Friday, 5 Jul 2024

നന്ദിയുണ്ടെങ്കിൽ മനസിൽ അഴുക്ക്പുരളില്ല

മനോഭാവമാണ് എന്തിന്റെയും അടിസ്ഥാനം. മനസ്‌ സ്വാർത്ഥമാകുമ്പോൾ നമുക്ക് ഒന്നും ആസ്വദിക്കാനാകില്ല; ആരെയും അംഗീകരിക്കാനും  കഴിയില്ല. സ്വാർത്ഥത അവസാനിക്കുമ്പോൾ ജീവിതത്തിൽ പ്രകാശം പരക്കും. ജീവിതം സമ്മാനിക്കുന്നതെല്ലാം ഹൃദയം തുറന്ന് സ്വീകരിക്കാൻ കഴിയും. എന്തിനെയും  അംഗീകരിക്കുവാനുമാകും.

അപ്പോൾ നമ്മൾ നന്ദിയുള്ളവരാകും.

നന്ദിയുള്ളവരായിരിക്കുകയാണ് ഏറ്റവും പ്രധാനം. ഉപകാരസ്മരണ ഉള്ളവരാകുമ്പോൾ ബന്ധങ്ങൾ ഊഷ്മളമാകും. പിടിച്ചെടുക്കുക എന്ന ശീലം അവസാനിക്കും. സ്വീകരിക്കുക എന്ന മഹനീയ മാതൃക നിങ്ങളിൽ ശക്തമാകും. ഇത് ജീവിതത്തെ ആകമാനം പ്രസന്നമാക്കും.

നിങ്ങളുടെ പ്രവർത്തികളെയും നിങ്ങൾക്ക്  പറ്റുന്ന അബദ്ധങ്ങളെയും സ്വയം വിലയിരുത്തി വിശകലനം ചെയ്ത് മൗനമായി സ്വയം ചിരിക്കാൻ ശീലിച്ചാൽ ജീവിതം രസകരമായ ഒരു പരീക്ഷണമായി അനുഭവപ്പെടും. എന്താണ് നമ്മളെ സന്തോഷിപ്പിക്കുന്നതെന്ന് തിരിച്ചറിയാൻ കഴിയും.വേണ്ടത് സ്വീകരിക്കാനും വേണ്ടാത്തത് ഉപേക്ഷിക്കുവാനും സാധിക്കും. അത്  എന്തിനെയും, അതിന്റെ നന്മയും മൂല്യവും  ഉൾക്കൊണ്ട് സ്വീകരിക്കുവാൻ നമ്മളെ പ്രാപ്തരാക്കും.ഇതെല്ലാം സംഭവിക്കുന്നത് നമ്മൾ പോലും അറിയാതെയായിരിക്കും.

പരോപകാരമേ പുണ്യം പാപമേ പര പീഡനം എന്നു കേട്ടിട്ടില്ലെ? അഷ്ടാദശ പുരാണത്തിൽ വ്യാസൻ ചൊല്ലിയ മഹദ് സത്യമാണിത്.മറ്റുള്ളവരെ കഴിയുന്നതും സഹായിക്കുവാൻ ശീലിച്ചാൽ മനസിലാക്കാൻ കഴിയാത്ത   ജീവിത സാഹചര്യങ്ങൾ  നമുക്ക് മുന്നിൽ അനാവൃതമാകും. അതിൽ  മറഞ്ഞിരിക്കുന്ന കാര്യങ്ങൾ മനസിലാക്കാൻ സാധിക്കും. മറ്റുള്ളവർക്ക് വേണ്ടി എന്തെങ്കിലും  ചെയ്യുവാനോ കൈയിലുള്ളത് പങ്കിടുവാനോ ത്യജിക്കുവാനോ കഴിയുമ്പോൾ ജീവിതത്തിന്  ലക്ഷ്യമുണ്ടാകും. 
എന്നാൽ സ്വാർത്ഥരായി,  തനിക്കുവേണ്ടി മാത്രം ജീവിക്കുന്നവർക്ക് ജീവിതത്തിൽ ഉദാത്തവും മഹനീയവുമായ ഒരു ലക്ഷ്യവും ഉണ്ടാകില്ല. ഉണ്ടും ഉറങ്ങിയും ഇണചേർന്നും കഴിയുന്നതിനപ്പുറം ജീവിതം ക്രിയാത്മകമാക്കാൻ  കാടുകയറുന്ന  ദുർചിന്തകളെ തുടക്കത്തിലേ നിയന്ത്രിക്കാൻ ശീലിക്കണം. ഒരു മോശം ചിന്ത അത് വ്യക്തികളെക്കുറിച്ചായാലും പ്രശ്‌നങ്ങളെക്കുറിച്ചായാലും മനസിൽ ജനിച്ചാൽ അത് അപ്പോഴേ നുള്ളിക്കളയണം. 

എനിക്ക് ഇത് ചെയ്യാൻ കഴിയില്ല എന്ന് ഒരിക്കലും ആവർത്തിച്ചാവർത്തിച്ച്  ചിന്തിച്ച് കൂട്ടരുത്. പകരം എനിക്കിതിന് കഴിയും കഴിയും  എന്ന് ചിന്തിക്കുകയും ആവർത്തിച്ച് മനസിനെ പറഞ്ഞ് പഠിപ്പിക്കുവാനും ശീലിച്ചു നോക്കൂ നിങ്ങളിൽ സംഭവിക്കുന്ന മാറ്റം അത്ഭുതകരമായിക്കും. ദുർവിചാരങ്ങളെയും ദുഷ്‌കർമ്മങ്ങളെയും ഇതിലൂടെ അതിജീവിക്കുവാൻ നിങ്ങൾക്ക് നിഷ്പ്രയാസം സാധിക്കും.

ഇതിന് ആദ്യം വേണ്ടത് ദുഷ്ട ചിന്തകൾ നമ്മളിൽ കുത്തിവയ്ക്കുന്നവരുമായും നമ്മുടെ ശുഭചിന്ത കെടുത്തിക്കളയുന്ന ആളുകളുമായുള്ള  സഹവർത്തിത്വവും സഹവാസവും ഒഴിവാക്കുകയാണ്. കജ്ജളം പറ്റിയാൽ സ്വർണ്ണവും നിഷ്പ്രഭം എന്ന് രാമായണത്തിൽ  വായിച്ചിട്ടില്ലെ; കരിപറ്റിയാൽ സ്വർണ്ണത്തിനും പ്രഭ കെടുമെന്ന്  പറയുന്നത് തീർത്തും ശരി തന്നെയാണ്. നിങ്ങളുടെ ലക്ഷ്യങ്ങൾക്ക് വിലങ്ങുതടിയാകുന്നവരിൽ നിന്നും അകന്നു തന്നെ നിൽക്കണം. അവർ ഇടുങ്ങിയ ചിന്താഗതിക്കാരണെന്നും നിങ്ങളെ ആകുലതകളിലേക്ക് വലിച്ചിടുന്നവരാണെന്നും മനസിലാക്കി ഒഴിവാക്കണം.  നിങ്ങൾക്ക് സദ് ചിന്തകൾ പകർന്നു നൽകുന്ന, ഔന്നത്യങ്ങളിലേക്ക് നയിക്കുവാൻ കഴിയുന്നവരെ മാത്രം മനസുകൊണ്ട് സ്വീകരിക്കുക. അവരുമായുള്ള  അടുപ്പം മാത്രംജീവസുറ്റതാക്കുക. നിങ്ങൾക്ക് ചുറ്റും വരുന്നവർ നല്ല ചിന്തയുള്ള കർമ്മോത്സുകർ അല്ലെങ്കിൽ നിങ്ങൾക്ക് അവരെ അതിജീവിക്കുവാൻ പ്രയാസമാകും. നിങ്ങളും അവരെപ്പോലെയാകും. അത്തരക്കാരെ ഒഴിവാക്കുകയാണ് എപ്പോഴും ചെയ്യേണ്ടത്.

ഭാവിയെക്കുറിച്ച് ഉത്കണ്ഠാകുലരാകുന്നത് കൊണ്ട് ഒരു പ്രയോജനവുമില്ല. അത് കൂടുതൽ കൂടുതൽ ആശങ്കകളിലേക്കും മനോദൗർബല്യങ്ങളിലേക്കും ക്‌ളേശത്തിലേക്കും നിങ്ങളെ നയിക്കും. ഇത്തരം പിരിമുറക്കങ്ങളെ മറികടക്കാൻ കഴിഞ്ഞാൽ സുദൃഢമായ തീരുമാനങ്ങളെടുക്കാനാകും;  ക്രിയാത്കമായി പ്രവർത്തിച്ച് സങ്കീർണ സാഹചര്യങ്ങളെയും വൈതരണികളെയും കരളുറപ്പോടെ നേരിടാൻ കഴിയും. അങ്ങനെ ജീവിതം ധന്യമാക്കാം. പ്രതികൂലമായ അനുഭവങ്ങൾക്ക് ഒരിക്കലും മാനസികമായി ഇരയാകരുത്. എന്നാലും അവൻ/അവൾ / അവർ എന്നോട് ഇത് ചെയ്തല്ലോ എന്ന ചിന്ത മനസിനെ അരനിമിഷം പോലും തീണ്ടരുത്. മനസിലാക്കുക ഈ ചിന്ത നമ്മൾ ഒരു ഇരയായി മാറി എന്ന  ചിന്തയുടെ ഉല്പന്നമാണ്. നമ്മുടെ അനുഭവങ്ങൾക്ക് മറ്റുള്ളവരെയും സാഹചര്യങ്ങളെയും കുറ്റപ്പെടുത്തരുത്. നമ്മുടെ സന്തോഷത്തിനും ദുഃഖത്തിനും കാരണക്കാർ നമ്മൾ തന്നെയാണ്. നമ്മുടെ ചിന്തകളും  പ്രവൃത്തികളും  ബന്ധങ്ങളുമാണ് നമ്മളെ സന്തോഷിപ്പിക്കുന്നതും ദുഃഖിപ്പിക്കുന്നതും എന്ന് മാത്രം അറിഞ്ഞാൽ മാത്രം മതി സന്തോഷം നമ്മുടെ പിന്നാലെ വരും;  സന്തോഷം കണ്ടെത്താനുള്ള വഴികൾ നമുക്ക് മുന്നിൽ താനേ തുറക്കപ്പെടും.  

എപ്പോഴും നന്ദിയുള്ളവരായിരിക്കുക.
– ഹരിശങ്കരൻ

error: Content is protected !!
Exit mobile version