Friday, 22 Nov 2024

ദേവിയെ കാമാക്ഷിയാക്കിയത് മഹാവിഷ്ണുവിന്റെ കാരുണ്യം

വിശ്വ പ്രസിദ്ധമായ കാഞ്ചീപുരത്ത്ശ്രീ പാർവതീ ദേവി പ്രപഞ്ചമോഹിനിയായ  കാമാക്ഷീ ദേവിയായി കുടികൊള്ളുന്നതിന് പിന്നിൽ ഒരു  കഥയുണ്ട്. ഭഗവാനും ഭഗവതിയും പ്രപഞ്ച സംരക്ഷണത്തിനിടയിൽ ചില നേരത്ത്  വിനോദങ്ങളിലും ലീലകളിലും ഏർപ്പെടുക പതിവായിരുന്നു. കുറവനും കുറത്തിയുമായി നാട്ടിൽ അലഞ്ഞതും കുരങ്ങനും പെൺകുരങ്ങുമായി കാട്ടിൽ ലീലയാടിയതും മറ്റും പ്രസിദ്ധമാണല്ലോ. ഒരു ദിവസം കൈലാസത്തിൽ വെറുതെയിരുന്നപ്പോൾ  ശ്രീപാര്‍വതിയും  ശ്രീപരമേശ്വരനും പകിട കളിച്ചു. ഈ കളിക്കിടയില്‍ ദേവി ഭഗവാന്റെ   കണ്ണു പൊത്തി. ആ നിമിഷം പ്രപഞ്ചം അന്ധകാരത്തിലാണ്ടു. ഭുമിയിൽ ജീവജാലങ്ങളുടെ നിലനിൽപ്പ് അപകടത്തിലായി.

ഭഗവാൻ പെട്ടെന്ന് തൃക്കണ്ണ് തുറന്ന് ഭൂമിയെ പ്രകാശമാനമാക്കി രക്ഷിച്ചു. തന്റെ തെറ്റ് മനസ്സിലാക്കിയ  പാര്‍വതി മാപ്പു ചോദിച്ചെങ്കിലും മഹാദേവൻ ക്ഷമിച്ചില്ല. പൊതുവെശാന്തം പത്മാസനസ്ഥം എന്ന പ്രകൃതമാണ് പരമശിവനെന്നാണ് പറയുന്നത്. കോപിച്ചു പോയാലാകട്ടെ എല്ലാം കരിച്ചു കളയും. ദേവിയുടെ പ്രവർത്തിയിൽ ക്ഷുഭിതനായ മഹാദേവന്‍ പക്ഷേ കടുംകൈയൊന്നും ചെയ്തില്ല;  പകരം ത്രിലോകസുന്ദരിയായ ദേവിയെ ശപിച്ചു.  സൗന്ദര്യം കെട്ട് വികൃത രൂപമായിതീരട്ടെ എന്ന്. ഈ ശാപത്തിന് ആ നിമിഷം തന്നെ ഫലമുണ്ടായി. ശാപമോക്ഷത്തിന് ദേവി താണു വീണ്   അപേക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിൽ കോപം തെല്ല് ശമിച്ചപ്പോൾ  ശാപമോക്ഷത്തിനായി ഭഗവാന്‍ ഒരു മാർഗ്ഗം നിര്‍ദ്ദേശിച്ചു. ഭൂമിയില്‍  കാഞ്ചിപുരം എന്ന സ്ഥലത്ത് ഒരു മാവുണ്ട്. അതിന്റെ കീഴിൽ പോയിരുന്ന് തപസ്സ് ചെയ്യുക.മറ്റ് വഴിയില്ലാതെ ദേവി കാഞ്ചീപുരത്ത് കൊടും തപസ്സു തുടങ്ങി. ദേവിയുടെ കഠിന തപസിനെക്കുറിച്ചറിഞ്ഞ ഭഗവാന്‍ മഹാവിഷ്ണു വൈരൂപ്യം മറയ്ക്കാൻ   കരിനീലക്കണ്ണുകൾ നൽകി അനുഗ്രഹിച്ചു. അങ്ങനെ ദേവിക്ക്  കാമം ചൊരിയുന്ന സുന്ദരമായ വലിയ കറുത്ത കണ്ണുകള്‍ സ്വന്തമായി.അതോടെ  പാര്‍വതി ദേവി കാമാക്ഷി ആയിത്തീര്‍ന്നു.

ദേവിയുടെ സൗന്ദര്യം അനേകായിരം മടങ്ങ് വർദ്ധിച്ചു. എന്നിട്ടും ദേവി ശിവലിംഗത്തിനു മുമ്പില്‍ തപസ്സ് തുടര്‍ന്നു. ഇത് കണ്ട് സംപ്രീതനായ ഭഗവാൻ പാര്‍വതിയുടെ തപോബലം  പരീക്ഷിക്കുന്നതിനായി ആദ്യം അഗ്നിയെ അയച്ചു. മഹാവിഷ്ണുവിനെ പ്രാർത്ഥിച്ച് ദേവി അഗ്നിയെ പ്രതിരോധിച്ചു. പിന്നെ ശിവൻ ഗംഗയെ വേഗാവതി  നദിയാക്കി അവിടേക്കയച്ചു. സംഹാരരുദ്രയായി  അതിശക്തമായി കുതിച്ചു വന്ന പ്രളയ ജലം കണ്ട് കമ്പ, കമ്പ എന്ന് വിളിച്ച് കരഞ്ഞതല്ലാതെ ദേവി ശിവലിംഗം ഉപേക്ഷിച്ച് അവിടെ നിന്നും രക്ഷപ്പെടാന്‍ നോക്കിയില്ല. പകരം ശിവലിംഗത്തെ കെട്ടിപ്പിടിച്ച് അവിടെത്തന്നെ ഇരുന്നു. സംതൃപ്തനായ ശിവന്‍ അപ്പോൾ തന്നെ പ്രത്യക്ഷനായി ദേവിയെ കൈലാസത്തിലേക്ക്  കൂട്ടിിക്കൊണ്ടു പോയി. കാഞ്ചീപുരത്തെ മാവിന്‍ ചുവട്ടില്‍ പ്രത്യക്ഷനായ ശിവനാണ് ഏകാംബരേശ്വരര്‍. കമ്പ എന്നാൽ പേടി എന്നാണ് അർത്ഥം. ഈ നദിക്ക് അങ്ങനെയാണ് കമ്പ എന്ന് പേരുണ്ടായതെന്നും പറയപ്പെടുന്നു.

ഈ ഐതിഹ്യത്തിന് രൂപാന്തരങ്ങൾ വേറെയുമുണ്ട്: ശിവന്റെ ശാപഫലമായി പാർവ്വതി ശിശുവായി ഭൂമിയിൽ അവതരിച്ചപ്പോൾ കാത്ത്യയന മഹാമുനിയത്രേ വളർത്തിയത്. അങ്ങനെ ദേവി കാത്ത്യയനിയായി. പിന്നീട് കാത്ത്യയനിക്ക് കാഞ്ചീപുരത്തേക്ക് വഴികാട്ടിയതും ശിവലിംഗമുണ്ടാക്കാൻ  പ്രത്യേക മണല്‍ത്തരികള്‍ സമ്മാനിച്ചതും കാത്ത്യയന മഹാമുനിയാണെന്നാണ് കഥയുടെ മറ്റൊരു  രൂപാന്തരം . തമിഴ്നാട്ടിലെ ഏകാംബര ക്ഷേത്രത്തിലുള്ള മാവിന്റെ മാന്ത്രികതയില്‍ ഭക്തര്‍ക്ക് വലിയ വിശ്വാസമാണ്. മാവിന്റെ നാല് ശിഖരങ്ങള്‍ നാല് വേദങ്ങളാണെന്ന് വിശ്വസിക്കപ്പെടുന്നു. മാവിലെ ഓരോ ശിഖരത്തിലുള്ള മാങ്ങയ്ക്ക് വെവ്വേറെ രുചിയാണ്. കുട്ടികള്‍ ഇല്ലാത്ത സ്ത്രീകള്‍ ഇവിടുത്തെ മാങ്ങ രുചിച്ചാല്‍ കുഞ്ഞുങ്ങളുണ്ടാകാന്‍ അനുഗ്രഹിക്കപ്പെടുമത്രേ. മംഗല്യഭാഗ്യത്തിനും കാമാക്ഷി അമ്മയുടെ സന്നിധിയിൽ അഭയം തേടുന്നത് അനേകായിരങ്ങളാണ്. കമ്പ നദിയും ശിവഗംഗയും കൊണ്ട് അനുഗ്രഹീതമാണ് ഇവിടം.  ഇവിടെയുള്ള  ഏകാംബരേശ്വരനെ പ്രാര്‍ത്ഥിച്ചാല്‍ ത്വക് രോഗങ്ങളും  ഉദര രോഗങ്ങളും മാറും. ശരീരത്തിലെ അമിതമായ ചൂട് ശമിക്കുമെന്നും വിശ്വാസമുണ്ട്.കാഞ്ചീപുരത്തെ ഏറ്റവും വലിയ ക്ഷേത്രമാണ്    ഏകാംബരേശ്വര്‍ ക്ഷേത്രം. മണല്‍ തരികളാല്‍ നിര്‍മ്മിക്കപ്പെട്ട ഈ  ശിവലിംഗം  അതി വിശിഷ്ടമാണ്; അപാരമായ അനുഗ്രഹ ശക്തിയുള്ളതാണ്. ദക്ഷിണ ഭാരതത്തിലെ ഏറ്റവും വലിയ ഗോപുരമാണ് ഏകാംബരേശ്വര്‍ ക്ഷേത്രത്തിലുള്ളത്.ആയിരം കാല്‍ മണ്ഡപമാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം.വിവാഹങ്ങള്‍ ധാരാളം നടക്കുന്ന ക്ഷേത്രത്തിലെ കമ്പ തീര്‍ത്ഥം എന്നറിയപ്പെടുന്ന കുളത്തിലെ ജലം പുണ്യ തീര്‍ത്ഥമാണെന്നാണ് വിശ്വാസം.

error: Content is protected !!
Exit mobile version