Monday, 8 Jul 2024

നാഗദോഷ ദുരിതങ്ങൾ അകറ്റാൻ ഈ വെള്ളിയാഴ്ച ആയില്യപൂജ

മംഗള ഗൗരി
ആയുരാരോഗ്യസൗഖ്യത്തിനും സമ്പദ് സമൃദ്ധിക്കും മന:സമാധാനമുള്ള ജീവിതത്തിനും സന്താന ലബ്ധിക്കും സന്താനങ്ങൾ കാരണമുള്ള ദുരിതങ്ങളിൽ നിന്നുള്ള മോചനത്തിനും നാഗാരാധന പോലെ ഫലപ്രദമായ മാർഗ്ഗമില്ല. നാഗദോഷങ്ങൾ കാരണം കഷ്ടപ്പെടുന്നവര്‍ സങ്കടങ്ങളും ദുരിതങ്ങളുമകറ്റാൻ മാസന്തോറും ആയില്യത്തിന് ക്ഷേത്രത്തിൽ ആയില്യപൂജ നടത്തുന്നത് ഉത്തമമാണ്. 2024 ഫെബ്രുവരി 23 വെള്ളിയാഴ്ചയാണ് കുംഭത്തിലെ ആയില്യം.

അതിവേഗം ഫലം ലഭിക്കുന്നതാണ് സർപ്പപൂജയുടെ ഒരു സവിശേഷത. സർപ്പദൈവങ്ങൾ സംതൃപ്തരായാൽ സന്താനഭാഗ്യം, ദാമ്പത്യസൗഖ്യം, ധനസമ്പത്ത് എന്നിവ ലഭിക്കും. പക്ഷേ കോപിച്ചാൽ സന്താനങ്ങൾക്ക് നാശം, ധനനഷ്ടം, കുലക്ഷയം, മാറാരോഗങ്ങൾ എന്നിവ ഫലം. സർപ്പങ്ങളെ വൈഷ്ണവം, ശൈവം ഇങ്ങനെ രണ്ടായി തിരിച്ചിട്ടുണ്ട്. എങ്കിലും പൂജകളിലും ആരാധനയിലും വലിയ വ്യത്യാസമില്ല. ക്ഷേത്രങ്ങളിൽ ഉപദേവതയായോ കാവായോ നാഗങ്ങളെ ആരാധിക്കാറുണ്ട്. മാസന്തോറും ആയില്യം നക്ഷത്രമാണ് നാഗങ്ങൾക്ക് പ്രധാന ദിവസം.

ആയില്യപൂജ, നൂറുംപാലും, സർപ്പബലി, സർപ്പപൂജ, കളമെഴുത്തും സർപ്പപാട്ടും, നാഗരൂട്ട്, ആശ്ലേഷബലി,
ഇവയാണ്‌ നാഗർക്ക് നടത്തുന്ന പ്രധാന വഴിപാടുകൾ. പാൽ അഭിഷേകം, മഞ്ഞൾപ്പൊടി അഭിഷേകം തുടങ്ങിയവയും നടത്തുന്നു. സർപ്പദോഷം, രാഹൂർദേഷം എന്നിവ അകലുന്നതിനും സന്താനഭാഗ്യം, മംഗല്യഭാഗ്യം
എന്നിവ സിദ്ധിക്കുന്നതിനുമാണ് ഈ വഴിപാടുകൾ.

രോഗശാന്തിക്ക് പ്രത്യേകിച്ച് ത്വക് രോഗശമനത്തിനും മാനസിക പ്രയാസങ്ങൾ മാറുന്നതിനും വിദ്യാഭ്യാസ സംബന്ധമായ തടസങ്ങൾ മാറുന്നതിനും മംഗല്യദോഷ നിവാരണത്തിനും കുടുംബ കലഹം ഒഴിയുന്നതിനും ഉദ്യോഗ സംബന്ധമായ തടസങ്ങൾ അകറ്റുന്നതിനും സാമ്പത്തിക ക്ലേശം പരിഹരിക്കുന്നതിനും ശത്രു ദോഷ ശാന്തിക്കുമാണ് മിക്ക ഭക്തരും മാസന്തോറും ആയില്യം നാളിൽ ക്ഷേത്രങ്ങളിൽ പൂജ നടത്തുന്നത്. രാഹു ദോഷം മാറുന്നതിനും ഉത്തമമാണിത്. തിരുവാതിര, ചോതി, ചതയം നക്ഷത്രജാതരുടെ നക്ഷത്രാധിപൻ രാഹു ആയതിനാൽ ഇവർ നിത്യവും സർപ്പപ്രീതി വരുത്തുന്നത് നല്ലതാണ്. രോഹിണി, അത്തം, തിരുവോണം, ഭരണി, പൂരം, പൂരാടം, ആയില്യം, തൃക്കേട്ട, രേവതി നക്ഷത്രക്കാർ രാഹുദശയിൽ സർപ്പപ്രീതിക്ക് വേണ്ടത് ചെയ്യണം. ആയില്യ ദിവസം വ്രതമെടുക്കുന്നത് നാഗശാപം അകറ്റും. വ്രതദിവസം ഉപവാസമോ, ഒരിക്കലൂണോ ആകാം. 12 ആയില്യം നാളില്‍ വ്രതം സ്വീകരിച്ചാല്‍ നാഗശാപം മൂലമുള്ള രോഗദുരിതങ്ങള്‍ക്ക് ശമനമുണ്ടാകും. ആയില്യ ദിവസം പഞ്ചാക്ഷരമന്ത്രം, ഓം നമഃ ശിവായ 108 തവണയും ഇനി പറയുന്ന 8 മന്ത്രങ്ങള്‍ 12 പ്രാവശ്യം വീതവും ജപിക്കണം. എല്ലാ സർപ്പദോഷവും അകലും. നാഗങ്ങൾ അനേകം ഉണ്ടെങ്കിലും എട്ടുസർപ്പങ്ങളെയാണ് നാഗരാജാക്കന്മാർ എന്ന പേരിൽ ആരാധിച്ചുവരുന്നത് :

അഷ്ടനാഗ മന്ത്രം
ഓം അനന്തമായ നമഃ
ഓം വാസുകയേ നമഃ
ഓം തക്ഷകായ നമഃ
ഓം കാര്‍ക്കോടകായ നമഃ
ഓം ഗുളികായ നമഃ
ഓം പത്മായ നമഃ
ഓം മഹാപത്മായ നമഃ
ഓം ശംഖപാലായ നമഃ

അഷ്ടനാഗ സ്തുതി
അനന്തോ ഗുളിക ചൈവ
വാസുകീ ശംഖപാലക
തക്ഷകശ്ച മഹാപത്മ
പത്മകാർക്കേടകശ്ചിക

നാഗരാജാവിന്റെ ധ്യാനം
സഹസ്രവക്ത്രം ദ്വിസഹസ്രജിഹ്വം
പിശംഗ നേത്രം കപിലാംശുകാന്തം
വിഷായുധം പ്രോജ്വല ദംഷ്ട്ര ബാഹും
തം നാഗരാജം പ്രണതോസ്മിനിത്യം

(അർത്ഥം : ആയിരം മുഖവും രണ്ടായിരം നാക്കുകളും
ചുവന്ന കണ്ണുകളും ഉള്ളവനും തവിട്ടു നിറമുള്ള പട്ടണിഞ്ഞവനും വിഷം എന്ന ആയുധം പൂണ്ടവനും ഉജ്ജ്വലമായ ദംഷ്ട്രകൾ, ബാഹുക്കൾ എന്നിവയോട്
കൂടിയവനുമായ നാഗരാജനെ എന്നും പ്രണമിക്കുന്നു.)

മൂലമന്ത്രങ്ങൾ
1
നാഗരാജാവ്
ഓം നമഃ കാമരൂപിണേ മഹാബലായ
നാഗാധിപതയേ നമഃ
2
നാഗയക്ഷി
ഓം വിനയാ തനയേ വിശ്വനാഗേശ്വരി ക്ലീം
നാഗയക്ഷീ യക്ഷിണീ സ്വാഹാ നമഃ

നാഗരാജ ഗായത്രി
ഓം സർപ്പ രാജായ വിദ്മഹെ
പത്മ ഹസ്തായ ധീമഹി
തന്നോ വാസുകി പ്രചോദയാത്

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version