Saturday, 23 Nov 2024

നവരാത്രി ഉത്സവത്തിന് തുടക്കമായി; ശുചീന്ദ്രത്തു നിന്ന് മുന്നൂറ്റിനങ്ക എഴുന്നള്ളി

നവരാത്രി പൂജയ്ക്ക് തിരുവനന്തപുരത്തേക്ക് എഴുന്നള്ളുന്ന പത്മനാഭപുരം തേവാരക്കെട്ട് സരസ്വതി ദേവിക്ക് അകമ്പടി സേവിക്കുന്ന രാജകുടുംബത്തിന്റെ പരദേവതയായ മുന്നൂറ്റിനങ്ക ചൊവ്വാഴ്ച രാവിലെ ശുചീന്ദ്രത്ത് നിന്നും പല്ലക്കില്‍ യാത്ര തിരിച്ചു. ഈ രാത്രി പത്മനാഭപുരത്ത് തങ്ങും. ബുധൻ രാവിലെ സരസ്വതിയമ്മനെയും വേളി കുമാരസ്വാമിയെയും മുന്നൂറ്റിനങ്കയെയും തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന ഘോഷയാത്ര തുടങ്ങും. ഇത്തവണ കോവിഡ് മഹാമാരി പ്രതിരോധ നിയന്ത്രണങ്ങള്‍ പരമാവധി പാലിച്ചാണ് ഘോഷയാത്ര നടത്തുന്നത്.

തിരുവിതാംകൂറിന്റെ ചരിത്രവും ഐതിഹ്യവും വിശ്വാസങ്ങളും ഇടകലര്‍ന്ന് ഒഴുകുന്നതാണ് പഴയ തലസ്ഥാനമായ പദ്മനാഭപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് എല്ലാക്കൊല്ലവും നടക്കുന്ന നവരാത്രി എഴുന്നള്ളത്ത്. പദ്മനാഭപുരം കൊട്ടാരത്തിനുള്ളിലെ തേവാരക്കെട്ട് സരസ്വതി, ആയോധനകലയുടെ ദേവനായ വേളിമല കുമാരസ്വാമി, രാജകുടുംബത്തിന്റെ പരദേവതയായ ശുചീന്ദ്രം മുന്നൂറ്റിനങ്ക എന്നീ വിഗ്രഹങ്ങളാണ് തിരുവനന്തപുരത്ത് ശ്രീപത്മനാഭ സന്നിധിയില്‍ എത്തിക്കുന്നത്.

1744-ല്‍ കല്‍ക്കുളത്തെ കൊട്ടാരം പുതുക്കിപ്പണിത മാര്‍ത്താണ്ഡവര്‍മ്മ ആ സ്ഥലത്തിന് പദ്മനാഭപുരമെന്ന് പേരിട്ടു. ഇവിടെ കരിങ്കല്ലില്‍ നവരാത്രിമണ്ഡപം നിര്‍മ്മിച്ച് പൂജവച്ചു. എന്നാല്‍ രാജാവ് പോകുന്നിടത്ത് സരസ്വതിവിഗ്രഹവും കൊണ്ടുപോകാമെന്ന പ്രമാണ പ്രകാരം ധര്‍മ്മരാജാവ് മാവേലിക്കരയില്‍ പോയപ്പോള്‍ വിഗ്രഹം അവിടെയെത്തിച്ച് പൂജവച്ചു.

സ്വാതിതിരുന്നാളിന്റെ കാലത്ത് നവരാത്രി ആഘോഷം തിരുവനന്തപുരത്താക്കി. ഒപ്പം പ്രമുഖ സംഗീതജ്ഞരെ അണിനിരത്തി സംഗീതോത്സവവും ആരംഭിച്ചു. അതോടെയാണ് വിഗ്രഹങ്ങള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവന്ന് തുടങ്ങിയത്. ആ കീഴ് വഴക്കം തുടരുന്നു. സരസ്വതിദേവിയെ ആനപ്പുറത്തും മറ്റു വിഗ്രഹങ്ങളെ പല്ലക്കിലും എഴുന്നള്ളിക്കുന്നു. മൂന്നുദിവസം നീളുന്ന യാത്രയില്‍ ഒന്നാം ദിവസം കുഴിത്തുറ മഹാദേവ ക്ഷേത്രത്തിലും അടുത്ത ദിവസം നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലും വിഗ്രഹങ്ങള്‍ക്ക് ഇറക്കിപ്പൂജ നടത്തും. കരമന മുതല്‍ കുമാരസ്വാമിയെ വെള്ളിക്കുതിരപ്പുറത്താണ് എഴുന്നള്ളിക്കുന്നത്. വേലുത്തമ്പി ദളവ കുമാരകോവിലില്‍ നടയ്ക്ക് വച്ച വെള്ളിക്കുതിരയെ ഘോഷയാത്രയിൽ ഉടനീളം ചുമന്ന് കൊണ്ടുവരുന്നു. കുഴിത്തുറ താമ്രപര്‍ണി, നെയ്യാര്‍, കരമനയാര്‍ എന്നിവ കടന്നാണ് വിഗ്രഹങ്ങൾ എത്തുന്നത്. ഇവിടെ സരസ്വതി വിഗ്രഹത്തിന് ആറാട്ട് നടത്താറുണ്ട്. നദി കടക്കുന്ന ദൈവങ്ങള്‍ക്ക് രാജഭരണകാലത്ത് സ്വര്‍ണ്ണനെല്ലിക്ക തുടങ്ങിയവ കാണിക്ക നല്‍കുമായിരുന്നു. തിരുവനന്തപുരത്ത് സരസ്വതി ദേവിയെ പദ്മതീര്‍ഥക്കരയില്‍ നവരാത്രിമണ്ഡപത്തിലും കുമാരസ്വാമിയെ ആര്യശാല ക്ഷേത്രത്തിലും മുന്നൂറ്റിനങ്കയെ ചെന്തിട്ട ക്ഷേത്രത്തിലുമാണ് പൂജയ്ക്കിരുത്തുന്നത്. വിജയദശമിയുടെ പിറ്റേദിവസം വിഗ്രഹങ്ങള്‍ക്ക് നല്ലിരുപ്പാണ്. അടുത്ത ദിവസം മടക്കയാത്ര നടക്കും. മൂന്നാംനാള്‍ മാതൃക്ഷേത്രങ്ങളില്‍ എത്തിച്ചേരും.

പി എം ബിനുകുമാർ
+919447694053

error: Content is protected !!
Exit mobile version