Friday, 22 Nov 2024

നല്ല ദാമ്പത്യം, സന്താനം, പ്രണയ സാഫല്യം വിവാഹം; എല്ലാം നേടാൻ തൈപ്പൂയം

ജ്യോതിഷരത്നം ഏരൂർ ചന്ദ്രൻ നായർ
ദേവസേനാപതിയായ സുബ്രഹ്മണ്യന്റെ അനുഗ്രഹം നേടാൻ എറ്റവും നല്ല ദിവസങ്ങളിൽ ഒന്നാണ് 2021 ജനുവരി 28, തൈപ്പൂയം. ഭഗവാൻ മഹാദ്രോഹിയായ താരകാസുരനെ നിഗ്രഹിച്ചതിന്റെ ആഘോഷമാണ് തൈപ്പൂയ ദിവസം എല്ലാ സുബ്രഹ്മണ്യ ക്ഷേത്രങ്ങളിലും വിപുലമായി കൊണ്ടാടുന്നത്. കാവടിയാട്ടവും
വ്രതാനുഷ്ഠാനവും വിവിധ ദ്രവ്യങ്ങൾ കൊണ്ടുള്ള അഭിഷേകവും ഈ ആഘോഷത്തിന്റെ ഭാഗമാണ്. ഈ ദിവസം വ്രതമെടുത്ത് പ്രാർത്ഥിക്കുന്നത് മക്കളുടെ ആയുരാരോഗ്യ സൗഖ്യത്തിനും കാര്യവിജയത്തിനും ദുരിത മോചനത്തിനും ഉത്തമമാണ്.

തൈപ്പൂയത്തിൻ്റെ 3 ദിവസം മുമ്പേ മത്സ്യ മാംസാദികൾ വെടിഞ്ഞ് വ്രതം ആരംഭിക്കണം. തൈപ്പൂയത്തിൻ്റെ തലേന്ന് ഒരു നേരം മാത്രമേ അരിയാഹാരം കഴിക്കാവൂ. തലേദിവസം രാത്രിയിലും തൈപ്പൂയ ദിവസവും പഴവർഗ്ഗം ആകാം. പിറ്റേദിവസം ക്ഷേത്ര തീർത്ഥം കുടിച്ച് വ്രതം പൂർത്തിയാക്കാം. തൈപ്പൂയത്തിന് പൂർണ്ണമായും ഉപവസിക്കുന്നത് ഉത്തമം. തൈപ്പൂയത്തിന് വ്രതമനുഷ്ഠിച്ച് സുബ്രഹ്മണ്യനെ ആരാധിച്ചാൽ പ്രണയ സാഫല്യം കൈവരും. ദമ്പതിമാർ തമ്മിലുള്ള അനുരാഗം വർദ്ധിക്കും. സന്തതികൾക്ക് ഉന്നതി ഉണ്ടാകും. സന്താന ലാഭത്തിനാണെങ്കിൽ ദമ്പതികൾ ഒരുമിച്ച് വ്രതമനുഷ്ഠിക്കേണ്ടതാണ്. ചൊവ്വാദോഷം കൊണ്ട് വിവാഹ തടസം നേരിടുന്നവരും സന്താന ദുഃഖം അനുഭവിക്കുന്നവരും തൈപ്പൂയം മുതൽ ഒരു വർഷം എല്ലാമാസവും പൂയം നക്ഷത്രത്തിൽ വ്രതമനുഷ്ഠിച്ചാൽ ദോഷം മാറി അഭീഷ്ടസിദ്ധിയുണ്ടാകും. തൈപ്പൂയ വ്രതാനുഷ്ഠാന ഭാഗമായി ധ്യാനശ്ലോകം മൂന്നു പ്രാവശ്യം ചൊല്ലിയ ശേഷം മൂലമന്ത്രം യഥാശക്തി ജപിക്കണം.

ധ്യാന ശ്ലോകം
സ്ഫുരൻമകുടപത്ര കുണ്ഡല വിഭൂഷിതം ചമ്പക –
സ്രജാകലിതകന്ധരം കരയുഗേന ശക്തിം പവീം
ദധാനമഥവാ കടീകലിതവാമഹസ്തേഷ്ടദം
ഗുഹം ഘുസൃണഭാസുരം സ്മരതു പീതവാസോവസം

സുബ്രഹ്മണ്യ മൂലമന്ത്രം
ഓം വചത്ഭുവേ നമ:

ഭക്തവത്സലനാണ് ശ്രീ മുരുകൻ. ആശ്രയിക്കുന്നവരെ ഒരിക്കലും കൈവെടിയാത്ത ഭഗവാൻ. താരകാസുര വധമായിരുന്നു ശ്രീമുരുകൻ്റെ അവതാര ലക്ഷ്യം. ശ്രീ പരമേശ്വരൻ സതീദേവിയെ പരിണയിച്ചു. പിതാവായ ദക്ഷന് ഇത് ഒട്ടും ഇഷ്ടമായില്ല. ആ പക തീർക്കാൻ ശിവനെ നിന്ദിക്കുന്നതിന് ദക്ഷൻ ഒരു മഹായാഗം നടത്തി. അതിൽ പങ്കെടുക്കാൻ ശിവൻ ഒഴികെ എല്ലാ ദേവന്മാരെയും ക്ഷണിച്ചു. ശിവനെ അപമാനിച്ചതിൽ മനം നൊന്ത് സതീദേവി യാഗാഗ്നിയിൽ ദേഹം വെടിഞ്ഞു. ശിവൻ്റെ ഭൂതഗണങ്ങൾ ദക്ഷയാഗം മുടക്കി. പത്നീ വിയോഗത്തിൽ തപിച്ച ശിവൻ സംഹാര താണ്ഡവമാടി. കോപം അടങ്ങിയ ശേഷം ഭഗവാൻ വളരെക്കാലം ദക്ഷിണാമൂർത്തി ഭാവം കൈക്കൊണ്ട് തപസിലായി. ശുക്രാചാര്യരുടെ ശിഷ്യയും അസുരേന്ദ്രൻ്റെ പുത്രിയുമായ മായ ഈ സമയത്ത് കശ്യപമഹർഷിയെ പ്രലോഭിപ്പിച്ച് ശൂരപത്മൻ, താരകൻ, സിംഹവക്ത്രൻ എന്നീ മൂന്നു പുത്രൻമാരെ നേടിയെടുത്തു. ഈ പുത്രൻമാർ കഠിന തപസനുഷ്ഠിച്ച് ശിവപുത്രനാൽ മാത്രമേ തങ്ങൾക്ക് മരണം സംഭവിക്കാവൂ എന്ന വരം നേടി. പത്നീ വിരഹിതനായി കഴിയുന്ന ശിവന് എങ്ങനെ പുത്രൻ ജനിക്കാൻ എന്നാണ് അവർ കരുതിയത്. അവർ ത്രിലോകങ്ങളും അടക്കി ഭരിച്ചു. ഭൂമിക്ക് പുറത്ത് 1008 സൗരയൂഥങ്ങളിലും അവർ ആധിപത്യം സ്ഥാപിച്ചു. ദുഃഖിതരായ ദേവന്മാർ കാമദേവന്റെ സഹായത്തോടെ പരമേശ്വരനെ തപസിൽ നിന്നുണർത്തി. ഭഗവാൻ സതീദേവിയുടെ പുനർജന്മമായ പാർവ്വതി ദേവിയെ പരിണയിച്ചു. എന്നിട്ടും ശിവപുത്രൻ അവതരിച്ചില്ല. ദേവൻമാർ ശ്രീ പരമേശ്വരനെ സമീപിച്ചു. അവരുടെ യാചന സ്വീകരിച്ച ഭഗവാൻ 6 മുഖങ്ങളോട് കൂടിയ അതി ഘോരമായ രൗദ്രഭാവന കൈക്കൊണ്ടു. 6 മുഖങ്ങളോട് കൂടിയ ശ്രീ പരമേശ്വരൻ്റെ 6 തിരുനെറ്റിയിൽ നിന്നും കോടി സൂര്യപ്രഭയോട് കൂടിയ, കാലാഗ്നിക്ക് സമാനമായ ആറു ദിവ്യ ജ്യോതിസുകൾ ആവിർഭവിച്ചു. അഗ്നിദേവനും വായുദേവനും കൂടി ആ ജ്യോതിസുകളെ ഗംഗയിൽ എത്തിച്ചു. ഗംഗാദേവി അത് ശരവണപ്പൊയ്കയിൽ എത്തിച്ചു. അവിടെ വച്ച് ആ ദിവ്യ തേജസുകൾ ഒരുമിച്ചു ചേർന്ന് 6 മുഖങ്ങളോടും 12 കരങ്ങളോടും 2 പാദങ്ങളോടും കൂടിയ സ്കന്ദഭഗവാൻ ആവിർഭവിച്ചു

വിഷ്ണുഭഗവാൻ്റെ നിർദ്ദേശപ്രകാരം കാർത്തിക നക്ഷത്രത്തിൻ്റെ അധിദേവതമാരായിരിക്കുന്ന 6 കൃത്തികാ ദേവിമാർ കുമാരന് സ്തന്യപാനം നൽകി. ഇതിനു ശേഷം ദേവൻമാർ ശിവപുത്രനായ കുമാരനെ ദേവസേനാപതിയായി അഭിഷേകം ചെയ്തു .

മുരുകൻ്റെ അനന്ത മാഹാത്മ്യം സ്മരിച്ച വിഷ്ണുവിൻ്റെ നേത്രങ്ങളിൽ നിന്നും ആനന്ദാശ്രു പ്രവഹിച്ചു. .അതിൽ നിന്ന് അമ്യതവല്ലിയെന്നും സൗന്ദര്യവല്ലിയെന്നും പേരുള്ള രണ്ട് കന്യകമാർ അവതരിച്ചു. അമൃതവല്ലി ദേവലോകത്ത് ചെന്ന് ദേവസേന എന്ന പേരിൽ ഇന്ദ്ര പുത്രിയായി വളർന്നു. സൗന്ദര്യവല്ലി ഭൂമിയിലെത്തി വേടരാജാവായ നന്ദിരാജൻ്റെ പുത്രി വള്ളിയായി കഴിഞ്ഞു. ഇരുവരെയും മുരുകൻ പിന്നീട് വിധി പ്രകാരം പരിണയിച്ചു.

ദേവസേനാപതിയായി അഭിഷേകം ചെയ്യപ്പെട്ട സ്കന്ദൻ ഘോരയുദ്ധം നടത്തി ശൂരപത്മനെയും സിംഹ വക്ത്രനെയും താരകാസുരനെയും വധിച്ചു. അവരിൽ ജ്യേഷ്ഠനായ ശൂരപത്മൻ മുരുകൻ്റെ വേലായുധം മാറിൽ തറച്ച് മരിച്ചു വീണു. തൽക്ഷണം തന്നെ ശൂരപത്മൻ്റെ ശരീരത്തിൻ്റെ ഒരു ഭാഗം മയിലായും മറുഭാഗം കോഴിയായും ഭവിച്ചു. ഇരുവരെയും ഭഗവാൻ തൻ്റെ വാഹനമായി സ്വീകരിച്ചു.

ശ്രീ മുരുകൻ്റെ അവതാരത്തെക്കുറിച്ച് മഹാഭാരതം മറ്റൊരു ഐതിഹ്യവും പറയുന്നു. അഗ്നിദേവൻ സപ്തർഷിമാരുടെ പത്നിമാരെ കണ്ട് കാമമോഹിതനായി. ഇത് മനസ്സിലാക്കി അഗ്നിദേവൻ്റെ പത്നി സ്വാഹാദേവി സപ്തർഷി പത്നിമാരിൽ അരുദ്ധതി ഒഴിച്ചുള്ളവരുടെ രൂപം ധരിച്ച് അഗ്നിയോടൊത്ത് രമിച്ചു. അങ്ങനെയാണ് ആറുമുഖങ്ങളോടു കൂടിയ സ്കന്ദൻ അവതരിക്കുന്നത്. ശിവൻ അഗ്നിസ്വരൂപനും ഗൗരി സ്വാഹ സ്വരൂപിണിയുമായി. അതുകൊണ്ട് സ്കന്ദൻ ശിവപുത്രനാണെന്ന് മഹാഭാരതം സമർത്ഥിക്കുന്നു. തുടർന്ന് ഗുരുഡൻ സ്വപുത്രനായ മയിലിനെ മുരുകന് സമർപ്പിച്ചു. അരുണൻ കോഴിയെ കൊടുത്തു. അഗ്നി വേലിനെയും ബൃഹസ്പതി ദണ്ഡും മുരുകന് സമർപ്പിച്ചു. ഇതാണ് മഹാഭാരതം പറയുന്ന കഥ.

ജ്യോതിഷരത്നം ഏരൂർ ചന്ദ്രൻ നായർ, +91 944 786 5011

error: Content is protected !!
Exit mobile version