നാഗദോഷങ്ങൾ തീരുന്ന വെള്ളാമശേരി ഗരുഡന്‍ കാവ്
കടുത്ത നാഗദോഷങ്ങള്‍ പോലും തീർക്കുന്ന ഒരു ക്ഷേത്രം മലപ്പുറം, തിരൂരിലെ ചമ്രവട്ടത്തുണ്ട്. വെള്ളാമശേരി ഗരുഡന്‍ കാവ് എന്നാണ് ഈ ക്ഷേത്രം അറിയപ്പെടുന്നത്. ഭാരതത്തിലെ ഏക ഗരുഡക്ഷേത്രമായ ഇവിടേക്ക് സര്‍പ്പദോഷ ദുരിതങ്ങൾ അനുഭവിക്കുന്ന ആയിരങ്ങൾ പരിഹാരം തേടി വരാറുണ്ട്.
ഗരുഡക്ഷേത്രമായാണ് അറിയപ്പെടുന്നതെങ്കിലുംകൂര്‍മ്മാവതാരത്തിലുള്ള മഹാവിഷ്ണുവാണ് പ്രധാന പ്രതിഷ്ഠ. മഹാവിഷ്ണുവിനും ഗരുഡനുംവിവിധ തരം വഴിപാടുകളുമുണ്ട്. കഴുകന്റെ കണ്ണുകൾ എന്ന് പറഞ്ഞ് കേട്ടിട്ടില്ലെ, അത്ര ദീർഘദൂരം കാഴ്ചശക്തിയുള്ള പക്ഷിരാജനാണ് ഗരുഡന്‍. ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട എല്ലാ ശുഭാവസരങ്ങളിലും എങ്ങു നിന്നെന്നറിയാതെ ആകാശത്ത് വട്ടമിട്ട് പറക്കുന്ന ഗരുഡനെ മലയാളികൾ കൃഷ്ണപ്പരുന്തെന്നും വിളിക്കാറുണ്ട്. കഴുത്തിലെ വെള്ളത്തുവലുകളാണ് ഇതിന്റെ പ്രത്യേകത. ഈ തൂവലുകളുടെ ഭംഗിയാണ് കൃഷ്ണപ്പരുന്തിനെ ദിവ്യമാക്കുന്നത്.
കുഞ്ഞുങ്ങളുടെ ആരോഗ്യപ്രശ്‌നങ്ങള്‍, അനപത്യദു:ഖം, സന്താനക്ലേശം, സന്താനങ്ങൾ കാരണമുണ്ടാകുന്ന വിഷമങ്ങൾ, ത്വക്‌രോഗങ്ങള്‍, ശ്വാസകോശരോഗങ്ങള്‍, തുടങ്ങിയവയാൽ വിഷമിക്കുന്നവരാണ് കൂടുതലും വെള്ളാമശേരി ക്ഷേത്രത്തിൽ വരുന്നത്. ഏത് സര്‍പ്പദോഷവും വെള്ളാമശേരിയിൽ ഗരുഡന് വഴിപാട് നടത്തി പ്രാര്‍ത്ഥിച്ചാല്‍ മാറും. ഇതിൽ പ്രധാനം സര്‍പ്പദോഷ പരിഹാര പൂജയാണ് ; മുന്‍കൂട്ടി ബുക്ക് ചെയ്താൽ നടത്താം. ചേന സമർപ്പണമാണ് മറ്റൊരു പ്രധാന വഴിപാട്. ഇത് ഗരുഡൻ നടയിൽ വച്ചാൽ ത്വക്‌രോഗം മാറും. സര്‍പ്പദോഷം മാറാനാണ് ഗരുഡപഞ്ചാക്ഷരി പുഷ്പാഞ്ജലി .
പാമ്പും മുട്ടയും വെള്ളിയില്‍ തീര്‍ത്ത് ഗരുഡന്റെ നടയില്‍ വയ്ക്കുന്നതാണ് മറ്റൊരു വഴിപാട്. ഇത് വഴിപാടുകാര്‍ക്ക് കൊണ്ടുവരാം. അല്ലെങ്കിൽ ക്ഷേത്രത്തില്‍ നിന്നും വാങ്ങാം.പാമ്പും മുട്ടയും നടയ്ക്കുവച്ച് മഞ്ഞപ്പായസം വഴിപാട് നടത്തിയാല്‍ സന്താനദുരിതങ്ങൾ പരിഹരിക്കുമെന്ന് അനുഭവസ്ഥർ പറയുന്നു. കുഞ്ഞുങ്ങളുടെ ആരോഗ്യ രക്ഷയ്ക്ക് ഗരുഡന്റെ നിവേദ്യമായ മഞ്ഞപ്പായസ വഴിപാട് മതി. അരിപ്പായസത്തില്‍ ലേശം മഞ്ഞപ്പൊടിയിട്ടാണ് ഇത് ഒരുക്കുന്നത്. ഇവിടെ മാത്രമാണ് ഈ വഴിപാട്. ക്ഷേത്രത്തിലെ എല്ലാ വഴിപാടുകള്‍ക്കും ഫലസിദ്ധി ഉറപ്പാണെന്ന് പറയപ്പെടുന്നു. ത്വക് രോഗങ്ങൾ, ശ്വാസകോശ രോഗങ്ങൾ തുടങ്ങിയവയ്ക്ക് പരിഹാരം ഗരുഡ പഞ്ചാക്ഷരി തൈലമാണ്. ഇത് പ്രസാദമായി ലഭിക്കും. കഴിക്കുകയോ പുരട്ടുകയോ ചെയ്യാം. രോഗം ഭേദമാകുമെന്നാണ് വിശ്വാസം. കൊട്ടത്തേങ്ങ, വെള്ളരിക്ക, ഇളനീര്, കദളിപ്പഴം, പാല്‍, മുട്ട, വാഴത്തട ഇവയൊക്കെ ഇവിടെ സമര്‍പ്പിക്കാം. കൊട്ട തേങ്ങയും വെള്ളരിക്കയും നാഗദോഷങ്ങള്‍ അകറ്റുന്നതിനാണ്.
ഈ വഴിപാടുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ക്ഷേത്ര അധികൃതരുമായിഫോണിൽ ബന്ധപ്പെട്ടാൽ ലഭിക്കും. ഫോണ്‍: 0494-2426181.
നാഗദോഷം അകറ്റുന്നതിന് പാമ്പിനെ മണ്‍കുടത്തിൽ സമര്‍പ്പിക്കുന്ന ചടങ്ങ് മുൻപ് ഇവിടെയുണ്ടായിരുന്നു. പൂജാരിയുടെ അനുവാദം വാങ്ങി നാഗത്തെ അടച്ച കുടം ശ്രീകോവിലിനു മുന്നില്‍ വയ്ക്കും. പൂജാരി തീര്‍ത്ഥം തളിച്ച് കുടം ഉടയ്ക്കും. ഉടന്‍ സര്‍പ്പം ക്ഷേത്രത്തിന്റെ തെക്കു ഭാഗത്തേക്ക് മറയും. ഇങ്ങനെ കൊണ്ടുവിടുന്ന നാഗത്തില്‍ നിന്ന് ഒരാള്‍ക്കു പോലും ദംശമേറ്റിട്ടില്ലാത്തത് വിസ്മയമാണ്. ഇപ്പോൾ ഈ ചടങ്ങ് നിര്‍ത്തിയിരിക്കുകയാണ്.
മഹാദേവന്‍, മഹാവിഷ്ണു, ശങ്കരനാരായണന്‍, ധര്‍മ്മശാസ്താവ്, ഭഗവതി, ഭദ്രകാളി എന്നിങ്ങനെ ഓരോ ഉപാസനമൂര്‍ത്തികള്‍ക്കും പ്രത്യേകം ശ്രീകോവിലുകളുണ്ട്. പ്രവേശന കവാടത്തിലും കിഴക്കു ഭാഗത്ത് ദീപസ്തംഭവും തെക്ക് ഭാഗത്ത് തീര്‍ത്ഥക്കുളവുമുണ്ട്. ഞായറാഴ്ചകളിലാണ് ഇവിടെ തിരക്ക് കൂടുതൽ. വൃശ്ചികം ഒന്നിന് തുടങ്ങുന്ന മണ്ഡലകാലത്ത് എല്ലാ ഞായറാഴ്ചയും വിശേഷാല്‍ പൂജകളുണ്ട്. ഈ ദിവസങ്ങളില്‍ രാവിലെ 4 മണിക്ക് നട തുറക്കും. ഉച്ചയ്ക്ക് 12 ന് അടയ്ക്കും.. ഇളനീരും പഴവും ആണ് ഗരുഡന് ഈ ദിവസങ്ങളില്‍ പ്രധാന നിവേദ്യം. ഈ മൂന്നു ദിവസങ്ങളില്‍ നാഗങ്ങള്‍ മനുഷ്യരൂപത്തില്‍ ഇവിടെയെത്തി ഗരുഡനോട് തങ്ങളുടെ ആയുസ് നീട്ടി തരണേയെന്ന് പ്രാര്‍ത്ഥിക്കാറുണ്ടത്രേ. ഈ സമയത്ത് ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാൽ നാഗദൈവങ്ങളുടെയും ഗരുഡ ഭഗവാന്റെയും അനുഗ്രഹം ഒരേ സമയം ലഭിക്കുമെന്നാണ് വിശ്വാസം.
ഗരുഡന്‍ നാഗങ്ങളുടെ ശത്രുവായതിനാല്‍ സകലനാഗദോഷങ്ങളും ഈ കാലത്തു നടത്തുന്ന പൂജയിലൂടെ തീരും. കശ്യപ പ്രജാപതിക്ക് കദ്രുവിലും വിനതയിലും പിറന്ന മക്കളാണെങ്കിലും നാഗങ്ങളും ഗരുഡനും ശത്രുക്കളായി മാറിയത് അമ്മമാരുടെ കലഹവും താൻപോരിമയും കാരണമാണ്. എന്നാൽ ഈ അര്‍ദ്ധ സഹോദരങ്ങൾ ഭഗവാൻ മഹാവിഷ്ണുവിന്റെ സന്നിധിയിൽ ഒന്നിച്ചു കഴിയുന്നു. മഹാവിഷ്ണുവിന്റെ വാഹനമാണ് ഗരുഡന്‍; ഭഗവാന്‍ ശയിക്കുന്നത് വൈഷ്ണവ നാഗരാജനായ അനന്തനെ ശയ്യാക്കിയും.
മണ്ഡലകാലത്തോടനുബന്ധിച്ച് ഗരുഡന്‍ ക്ഷേത്രത്തില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് വാദ്യമേളങ്ങളോ ശബ്ദഘോഷങ്ങളോ കാണില്ല. ഇതൊന്നും ഗരുഡന് ഇഷ്ടമല്ല. എന്നാല്‍ ഇവിടെ മഹാവിഷ്ണുവിനും മറ്റ് ദേവതകള്‍ക്കും ഘോഷയാത്രയും മറ്റും പതിവാണ്. മേയ്, ജൂണ്‍ മാസത്തിലെ പ്രതിഷ്ഠാദിനവും പ്രധാനമാണ്. വിശേഷപൂജകളും പ്രസാദ ഊട്ടും ഈ ദിവസങ്ങളില്‍ നടത്താറുണ്ട്. ഗരുഡന്‍ കാവില്‍ നിന്ന് ആലത്തിയൂര്‍ ഹനുമാന്‍ കാവിലേക്ക് രണ്ടു കിലോമീറ്ററുണ്ട്. ആലത്തിയൂര്‍ ആഞ്ജനേയ ദർശനം പൂർണ്ണമാകാൻ ഗരുഡൻ കാവിലും ദര്‍ശനം നടത്തണം.
– ശ്രീകുമാർ ശ്രീഭദ്ര