Saturday, 23 Nov 2024

ധർമ്മശാസ്താ ധ്യാനവും മൂലമന്ത്രവും ജപിക്കുന്നത് പത്തിരട്ടി ഫലദായകം

മംഗള ഗൗരി
ശനിദോഷങ്ങളിൽ നിന്നും രക്ഷപ്പെടാൻ ആർക്കും അഭയം പ്രാപിക്കാവുന്ന മൂർത്തിയാണ് ധർമ്മശാസ്താവ്.
ശാസ്താ ക്ഷേത്ര ദർശനം വിശേഷേണ ശബരിമല അയ്യപ്പ സ്വാമി ദർശനം, മണ്ഡല മകരവിളക്ക് കാലത്ത് വ്രതാനുഷ്ഠാനം, ശാസ്താ ക്ഷേത്രങ്ങളിൽ നീരാജനം, എള്ളുപായസം തുടങ്ങിയ വഴിപാട് സമർപ്പണം, ശാസ്താ മന്ത്രജപം തുടങ്ങിയവയാണ് ശനി ദോഷങ്ങളിൽ നിന്ന് മുക്തി നേടാനുള്ള ഏറ്റവും ശ്രേഷ്ഠമായ പരിഹാരങ്ങൾ.

ശ്രീ ധർമ്മശാസ്താവിന്റെ ധ്യാനശ്ലോകത്തിനും മൂലമന്ത്രത്തിനും അത്ഭുതകരമായ ഫലസിദ്ധിയാണ്
ആചാര്യന്മാർ വിധിച്ചിട്ടുള്ളത്. നിത്യേന രാവിലെയും വൈകിട്ടും മൂന്ന് തവണ ധർമ്മ ശാസ്ത ധ്യാനശ്ലോകം
ചൊല്ലി അയ്യപ്പ സ്വാമിയെ സ്മരിക്കുക. ശേഷം മൂലമന്ത്രം 108 തവണ ജപിക്കുന്നത് ശ്രേഷ്ഠമാണ്.
ഇതിലൂടെ മാനസിക അസ്വസ്ഥതകളെല്ലാം അകന്ന് മന:ശാന്തിയും ഇഷ്ട കാര്യസിദ്ധിയും ലഭിക്കും. എല്ലാ ശനിദുരിതങ്ങളും അകലും. മണ്ഡല-മകരവിളക്ക് കാലത്ത് ധർമ്മശാസ്താവിന്റെ ധ്യാനശ്ലോകവും മൂലമന്ത്രവും ജപിക്കുന്നതും കേൾക്കുന്നതും പത്തിരട്ടി ഫലദായകമാണ്. ശബരിമല തീർത്ഥാടനത്തിന് വ്രതം നോൽക്കുന്നവർ ധ്യാനശ്ലോകം, മൂലമന്ത്രം ജപിക്കുകയോ കേൾക്കുകയോ ചെയ്യുന്നത് ഒഴിവാക്കരുത്.

ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ
എന്നാണ് ശ്രീ ധർമ്മ ശാസ്താവിന്റെ മൂലമന്ത്രം. ഇതിൽ ഓംകാരം മംഗളാചരണമാണ്. അത് ബ്രഹ്മത്തെ കുറിക്കുന്നു. സംഭവിച്ചതും സംഭവിക്കാനിരിക്കുന്നതും എല്ലാം ഓങ്കാരം തന്നെ. ഓരോദേവതക്കും ബീജാക്ഷരം വിധിക്കപ്പെട്ടിട്ടുണ്ട്. ഘ്രൂം എന്നത് ധർമ്മ ശാസ്താവിന്റെ ബീജാക്ഷരമാണ്. മന്ത്രങ്ങള്‍ക്കു ശക്തി പകരുന്നവയാണ് ബീജാക്ഷരങ്ങള്‍. ബീജ മന്ത്രത്താല്‍ ഏതു ദേവതയെ ഉപാസിക്കുന്നുവോ ആ ദേവതയുടെ സ്വഭാവവിശേഷവും ശക്തിയും ബീജമന്ത്രാക്ഷരത്തിനും ഉണ്ടാകും. പരഃ എന്ന ശബ്ദത്തിന് ശ്രേഷ്ഠന്‍, ഈശ്വരന്‍, പരമാത്മാവ് എന്നെല്ലാം അർത്ഥമുണ്ട്. ഗോപ്ത്രേ എന്നതിന് രക്ഷകന്‍ എന്നും നമഃ എന്നതിന് നമസ്‌ക്കാരം എന്നും അര്‍ത്ഥം. നമഃ പരായ ഗോപ്‌ത്രേ എന്നാല്‍ ശ്രേഷ്ഠനായ രക്ഷകന് ശാസ്താവിന് നമസ്‌ക്കാരം എന്ന് പറയാം. മൂലമന്ത്രത്തിന് മുൻപായി ജപിക്കുന്ന ധ്യാനം ധർമ്മ ശാസ്താവിന്റെ സ്വരൂപം മനസ്സില്‍ ഉറപ്പിക്കുവാനുള്ളതാണ്. ഈ ശാസ്താ മൂലമന്ത്രത്തിന്റെ ധ്യാനശ്ലോകം ഇതാണ്:

സ്‌നിഗ്ദ്ധാരാള വിസാരികുന്തളഭരം സിംഹാസനാദ്ധ്യാസിനം സ്ഫൂര്‍ജ്ജല്‍പത്രസുക്‌നുപ്തകുണ്ഡലമഥേഷ്വിഷ്വാസഭൃദ്ദോര്‍ദ്വയം
നീലക്ഷൗമവസം നവീനജലദശ്യാമം പ്രഭാസത്യക-
സ്ഫായല്‍ പാര്‍ശ്വയുഗംസുരക്തസകലാകല്പം സ്മരേദാര്യകം

മിനുത്തു ചുരുണ്ടതും അഴിഞ്ഞു കിടക്കുന്നതുമായ തലമുടിയോടുകൂടിയവനും, സിംഹാസനത്തില്‍ ഇരിക്കുന്നവനും, ശോഭയേറിയ കുണ്ഡലങ്ങളോട് കൂടിയവനും, വലതുകയ്യില്‍ അമ്പും ഇടതുകയ്യില്‍ വില്ലും ധരിക്കുന്നവനും, നീലനിറമുള്ള വസ്ത്രം ഉടുത്തവനും, പുതുകാര്‍മ്മേഘം എന്നപോലെ ശ്യാമവര്‍ണ്ണമാര്‍ന്നവനും, ഇടതു ഭാഗത്ത് പ്രഭ എന്ന ഭാര്യയോടും വലതു ഭാഗത്ത് സത്യകന്‍ എന്ന പുത്രനോടും കൂടിയവനും, ചുവപ്പുനിറമാര്‍ന്ന ആഭരണങ്ങളോടുകൂടിയവനുമായ ആര്യകനെ അതായത് ശ്രേഷ്ഠനെ, ശാസ്താവിനെ
ഞാന്‍ സ്മരിക്കുന്നു എന്ന് സാരം.

ധ്യാനശ്ലോകം ചൊല്ലുന്നതിലൂടെ ഭക്തരുടെ മനസ് ഭഗവാനില്‍ കേന്ദ്രീകരിക്കപ്പെടുന്നു. ഭക്ത മനസ്സില്‍ ശ്ലോകത്തില്‍ വര്‍ണ്ണിച്ച വിധത്തിൽ ശാസ്താ രൂപം തെളിയുന്നു. അയ്യപ്പസ്വാമിയില്‍ മനസ്സുറപ്പിച്ച് ഭക്തര്‍ ചെയ്യുന്ന ശരണംവിളിയും മൂലമന്ത്രജപം പോലെ തന്നെ എന്ന് കരുതുന്നു. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ
മൂന്ന് തവണ ജപിച്ച ധ്യാനശ്ലോകവും 108 തവണ ജപിച്ച മൂലമന്ത്രവും കേൾക്കാം:

Story Summary: Significance of the most Powerful Sree Dharma Sastha Dhayanam and Moola Mantram

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version