Sunday, 6 Oct 2024

ദോഷദുരിതങ്ങൾ അകറ്റി ഐശ്വര്യവും സമൃദ്ധിയും നൽകും ഇന്ദിര ഏകാദശി

ജ്യോതിഷി പ്രഭാസീന സി പി.
ഏറെ പ്രശസ്തവും, മഹാവിഷ്ണുപ്രീതിക്ക് ഏറ്റവും ഉത്തമവുമായ ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരാത്തതാണ്. വിഷ്ണു പ്രീതി നേടാൻ ഏറ്റവും ലളിതമായ മാർഗ്ഗമാണ് ഈ വ്രതാചരണം. തികഞ്ഞ ചിട്ടയോടെ ഏകാദശി വ്രതം പാലിക്കുകയും, വിഷ്ണു ഭഗവാന്റെ മൂലമന്ത്രമായ ഓം നമോ നാരായണായ ജപിക്കുകയും ചെയ്താൽ വിഷ്ണു പ്രീതിയിലൂടെ എല്ലാവിധത്തിലുമുള്ള ദുരിതങ്ങള്‍ക്കും പരിഹാരം ഉണ്ടാകും. ഭൗതികജീവിതത്തില്‍ അളവറ്റ ഐശ്വര്യവും, ജീവിതാന്ത്യത്തില്‍ മോക്ഷവുമാണ് ഏകാദശി വ്രതത്തിന്റെ ഫലം. വ്രതമെടുക്കുന്നവർ ദശമി, ഏകാദശി, ദ്വാദശി എന്നീ മൂന്ന് ദിനങ്ങളില്‍ ഏകാഗ്രതയോടെ വിഷ്ണു ഭജനം നടത്തണം. എല്ലാമാസത്തിലെയും രണ്ട് പക്ഷത്തിലെയും ഏകാദശി വ്രതം അനുഷ്ഠിക്കാം.

2023 ഒക്ടോബർ 10 ചൊവ്വാഴ്ച കറുത്തപക്ഷത്തിൽ വരുന്ന ഏകാദശിയെ ഇന്ദിര ഏകാദശി എന്ന് അറിയപ്പെടുന്നു. കന്നി മാസത്തിലെ മഹാളയപക്ഷത്തിൽ വരുന്ന ഈ ഏകാദശി നോറ്റാൽ പിതൃദോഷദുരിതങ്ങൾ നീങ്ങി ഐശ്വര്യം ലഭിക്കും. അന്ന് രാവിലെ 8:30 മുതൽ രാത്രി 9:46 വരെയാണ് വിഷ്ണുചൈതന്യം ഭൂമിയിൽ നിറയുന്ന ഹരിവാസര വേള.

ഏകാദശി നോൽക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഹരിവാസരമാണ്. ഏകാദശിയുടെ ഒടുവിലത്തെ 6 മണിക്കൂറും ദ്വാദശിയുടെ ആദ്യത്തെ 6 മണിക്കൂറുമടങ്ങിയ 12 മണിക്കൂറാണ് ഹരിവാസരം. ഈ സമയത്ത് ആഹാരവും ഉറക്കവും പാടില്ല. വിഷ്ണു സാന്നിധ്യം ഏറ്റവും കൂടുതലുള്ള ഈ സമയത്ത് പൂർണ ഉപവാസമെടുക്കുന്നതാണ് ഏറ്റവും ഉത്തമം. അപ്പോൾ നാമം ജപിച്ചാൽ ആഗ്രഹസാഫല്യം ഉണ്ടാകും. തികഞ്ഞ ഭക്തിയോടെ വ്രതമനുഷ്ഠിച്ചാൽ മാത്രമേ പൂർണ്ണഫലം ലഭിക്കുകയുളളൂ. ജാതകവശാൽ വ്യാഴം അനുകൂലം അല്ലാത്തവർക്ക് ദോഷകാഠിന്യം കുറയ്ക്കാനും ഈ വ്രതം ഉത്തമമാണ്.

ഏകാദശി വ്രതമെടുക്കുന്നവർ മത്സ്യമാംസാദികൾ ഉപേക്ഷിക്കണം. ഏകാദശിയുടെ തലേന്ന് ദശമി ദിവസവും ദ്വാദശിദിവസവും ഉച്ചയ്ക്ക് ഊണ് കഴിക്കാം. മറ്റ് നേരങ്ങളില്‍ പഴവര്‍ഗ്ഗങ്ങള്‍ കഴിക്കാം. ഏകാദശി ദിവസം പൂർണ്ണ ഉപവാസം വേണം. കഴിയാത്തവർക്ക്
ഒരു നേരം പഴങ്ങളോ മറ്റോ കഴിക്കാം. ഈ ദിവസങ്ങളിൽ എണ്ണതേച്ചു കുളിക്കരുത്. പകലുറക്കം പാടില്ല. തുളസി നനയ്ക്കണം. തുളസിത്തറയ്ക്കു മൂന്ന് പ്രദക്ഷിണം വയ്ക്കണം. ബ്രഹ്മചര്യനിഷ്ഠ പാലിക്കണം.

ഏകാദശി ദിവസം പ്രഭാത സ്നാന ശേഷം വിഷ്ണു ഭഗവാനെ ധ്യാനിക്കുകയും സാധിക്കുമെങ്കില്‍ വൈഷ്ണവ ക്ഷേത്രദർശനം നടത്തി അര്‍ച്ചന നടത്തുകയും വേണം. വിഷ്ണുസഹസ്രനാമം, വിഷ്ണു
അഷ്ടോത്തരം, ഭാഗവതം, നാരായണീയം, ഭഗവദ്ഗീത എന്നീ ഗ്രന്ഥങ്ങൾ പാരായണം ചെയ്യുകയോ ശ്രവിക്കുകയോ ചെയ്യുക. ഓം നമോ നാരായണയാ, ഓം നമോ ഭഗവതേ വാസുദേവായ എന്നീ മന്ത്രങ്ങൾ 108 പ്രാവശ്യം ജപിക്കണം. ദ്വാദശി ദിവസം രാവിലെ വ്രതം മുറിക്കാം.

ജ്യോതിഷി പ്രഭാസീന സി പി
Email ID: prabhaseenacp@gmail.com
+91 9961442256

Story Summary : Importance of Indira Ekadashi

error: Content is protected !!
Exit mobile version