദേവീദാസ്,
+91 8848873088