Monday, 1 Jul 2024

നരസിംഹജയന്തി ബുധനാഴ്ച ; ആരുമില്ലാത്തവരെ രക്ഷിക്കുന്ന മൂർത്തി

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ഭഗവാൻ ശ്രീമഹാവിഷ്ണുവിൻ്റെ ദശാവതാരങ്ങളിൽ നാലാമത്തേതാണ് നരസിംഹമൂർത്തി. ആരും
ആലംബമില്ലാതെ കരഞ്ഞ സ്വന്തം ഭക്തന്റെ രക്ഷയ്ക്ക് നിമിഷാർദ്ധത്തിൽ അവതരിച്ച മൂർത്തിയാണ് നരസിംഹഭഗവാൻ. ശത്രുസംഹാരത്തിന് ഉടലെടുത്ത ഉഗ്രമൂർത്തിയാണെങ്കിലും ഭക്തരിൽ അതിവേഗം പ്രസാദിക്കുന്ന ദേവനാണിത്. സ്വന്തം അച്ഛൻ തന്നെ അതിക്രൂരമായി ദണ്ഡിച്ച പ്രഹ്ലാദന്റെ വിളികേട്ട നിമിഷം തൂണ് പിളർന്നു നരസിംഹമൂർത്തി പ്രത്യക്ഷപ്പെട്ടു. അന്ന് വൈശാഖമാസത്തിലെ (ഇടവം) ശുക്ല ചതുർദ്ദശി തിഥിയും ചോതി നക്ഷത്രവുമായിരുന്നു. അതിനാൽ ഈ ദിവസമാണ് നരസിംഹാവതാരമായി ആഘോഷിക്കുന്നത്. 2024 മേയ് 22 ബുധനാഴ്ചയാണ് നരസിംഹജയന്തി.

ബ്രഹ്മാവിനെ ഉഗ്രമായി തപസ്‌ ചെയ്ത് പ്രീതിപ്പെടുത്തി ഹിരണ്യകശിപു തന്നെ മനുഷ്യനോ മൃഗമോ കൊല്ലരുത്, ആയുധം കൊണ്ടും ആയുധം ഇല്ലാതെയും കൊല്ലരുത്, അകത്തുവച്ചും പുറത്തുവച്ചും കൊല്ലരുത്, ഭൂമിയിൽ വച്ചും ആകാശത്തു വച്ചും കൊല്ലരുത്, രാത്രിയിലും പകലും കൊല്ലരുത് എന്നിങ്ങനെ ഒട്ടേറെ വരങ്ങൾ നേടി.
എല്ലാ ലോകങ്ങളും കീഴടക്കി മദിച്ചു ജീവിച്ച അസുരൻ വിഷ്ണു ഭഗവാനിൽ നിന്നും രക്ഷപ്പെടാനാണ് ഈ വരങ്ങളത്രയും സമ്പാദിച്ചത്. എന്നാൽ വിഷ്ണുഭഗവാൻ ഇതിനെല്ലാം മറുമരുന്ന് കണ്ടുപിടിച്ചു. ത്രിസന്ധ്യക്ക് സ്വന്തം നഖംകൊണ്ട്, സ്വന്തം മടിയിൽ കിടത്തി, പടിവാതിലിൽ ഇരുന്ന് മനുഷ്യനും മൃഗവും ചേർന്ന നരസിംഹമായി അവതരിച്ച് ഹിരണ്യകശിപുവിനെ സംഹരിച്ചു.

ഹിരണ്യകശിപുവിന്റെ പുത്രനായ പ്രഹ്‌ളാദൻ തികഞ്ഞ വിഷ്ണുഭക്തനായിരുന്നു. പ്രഹ്‌ളാദന്റെ ഭക്തിയും വിശ്വാസവും കാരണം ഹിരണ്യകശിപു പല രീതിയിൽ മർദ്ദിച്ചിട്ടും പ്രഹ്‌ളാദനെ നശിപ്പിക്കാൻ കഴിഞ്ഞില്ല. ഒടുവിൽ വിഷ്ണുനാമത്തിന് പകരം ഓം ഹിരണ്യായ നമഃ എന്ന് ജപിക്കണം എന്ന് പ്രഖ്യാപിച്ച ഹിരണ്യകശിപുവിനെ അല്പം പോലും ഭയപ്പെടാതെ, അനുസരിക്കാതെ പ്രഹ്‌ളാദൻ വിഷ്ണുനാമം ജപിച്ചു. വിഷ്ണു ഭക്തിയുടെ പേരിൽ പിഞ്ചു ബാലനായ പ്രഹ്‌ളാദനെ അതികഠിനമായി ദണ്ഡിച്ചപ്പോൾ ആ ഭക്തന്റെ രക്ഷയ്ക്കായാണ് ഭഗവാൻ നരസിംഹമായി അവതരിച്ചത്. ‘ആരുമില്ലാത്തവർക്ക് ദൈവം തുണ’ എന്നതാണ് നരസിംഹാവതാരത്തിന്റെ സന്ദേശം. സൗമ്യനായ മഹാവിഷ്ണുഭഗവാന്റെ തികച്ചും വ്യത്യസ്തമായ ഒരു മുഖമാണ് ഇവിടെ കണ്ടത്.

ശത്രുസംഹാരത്തിന്റെ പ്രധാനമൂർത്തിയായി ഭജിക്കുന്ന നരസിംഹസ്വാമിയുടെ ധാരാളം ക്ഷേത്രങ്ങൾ നാട്ടിലുണ്ട്. അകാരണഭയമകറ്റാനും ദുരിതമോചനത്തിനും നരസിംഹ മന്ത്രജപം ഉത്തമാണ്. ഈ മന്ത്രം ദിവസവും മൂന്ന് തവണയെങ്കിലും ചെല്ലുന്നത് ഉത്തമമാണ്. നരസിംഹാവതാരം ത്രിസന്ധ്യാനേരത്തായതിനാൽ ആ സമയത്ത്‌ ഭക്തിയോടെ നരസിംഹമൂർത്തി മന്ത്രം ചൊല്ലുന്നതും ക്ഷേത്ര ദർശനം നടത്തുന്നതും കാര്യസിദ്ധി നൽകുമെന്നാണ് വിശ്വാസം. ക്ഷേത്രദര്‍ശന വേളയിൽ നരസിംഹമൂർത്തി മന്ത്രം ജപിക്കുന്നതും നല്ലതാണ്.

നരസിംഹ മന്ത്രം
ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവതോ മുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമ്യഹം

നരസിംഹ ക്ഷേത്രങ്ങളിൽ മനഃശുദ്ധിയോടെയും ഭക്തിയോടെയും നെയ്‌വിളക്ക് കത്തിച്ചു പ്രാർത്ഥിച്ചാൽ അഭിഷ്ടസിദ്ധി ലഭിക്കും. തൊഴിൽ, വിവാഹ തടസ്സം നീങ്ങും. തുളസിമാല സമർപ്പണമാണ് നരസിംഹമൂർത്തി ക്ഷേത്രങ്ങളിൽ നടത്താവുന്ന മറ്റൊരു പ്രധാന വഴിപാട്. നരസിംഹ ഭഗവാന്റെ ഇഷ്‌ടപുഷ്‌പം ചുവന്ന ചെത്തിയും, നിവേദ്യം പായസവുമാണ്‌. ഭഗവാന്റെ ജന്മനാളും പഞ്ചഭൂതങ്ങളിൽ വായുദേവൻ്റെ നാളുമായ ചോതി നക്ഷത്രത്തിൽ പ്രാർത്ഥിച്ചാൽ ആപത്തുകളിൽ നിന്ന് രക്ഷനേടാം. കടബാധ്യത നീക്കി കുടുംബത്തിൽ ഐശ്വര്യം നിലനിൽക്കാൻ പതിവായി ചോതി നക്ഷത്ര ദിവസം നരസിംഹ ക്ഷേത്ര ദർശനം നടത്തുകയോ ഭവനത്തിലിരുന്ന് നരസിംഹമൂർത്തി പ്രീതികരമായ ഭജനകൾ നടത്തുകയോ ചെയ്യുക. ക്രൂര ഗ്രഹപീഡകൾ മാറാനും കടബാധ്യതകൾ അകലാനും ഋണവിമോചന നരസിംഹ സ്തോത്രത്താൽ ഭജിക്കുന്നത് വളരെയധികം
നല്ലതാണ്. കേൾക്കാം : ഋണവിമോചന നരസിംഹ സ്തോത്രം:

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

Story Summary: Significance of Narasimha Avatharam and Narasimha Moorthy Jayanthi

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version