Monday, 8 Jul 2024

ധനവും കീർത്തിയും പാപ മോചനവുംനൽകുന്ന അപരാ ഏകാദശി തിങ്കളാഴ്ച

മംഗള ഗൗരി

മഹാവിഷ്ണുവിനെ ത്രിവിക്രമനായി സങ്കല്പിച്ച് പൂജിക്കുന്ന ഏകാദശിയാണ് അപരാ ഏകാദശി. ജ്യേഷ്ഠ മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ ഇത് 2024 ജൂൺ 3 തിങ്കളാഴ്ചയാണ്. മഹാബലിചക്രവർത്തിയോട് ഭൂമിയും, ആകാശവും അളന്ന ശേഷം വീണ്ടും അളക്കാൻ സ്ഥലം ചോദിച്ച ഭാവമാണ് ഭഗവാന്റെ ത്രിവിക്രമ സങ്കല്പം. ഇടവമാസത്തിലെ ഈ ഏകാദശിക്ക് അചല ഏകാദശി എന്നും പേരുണ്ട്. ഈ ഏകാദശിക്ക് അനുഷ്ഠിച്ചാൽ മഹാപാപങ്ങൾ പോലും അകലും എന്നാണ് വിശ്വാസം. പാപങ്ങളാണ് എപ്പോഴും ദുരിതങ്ങളും തടസ്സങ്ങളുമായി കലാശിക്കുന്നത്. പാപം തീർന്നാൽ തടസങ്ങൾ അകന്ന് ഐശ്വര്യവും ആഗ്രഹസാഫല്യവും ഉണ്ടാകും. ഇഹത്തിലും പരത്തിലും എല്ലാ സൗഭാഗ്യവും സമ്മാനിക്കുന്ന വ്രതമാണ് ഏകാദശി.

അപര എന്നാൽ അപാരമായ, പരിധിയില്ലാത്ത, വളരെ അധികം എന്നെല്ലാം അർത്ഥമുണ്ട്. അതുകൊണ്ട് ഈ ഏകാദശി അനുഷ്ഠിക്കുന്നവരെ വിഷ്ണുഭഗവാൻ അപാരമായ ധനവും, കീർത്തിയും, പുണ്യവും നൽകി അനുഗ്രഹിക്കുന്നു. കൊടുംപാപങ്ങളിൽ നിന്നു പോലും മോചിപ്പിക്കുന്നു. ഈ വ്രതം നോറ്റാൽ സന്താനങ്ങൾ ഇല്ലാത്തവർക്ക് പുത്രനെയും ധനമില്ലാത്തവർക്ക് ധനവും ലഭിക്കും. എങ്ങനെയാണോ സൂര്യൻ അന്ധകാരത്തെ നശിപ്പിച്ച് വെളിച്ചം പ്രദാനം ചെയ്യുന്നത് അതുപോലെ അപര ഏകാദശി നോൽക്കുന്ന ഭക്തരുടെ പാപങ്ങൾ
തീരും. അന്ന് വ്രതമെടുക്കാനാകാത്തവർ മഹാവിഷ്ണു ക്ഷേത്രത്തിൽ ദർശനം നടത്തി മൂലമന്ത്രമായ ഓം നമോ നാരായണായ അത്ഭുത ശക്തിയുള്ള നാമത്രയ മന്ത്രം ഓം അച്യുതായ നമഃ , ഓം അനന്തായ നമഃ, ഓം ഗോവിന്ദായ നമഃ എന്നിവ കഴിയുന്നത്ര ജപിക്കണം. വിഷ്ണു സഹസ്രനാമം, അഷ്ടോത്തരം ജപിക്കുന്നതും നല്ലതാണ്. വിശിഷ്ടമായ വസ്തുക്കൾ, ദ്രവ്യങ്ങൾ എന്നിവ ദാനം ചെയ്താൽ ലഭിക്കുന്ന പുണ്യത്തിന് സമം ഫലം അപര ഏകാദശി അനുഷ്ഠിക്കുന്ന ഭക്തർക്ക് ലഭിക്കുന്നു. അപര ഏകാദശി ഭദ്രകാളി ജയന്തിയായും ആചരിക്കുന്നുണ്ട്.

ഏകാദശി വ്രതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഹരിവാസരം. ഏകാദശി തിഥിയുടെ അവസാനത്തെ 15 നാഴികയും (ആറു മണിക്കൂർ) തൊട്ടു പിന്നാലെ വരുന്ന ദ്വാദശി തിഥിയുടെ ആദ്യത്തെ 15 നാഴികയും ചേർന്നുള്ള 12 മണിക്കൂർ സമയമാണ് ഹരിവാസരം. ഈ സമയത്ത് മഹാവിഷ്ണുവിനെ ഭജിക്കുന്നത് ഏറെ പുണ്യകരമാണ്.

എല്ലാമാസവും 2 ഏകാദശിയുണ്ട്. കറുത്തപക്ഷത്തിലും വെളുത്ത പക്ഷത്തിലും. രണ്ടും ആചരിക്കാം. എങ്കിലും വെളുത്തപക്ഷത്തിനാണ് പ്രാധാന്യം കൂടുതൽ ഉള്ളതായി കരുതുന്നത്. ഏകാദശിവ്രതം തീർന്നാലും ഹരിവാസര പുണ്യസമയം തുടരും. മഹാവിഷ്ണുവിന്റെ ദിവസമാണ് അന്ന്. ഹരി എന്നാൽ മഹാവിഷ്ണു, വാസരം എന്നാൽ ദിവസം എന്നുമാണർത്ഥം അപ്പോൾ ഹരിവാസരം എന്ന വാക്കിന്റെ അർഥം ഹരിയുടെ ദിവസമെന്നാണ്. ഏകാദശി
വ്രതത്തിനു ശേഷം ദ്വാദശിയുടെ ആദ്യപാദം കൂടി ചേരുന്ന സമയം മഹാവിഷ്ണുവിന് ഏറെ പ്രീതികരമാണെന്നാണു വിശ്വാസം. ഈ സമയം വിഷ്ണുവിനെ ആരാധിക്കുന്നതു കൂടുതൽ പുണ്യമെന്ന് കരുതുന്നു. 2024 ജൂൺ 2 ന് രാത്രി 9:22 മണിക്ക് ഹരിവാസരം തുടങ്ങും. 3 ന് രാവിലെ 8:06 മണിക്ക് അവസാനിക്കും. 2024 ജൂൺ 2 ഭൂരിപക്ഷ ഏകാദശിയാണ്. ഇതിന് അരുണോദയം മുതലാണ് ദിനം ആരംഭിക്കുക. ആനന്ദപക്ഷത്തിന് സൂര്യോദയത്തിന 4 നാഴിക മുമ്പ് മുതൽ ദിവസം തുടങ്ങും. ആനന്ദപക്ഷക്കാർ ഉദയത്തിൽ ഏകാദശിക്ക് ദശമി സ്പർശം വന്നാൽ ആ ദിവസം വ്രതമെടുക്കില്ല. പിറ്റേന്നാണ് വ്രതാനുഷ്ഠാനം. രണ്ടു ദിവസവും അരുണോദയത്തിൽ ഏകാദശി വന്നാൽ പിറ്റേദിവസം വ്രതമെടുക്കും. അതിനാൽ ഇക്കുറി ജൂൺ 2 ഞായറാഴ്ച ഒരിക്കലെടുത്ത് തിങ്കളാഴ്ച ശുദ്ധോപവാസം ചെയ്യണം.

Story Summary: Significance of Apara or Achala Ekadeshi

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version