നാലമ്പലങ്ങൾ നാല് ; ദുരിതം അകറ്റാൻ കർക്കടകത്തിൽ ഒരിടത്തെങ്കിലും ദർശനം
മംഗള ഗൗരി
ശ്രീരാമന്‍, ഭരതന്‍, ലക്ഷ്മണന്‍, ശത്രുഘ്‌നന്‍ എന്നിവരുടെ ക്ഷേത്രങ്ങളിൽ ഒരേ ദിവസം ദര്‍ശനം നടത്താന്‍ കഴിയും വിധം സമീപപ്രദേശങ്ങളിലായി നിര്‍മ്മിച്ചിരിക്കുന്ന ക്ഷേത്രങ്ങളെയാണ് നാലമ്പലങ്ങള്‍ എന്നുപറയുന്നത്. കേരളത്തിൽ നാല് സ്ഥലങ്ങളിൽ നാലമ്പലങ്ങളുണ്ട്. ഇതിൽ ഏറെ പ്രസിദ്ധം തൃശൂരിന്റെ സമീപ പ്രദേശങ്ങളിലുള്ള നാലമ്പലങ്ങളാണ്. കോട്ടയം, എറണാകുളം, മലപ്പുറം എന്നിവിടങ്ങളിലാണ് മറ്റ് നാലമ്പലങ്ങൾ ഉള്ളത്.
തൃപ്രയാര്‍ ശ്രീരാമസ്വാമി ക്ഷേത്രം, ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ഭരതക്ഷേത്രം, പായമ്മല്‍ ശത്രുഘ്‌ന ക്ഷേത്രം, തിരുമൂഴിക്കുളം ലക്ഷ്മണക്ഷേത്രം എന്നിവയാണ് തൃശൂരിന് ചുറ്റുമുള്ള നാലമ്പലങ്ങൾ.
ഇതിൽ ആദ്യ മൂന്ന് തൃശ്ശൂര്‍ ജില്ലയിലും തിരുമൂഴിക്കുളം എറണാകുളം ജില്ലയിലുമാണ്. ദ്വാപരയുഗത്തില്‍ ശ്രീകൃഷ്ണന്‍ പൂജിച്ചിരുന്ന വിഗ്രഹങ്ങളാണ് ഈ ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠിച്ചിട്ടുള്ളത്. ദ്വാരക കടലിൽ മുങ്ങിയതോടെ ഈ വിഗ്രഹങ്ങളും കാണാതായെന്നും വളരെക്കാലത്തിനുശേഷം കേരളക്കരയിലെ മറ്റുള്ളവര്‍ക്ക് അവ ലഭിച്ചുവെന്നുമാണ് ഐതിഹ്യം. ഈ നാലുക്ഷേത്രങ്ങളിലും ഒരേ ദിവസം തന്നെ ദര്‍ശനം നടത്തുന്നത് സർവ പാപപരിഹാരമാണ്. തൃപ്രയാറിൽ നിര്‍മ്മാല്യം തൊഴുത് മറ്റ് 3 ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി അത്താഴപ്പൂജയ്ക്ക് തൃപ്രയാറില്‍ത്തന്നെ മടങ്ങിവരുന്നതാണ് നാലമ്പല ദർശന പുണ്യം.
തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രം
തൃശ്ശൂര്‍ ജില്ലയിലെ കൊടുങ്ങല്ലൂര്‍ ഗുരുവായൂര്‍ വഴിയില്‍ തൃപ്രയാര്‍ പുഴയുടെ തീരത്താണ് ക്ഷേത്രം. ശംഖം, ചക്രം, ഗദ, അക്ഷമാല എന്നിവ ധരിച്ച ചതുര്‍ബാഹുവായ ശ്രീരാമനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ശാസ്താവ്, ഗണപതി, ദക്ഷിണാമൂര്‍ത്തി, ഹനുമാന്‍ എന്നിവരാണ് ഉപദേവതമാര്‍. കൊടിയേറി ഉത്സവം നടക്കാത്ത അപൂര്‍വ ക്ഷേത്രമാണ്. ആറാട്ട് പുഴ പൂരത്തിന്റെ നായകത്വം വഹിക്കുന്നത് തൃപ്രയാറപ്പനാണ്. ബാധോപദ്രവങ്ങളിൽ നിന്ന് മുക്തി നേടാൻ തൃപ്രയാറപ്പനെ ഉപാസിക്കുന്നത് ഉത്തമമാണെന്ന് വിശ്വാസികള്‍ പറയുന്നു.
കൂടല്‍മാണിക്യം ഭരത ക്ഷേത്രം
തൃശ്ശൂര്‍ – കൊടുങ്ങല്ലൂര്‍ റൂട്ടില്‍ ഇരിങ്ങാലക്കുടയിലാണ് ഈ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വനവാസത്തിനുപോയ ശ്രീരാമന്‍ മടങ്ങിവരുന്നതും കാത്ത് തപസ്സനുഷ്ഠിക്കുന്ന ഭരതനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. അതുകൊണ്ട് വൈഷ്ണവ ക്ഷേത്രമാണെങ്കിലും ശിവക്ഷേത്രത്തിലെ പോലുള്ള പ്രദക്ഷിണരീതിയാണ് നടത്തുന്നത്. ഉപദേവതാ പ്രതിഷ്ഠ ഇല്ല എന്ന സവിശേഷതയും ക്ഷേത്രത്തിനുണ്ട്. വിഗ്രഹത്തില്‍ കണ്ട മാണിക്യകാന്തി പരീക്ഷിക്കാൻ കായംകുളം രാജധാനിയില്‍ നിന്നും കൊണ്ടു വന്ന മാണിക്യം വിഗ്രഹത്തിനടുത്തുവച്ച് നോക്കിയെന്നും ആ മാണിക്യം വിഗ്രഹത്തില്‍ ലയിച്ചു ചേര്‍ന്നു എന്നുമാണ് ഐതിഹ്യം. ഇതിനുശേഷമാണ് കൂടല്‍മാണിക്യം എന്ന പേരുണ്ടായത്. ഈ ക്ഷേത്രത്തില്‍ പൂജയ്ക്ക് കര്‍പ്പൂരം, ചന്ദനത്തിരി എന്നിവ ഉപയോഗിക്കാറില്ല. കൂടാതെ ദീപാരാധനയും പതിവില്ല. കൂടല്‍മാണിക്യം ഭരതസ്വാമി സന്താനദായകനും രോഗശാന്തിയെ പ്രദാനം ചെയ്യുന്നവനുമാണ്. ആണ്‍കുട്ടിയുണ്ടാകുന്നതിന് കടുംപായസവും പെണ്‍കുട്ടിയുണ്ടാകുന്നതിന് വെള്ള നിവേദ്യവും ക്ഷേത്രത്തില്‍ വഴിപാടായി നടത്തുന്നു. വയറുവേദനയ്ക്ക് വഴുതനങ്ങ നിവേദ്യവും അര്‍ശസ്സിന് നെയ്യാടിസേവയും ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് മീനൂട്ടും ഈ ക്ഷേത്രത്തിലെ സവിശേഷ വഴിപാടുകളാണ്. പുത്തരി നിവേദ്യത്തിന്റെ ഭാഗമായ മുക്കിടി സേവിച്ചാല്‍ ഒരു വര്‍ഷം യാതൊരു രോഗവും ഉണ്ടാകില്ലെന്നാണ് വിശ്വാസം.
തിരുമൂഴിക്കുളം ലക്ഷ്മണസ്വാമി
ആലുവ – മാള വഴിയില്‍ എറണാകുളം ജില്ലയില്‍ മൂഴിക്കുളത്താണ് നൂറ്റിയെട്ട് തിരുപ്പതികളില്‍ ഒന്നായി വൈഷ്ണവ ആചാര്യന്മാരായ ആഴ്വാര്‍മാര്‍ പാടി പുകഴ്ത്തിയ ഈ ക്ഷേത്രം. ശിവന്‍, ഗണപതി, ശ്രീരാമന്‍, സീത, ശാസ്താവ്, ഭഗവതി, ഗോശാലകൃഷ്ണന്‍ എന്നിവരാണ് ഉപദേവതമാര്‍. അനന്താവതാരമായ ലക്ഷ്മണമൂര്‍ത്തിയാണ് ഇവിടെ വസിക്കുന്നതെന്നാണ് ഐതിഹ്യം. അതുകൊണ്ട് ഈ ഗ്രാമത്തില്‍ സര്‍പ്പത്തിന്റെ ഉപദ്രവം ഉണ്ടാകില്ല എന്നും വിശ്വാസമുണ്ട്.
പായമ്മല്‍ ശത്രുഘ്‌നക്ഷേത്രം
കൊടുങ്ങല്ലൂര്‍ – ഇരിങ്ങാലക്കുട റൂട്ടില്‍ വെള്ളാങ്ങല്ലൂര്‍ കവലയില്‍നിന്നും ആറ് കിലോമീറ്റർ അകലെ പൂമംഗലം പഞ്ചായത്തിലാണ് ഈ ക്ഷേത്രം. മഹാവിഷ്ണുവിന്റെ ആയുധമായ സുദര്‍ശന ചക്രത്തിന്റെ അവതാരമാണ് ശത്രുഘ്‌നന്‍ എന്ന് വിശ്വസിക്കപ്പെടുന്നു. ശത്രുദോഷ ശാന്തിക്കും ശ്രേയസ്സിനും സുദര്‍ശന പുഷ്പാഞ്ജലിയും സുദര്‍ശന ചക്ര സമര്‍പ്പണവുമാണ് പ്രധാന വഴിപാടുകള്‍. ആഭിചാരദോഷം, ശത്രുദോഷം, ബാധാദോഷം എന്നിവയില്‍നിന്നും മുക്തി സിദ്ധിക്കുന്നതിനായി ഈ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത് ഉത്തമമാണെന്ന് കരുതപ്പെടുന്നു.
രാമപുരത്തെ നാലമ്പല ദർശനം
കോട്ടയം ജില്ലയിലെ നാലമ്പല യാത്ര പാലയ്ക്കടുത്ത് രാമപുരം ശ്രീ രാമസ്വാമിക്ഷേത്രത്തില്‍ നിന്നാണ് തുടങ്ങുന്നത്. കൂടപ്പുലം ലക്ഷ്മണസ്വാമി ക്ഷേത്രം, അമനകര ഭരതസ്വാമി ക്ഷേത്രം, മേതിരി ശത്രുഘ്‌ന സ്വാമി ക്ഷേത്രം എന്നിവിടങ്ങളിൽ ദര്‍ശനം നടത്തിയശേഷം തിരികെ ശ്രീരാമസ്വാമി ക്ഷേത്രത്തില്‍ എത്തുന്നതോടെ ദര്‍ശനം പൂര്‍ത്തിയാകും. ഒരോ ക്ഷേത്രവും തമ്മിലുള്ള അകലം അര കിലോമീറ്ററായതിനാൽ ഉച്ചയ്ക്ക് മുൻപ് നാലിടത്തും ദർശനം പൂർത്തിയാക്കാം. അമ്പും വില്ലും സമർപ്പണമാണ് ശ്രീരാമസ്വാമി ക്ഷേത്രത്തിലെ സുപ്രധാന വഴിപാട്. ശ്രീ ഭരതന് ശംഖ് ശ്രീ ശത്രുഘ്നസ്വാമിക്ക് ശ്രീചക്രം ശ്രീ ലക്ഷ്മണ സ്വാമിക്ക് ചതുർബാഹു എന്നിവ മറ്റ് ക്ഷേത്രങ്ങളിലെ മുഖ്യ വഴിപാടുകളാണ്. രാവിലെ അഞ്ചു മണി മുതല്‍ ഉച്ചയ്ക്ക് പന്ത്രണ്ട് മണി വരെയും വൈകിട്ട് അഞ്ചു മണി മുതല്‍ ഏഴരവരെയുമാണ് ദര്‍ശനക്രമം. സീതാന്വേഷണത്തിന് പോയ വഴി ശ്രീരാമന്‍ വസിച്ച സ്ഥലമാണത്രെ രാമപുരം. സീതാദേവിയേയും കൂട്ടി ലങ്കയില്‍ നിന്ന് വന്നപ്പോൾ സ്വീകരിക്കാനെത്തിയ ഭരതനാണ് അമനകരയില്‍ വാഴുന്നത്. ഭരതനോടൊപ്പം സ്വീകരിക്കാൻ വന്ന ശത്രുഘ്‌നനാണ് മേതിരിയിലുള്ളത്. ശ്രീരാമന്റെ കൂടെ എപ്പോഴും ഉണ്ടായിരുന്ന ലക്ഷ്മണൻ കുടപ്പുലത്ത് കുടികൊള്ളുന്നു. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കുറിഞ്ഞി, പാലാ എന്നിവടങ്ങളില്‍ നിന്ന് രാമപുരത്ത് എത്തിച്ചേരാം. എം. സി റോഡില്‍ കൂത്താട്ടുകുളത്തു നിന്ന് രാമപുരത്ത് വരാം.
എറണാകുളത്തെ നാലമ്പലങ്ങള്‍
പിറവത്തിനും രാമമംഗലത്തിനും മദ്ധ്യേയുള്ള
മാമലശ്ശേരി ശ്രീരാമക്ഷേത്രം, മേമ്മുറി ഭരതപ്പിള്ളി ശ്രീഭരതസ്വാമി ക്ഷേത്രം, മുളക്കുളം ശ്രീ ലക്ഷ്മണസ്വാമി ക്ഷേത്രം, മാമലശ്ശേരി നെടുങ്ങാട്ട് ശത്രുഘ്‌നസ്വാമി ക്ഷേത്രം എന്നിവയാണ് എറണാകുളത്തെ നാലമ്പലം. വട്ടശ്രീകോവിലില്‍ ചതുര്‍ബാഹുവായ ശ്രീരാമചന്ദ്രൻ മാമലശ്ശേരിയിൽ കിഴക്കുദര്‍ശനമായി കുടികൊള്ളുന്നു. മാരീച നിഗ്രഹം കഴിഞ്ഞ് വന്നപ്പോൾ സീതാപഹരണം അറിഞ്ഞ് വിരഹിയായ ഭാവമാണത്രേ ഇവിടെ രാമന് . രാമബാണമേറ്റ മാരീചൻ മലര്‍ന്നുവീണ സ്ഥലം പറഞ്ഞ് പഴകി മാമലശ്ശേരിയായി മാറി എന്ന് സ്ഥലപുരാണം. ഈ ക്ഷേത്രത്തിന് വടക്കു കിഴക്കായാണ് മേമ്മുറി ഭരതപ്പിള്ളി ശ്രീഭരതസ്വാമി ക്ഷേത്രം. വനവാസത്തിന് തിരിച്ച ശ്രീരാമചന്ദ്രനെ അയോധ്യയിലേക്ക് തിരികെ കൊണ്ടു പോകാൻ സൈന്യ സമ്മേതം ഇറങ്ങിത്തിരിച്ച് വനത്തിൽ കൂട്ടംതെറ്റിപ്പോയ സ്ഥലമാണത്രേ മേമ്മുറി. ഇവിടെ പടിഞ്ഞാറ് ദർശനമായി ഭരതസ്വാമി വാഴുന്നു.
കൂട്ടം തെറ്റി ഒരു നെടിയ കാട്ടിലകപ്പെട്ട ശത്രുഘ്നൻ എന്നു സങ്കല്പത്തിലാണ് നെടുങ്ങാട്ട് ശത്രുഘ്‌നസ്വാമിയെ ആരാധിക്കുന്നത്. ലക്ഷ്മണൻ തിരുമൂഴിക്കുളത്തുനിന്നും ശീവേലി ബിംബത്തില്‍ എഴുന്നള്ളി ശ്രീലകം പൂണ്ട തീര്‍ത്ഥസ്‌നാനം എന്ന സങ്കല്പത്തിലാണ് മുളക്കുളം ശ്രീ ലക്ഷ്മണ സ്വാമി ക്ഷേത്രമുള്ളത്.
മലപ്പുറത്തെ നാലമ്പല ദർശനം
മലപ്പുറത്തിനും 8 കിലോമീറ്റർ കിഴക്കോട്ട് പാലക്കാട്
വഴിയിൽ സഞ്ചരിച്ചാൽ രാമപുരം ശ്രീരാമക്ഷേത്രത്തിൽ
എത്തിച്ചേരാം. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ഈ ക്ഷേത്രത്തിലെ ശ്രീരാമപ്രതിഷ്ഠ രാവിലെ വനവാസത്തിലായ രാമനും വൈകിട്ട് സീതാസമേതനായ രാമനും ആണെന്നാണ് ഐതിഹ്യം. ഈ ക്ഷേത്രത്തിന് സമീപം ഒരു സീതാ ക്ഷേത്രവും ഉണ്ടായിരുന്നതായി കരുതുന്നു. നഷ്ടപ്പെട്ട സീതാ ക്ഷേത്രം വീണ്ടെടുക്കാൻ ശ്രമം നടക്കുന്നു. ഇവിടുത്തെ ഭരത, ലക്ഷ്മണ, ശത്രുഘ്‌ന ക്ഷേത്രങ്ങള്‍ ശ്രീരാമസ്വാമി ക്ഷേത്രത്തിലേക്ക് നോക്കി
സ്ഥിതി ചെയ്യുന്നുവെന്നതാണ് പ്രധാന സവിശേഷത.
നാറാണത്ത് ഗ്രാമ പരിധിയില്‍ നിന്ന് ഒന്നര കിലോമീറ്റര്‍ തെക്കുപടിഞ്ഞാറ് മാറി കരിഞ്ചാപ്പാടിയിലാണ് ഭരത ക്ഷേത്രം. ഈ ക്ഷേത്രം കുറവ പഞ്ചായത്തിലാണ്. മറ്റ് മൂന്ന് ക്ഷേത്രങ്ങളും പുഴക്കോട്ടിരി പഞ്ചായത്തിലാണ്. പെരിന്തല്‍മണ്ണയ്ക്കു പോകും വഴിയില്‍ പനങ്ങാങ്ങര എന്ന സ്ഥലത്തിനടുത്ത് പടിഞ്ഞാറ് ദര്‍ശനമായാണ് ലക്ഷ്മണക്ഷേത്രം. അയോദ്ധ്യാനഗര്‍ എന്ന പേരിലാണ് ഇത് അറിയപ്പെടുന്നത്. വിശ്വാമിത്രനെ സങ്കല്‍പ്പിച്ച് ഇവിടെ നിത്യേന രണ്ടുനേരം വിളക്ക് വയ്ക്കുന്നുണ്ട്. രാമപുരം ക്ഷേത്രത്തിന് പടിഞ്ഞാറ് മാറി കോഴിക്കോട് പോകുന്ന ദേശീയപാതയില്‍ നാറാണത്ത് നിന്ന് നൂറ് മീറ്റര്‍ അകലെയാണ് ശത്രുഘ്‌നക്ഷേത്രം. ചതുര്‍ബാഹുവായ ശത്രുഘ്‌നനാണ് ഇവിടുത്തെ പ്രതിഷ്ഠ.
Story Summary: Significance of Nalabala Dershanam in Karkkadakam Month