Sunday, 6 Oct 2024

നവഗ്രഹ സ്തോത്ര ജപം
സങ്കടമെല്ലാം തീർക്കും

ജ്യോതിഷത്തിന്റെ അടിസ്ഥാനം നവഗ്രഹങ്ങളാണ്. വേദകാലത്തോളം പഴക്കമുള്ളതാണ് ജ്യോതിഷം. നവഗ്രഹങ്ങളുടെ ചലനങ്ങളെയും സ്ഥിതിയെയും സ്വാധീനത്തെയും ആശ്രയിച്ചാണ് എല്ലാ ജ്യോതിഷ ഫല നിരൂപണവും നടത്തുന്നത്. മറ്റൊരുതരത്തിൽ പറഞ്ഞാൽ ഒരോ വ്യക്തിയെയും ഈ ലോകത്തെ തന്നെയും നിയന്ത്രിക്കുന്നത് നവഗ്രഹസ്വാധീനമാണ്. ഒരു കുഞ്ഞ് ജനിക്കുമ്പോൾ തന്നെ ഗ്രഹനില അതിന്റെ ഭാവി എഴുതുന്നു. സൂര്യൻ,ചന്ദ്രൻ, ചൊവ്വ, ബുധൻ, ഗുരു, ശുക്രൻ, ശനി, രാഹു, കേതു എന്നിവയാണ് നവഗ്രഹങ്ങൾ. നവഗ്രഹങ്ങളെ ശരിയായ രീതിയിൽ ആരാധിച്ചാൽ എല്ലാത്തരം വിഷമങ്ങളും തടസങ്ങളും നിർഭാഗ്യവും അകലും.
ഈ ഗ്രഹങ്ങൾക്കെല്ലാം ഒരോ മൂർത്തികളുണ്ട്. ആദിത്യന് ശിവനും ശനിക്ക് ശാസ്താവും വ്യാഴത്തിന് ഗുരുവും മറ്റും ദേവതകളാണെന്ന് നമുക്കെല്ലാം അറിയാവുന്നതാണ് മിക്കവാറും എല്ലാ ക്ഷേത്രങ്ങളിലും നവഗ്രഹ സന്നിധികളുണ്ടാകും. അവിടുത്തെ മൂർത്തിയെ തൊഴുത് പ്രാർത്ഥിക്കുന്നതിനൊപ്പം നവഗ്രഹസന്നിധിയിലും ഭക്തർ പൂജയും വഴിപാടുകളും നടത്തുക പതിവാണ്. നവഗ്രഹത്തിൽ ഏഴെണ്ണം സൗരയൂഥത്തിന്റെ ഭാഗവും രാഹുവും കേതുവും സാങ്കല്പികവുമാണ്. നവഗ്രഹങ്ങൾക്കായി മാത്രവും ക്ഷേത്രങ്ങളുണ്ട്.
വ്യക്തികളുടെ സന്തോഷം, വിജയം, നാനാതരത്തിലെ ഐശ്വര്യം തുടങ്ങിയവ നവഗ്രഹ സ്വാധീനവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗ്രഹപ്പിഴ ദോഷങ്ങൾ അകറ്റാൻ ഏറ്റവും നല്ലതാണ് നവഗ്രഹ സ്തോത്ര ജപം. എല്ലാ ദിവസവും കുറഞ്ഞത് 9 തവണ ജപിക്കുക. ക്ഷേത്ര ദർശന സമയത്ത് നവഗ്രഹ മണ്ഡപത്തിൽ ഓരോ
നവഗ്രഹ മൂർത്തിയെയും തൊഴുത് അതാതിന്റെ
സ്തോത്രം ജപിക്കുന്നത് ഉത്തമമാണ്. നിത്യവും പ്രാർത്ഥനാവേളയിൽ കഴിയുന്നത്ര തവണ ജപിക്കാം. നവഗ്രഹ സ്തോത്രം അർത്ഥം അറിഞ്ഞു ജപിച്ചാൽ സങ്കടമെല്ലാം തീരും. അതിനായി ഒരോ
സ്തോത്രത്തിനും ഒപ്പം അതിന്റെ അർത്ഥവും ചേർക്കുന്നു.

സൂര്യന്‍
ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സര്‍വ്വ പാപഘ്‌നം
പ്രണതോസ്മി ദിവാകരം
(ചെമ്പരത്തിപ്പൂവിന് തുല്യമായി കാശ്യപന്റെ
പുത്രനായി മഹാപ്രഭനായി ഇരുളിന് ശത്രുവായി
സര്‍വ്വ പാപങ്ങള്‍ക്കും ഹരനായിരിക്കുന്ന
ആദിത്യനെ ഞാന്‍ നമസ്‌കരിക്കുന്നു)

ചന്ദ്രന്‍
ദധിശംഖതുഷാരാഭം
ക്ഷീരോദാര്‍ണ്ണവ സംഭവം
നമാമി ശശിനം സോമം
ശംഭോര്‍മ്മകുടഭൂഷണം
(തൈര്, ശംഖ്, മഞ്ഞ് ഇവയുടെ കാന്തിയോടു കൂടി പാല്‍ക്കടലില്‍ ജനിച്ച് ശശാങ്കനായ ശിവന്റെ ശിരോലങ്കാര ഭൂഷിതനായിരിക്കുന്ന ചന്ദ്രനെ ഞാന്‍ നമസ്‌കരിക്കുന്നു)

ചൊവ്വ
ധരണീഗര്‍ഭസംഭൂതം
വിദ്യുത് കാന്തി സമപ്രഭം
കുമാരം ശക്തിഹസ്തം
തം മംഗളം പ്രണമാമ്യഹം
(ഭൂമിയുടെ ഗര്‍ഭത്തില്‍ ജനിച്ച, മിന്നല്‍ക്കൊടിക്ക് സമമായ കാന്തിയോട് കൂടിയ ശക്തി എന്ന ആയുധത്തെ കൈയില്‍ ധരിക്കുന്നവനായ
ചൊവ്വയെ ഞാന്‍ നമസ്‌കരിക്കുന്നു)

ബുധന്‍
പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൗമ്യം സൗമ്യഗുണോപേതം
തം ബുധം പ്രണമാമ്യഹം
(പ്രിയംഗു വൃക്ഷത്തിന്റെ മൊട്ടു
പോലെ കറുത്തവനും പരമസുന്ദരനും വിദ്വാനും ചന്ദ്രപുത്രനും ശാന്ത ഗുണമുള്ളവനുമായ ബുധനെ ഞാന്‍ നമസ്‌കരിക്കുന്നു)

വ്യാഴം
ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം
(ദേവതകള്‍ക്കും ഋഷികള്‍ക്കും ആചാര്യനും സ്വര്‍ണ്ണപ്രഭനും ബുദ്ധിയില്‍ ജനിച്ചവനും മൂന്നു ലോകത്തിനും നാഥനുമായ ബൃഹസ്പതിയെ
ഞാന്‍ നമസ്‌കരിക്കുന്നു)

ശുക്രന്‍
ഹിമകുന്ദമൃണാലാഭം
ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്രപ്രവക്താരം
ഭാര്‍ഗ്ഗവം പ്രണമാമ്യഹം
(മഞ്ഞ കുരുക്കുത്തി മുല്ലപ്പൂവ്, താമരവളയം ഇവയെപ്പോലെ ശോഭയുള്ളവനും
ദൈത്യന്മാരുടെ ഗുരുവും സര്‍വ്വ ശാസ്ത്രങ്ങളേയും പഠിപ്പിക്കുന്നവനുമായ ശുക്രനെ ഞാന്‍ നമസ്‌കരിക്കുന്നു)

ശനി
നീലാഞ്ജനസമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം
(നീല പരല്‍ കല്ലു പോലെ ശോഭയുള്ളവനും സൂര്യപുത്രനും കുജന്റെ ജ്യേഷ്ഠനും ഛായാദേവിയുടെയും സൂര്യന്റെയും പുത്രനുമായ ശനിദേവനെ ഞാന്‍ നമസ്‌കരിക്കുന്നു)

രാഹു
അര്‍ദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമര്‍ദ്ദനം
സിംഹികാഗര്‍ഭസംഭൂതം
തം രാഹും പ്രണമാമ്യഹം
(പകുതി ശരീരത്തോടു കൂടിയ മഹാവിക്രമനായ,
സൂര്യ ചന്ദ്രന്‍മാരെ ദു:ഖിപ്പിക്കുന്ന സിംഹിക എന്ന അസുര സ്ത്രീയുടെ പുത്രനായ രാഹുവിനെ
ഞാന്‍ നമസ്‌കരിക്കുന്നു.)

കേതു
പലാശപുഷ്പസങ്കാശം
താരകാഗ്രഹ മസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം
തം കേതും പ്രണമാമ്യഹം
(പ്ലാശിന്‍ പൂവിന്റെ നിറമുള്ളവനും വാല്‍ നക്ഷത്രത്തിന്റെ ശിരസ്സുള്ളവനും കോപിഷ്ടനും കോപസ്വരൂപനും ഭയങ്കരനുമായ
കേതുവിനെ ഞാന്‍ നമസ്‌കരിക്കുന്നു)

നമഃ സൂര്യായ
മംഗളായ ബുധായ ച
ഗുരുശുക്ര ശനിഭ്യശ്ച
രാഹവേ കേതവ നമഃ

സരസ്വതി ജെ.കുറുപ്പ്
+91 90745 80476

error: Content is protected !!
Exit mobile version