Monday, 8 Jul 2024

നക്ഷത്ര വിശേഷങ്ങളുടെ നക്ഷത്രപ്പത്ത്

എസ്. ശ്രീനിവാസ് അയ്യര്‍

നക്ഷത്രങ്ങളെ സംബന്ധിച്ചതും നക്ഷത്രങ്ങളെ വിശേഷിപ്പിക്കാന്‍ പറയുന്നതുമായ ചില പദങ്ങള്‍, ആശയങ്ങള്‍ എന്നിവയാണ് ഇവിടെ അവതരിപ്പിക്കുന്നത്. ജ്യോതിഷ വിദ്യാര്‍ത്ഥികള്‍ക്കും സാധാരണക്കാരായ ജ്യോതിഷ വിശ്വാസികള്‍ക്കും വേണ്ടിയാണിത്. പത്ത് കാര്യങ്ങള്‍ പറയാന്‍ ശ്രമിക്കുന്നതുകൊണ്ട് നക്ഷത്രപ്പത്ത് എന്ന് പേരിട്ടു എന്ന് മാത്രം.

1
മുപ്പൂരവും ഉത്തരത്രയവും: പൂരം എന്നു തുടങ്ങുന്ന മൂന്ന് നക്ഷത്രങ്ങളെയാണ് ഇപ്രകാരം (മുപ്പൂരം) പറയുന്നത്. പൂരം, പൂരാടം, പൂരൂരുട്ടാതി എന്നിവ. ഉത്രം എന്ന് തുടങ്ങുന്ന മൂന്ന് നക്ഷത്രങ്ങളെ ഉത്രത്രയം അഥവാ ഉത്തരത്രയം (ഉത്രം, ഉത്രാടം, ഉത്തൃട്ടാതി) എന്നിങ്ങനെയും വിശേഷിപ്പിക്കുന്നു. ഇതില്‍ മുപ്പൂരങ്ങള്‍ ശുഭകരമായ കാര്യങ്ങള്‍ക്ക് സ്വീകരിക്കാറില്ല. ഉത്രത്രയങ്ങള്‍ ശുഭകാര്യങ്ങള്‍ക്ക് ഉത്തമങ്ങളുമാകുന്നു.

2
തലനാള്‍, എടനാള്‍, കടനാള്‍: ഇവയെ യഥാക്രമം സൃഷ്ടി, സ്ഥിതി, സംഹാര നക്ഷത്രങ്ങള്‍ എന്നും പറയും. അശ്വതി തലനാള്‍ അഥവാ സൃഷ്ടി നക്ഷത്രം. അടുത്ത നക്ഷത്രം ഭരണി എടനാള്‍ (ഇടനാള്‍) അഥവാ സ്ഥിതി നക്ഷത്രം. മൂന്നാമത്തേത് ആയ കാര്‍ത്തിക കടനാള്‍ അഥവാ സംഹാരനക്ഷത്രം. ഇങ്ങനെ ഇരുപത്തിയേഴ് നക്ഷത്രങ്ങളെ ക്രമത്തില്‍ മൂന്നുനാള്‍ വീതം തലനാളും എടനാളും കടനാളും ആയി വിഭജിക്കുന്നു.

3
മുഴുനാളും മുറിനാളും: ഒരു രാശിയില്‍ 4 പാദങ്ങളും വരുന്ന നക്ഷത്രങ്ങള്‍ മുഴുനാള്‍, രണ്ടുരാശികളിലായി വരുന്നവ മുറിനാള്‍. നാളുകളില്‍ പതിനെട്ടെണ്ണം മുഴുനാളുകള്‍. ഒമ്പതെണ്ണം മുറിനാളുകള്‍. കാര്‍ത്തിക, മകയിരം, പുണര്‍തം, ഉത്രം, ചിത്തിര, വിശാഖം, ഉത്രാടം, അവിട്ടം, പൂരൂരുട്ടാതി എന്നിവയാണ് മുറിനാളുകള്‍.

4
ഊണ്‍നാളുകള്‍: കുഞ്ഞിന് ചോറൂണ്‍ അഥവാ അന്നപ്രാശം നല്‍കാന്‍ സ്വീകരിക്കുന്ന പതിനാറ് നക്ഷത്രങ്ങളെയാണ് ഇപ്രകാരം പറയുന്നത്. അന്ന നക്ഷത്രം, അന്നര്‍ക്ഷം, ബാലാന്നതാരങ്ങള്‍ എന്നിങ്ങനെയും വിളിക്കപ്പെടുന്നു. പ്രായേണ ഇവ പതിനാറും ശുഭകാര്യങ്ങള്‍ക്കെല്ലാം സ്വീകരിച്ചു പോരുന്നു. അശ്വതി, രോഹിണി, മകയിരം, പുണര്‍തം, പൂയം, ഉത്രം, അത്തം, ചിത്തിര, ചോതി, അനിഴം, ഉത്രാടം, തിരുവോണം, അവിട്ടം, ചതയം, ഉത്തൃട്ടാതി, രേവതി എന്നിവയാണ് ഊണ്‍ നാളുകള്‍.

5
നാക്ഷത്ര ദിവസം: ഒരു നക്ഷത്രം തുടങ്ങിയാല്‍ അതു മുതല്‍ അടുത്ത നക്ഷത്രം തുടങ്ങുന്നതു വരെയുള്ള സമയത്തെയാണ് ഇപ്രകാരം പറയുന്നത്. സാധാരണ ഗതിയില്‍ 60 നാഴിക അഥവാ 24 മണിക്കൂറാവും ഒരു നക്ഷത്രത്തിന്റെ ദൈര്‍ഘ്യം. ഏറ്റക്കുറച്ചിലുകളും വരാറുണ്ട്. ഇന്ന് മിഥുനം 22 ന് (ജൂലൈ 6 ന്) കാര്‍ത്തിക 22 നാഴിക 53 വിനാഴിക അതായത് ഉച്ചക്ക് 3 മണി 22 മിനിറ്റു വരെ എന്ന് പഞ്ചാംഗത്തില്‍ നിന്നുമറിയാം. മിഥുനം 23 ന്, 30 നാഴിക 19 വിനാഴിക (6.20 പി എം വരെ) രോഹിണി എന്നു കാണാം. ഒരു നക്ഷത്രം തുടങ്ങി തീരുന്നതു വരെയാണ് നക്ഷത്ര ദിവസം. ഇവിടെ അത് 24 മണിക്കൂറില്‍ അധികമുണ്ട്.

6
നാക്ഷത്ര മാസവും നാക്ഷത്ര വര്‍ഷവും : അശ്വതി മുതല്‍ രേവതി വരെ 27 നക്ഷത്രങ്ങളില്‍ സഞ്ചരിക്കുവാന്‍ ചന്ദ്രന് വേണ്ടി വരുന്ന സമയമാണ് നക്ഷത്ര മാസം. ഇത് നിയമേന 27 ദിവസമാണ്. അങ്ങനെ പന്ത്രണ്ട് നക്ഷത്ര മാസങ്ങള്‍ ചേരുന്ന ഒരു കൊല്ലത്തെയാണ് .നാക്ഷത്ര വര്‍ഷം എന്ന് പറയുക. (27 ദിവസം x 12മാസം = 324 ദിവസമാണ് ഒരു നാക്ഷത്ര വര്‍ഷം). നക്ഷത്ര ദിവസം, നക്ഷത്ര വര്‍ഷം എന്നും പറയാം.

7
പാടുകാരി നാളുകള്‍: അശ്വതി, ഭരണി, ചോതി, അനിഴം, വിശാഖം, തൃക്കേട്ട, മൂലം, തിരുവോണം, ചതയം എന്നീ ഒമ്പത് നക്ഷത്രങ്ങളെയാണ് ഇപ്രകാരം പറയുന്നത്. ഈ നക്ഷത്രങ്ങളില്‍ വീടു പണിക്കായും മറ്റും മരം മുറിക്കരുത് എന്നാണ് നിയമം. ഗൃഹനിര്‍മ്മാണത്തിനായി കല്ലും വെട്ടരുത് പാടുകാരി നാളുകളില്‍ എന്നുമുണ്ട്.

8
മൃത്യുനക്ഷത്രം: പന്ത്രണ്ടു മാസങ്ങളില്‍ ഓരോ നക്ഷത്രങ്ങളെ മൃത്യുനക്ഷത്രമായി നിര്‍ണയിച്ചിരിക്കുന്നു. മേടത്തില്‍ ചിത്തിരയും, ഇടവത്തില്‍ വിശാഖവും, മിഥുനത്തില്‍ തൃക്കേട്ടയും കര്‍ക്കടകത്തില്‍ പൂരാടവും ചിങ്ങത്തില്‍ തിരുവോണവും കന്നിയില്‍ ചതയവും തുലാത്തില്‍ ഉത്തൃട്ടാതിയും വൃശ്ചികത്തില്‍ അശ്വതിയും ധനുവില്‍ ഭരണിയും മകരത്തില്‍ രോഹിണിയും കുംഭത്തില്‍ തിരുവാതിരയും മീനത്തില്‍ പുണര്‍തവും ആണ് മൃത്യുനക്ഷത്രങ്ങള്‍. ഇവയില്‍ ശുഭകാര്യങ്ങള്‍ ചെയ്യരുത് എന്ന് വിധിയുണ്ട്. ഇതില്‍ മുഹൂര്‍ത്തം കൊണ്ടാല്‍ കര്‍ത്താവിന് കടുത്ത അനുഭവങ്ങള്‍ വരുമെന്ന് പറയപ്പെടുന്നു.

9
ഗോമാസം: അവരവരുടെ ജന്മനക്ഷത്രത്തിന്റെ 3,5,7 നാളുകള്‍ക്കാണ് ഇപ്രകാരം പറയുന്നത്. അവ അശുഭങ്ങളാണ്. നല്ല കാര്യങ്ങള്‍ക്ക് 3, 5, 7 ആയി വരുന്ന നക്ഷത്രങ്ങള്‍ കൊള്ളരുത് എന്നാണ് അനുശാസനം. ‘കടപയാദി’ അഥവാ അക്ഷര സംഖ്യ ഉപയോഗിച്ചാണ് ഇത് പറഞ്ഞിരിക്കുന്നത്. ക ഖ ഗ എന്നിവയില്‍ ‘ഗ’ മൂന്നാം അക്ഷരമാണല്ലോ? അപ്പോള്‍ ഗോ എന്നത് ഇവിടെ മൂന്നാം (3) നാളിനെ കുറിക്കുന്നു. പ ഫ ബ ഭ മ എന്നിവയില്‍ ‘മ’ (മാ) അഞ്ചാം അക്ഷരമാണല്ലോ? അപ്പോള്‍ ഇവിടെ അത് അഞ്ചാം നാളിനെ (5) കുറിക്കുന്നു. യ ര ല വ ശ ഷ സ എന്നിവയില്‍ ‘സ’ ഏഴാം അക്ഷരമാണല്ലോ? ഇവിടെ അത് (സ /സം) എന്നത് ഏഴാം നാളിനെ കുറിക്കുന്നു. അങ്ങനെ കടപയാദി പ്രകാരം ‘ഗോമാസം ‘ എന്നാല്‍ 3, 5, 7 നാളുകളായി.

10
ദാക്ഷായണി: ദക്ഷന്റെ മകള്‍ എന്നാണ് വാഗര്‍ത്ഥം. ഒരുപാട് പെണ്‍മക്കളുണ്ടായിരുന്നു ദക്ഷപ്രജാപതിക്ക് (57 പേര്‍ എന്ന് തോന്നുന്നു). ശിവപത്‌നിയായിത്തീര്‍ന്ന സതിയടക്കം പ്രശസ്തരാണ് അവരെല്ലാം തന്നെ. പുരാണങ്ങള്‍ പറയുന്നത് അശ്വതി മുതല്‍ രേവതി വരെയുള്ള 27 നക്ഷത്രങ്ങളും ദക്ഷപുത്രിമാരാണെന്നാണ്. ആ നിലയ്ക്ക് അവരെ ദാക്ഷായണി എന്ന് വിളിക്കുന്നു. നക്ഷത്രപ്പത്ത് ഇവിടെ പൂര്‍ണമാകുന്നു. പത്തല്ല, നൂറല്ല, ഒരായിരം കാര്യങ്ങള്‍, (അതിലും എത്രയോ ഇരട്ടി) നിറഞ്ഞതാണ് ജ്യോതിഷ വിജ്ഞാനീയം. ഒരു കൗതുകത്തിന് ഇപ്രകാരം പത്തുകാര്യങ്ങള്‍ എഴുതി എന്നു മാത്രം.

എസ്. ശ്രീനിവാസ് അയ്യര്‍,
+91 98460 23343
അവനി പബ്ലിക്കേഷൻസ്, തിരുവനന്തപുരം
കൂടുതല്‍ വായിക്കാൻ ഈ ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക…
https://avanipublicationstvm.blogspot.com/

Story Summary: Nakshatrapathu: Specialities and Characteristics of Nakshatras

error: Content is protected !!
Exit mobile version