Sunday, 6 Oct 2024

ദോഷ ലക്ഷണങ്ങൾ മനസിലാക്കിയാൽ പെട്ടെന്ന് ഫലിക്കുന്ന പരിഹാരങ്ങൾ

ജ്യോതിഷരത്നം വേണു മഹാദേവ്
ജാതകദോഷം നാലു വിധമാണ്. ധർമ്മദേവതാ കോപം, പൂർവ്വ ജന്മപാപം, പിതൃദോഷം, ഗ്രഹദോഷം എന്നിവ.

ജന്മാന്തരങ്ങളായി പിന്തുടരുന്ന ജാതകദോഷങ്ങൾ പൂർവ്വ ജന്മപാപങ്ങളുടെ തുടർച്ചയാണ്. മറ്റൊന്ന് കുടുംബപരമായ ദോഷങ്ങളാണ്. വിധിവശാൽ വന്നു പിറക്കുന്ന തറവാടിൻ്റെ സുകൃത – ദുഷ്കൃതങ്ങളുടെ പങ്ക് ഓരോരുത്തരും അനുഭവിച്ചേ മതിയാകൂ. പൂർവികർക്ക് അവരുടെ വിയോഗ ശേഷം നടത്തേണ്ട ക്രിയകൾ യഥാവിധി അനുഷ്ഠിക്കാത്തതിനാൽ അനുഭവിക്കേണ്ടി വരുന്നതാണ് പിതൃദോഷം. ഗ്രഹദോഷം ജാതകവശാൽ സംഭവിക്കുന്നതാണ്.

ഗ്രഹദോഷങ്ങളെ ശാസ്ത്രീയമായി സമീപിക്കുന്ന ഒരു ജോത്സ്യൻ സമർത്ഥനായ ഒരു ഡോക്ടറെപ്പോലെ ആകണം. ആദ്യമേ കടുത്ത മരുന്നുകൾ നൽകി രോഗിയെ ക്ലേശിപ്പിക്കരുത്. കഴിയുന്നതും പണച്ചെലവ് കുറഞ്ഞ ചികിത്സാ രീതികൾ സ്വീകരിക്കണം. ജീവിതചര്യ ക്രമപ്പെടുത്തി ദൈവികമായ പരിഹാര മാർഗ്ഗങ്ങൾ സ്വീകരിക്കണം. ഈശ്വരാധീനം വർദ്ധിപ്പിക്കുന്നതിലൂടെ പല പ്രശ്നങ്ങളും പരിഹരിക്കാൻ കഴിയും. ഓരോ ഗ്രഹങ്ങളും കാരണം സംഭവിക്കാവുന്ന ദോഷങ്ങളും അതിനുള്ള പരിഹാരങ്ങളും പരിശോധിക്കാം:

ആദിത്യദോഷം
കച്ചവടത്തിൽ നഷ്ടം, കഴിവിനനുസരിച്ച് ജോലി കിട്ടാതെ വരിക, പിതാവും പിതൃതുല്യരുമായി പിണക്കം, ശിരോരോഗങ്ങൾ, കർമ്മ തടസ്സം എന്നിവയാണ് ഒരു വ്യക്തിക്ക് ആദിത്യ ദോഷങ്ങൾ കാരണം അനുഭവിക്കേണ്ടി വരുന്നത്.
പരിഹാരം: ശിവക്ഷേത്രത്തിൽ കൂവളമാല സമർപ്പിച്ച് പ്രാർത്ഥിക്കുകയാണ് ആദിത്യഗ്രഹപ്പിഴയ്ക്ക് ആദ്യം ചെയ്യേണ്ടത്. പ്രദോഷ വ്രതം ആചരിക്കുക, നിർമ്മാല്യം തൊഴുക എന്നിവയാണ് അടുത്ത പടിയായി ചെയ്യേണ്ടത്. ദോഷകാഠിന്യം കൂടുതലാണെങ്കിൽ ഞായറാഴ്ച ആദിത്യ പൊങ്കാല നടത്തണം. ക്ഷേത്രത്തിൽ ശിവ ഭഗവാൻ്റെ ശീവേലി പ്രദക്ഷിണത്തിനൊപ്പം പ്രദക്ഷിണവും വേണം.

ചന്ദ്രദോഷം
എപ്പോഴും മന:ക്ലേശം, ധൈര്യക്കുറവ്, അകാരണഭയം, പ്രണയ ദുരിതങ്ങൾ, മനോവ്യാധികൾ, ഏകാന്തത, അബദ്ധങ്ങളിൽ ചാടുക, വഞ്ചിതരാവുക എന്നിവയാണ് ചന്ദ്രൻപിഴച്ച് നിൽക്കുന്നതിന്റെ ലക്ഷണങ്ങൾ.
പരിഹാരം: ഭുവനേശ്വരി ദേവിയെ ഉപാസിക്കുക,
ശിവന് രുദ്രധാര നടത്തുക – ഇവയാണ് ആദ്യം വേണ്ടത്.
പൗർണ്ണമി വ്രതം, ദേവീ ധ്യാനം, ദേവീ മാഹാത്മ്യം പാരായണം എന്നിവ നല്ലതാണ്. ക്ഷേത്ര പൂജാരിയെ സമീപിച്ച് 1008 ശ്രീരുദ്രം ജപിച്ച ബ്രഹ്മി സേവിക്കുക.

കുജദോഷം
മംഗല്യദോഷം, വിവാഹ തടസം, വൈധവ്യം, കലഹം , അപകടങ്ങൾ, കോടതി വ്യവഹാരം, മനസറിയാതെ
കുറ്റക്യത്യങ്ങളിൽ പങ്കാളിയാവുക, ഭൂമി നഷ്ടം, കുറ്റവാളിയായി ചിത്രീകരിക്കുക, സമൂഹം ഒറ്റപ്പെടുത്തുക, ശത്രുദോഷം, ആഭിചാരം, ഇടവിട്ട അപകടങ്ങൾ ഇവയാണ് കുജ ദോഷ ലക്ഷണങ്ങൾ.
പരിഹാരം: ജാതകത്തിൽ കുജൻ ഓജരാശിയിലെങ്കിൽ സുബ്രഹ്മണ്യ ക്ഷേത്ര ദർശനം നടത്തി പഞ്ചാമൃതം നടത്തുകയാണ് ആദ്യ പരിഹാരം. ഷഷ്ഠി വ്രതമെടുത്ത് മുരുക ക്ഷേത്രത്തിൽ ദർശനം നടത്തുകയാണ് തുടർന്ന് വേണ്ടത്. കുജൻ യുഗ്മരാശിയിലെങ്കിൽ ഭദ്രകാളി ക്ഷേത്രത്തിൽ 108 ചൊവ്വാഴ്ച തൊഴണം. കൊടങ്ങല്ലൂർ, മണ്ടയ്ക്കാട്, ചെട്ടികുളങ്ങര, തിരുമാണ്ഡാംകുന്ന്, ആറ്റുകാൽ, മണ്ണടി, മലയാലപ്പുഴ, വളളിയാങ്കാവ്, വെള്ളായണി തുടങ്ങി പ്രസിദ്ധമായ ഒരു ഭഗവതിയെ തൊഴുത് വലിയ ഗുരുതി നടത്തി പിടിപ്പണം സമർപ്പിച്ച് പ്രായശ്ചിത്തം ചെയ്യണം. ദേവീ മാഹാത്മ്യ പാരായണം, ദേവീ ഉപാസന എന്നിവ പതിവാക്കുക. ബാലസുബ്രഹ്മണ്യ യന്ത്രം, മഹാശൂലിനിയന്ത്രം ഇവയിൽ ഒന്ന് ധരിക്കുക.

ബുധദോഷം
പഠനം പാതിവഴിയിൽ ഉപേക്ഷിക്കുക, പഠിച്ച വിദ്യകൾ ആവശ്യമുള്ള സമയത്ത് പ്രയോജനപ്പെടാതിരിക്കുക, നാവുദോഷത്താൽ അവസരങ്ങൾ നഷ്ടപ്പെടുക, ജീവിത നൈരാശ്യം ബാധിക്കുക, ചെയ്യുന്നതൊക്കെ അബദ്ധത്തിൽ കലാശിക്കുക, തീരുമാനങ്ങൾ പിഴയ്ക്കുക തുടങ്ങിയവയാണ് ബുധദോഷത്തിന്റെ
പ്രത്യക്ഷ ലക്ഷണങ്ങൾ.

പരിഹാരം: ശ്രീരാമൻ, ഹനുമാൻ, ശ്രീകൃഷ്ണൻ തുങ്ങിയ മൂർത്തികളുടെ ക്ഷേത്രത്തിൽ യഥാശക്തി വഴിപാട് നടത്തുക. ശ്രീകൃഷ്ണ, ശ്രീരാമ, ഹനുമദ് ഭക്തി വളർത്തുക. വിദ്യരാജഗോപാലാർച്ചന ഉത്തമമാണ് സാരസ്വതം വിദ്യാധിരാജ്ഞി മന്ത്രം ജപിച്ച് സേവിക്കുക. ലിപി സരസ്വതി, ത്രിപുര സുന്ദരി , വിദ്യാധിരാജ്ഞി ഇവയിലൊരു യന്ത്രം ധരിക്കുക. ബുധനാഴ്ച വ്രതം അനുഷ്ഠിക്കുക.

വ്യാഴദോഷം
ധനനാശം സംഭവിക്കുക, എത്ര വന്നാലും ധനം കയ്യിൽ നിൽക്കാതിരിക്കുക, ചെയ്യുന്നതെല്ലാം തിരിച്ചടിയായി മാറുക, സന്താന ദുഃഖമുണ്ടാകുക, മുതിർന്നവരുടെ ശാപം, ഗുരുക്കന്മാരുടെ ശാപം, ദൈവാധീനമില്ലാതാകുക, ആചാരനുഷ്ഠാനങ്ങളിൽ വിപ്രതിപത്തി, ക്ഷേത്ര ദർശനത്തോട് വിരക്തി ഇവയാണ് വ്യാഴ ഗ്രഹദോഷ ലക്ഷണങ്ങൾ.

പരിഹാരം: മഹാവിഷ്ണു, ശ്രീകൃഷ്ണ ക്ഷേത്ര ദർശനം നടത്തുകയാണ് ആദ്യം വേണ്ടത്. തുടർന്ന് അവിടെ വെണ്ണ, ത്രിമധുരം എന്നിവ സമർപ്പിക്കണം. അല്ലെങ്കിൽ നരസിംഹമൂർത്തിക്ക് പാനകം നടത്തി പ്രാർത്ഥിക്കണം. ഗുരുവായൂർ, തിരുപ്പതി, ശ്രീരംഗം, ശ്രീപത്മനാഭ സ്വാമി ക്ഷേത്രങ്ങളിൽ ഒരിടത്തെങ്കിലും ദർശനം നടത്തണം. അന്നദാനവും ഉത്തമ പരിഹാരമാണ്.

ശുക്രദോഷം
ധനനഷ്ടം, വിവാഹതടസം, സ്വർണ്ണം, ധനം, പൂർവിക സ്വത്ത് ഇവയുടെ അനുഭവയോഗമില്ലായ്മ, കളത്രത്തെ കൊണ്ടുള്ള ദു:ഖങ്ങൾ, ഭവന നഷ്ടം, കലാരംഗത്ത് തടസം, പ്രണയ കലഹം, കലയിൽ ശോഭിക്കാതിരിക്കുക തുടങ്ങിയവയാണ് സർവ്വ സുഖകാരകനായ ശുക്രൻ പിഴച്ചാൽ സംഭവിക്കുന്ന ലക്ഷണങ്ങൾ.

പരിഹാരം: ചതുർത്ഥി തോറും ഗണപതി ക്ഷേത്ര ദർശനം നടത്തി നാളികേരം ഉടയ്ക്കുക, വെള്ളിയാഴ്ച ദിവസം മഹാലക്ഷ്മി ക്ഷേത്രത്തിൽ തൊഴുത് താമരമാല സമർപ്പിക്കുക, ശുക്ര ഗായത്രി ജപിക്കുക, ഉച്ഛിഷ്ട ഗണപതിമന്ത്രം ജപിക്കുക, ഭാഗ്യസൂക്താർച്ചന നടത്തുക ഇവയാണ് പ്രധാന ശുക്രദോഷ പരിഹാര മാർഗങ്ങൾ. മധൂർ ഗണപതി, കൊട്ടാരക്കര ഗണപതി, പഴവങ്ങാടി ഗണപതി തുടങ്ങിയ പ്രസിദ്ധ ഗണപതി ക്ഷേത്രങ്ങളിലോ മഹാലക്ഷ്മി ക്ഷേത്രങ്ങളിലോ ദർശനം നടത്തുക.

ശനിദോഷം
ജോലിയിൽ അപ്രതീക്ഷിത ചലനം, ചെയ്യാത്ത കുറ്റത്തിന് അപമാനം, അപ്രതീക്ഷിത സ്ഥലം മാറ്റം, സ്ഥാനചലനം, കോടതി വ്യവഹാരം, കാരാഗൃഹവാസം, ആത്മമിത്രങ്ങൾ തള്ളിപ്പറയുക, രഹസ്യ ഇടപാടിൽ നഷ്ടം വരുക, വഞ്ചനകളിൽ പെട്ട് ദുഃഖിക്കുക, അലഞ്ഞു തിരിയേണ്ടിവരിക, ഇഷ്ടബന്ധുക്കൾ ഉപേക്ഷിക്കുക എന്നിവ ശനിദോഷ ലക്ഷണങ്ങളാണ്. ജാതകത്തിലെ ശനിദോഷം ഏഴരശനി, കണ്ടക ശനി, അഷ്ടമശനി ഇവയിലേതെന്നു കണ്ടെത്തി പരിഹാരം ചെയ്യണം.

പരിഹാരം: ധർമ്മശാസ്താവ്, അയ്യപ്പൻ, ഹനുമാൻ ഭഗവാൻ, വേട്ടക്കൊരുമകൻ, വീരഭദ്രൻ, മാടൻ തമ്പുരാൻ തുടങ്ങിയ ദേവതമാരെ ആശ്രയിച്ച് യഥാശക്തി വഴിപാട് നടത്തി വണങ്ങിയാൽ പെട്ടെന്ന് ആശ്വാസം കിട്ടും. അയ്യപ്പ / ശാസ്താ ക്ഷേത്രങ്ങളിൽ നീരാജനം അല്ലെങ്കിൽ എള്ളു പായസം നടത്തുക. അയ്യപ്പ മൂല മന്ത്രം ജപിക്കുക. കാക്കയ്ക്ക് എള്ളു കലർന്ന ഭക്ഷണം നൽകുക, ഇരുമ്പ് മോതിരം ധരിക്കുക, അയ്യപ്പ ഭക്തർക്ക് കറുത്ത വസ്ത്രം ദാനം നൽകുക, ശാസ്താവിന് കർപ്പൂരം കത്തിക്കുക വികലാംഗർക്ക് അന്നം, വസ്ത്രം നൽകുക, ഇന്ദ്രനീലം ധരിക്കുക. ശാസ്താ, ശനീശ്വര യന്ത്ര ധാരണം എന്നിവ ശനിദോഷ പരിഹാരങ്ങളാണ്.

രാഹു ദോഷം
രോഗം, ത്വക് രോഗം, ധനനാശം, സന്താന ഭാഗ്യമില്ലായ്മ, സന്താനദുരിതം, തടസം, അപമാനം, വിവാഹതടസം, ദാമ്പത്യ കലഹം, ബന്ധനം എന്നിവയാണ് രാഹുദോഷ സൂചനകൾ.
പരിഹാരം: നാഗ സന്നിധികളിൽ നാഗാരാധന നടത്തി
പ്രായശ്ചിത്തം ചെയ്യുക. രാഹുദോഷ പരിഹാരം ചെയ്യുക. ശിവപൂജ ചെയ്യുക , സുബ്രഹ്മണ്യ പുജ നടത്തുക തുടങ്ങിയവ ഉത്തമമാണ്. മണ്ണാറശാല, വെട്ടിക്കോട്, പാമ്പുംമേക്കാട്, ആമേട, നാഗർകോവിൽ, അനന്തൻകാട്, പെരളശ്ശേരി, പയ്യന്നൂർ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം എന്നിവയിൽ ഒരിടത്തെങ്കിലും ദർശനം നടത്തി വഴിപാടുകൾ കഴിക്കുക. ആയില്യവ്രതം നോറ്റ് ക്ഷേത്ര ദർശനം നടത്തുക. ക്ഷേത്രങ്ങളിലെ സർപ്പത്തറകളിൽ എണ്ണ, മഞ്ഞൾ, കരിക്ക്, പാൽ, കമുകിൻ പൂക്കുല തുടങ്ങിയവ സമർപ്പിക്കുക. ഗോമേദകം ധരിക്കുക. നവനാഗ സ്തുതിയും ഉത്തമ പരിഹാരമാണ്.

കേതുദോഷം
രക്തദോഷ രോഗങ്ങൾ, കാര്യതടസം, പഠന തടസം, ജോലി തടസം, വിവാഹ തടസം, കച്ചവടത്തിൽ നഷ്ടം, ശസ്ത്രക്രിയ, അപകടം, വീഴ്ചയിൽ മുറിവ്, ഒടിവ്, ചതവ് ഇഷ്ടബന്ധങ്ങൾ വേർപിരിയൽ എന്നിവയാണ് കേതു ദോഷ സൂചനകൾ.

പരിഹാരം: ഗണപതിക്ക് കറുകമാല, അപ്പം സമർപ്പണം, ചാമുണ്ഡി ക്ഷേത്രത്തിൽ കടുംപായസം, ഭൈരവനും ശിവനും ധാര, നിവേദ്യം, നവാക്ഷരി ജപം, ചണ്ഡികാ യന്ത്ര ധാരണം, ഉച്ഛിഷ്ടഗണപതി യന്ത്രധാരണം, വൈഡൂര്യ രത്ന ധാരണം ഇവയാണ് കേതു ദോഷപരിഹാരങ്ങൾ.

ഗുളികദോഷം
എന്ത് ചെയ്താലും എന്ത് കാര്യത്തിൽ ഇടപെട്ടാലും അതെല്ലാം കലഹത്തിൽ അവസാനിക്കുക, ശാരീരിക ക്ലേശം, തൊടുന്നതെല്ലാം നഷ്ടത്തിൽ കലാശിക്കുക, ശത്രുപീഡ ഇവയാണ് ഗുളിക ദോഷ ലക്ഷണങ്ങൾ. ജാതകാൽ കടുത്ത പൂർവ ജന്മദോഷം, പിതൃദോഷം,
ശാപ ദോഷങ്ങൾ ഇവയാണ് ഗുളിക ദോഷകാരണങ്ങൾ

പരിഹാരം: പാർവതി ദേവിയുടെ, അന്നപൂർണ്ണേശ്വരിയുടെ ക്ഷേത്രത്തിൽ താമരപ്പൂവ് സമർപ്പിച്ച് അർച്ചന ചെയ്യുക. അവിടുത്തെ തീർത്ഥം വാങ്ങി വീട്ടിൽ തളിക്കുക. അന്നപൂർണ്ണേശ്വരിയുടെ ചിത്രം, കൊട്ടിയൂരിലെ ഓടപ്പൂവ്, നിറപ്പുത്തരിയുടെ നെൽക്കതിർ ,ആറൻമൂള കണ്ണാടി, ഇവയിലൊന്ന് വീട്ടിൽ സൂക്ഷിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 984 747 5559

error: Content is protected !!
Exit mobile version