Saturday, 23 Nov 2024

ദേവന്മാർ 4 മാസം നിദ്രയിൽ; ചാതുർമാസ്യ വ്രതം പാപം തീർക്കും

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ആഷാഢ മാസത്തിലെ വെളുത്തപക്ഷ ഏകാദശിയിൽ തുടങ്ങി കാർത്തിക മാസത്തിലെ പ്രബോധിനി ഏകാദശിയിൽ അവസാനിക്കുന്ന ചാതുർമാസ്യകാലം ഇഷ്ടകാര്യ സിദ്ധിയേകുന്ന പുണ്യകാലമാണ്. 2021 ജൂലായ് 20 ചൊവ്വാഴ്ചയാണ് ചാതുർമാസ്യ പുണ്യകാലം ആരംഭിക്കുന്നത്. പാപദുരിത ശാന്തിയും ആഗ്രഹ സിദ്ധിയുമാണ് ചാതുർമാസ്യ വ്രതഫലം. ശ്രാവണം , ഭാദ്രപദം, അശ്വിനം, കാർത്തികം എന്നിവയാണ് ചതുർ മാസങ്ങൾ.

പ്രായശ്ചിത്തം, ലളിതജീവിതം, ദാനം, ഉപവാസം, തീർത്ഥ സ്‌നാനം എന്നിവയ്ക്കെല്ലാം പ്രാധാന്യം കൽപ്പിക്കുന്ന ഈ 4 മാസം ലൗകിക കർമ്മങ്ങളിൽ നിന്നും അകന്ന് ആത്മീയ ജീവിതം നയിക്കണമെന്ന് ആചാര്യന്മാർ കല്പിച്ചിരിക്കുന്നു. ഇഷ്ടഭോജ്യങ്ങൾ ഉപേക്ഷിച്ച് ഒരു നേരം മാത്രം ആഹാരം കഴിച്ച് ഈ നാല് മാസം പിന്നിടണം.

വടക്കേ ഇന്ത്യയിലെ ചില സ്ഥലങ്ങളിൽ ചാതുർമാസ്യ വ്രത കാലത്ത് വിവാഹം പോലുള്ള മംഗളകർമ്മങ്ങൾ നടത്താറില്ല. കേരളത്തിൽ സൂര്യൻ കർക്കടകത്തിൽ പ്രവേശിക്കുന്ന പുണ്യമാസമായ കർക്കടകം ഈ കാലത്താണ് വരുന്നത്. രാമായണപാരായണം, ഭഗവതി സേവ, ഔഷധസേവ തുടങ്ങിയ ആചാര, അനുഷ്ഠാനങ്ങളോടെ ആണ് ഇവിടെ രാമായണമാസം ആചരിക്കുന്നത്.

ചാന്ദ്രമാസമായ ആഷാഢമാസം പതിനൊന്നാം നാളായ ദേവശയനി ഏകാദശി അഥവാ ശയനൈക ഏകാദശിയിൽ ഭഗവാൻ ശ്രീ മഹാവിഷ്ണു ഉൾപ്പടെയുള്ള ദേവതകൾ നിദ്രയെ പ്രാപിക്കുന്നു എന്നാണ് വിശ്വാസം. ക്ഷീരസാഗരത്തിൽ അനന്തശയ്യയിലാണ് ഭഗവാൻ നിദ്രയെ പൂകുന്നത്. കാർത്തിക മാസത്തിലെ പ്രബോധി ഏകാദശിയിൽ, 2021 നവംബർ 15 ന് ഉറക്കമുണരും വരെയുള്ള കാലയളവിൽ ഈ ദേവതകളെ ശല്യപ്പെടുത്തുവാൻ പാടില്ല. അതിനാൽ ഇക്കാലത്ത് മംഗളകർമ്മങ്ങൾ ഒഴിവാക്കണമെന്നാണ് പറയുന്നത്. പകരം കർക്കടകത്തിൽ രാമായണപാരായണം നടത്തിയും സപ്താഹങ്ങൾ ശ്രവിച്ചും ധ്യാനലീനരായും വ്രതമെടുത്തും തീർത്ഥസ്‌നാനം ചെയ്തും ദാനധർമ്മം നടത്തിയും ഈശ്വരചര്യയിൽ മുഴുകി ശരീര ബലവും ആത്മബലവും വർദ്ധിപ്പിക്കണം. പ്രകൃതി പിണങ്ങി നിൽക്കുന്ന മഴക്കാലത്തെ നേരിടുന്നതിനുള്ള ആചാരമായാണ് പൊതുവെ ഈ നിഷ്ഠകളെ കാണുന്നത്. വൈഷ്ണവ സമ്പ്രാദായക്കാരായ ഹിന്ദുക്കൾ ഉള്ളി വെളുത്തുള്ളി തുടങ്ങിയവയും വഴുതനങ്ങ പോലെ കുരുവുള്ള ഫലങ്ങളും ചാതുർമാസ്യ കാലത്ത് ഭക്ഷിക്കില്ല.

സന്ന്യാസിമാരുടെ ചാതുർമാസ്യം ഇതിൽ നിന്നും ഭിന്നമാണ്. ആഷാഢത്തിലെ പൗർണ്ണമിയായ ഗുരു പൂർണ്ണിമയിൽ തുടങ്ങി 4 പക്ഷമാണ് സന്ന്യാസിമാർ ചാതുർമാസ്യം ആചരിക്കുന്നത്. ആഷാഢത്തിലെ പൗർണ്ണമിയായ വ്യാസപൂർണ്ണിമയിൽ തീർത്ഥാടനം നിറുത്തി മന്ത്രജപവും മറ്റ് സ്വകീയമായ അനുഷ്ഠാനങ്ങളുമായി ഒരിടത്തുതങ്ങി സമൂഹത്തിന് വേണ്ടി സത്സംഗങ്ങളും പ്രഭാഷണങ്ങളും നടത്തും.

അറിവിന്റെ ദേവന്മാരായി കണക്കാക്കുന്നത് ദക്ഷിണാമൂർത്തി, വേദവ്യാസൻ എന്നിവരെയാണ്. പ്രപഞ്ചം മുഴുവൻ ഇവരെയാണ് ഗുരുനാഥൻമാരായി കണക്കാക്കുന്നത്. ഋഷീശ്വരനായ വേദവ്യാസൻ മഹാവിഷ്ണുവിന്റെ അംശമാണെന്ന് സങ്കല്പിക്കുന്നു. മഹർഷിമാരുടെ മുഴുവൻ പരമ്പര കണക്കാക്കി ചെന്നാൽ അത് ചെന്നവസാനിക്കുന്നത് വേദവ്യാസനിലാണ്. വേദവ്യാസന്റെ അവതാര ദിനമാണ് ആഷാഢത്തിലെ പൗർണ്ണമിയായ ഗുരുപൂർണ്ണിമ. അന്നു മുതലാണ് സന്ന്യാസിമാരുടെ ചാതുർമാസ്യ വ്രതം ആരംഭിക്കുന്നത്. അവർക്ക് ഉപാസന ശക്തി വർദ്ധിപ്പിക്കാനും ജപത്തിനും ഏറ്റവും ഉത്തമമാണ് ചാതുർമാസ്യവ്രതം.

ശ്രീരാമൻ ചാതുർമാസ്യ വ്രതം അനുഷ്ഠിച്ചതായി രാമായണത്തിൽ പറയുന്നുണ്ട്. ബാലിയെ നിഗ്രഹിച്ച് സുഗ്രീവനെ രാജാവായി വാഴിച്ച ശേഷമാണ് നാലുമാസം ശ്രീരാമൻ ചാതുർമാസ്യ വ്രതം എടുത്തത്. സീതാദേവിയെ തിരിച്ചു കിട്ടുന്നതിനു വേണ്ടിയാണ് ഈ വ്രതമെടുത്ത് പ്രാർത്ഥനയോടെ കഴിഞ്ഞത്. അതിന്റെ കൂടി പുണ്യം കൊണ്ടാണ് സീതാദേവിയെ തിരിച്ചു കിട്ടിയതെന്നാണ് സങ്കല്പം. ചാതുർമാസ്യവ്രതത്തിന്റെ പ്രാധാന്യം ആണ് ഇത് വ്യക്തമാക്കുന്നത്.

ഈ സമയത്ത് വിഷ്ണുവിനെയോ ശിവനെയോ ആരാധിക്കുന്നതാണ് ഏറ്റവും നല്ലത്. ദാനധർമ്മങ്ങൾ ചെയ്യുക, പുണ്യതീർത്ഥ സന്ദർശനം തുടങ്ങിയവ ഈ സമയത്ത് നല്ലതാണ്. ഗുരുപൂർണ്ണിമ, ജന്മാഷ്ടമി, രക്ഷാബന്ധൻ, ഗണേശചതുർത്ഥി, ദുർഗ്ഗാപൂജ, വിജയദശമി, ദീപാവലി, ചമ്പാഷഷ്ഠി തുടങ്ങിയവ എല്ലാം ആഷാഢം മുതൽ കാർത്തിക വരെയുള്ള 4 മാസത്തിലാണ് വരുന്നത്.

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട മൊബൈൽ: + 91 944702 0655)

Story Summary: Significance of Chathuri Masa Punyakalam

error: Content is protected !!
Exit mobile version