Saturday, 23 Nov 2024

ദേവീ നാമം ജപിക്കേണ്ടത് എങ്ങനെ, മന്ത്രം തെറ്റിയാൽ കുഴപ്പമുണ്ടോ ?

തരവത്ത് ശങ്കരനുണ്ണി
ദേവീനാമങ്ങളുടെ ജപവിധി എന്താണ് ? ജപം എങ്ങനെ തുടങ്ങണം? ജപത്തിൽ തെറ്റ് പറ്റിയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ ? ജപം പകുതിയിൽ വച്ച് നിന്നുപോയാൽ കുഴപ്പമുണ്ടോ ? രാവിലെ ചൊല്ലാൻ സാധിച്ചില്ലെങ്കിൽ പ്രശ്നമാകുമോ ? ചിട്ടകൾ കൃത്യമായി അറിയാതെ കുറെ നാളായി ചില സ്തോത്രങ്ങൾ ചൊല്ലുന്നു, ഇത് കാരണം എന്തെങ്കിലും കുഴപ്പം വരുമോ ?

ഇങ്ങനെ ധാരാളം ചോദ്യങ്ങൾ എല്ലാ ദേവീഭക്തരുടെയും മനസ്സിൽ വരാറുണ്ട്. ഇതിന് സമാന്യം വിശദമായ മറുപടി ആവശ്യമാണ്.

സാമ്പ്രദായികമായി ഏതൊരു ജപവും തുടങ്ങുന്നത് ഗുരുവിൽ നിന്ന് നിന്ന് ദീക്ഷ വാങ്ങിയാണ്. ഇങ്ങനെ തന്നെ വേണം എന്ന് പല ആചാര്യന്മാരും പറയാറുണ്ട്. എന്നാൽ എല്ലാവര്‍ക്കും അത് സാധിച്ചെന്ന് വരില്ല. അപ്പോൾ ചെയ്യാവുന്ന ഉത്തമമായ കാര്യം ഇതാണ്: സൗകര്യപ്രദമായ, ഇഷ്ടമുള്ള ഒരു ക്ഷേത്രത്തിൽ ചെന്ന് ദേവിയെ നമസ്കരിച്ച ശേഷം ജപം തുടങ്ങുക.

ഓം നമഃ ശിവായ എന്ന പഞ്ചാക്ഷരിയോ, ഓം നമോ നാരായണായ എന്ന അഷ്ടാക്ഷരമന്ത്രമോ ഒന്നുമില്ലെങ്കിൽ അമ്മേനാരായണ ദേവീ നാരായണ എങ്കിലും ചൊല്ലി തുടങ്ങുക. എന്തെങ്കിലും ദോഷം സംഭവിക്കുമോ തെറ്റുവരുമോ ഇതൊന്നും ചിന്തിക്കുകയേ വേണ്ട. കാരണം വിളിക്കുന്നത് അമ്മയെയാണ്.

നമ്മുടെ അമ്മ എത്ര വലിയ പദവിയിലുള്ളവരായാലും നമ്മുടെ മുന്നിൽ വരുമ്പോൾ നമ്മുടെ അമ്മ മാത്രമാണ്. നമ്മുടെ അമ്മ ഓഫീസിൽ മറ്റുള്ളവര്‍ക്ക് ഡയറക്ടറാകും, അല്ലെങ്കിൽ ഓഫീസറായിരിക്കും. ഉയര്‍ന്ന ഉദ്യോഗത്തിൽ ഇരിക്കുന്നതാകും. പക്ഷെ നാം വീട്ടിൽ വരുമ്പോൾ ഈ ഓഫീസറായാണോ നമ്മുടെ അമ്മയെ കാണുക. അല്ലല്ലോ, അവിടെ എന്തുകൊണ്ടാണ് വലിപ്പം നമുക്ക് തോന്നാത്തത് ? അത് നമ്മുടെ അമ്മയാണ് എന്ന ചിന്ത. നമ്മളിൽ നിന്ന് വ്യത്യസ്തയല്ല നമ്മുടെ അമ്മ, അല്ലെങ്കിൽ സ്വന്തം എന്ന ഭാവം. ശരിയല്ലെ. അവിടെ അമ്മയോട് പിണങ്ങാം, വാശിയെടുക്കാം, സ്നേഹിക്കാം. ജീവിതത്തിൽ അമ്മ എത്രഉയർന്ന പദവിയിലാണെങ്കിലും നമ്മുടെ വാശിക്ക് മുൻപിൽ എല്ലാം ചിരിച്ചുകൊണ്ട് തന്നെ ചെയ്തു തരുന്നില്ലെ നമ്മുടെ അമ്മ.

അപ്പോൾ എന്തിനാണ് ജഗത് സ്വരൂപിണിയായ അമ്മയെ നാം പേടിക്കുന്നത് ? എല്ലാത്തിന്റേയും ആധാരവും സകലസ്നേഹസമ്പന്നയുമായ അമ്മയെ ഭയക്കേണ്ട ആവശ്യമേയില്ല. അതുപോലെ എത്രവട്ടം സ്തോത്രങ്ങളും മന്ത്രങ്ങളും ജപിക്കുന്നു എന്നതല്ല, എങ്ങനെ ജപിക്കുന്നു എന്നതാണ് പ്രധാനം.

ഒരു നാമം ആണെങ്കിലും ധ്യാനശ്ലോകം മാത്രമാണെങ്കിൽ പോലും ദേവിയെ മനസ്സറിഞ്ഞു വിളിച്ചാൽ മാത്രംമതി നാം ആഗ്രഹിക്കുന്ന ഫലം കിട്ടും

ആദ്യമേ തന്നെ ഉറപ്പിക്കുക സ്വധര്‍മ്മം വിട്ടിട്ട് ആയിരത്തിലധികം മന്ത്രം ചൊല്ലുന്നതല്ല ഉപാസന. സ്വന്തം ധര്‍മ്മം, കർമ്മം തന്നെയാണ് മുഖ്യം. ആദ്യം അത് നിർവ്വഹിക്കണം. തുടർന്ന് ഒരുതവണ മന്ത്രം ചൊല്ലിയാലും അതു ധാരാളമാകും. അതു തന്നെയാണ് ദേവിയുടെ ഉപാസനയും. അതുകൊണ്ട് സ്വന്തം ജോലി കളഞ്ഞ് ഉപാസനയെന്നു പറഞ്ഞ് ഇരിക്കരുത്.

നിത്യജീവിതത്തിലെ കർമ്മങ്ങളെ തന്നെ ദേവിയുടെ ഉപാസനയായി മാറ്റുക. ദേവിയുടെ സ്വരൂപം എന്നു പറയുന്നത് വൈഖരീ രൂപം ആണ്. വാക്കുകളാണ് ദേവീഭാവം. അതുകൊണ്ട് സംസാരിക്കുമ്പോൾ ദേവീമന്ത്രം തന്നെയാണ് എന്ന് വിചാരിക്കുക. ദേവിയെ വിളിക്കുന്നത് ഗുഹ്യരൂപിണി എന്നാണ്. നമ്മുടെ ഹൃദയത്തിലാണ് ദേവിയുടെ സ്ഥാനം. അതുകൊണ്ട് നാം കഴിക്കുന്ന ഭക്ഷണം ദേവിക്കുള്ള നൈവേദ്യം ആയി വിചാരിക്കുക. ക്ഷേത്രേശീ എന്ന് ദേവിയെ വിളിക്കുന്നത് ക്ഷേത്രരൂപമായ നമ്മുടെ ഉള്ളിലിരിക്കുന്നത് കൊണ്ടാണ്. അതുകൊണ്ട് തന്നെ എവിടെയായാലും സഞ്ചരിക്കുന്നത് അത് പ്രദക്ഷിണമാണ് എന്ന് മനസ്സിലാക്കുക.

അതുപോലെ മനോ വാചാ കർമ്മണാ ക്ഷേത്രമായ ശരീരത്തെ ശുദ്ധമാക്കി വയ്ക്കാൻ നോക്കുക.

ക്രിയാശക്തി സ്വരൂപിണിയാണ് ദേവി. നാം ചെയ്യുന്ന കർമ്മങ്ങളെല്ലാം തന്നെ ദേവിയുടെ തന്നെ ഇച്ഛയാലാണ് സംഭവിക്കുന്നത്. ബുദ്ധിയായും സ്മൃതിയായും എല്ലാത്തിന്റേയും ആധാരം ആയി നിന്ന് നമ്മുടെ ക്രിയയെ നയിക്കുന്നതും ദേവി തന്നെയാണ്. അതുകൊണ്ട് നാം ചെയ്യുന്ന എല്ലാ കര്‍മ്മങ്ങളും ദേവിയുടെ പൂജയായി തന്നെ വിചാരിക്കുക. ഇതുപോലെ നാം എന്തെല്ലാം ചെയ്യുന്നുവോ അതെല്ലാം തന്നെ ദേവിയുടെ ഉപാസന ആയി തന്നെ വിചാരിക്കുക. ഈ തത്ത്വമാണ് ആചാര്യൻ ശ്രീ ശങ്കരൻ സൗന്ദര്യലഹരിയിൽ ഇരുപത്തിയേഴാം ശ്ലോകത്തിൽ വർണ്ണിക്കുന്നത്:
ജപോ ജല്പഃ ശില്പം സകലമപി മുദ്രാവിരചനാ
ഗതിഃ പ്രാദക്ഷിണ്യ-ക്രമണ-മശനാദ്യാ ഹുതി-വിധിഃ
പ്രണാമഃ സംവേശഃ സുഖമഖില-മാത്മാർപണ – ദൃശാ
സപര്യാ പര്യായ – സ്തവ ഭവതുയന്മേ വിലസിതമ്
ഒരു ദിവസത്തിൽ ഒരു മണിക്കൂർ കിട്ടുന്ന സമയം ചെയ്യുന്ന പൂജയല്ല ഉപാസനയെന്നത്. നിത്യജീവിതത്തിൽ അമ്മയോടു കൂടി തന്നെ അമ്മയായി ഇരിക്കുക എന്നതാണ്.

ഏതൊരു ശക്തിയാണോ നിത്യജീവിതത്തിൽ നമ്മളെ നയിക്കുന്നത് അതു തന്നെയാണ് ദേവി. അത് നിത്യജീവിതത്തിൽ അനുഭവിക്കാനാകുക എന്നതാണ്. അതിനാണ് നാം നിത്യാനന്ദ സ്വരൂപിണിയെന്ന് ദേവിയെ വിളിക്കുന്നത്.

അമ്മ തന്നെയാണ് നമ്മളുടെ വാക്കായി വാണിയായി വാണരുളുന്നത്. മനനം ചെയ്യുമ്പോൾ മനസ്വിനിയായി ഇരിക്കുന്നതും അമ്മയാണ്. ജ്ഞാനസ്വരൂപിണിയായി നമ്മുടെ കർമ്മങ്ങൾക്ക് എല്ലാം ആധാരമായിരിക്കുന്നതും ആ ജഗത് സ്വരൂപിണിയാണ്. ആയിരക്കണക്കിനു ആളുകളുടെ കയ്യിലൂടെ കടന്ന് നമ്മുടെ മുന്നിൽ അന്നം എത്തിക്കുന്നതും ആ അന്നപൂര്ണേശ്വരി തന്നെയാണ്. ആ അമ്മയുടെ ഭാവം ഉള്ളിൽ എപ്പോഴും നിലനിര്‍ത്തുക എന്നതാണ് ഉപാസന. നാം എപ്പോഴും അനുഭവിക്കുന്ന ആ ദർശനത്തെയാണ് പരമാനന്ദം എന്ന് ആചാര്യന്മാരു പറയുക.

നൃത്യതി നൃത്യതി മാനസമാം മദമത്തമയൂരം തിരുമുന്‍പില്‍
ആനന്ദം പരമാനന്ദം ആനന്ദം പരമാനന്ദം
ആനന്ദം പരമാനന്ദം ആനന്ദം സചിദാനന്ദം

ഭാവമാണ് പ്രധാനം, അത് വരുത്തുക. ശുദ്ധമായ മനസ്സാണ് അമ്മയ്ക്ക് വേണ്ടത്, അത് കൊടുത്തുകൊണ്ട് ശരണാഗതി ചെയ്യുക. ചെയ്യുന്നതെല്ലാം തന്നെ ജഗത് സ്വരൂപിണിയായ അമ്മയ്ക്ക് തന്നെ സമർപ്പിക്കുക.. ഇതു തന്നെയാണ് ഭക്തി. ഇതുതന്നെയാണ് ഉപാസനയും.

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്

  • 91 9847118340

Story Summary: What is the most effective manner to worship the Devi


error: Content is protected !!
Exit mobile version