Monday, 20 May 2024

നാഗദോഷം മാറാൻ 3 മന്ത്രം;
ഈ നക്ഷത്രക്കാർ നിത്യവും ജപിക്കൂ

ബ്രഹ്മശ്രീ ഗോപകുമാരൻ പോറ്റി
പ്രത്യക്ഷദൈവങ്ങളാണ് നാഗങ്ങൾ. ഭാരതീയ വിശ്വാസപ്രകാരം നാഗങ്ങൾ ദേവചൈതന്യവാഹികളാണ്. ഒരു വ്യക്തിക്ക് സർവൈശ്വര്യവും നൽകുന്നതിനും അതുപോലെ സമസ്ത ഐശ്വര്യവും നശിപ്പിച്ച് അടിയറവ് പറയിക്കുന്നതിനും നാഗചൈതന്യത്തിന് കഴിയുന്നു. എന്നാൽ നാഗപ്രാർത്ഥനയിലൂടെ ജീവിതവിജയം തന്നെ കൈവരിക്കാനാകും.

തിരുവാതിര, ചോതി, ചതയം നക്ഷത്രങ്ങളുടെ അധിപൻ രാഹു ആയതിനാൽ ഈ നക്ഷത്രങ്ങളിൽ ജനിച്ചവർ നിത്യവും സർപ്പദേവതകളെ ഭജിക്കണം. രോഹിണി, അത്തം, തിരുവോണം, ഭരണി, പൂരം, പൂരാടം, ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രങ്ങളിൽ എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർ രാഹുദശയിൽ സർപ്പപ്രീതി വരുത്തണം. ഇവർ രാഹു ദോഷ ശാന്തിക്ക് ആയില്യം നാളിലും ജന്മനക്ഷത്ര ദിവസവും ഞായറാഴ്കളിലും സർപ്പ ക്ഷേത്ര ദർശനവും സർപ്പപ്രീതി കർമ്മങ്ങളും ചെയ്യുന്നത് നല്ലതാണ്.

ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ശംഖപാലായ നമഃ

ഈ 3 മന്ത്രങ്ങൾ 7 പ്രാവശ്യം നിത്യവും ജപിക്കുന്നത് നാഗദോഷങ്ങൾ നീങ്ങുവാനുള്ള ലളിതമായ വഴിയാണ്. നാഗദോഷം കാരണം നിമിത്തം, രോഗങ്ങൾ, മനോവിഭ്രാന്തി, ഏത് കാര്യ ത്തിലും തടസം എന്നിവ ഉണ്ടാകാം. ഇവയെല്ലാം മാറ്റി ഐശ്വര്യം നല്കാൻ ഈ മന്ത്രങ്ങൾ ഗുണകരമാണ്. എല്ലാ ഞായറാഴ്ചയും എല്ലാ മാസത്തിലെയും ആയില്യം നക്ഷത്രവും നാഗാരാധനയ്ക്ക് വിശേഷമാണ്. മാസം തോറും ആയില്യവ്രതമെടുക്കുന്നത് ജീവിത ദുഃഖങ്ങൾ അകലുന്നതിനും കടം മാറുന്നതിനും സന്താനഭാഗ്യം ലഭിക്കുന്നതിനും സന്താനക്ഷേമത്തിനും വിവാഹതടസം നീങ്ങുന്നതിനുമെല്ലാം ഉത്തമമാണ്. കന്നിമാസത്തെ ആയില്യവും തുലാം മാസത്തെ ആയില്യവുമാണ് നാഗാരാധനയ്ക്ക് ഏറ്റവും വിശേഷം. ഈ ദിനങ്ങൾ ക്ഷേത്രങ്ങളിൽ വിശേഷപൂജയോടെ ആചരിക്കുന്നു. 12 മാസം ആയില്യ വ്രതമെടുത്ത് നാഗസന്നിധിയിൽ നൂറുംപാലും നടത്തിയാൽ എല്ലാ നാഗദോഷങ്ങളും തീരും. ഐശ്വര്യവും പുണ്യവും വർദ്ധിക്കും. സന്താനക്ലേശം, ധന ദുരിതം, കുടുംബ കലഹം മാറും. വ്രതം എടുക്കുന്നവർ ദിവസം മുഴുവൻ നാഗദൈവങ്ങളെ സ്മരിക്കണം. ശിവ ക്ഷേത്ര ദർശനം, സർപ്പക്കാവ് ദർശനം എന്നിവ വേണം. ഓം നാഗരാജായ നമ:, ഓം നമ:ശിവായ മന്ത്രങ്ങൾ കഴിയുന്നത്ര ജപിക്കണം. ആയില്യപിറ്റേന്ന് തീർത്ഥം സേവിച്ച് വ്രതം മുറിക്കാം.

മൂലമന്ത്രങ്ങൾ

നാഗരാജാവ്
ഓം നമഃ കാമരൂപിണേ മഹാബലായ
നാഗാധിപതയേ നമഃ

നാഗയക്ഷി
ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം
നാഗയക്ഷീ യക്ഷിണീ സ്വാഹ നമഃ

ബ്രഹ്മശ്രീ ഗോപകുമാരൻ പോറ്റി,+91 628 2434247, + 91 98474 20508
(അനന്തൻകാട് നാഗരാജ ക്ഷേത്രം മേൽശാന്തി)

Story Summary: 3 Powerful Naga Mantras for Removing all types of Sarppa Dosham

error: Content is protected !!
Exit mobile version