Friday, 5 Jul 2024

നവഗ്രഹ ഉപാസന നടത്താതെ ഏത്ക്ഷേത്രത്തിൽ പോയിട്ടും കാര്യമില്ല

മംഗള ഗൗരി
ഒരു മന്ത്രിസഭയിലെ മന്ത്രിമാരും അവർ കൈകാര്യം ചെയ്യുന്ന വകുപ്പുകളും പോലെയാണ് ജാതകത്തിലെ കാരകരും കരകത്വവും. കഴിവുള്ള മന്ത്രിമാർ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ കാര്യക്ഷമവും ജനങ്ങൾക്ക് ഉപകാരപ്രദവുമാകുന്നത് പോലെയാണ് ഇതും. ഓരോഗ്രഹങ്ങൾക്കും പ്രപഞ്ച രചയിതാവ് അവർക്ക് സ്വാധീനമാകാൻ കഴിയുന്ന ഒരോ വകുപ്പുകൾ വീതം വച്ച് നൽകിയിട്ടുണ്ട്. ഒരോ ജാതകത്തിലും ബലമുള്ള ഗ്രഹം ചെലുത്തുന്ന സ്വാധീനം ഗുണമായാലും ദോഷമായാലും അത് അതി ശക്തമായിരിക്കും. ഗ്രഹം ശക്തമല്ലെങ്കിൽ അത് സമ്മാനിക്കുന്ന നന്മ തിന്മകളും ദുർബലമായിരിക്കും. ജ്യോതിഷ രീതിയിൽ ഒരോ വകുപ്പിന്റെയും അധിപരെ കാരകർ എന്നു പറയാം. വകുപ്പുകളെ കാരകത്വം എന്നും പറയണം. ഓരോ ഗ്രഹങ്ങളും അവർ നിർഹിക്കുന്ന ചുമതലകളും താഴെ ചേർക്കുന്ന വിവരങ്ങൾ നോക്കി മനസ്സിലാക്കാം :

സൂര്യൻ
പിതാവ്, ഹൃദയം, ആത്മാവ്, മനസ്, ദേഹബലം,
മനോബലം, കീർത്തി
ചന്ദ്രൻ
മാതാവ്, മനസ്, രൂപസൗകുമാര്യം, ഉദ്യോഗം, യാത്ര, വിദേശവാസം, ആരോഗ്യം
ചൊവ്വ
സഹോദരൻ, സഹോദരി, ഭൂമി, ആയുധം, കോപം,
യുദ്ധം, രക്തം, മുറിവ്, അപകടം, പക, യന്ത്രം, നിർവികാരത്വം
ബുധൻ
മാതുലൻ, വാക്ക്, വിദ്യ, ജനസമ്മതി, വ്യാപാരം, ഗണിതം,
നൃത്തം, ഞരമ്പ്, ഗുരുത്വം, സാഹിത്യം
വ്യാഴം
സന്താനങ്ങൾ, ജ്ഞാനം, ധനം, ശരീരകാന്തി, സുഖം,
വാക്സാമാർത്ഥ്യം, നിയമം, നീതി, പരസ്യകല
ശുക്രൻ
ഭാര്യ, ഭർത്താവ്, വീട്, പ്രേമം, സംഭോഗം, വിനോദം,
വാഹനം, സൗന്ദര്യം, സമ്പത്ത്, മദനത്വം, കല, നിർമ്മാണ പ്രവർത്തനം
ശനി
ആയുസ്, ജീവിത നിലവാരം, സന്താപം, വിഘ്നം,
പ്രേരണ, സ്വത്ത്, കായികാദ്ധ്വാനം
രാഹു
മുത്തച്ഛൻ, വിദ്യ, വേട്ട, യുദ്ധം, പട്ടാളം, പൊലീസ്,
ജെയിൽ, തിന്മകൾ
കേതു
മുത്തശ്ശി, കടം , ദുഷ്ടവൃത്തി, അകാലമരണം, പക,
വിദ്വേഷം, ജ്ഞാനമാർഗ്ഗം.

നവഗ്രഹ ഉപാസനയുടെ ഗുണം
നവഗ്രഹങ്ങൾ സമ്മാനിക്കുന്ന ഗുണഫലങ്ങള്‍ വർദ്ധിക്കാനും, ദോഷങ്ങള്‍ കുറയാനും മാര്‍ഗ്ഗങ്ങളുണ്ട്. ഗ്രഹദോഷകാലത്ത് അതാതു ഗ്രഹങ്ങള്‍ക്ക്‌ യോജിച്ച നിറങ്ങളിലുള്ള വസ്ത്രം ധരിക്കുന്നതും, ആ നിറങ്ങളുള്ള പൂക്കളെ ഉപയോഗിച്ച് പൂജ ചെയ്യുന്നതും ഗുണപ്രദമാണ്. സൂര്യനും ചൊവ്വയ്ക്കും ചുവപ്പ്, ചന്ദ്രനും ശുക്രനും വെളുപ്പ്‌, ശനിക്കു കറുപ്പ്, വ്യാഴത്തിന് മഞ്ഞ, ബുധന് പച്ച എന്നീ നിറങ്ങള്‍ പ്രധാനമാണ്. ഗുണഫലങ്ങള്‍ വര്‍ദ്ധിപ്പിക്കാനും ദോഷഫലങ്ങള്‍ ശമിപ്പിക്കുവാനും നവഗ്രഹ സ്തോത്രം ദിവസേന ജപിക്കുന്നത് നല്ലതാണ്. സൂര്യന് ശിവൻ, ചന്ദ്രന് ദുർഗ്ഗയും കുജന് സുബ്രഹ്മണ്യനും ഭദ്രകാളിയും ബുധന് ശ്രീകൃഷ്ണനും ശ്രീരാമനും വ്യാഴത്തിന് മഹാവിഷ്ണുവും ശുക്രന് മഹാലക്ഷ്മിയും ഗണപതിയും ശനിക്ക് ധർമ്മ ശാസ്താവുമാണ് ദേവതകൾ. ആയുരാരോഗ്യ വര്‍ദ്ധന, ധനലാഭം, പുത്ര- കളത്ര ഐശ്വര്യം , സര്‍വത്ര ഐശ്വര്യം ഇവ ലഭിക്കും. ദിവസവും കുളിച്ചു ശുദ്ധിയായി നവഗ്രഹ സ്തോത്രം ഉപാസിച്ചാല്‍ മതിയാകും.

സൂര്യന്‍
ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സര്‍വ്വ പാപഘ്‌നം
പ്രണതോസ്മി ദിവാകരം

(ചെമ്പരത്തിപ്പൂവിന് തുല്യമായി, കാശ്യപന്റെ
പുത്രനായി മഹാപ്രഭനായി ഇരുളിന്
ശത്രുവായി സര്‍വ്വ പാപങ്ങള്‍ക്കും ഹരനായ
ആദിത്യനെ ഞാന്‍ നമസ്‌കരിക്കുന്നു)

ചന്ദ്രന്‍
ദധിശംഖതുഷാരാഭം
ക്ഷീരോദാര്‍ണ്ണവ സംഭവം
നമാമി ശശിനം സോമം
ശംഭോര്‍മ്മകുടഭൂഷണം

(തൈര്, ശംഖ്, മഞ്ഞ് ഇവയുടെ കാന്തിയോടു കൂടി പാല്‍ക്കടലില്‍ ജനിച്ച് ശശാങ്കനായ ശിവന്റെ ശിരോലങ്കാര ഭൂഷിതനായിരിക്കുന്ന ചന്ദ്രനെ ഞാന്‍ നമിക്കുന്നു)

ചൊവ്വ
ധരണീഗര്‍ഭസംഭൂതം
വിദ്യുത് കാന്തി സമപ്രഭം
കുമാരം ശക്തിഹസ്തം
തം മംഗളം പ്രണമാമ്യഹം

(ഭൂമിയുടെ ഗര്‍ഭത്തില്‍ ജനിച്ച, മിന്നല്‍ക്കൊടിക്ക് സമമായ കാന്തിയോട് കൂടിയ ശക്തി എന്ന
ആയുധത്തെ കൈയില്‍ ധരിക്കുന്ന ചൊവ്വയെ
ഞാന്‍ നമിക്കുന്നു)

ബുധന്‍
പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം
തം ബുധം പ്രണമാമ്യഹം

(പ്രിയംഗു വൃക്ഷത്തിന്റെ മൊട്ടു പോലെ കറുത്തവനും
പരമസുന്ദരനും വിദ്വാനും ചന്ദ്രപുത്രനും ശാന്ത ഗുണമുള്ളവനുമായ ബുധനെ ഞാന്‍ നമിക്കുന്നു)

വ്യാഴം
ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം

(ദേവതകള്‍ക്കും ഋഷികള്‍ക്കും ആചാര്യനും സ്വര്‍ണ്ണപ്രഭനും ബുദ്ധിയില്‍ ജനിച്ചവനും മൂന്നു ലോകത്തിനും നാഥനുമായ ബൃഹസ്പതിയെ
ഞാന്‍ നമിക്കുന്നു)

ശുക്രന്‍
ഹിമകുന്ദമൃണാലാഭം
ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്രപ്രവക്താരം
ഭാര്‍ഗ്ഗവം പ്രണമാമ്യഹം

(മഞ്ഞ കുരുക്കുത്തി, മുല്ലപ്പൂവ്, താമരവളയം
ഇവയെപ്പോലെ ശോഭയുള്ളവനും ദൈത്യ ഗുരുവും
സര്‍വ്വ ശാസ്ത്രങ്ങളും പഠിപ്പിക്കുന്നവനുമായ
ശുക്രനെ ഞാന്‍ നമിക്കുന്നു)

ശനി
നീലാഞ്ജനസമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം

(നീല പരല്‍ കല്ലു പോലെ ശോഭയുള്ളവനും സൂര്യപുത്രനും കുജന്റെ ജ്യേഷ്ഠനും ഛായാ
ദേവിയുടെയും സൂര്യന്റെയും പുത്രനുമായ
ശനിദേവനെ ഞാന്‍ നമിക്കുന്നു)

രാഹു
അര്‍ദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമര്‍ദ്ദനം
സിംഹികാഗര്‍ഭസംഭൂതം
തം രാഹും പ്രണമാമ്യഹം

(പകുതി ശരീരത്തോടു കൂടിയ മഹാവിക്രമനായ,
സൂര്യ ചന്ദ്രന്‍മാരെ ദു:ഖിപ്പിക്കുന്ന സിംഹിക എന്ന
അസുര സ്ത്രീയുടെ പുത്രനായ രാഹുവിനെ
ഞാന്‍ നമിക്കുന്നു.)

കേതു
പലാശപുഷ്പസങ്കാശം
താരകാഗ്രഹ മസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം
തം കേതും പ്രണമാമ്യഹം

(പ്ലാശിന്‍ പൂവിന്റെ നിറമുള്ളവനും വാല്‍
നക്ഷത്രത്തിന്റെ ശിരസ്സുള്ളവനും കോപിഷ്ടനും കോപസ്വരൂപനും ഭയങ്കരനുമായ
കേതുവിനെ ഞാന്‍ നമിക്കുന്നു)

നമഃ സൂര്യായ
മംഗളായ ബുധായ ച
ഗുരുശുക്ര ശനിഭ്യശ്ച
രാഹവേ കേതവ നമഃ

ഫലശ്രുതി
ഇതി വ്യാസമുഖോദ്ഗീതം യ: പഠേത് സുസമാഹിത:
ദിവാ വാ യദി വാ രാത്രൗ വിഘ്നശാന്തിർഭവിഷ്യതി

ഉത്തമ ദേഷപരിഹാരം
നവഗ്രഹ ദർശനം നടത്താതെ എത്ര ക്ഷേത്രങ്ങളിൽ പോയിട്ടും കാര്യമില്ല എന്നാണ് ജ്ഞാനികൾ പറയുന്നത്. കാരണം, വെറും ക്ഷേത്രങ്ങളല്ല, നമ്മുടെ ജീവിതത്തെ നേരിട്ടു ബാധിക്കുന്ന ഗ്രഹങ്ങളുടെ ആവാസസ്ഥലമാണ് ഇവ. നമ്മെ നിയന്ത്രിക്കുന്ന ശക്തികളാണ് ഗ്രഹങ്ങൾ. ഈ 9 ഗ്രഹങ്ങളുടെയും സ്വാധീനം ഓരോരുത്തരിലും ഉണ്ട്. മുകളിൽ വിശദീകരിച്ച ഗ്രഹസ്വഭാവം പരിശോധിച്ചാൽ അക്കാര്യം ബോദ്ധ്യമാകും.അതിനാൽ നവഗ്രഹക്ഷേത്ര ദർശനം ഉത്തമ ദേഷപരിഹാരമാണ്.

Story Summary: Significance Navagraha Worshipping

error: Content is protected !!
Exit mobile version