നാവാമുകുന്ദ ഹരേ ഗോപാലക സന്താപ നാശഹരേ …
നവയോഗികൾ പ്രതിഷ്ഠ നടത്തിയ ദിവ്യ സന്നിധിയാണ് ഭാരതപ്പുഴയുടെ തീരത്തെ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം. നവയോഗികൾ ഇവിടെ എട്ടുതവണ പ്രതിഷ്ഠ നടത്തിയെങ്കിലും ഒന്നും ഉറച്ചില്ല. അവസാനം ഭഗവാന് പാൽപ്പായസം സമർപ്പിക്കാമെന്ന് നേർന്ന് നടത്തിയ ഒൻപതാമത്തെ പ്രതിഷ്ഠ ഉറച്ചു എന്നാണ് ഐതിഹ്യം. യാഗങ്ങൾ നടത്തി പ്രസിദ്ധരായ, വിഷ്ണുവിന്റെ ദർശനം ലഭിച്ച നവയോഗികൾ ഓരോരുത്തരും സ്വന്തമായി ഓരോ വിഷ്ണുവിഗ്രഹം സൂക്ഷിച്ചിരുന്നു. അവർ ഓരോരുത്തരും ആ വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചു. എന്നാൽ പ്രതിഷ്ഠ കഴിഞ്ഞ ഉടൻ അവയെല്ലാം അന്തർദ്ധാനം ചെയ്തു. കൃത്യമായ ചിട്ടകൾ പാലിക്കാതെ പ്രതിഷ്ഠ നടത്തിയത് കാരണമാണ് അവ മറഞ്ഞതെന്ന് നവയോഗികളിൽ ഒൻപതാമനായ കരഭാജൻ മനസ്സിലാക്കി. അഭിഷേകം, അർച്ചന, നിവേദ്യം, ദീപം തുടങ്ങിയവ പ്രതിഷ്ഠയ്ക്ക് നിർബന്ധമാണ്. തുടർന്ന് കരഭാജൻ തന്റെ വിഗ്രഹം പ്രതിഷ്ഠിച്ചപ്പോൾ നിളയിലെ ജലം കൊണ്ട് അഭിഷേകവും താമരപ്പൂക്കളാൽ അർച്ചനയും നടത്തി പാൽപ്പായസം നേദിച്ച് നെയ് വിളക്ക് തെളിയിച്ചു. അപ്പോൾ പ്രതിഷ്ഠ ഉറച്ചു. അഭിഷേകത്തിനും നിവേദ്യത്തിനും ഇപ്പോഴും ഉപയോഗിക്കുന്നത് ഭാരതപ്പുഴയിലെ ജലമാണ്. ഇവിടെ കുളവും കിണറുമില്ല. താമരമാലയും പാൽപായസവും നെയ് വിളക്കും പ്രധാന വഴിപാടുകളായി മാറി. ക്ഷേത്രത്തിനകത്ത് ഭൂമിക്കിടയിൽ ആദ്യം നടത്തിയ എട്ട് പ്രതിഷ്ഠകളും ഇപ്പോഴും ഉണ്ടെന്നാണ് വിശ്വാസം. അതിനാൽ ആഴ്‌വാഞ്ചേരിതമ്പ്രാക്കളും തിരുനാവായ വാധ്യാനും മറ്റും ഇവിടെ മുട്ടിലിഴഞ്ഞാണ് പ്രദക്ഷിണം പണ്ട് നടത്തിയിരുന്നത് എന്നൊരു കഥയുണ്ട്.
മലപ്പുറം ജില്ലയിലാണ് തിരുനാവായ ക്ഷേത്രം. തിരൂർ റെയിൽവേ സ്‌റ്റേഷനിൽ നിന്ന് 12 കിലോമീറ്റർ ; കുറ്റിപ്പുറം റെയിൽവേ സ്‌റ്റേഷനിൽ നിന്ന് 8 കിലോമീറ്റർ ദൂരം. രാവിലെ 5 മുതൽ 11.30 വരെയും ഉച്ചതിരിഞ്ഞ് 4 മുതൽ രാത്രി 7.30 വരെയുമാണ് ക്ഷേത്രസമയം. കൊടുങ്ങല്ലൂർ ആസ്ഥാനമായി നാടു ഭരിച്ച കുലശേഖര ചക്രവർത്തി കുലശേഖര ആഴ്‌വാരുടെ കാലത്താണ് നവയോഗികൾ പ്രതിഷ്ഠ നടത്തിയത് എന്നാണ് ഐതിഹ്യം. കിഴക്കോട്ട് ദർശനം ക്ഷേത്രം. വിഗ്രഹത്തിന് പീഠമടക്കം നാലടിയോളം ഉയരം. ടിപ്പുവിന്റെ ആക്രമണകാലത്തും 1921 ലെ മാപ്പിള ലഹളക്കാലത്തും ഈ ക്ഷേത്രം തകർക്കപ്പെട്ടിരുന്നു.
ശ്രീകോവിലിന് പിന്നിൽ ഒരു വാതിലുണ്ട്. പടിഞ്ഞാറേ നടയിൽ ശിവവാഹനമായ ഋഷഭമുണ്ട്. ശൈവ – വൈഷ്ണവ സംയോജനത്തിന് ശിവനെ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാൻ ശ്രമങ്ങൾ നടന്നിട്ടുണ്ടെന്ന് സംശയമുണ്ട്. ഇവിടുത്തെ ഉപദേവതയായ മഹാലക്ഷ്മിയുടെ വിഗ്രഹം ഹൈദരാലിയുടെ പടയോട്ടക്കാലത്ത് കൊള്ളയടിച്ച് കൊച്ചിയിൽ കൊണ്ടുപോയി വിറ്റത്രേ. പന്നിയൂരിലെ വെള്ളനമ്പൂതിരി പിന്നീടത് വിലകൊടുത്ത് വാങ്ങി ഇവിടെ കൊണ്ടുവന്ന് പ്രതിഷ്ഠിച്ചതായി ചരിത്രരേഖകളിലുണ്ട്.
ലക്ഷ്മി സമേതനായ നാരായണന്റെ സങ്കല്പമാണ് നാവാമുകുന്ദന്റേത്. ലക്ഷ്മി-നാരായണ സങ്കല്പത്തിലുള്ള പ്രതിഷ്ഠകൾ ധാരാളമുണ്ടെങ്കിലും, ശ്രീമഹാലക്ഷ്മിക്ക് വിഷ്ണുവിന്റെ വാമഭാഗത്ത് പ്രത്യേകം സ്ഥാനവും പൂജയും നടക്കുന്ന പ്രതിഷ്ഠകൾ അപൂർവ്വമാണ്. ഇതിന് പിന്നിൽ നാവാമുകുന്ദന്റെ ഭക്തവാത്സല്യം വെളിപ്പെടുത്തുന്ന ഐതിഹ്യമുണ്ട്. വിഷ്ണുഭക്തനായ ആദിഗണേശൻ ബ്രാഹ്മമുഹൂർത്തത്തിൽ നിളയിൽ സ്നാനം ചെയ്ത്, അടുത്തുള്ള താമരപ്പൊയ്കയിൽ നിന്നും നാവാമുകുന്ദന് ഏറ്റവും പ്രിയപ്പെട്ട താമരപ്പൂക്കൾ പറിച്ചു കൊണ്ടുവന്ന് നിത്യേന മുകുന്ദവിഗ്രഹത്തിൽ അർച്ചന നടത്തിയിരുന്നു. ഒരു അക്ഷയ തൃതീയയ്ക്ക് താമരപ്പൂവിന് ചെന്നപ്പോൾ, മറ്റാരോ പറിച്ചതിനാൽ ആദിഗണേശന് ഒന്നും ലഭിച്ചില്ല. തന്റെ സങ്കടം ഉണർത്തിക്കാൻ ചെന്നപ്പോൾ മുകുന്ദവിഗ്രഹം താമരപ്പൂക്കളാൽ മൂടിയിരിക്കുന്നത് കണ്ടു. തനിക്ക് മുൻപേ ആരോ താമരപ്പൂ പറിച്ച് അർച്ചന നടത്തിയതായി മനസ്സിലാക്കി മുകുന്ദപാദങ്ങളിൽ സാഷ്ടാംഗം പ്രണമിച്ചു. തന്റെ വിഷമം പരിഹരിക്കണം എന്ന് പ്രാർത്ഥിച്ചപ്പോൾ നാവാമുകുന്ദൻ പ്രത്യക്ഷനായി പറഞ്ഞു: ശ്രീമഹാലഷ്മിയാണ് ആദിഗണേശൻ ഉറക്കം എഴുന്നേൽക്കുന്നതിന് മുമ്പ് താമരപ്പൂക്കൾ ശേഖരിച്ച് അർപ്പിച്ചത്. തനിക്ക് ഭക്തരോടുള്ള അമിത സ്നേഹം കണ്ട് അസൂയ പൂണ്ടാണ് ദേവി അങ്ങനെ ചെയ്തത് എന്നും ഭഗവാൻ അരുളിച്ചെയ്തു. നാവാമുകുന്ദാർച്ചന നടത്താൻ താമരപ്പൂക്കൾ ലഭിക്കാതെ വരരുതേ എന്ന ആദിഗണേശന്റെ പ്രാർത്ഥനയും ഭഗവാൻ സ്വീകരിച്ചു. ഇനിമേലിൽ ശ്രീഗണേശന് നിർവിഘ്നം താമരപ്പൂക്കൾ ലഭിക്കുമെന്നനുഗ്രഹിച്ച് ശ്രീ മഹാലക്ഷ്മിയെ തന്റെ വാമഭാഗത്ത് കുടിയിരുത്തി എന്നാണ് സങ്കല്പം. സാധാരണ ലക്ഷ്മീനാരായണസങ്കല്പത്തിൽ ദേവി അദൃശ്യ സാന്നിദ്ധ്യം ആയിരിക്കും. അല്ലെങ്കിൽ പ്രധാന ശ്രീകോവിലിൽത്തന്നെ ഭഗവാനോടൊപ്പം ഇടതുഭാഗത്ത് വാഴുന്നുണ്ടാകും. എന്നാൽ ഇവിടെ, ദേവിക്ക് പ്രത്യേകം ശ്രീകോവിലുണ്ട്. നാലമ്പലത്തിനകത്ത് വടക്കുപടിഞ്ഞാറുഭാഗത്ത് കിഴക്ക് ദർശനമായാണ് ദേവീ പ്രതിഷ്ഠ. രണ്ടു കൈകളേയുള്ളൂ. വരദാഭയ മുദ്രകളാണ് രണ്ടിലും. ഇവിടെ വിഷ്ണുവിനെ പിതാവായും ലക്ഷ്മീദേവിയെ മാതാവായും ഗജേന്ദ്രനെ മകനായുമാണ് കരുതുന്നത്. ഗജേന്ദ്രനെക്കൊണ്ട് താമരപ്പൂക്കൾ അർപ്പിക്കാൻ സമ്മതിക്കാത്ത ലക്ഷ്മീ ദേവിയെ മലർമങ്കൈ നാച്ചിയാർ എന്നും പറയുന്നു. ആദി ഗണപതിക്ക് പുറമെ അയ്യപ്പനും ഇവിടെ ഉപദേവതയാണ്.
പിതൃകർമ്മത്തിനും പ്രസിദ്ധമായ ക്ഷേത്രമാണിത്. പരശുരാമൻ 21വട്ടം ക്ഷത്രിയ നിഗ്രഹം നടത്തി തന്റെ നരഹത്യാപാപം തീർക്കാനും മരിച്ച ആത്മാക്കൾക്ക് മോക്ഷം നൽകാനുമായി നിളാതീരത്ത് ബലിതർപ്പണം നടത്തി നാവാമുകുന്ദനെ ദർശിച്ചുവെന്ന് ഐതിഹ്യം. ശ്രീരാമൻ കർക്കടക അമാവാസി നാളിൽ പുണ്യനിളയിൽ വ്രതശുദ്ധിയോടെ തർപ്പണം നടത്തുകയും, ഗതികിട്ടാതെ അലഞ്ഞ ആത്മാക്കൾക്ക് മോക്ഷ സായൂജ്യമേകുകയും ചെയ്തുവത്രെ. അന്നുമുതലാണ് ഇവിടെ ബലിതർപ്പണ കർമ്മങ്ങൾക്ക് പ്രസിദ്ധമായത് എന്നു വിശ്വസിക്കുന്നു. നിത്യവും ഇവിടെ തർപ്പണമുണ്ടെങ്കിലും കർക്കടകത്തിലെ കറുത്ത വാവിനാണ് കൂടുതൽ പ്രാധാന്യം. കാശി പോലെ ദിവ്യമത്രേ ഇവിടം. ക്ഷേത്രത്തിന്റെ മറുകരയിൽ ചെറു തിരുന്നാവായ ബ്രഹ്മ – ശിവ ക്ഷേത്രം ഉള്ളതിനാൽ ഇത് ത്രിമൂർത്തി സംഗമമായി കണക്കാക്കുന്നു. ഇവിടെ പിതൃകർമ്മം നടത്താൻ ക്ഷേത്രത്തിൽ നിന്നും ടിക്കറ്റെടുക്കണം. കർമ്മത്തിന് വേണ്ട സാമഗ്രികൾ ക്ഷേത്രത്തിൽ നിന്നും ലഭിക്കും. ദർശനത്തിന് എത്തുന്ന പുരുഷന്മാർ പാന്റ്സ് ധരിക്കരുത്; മേൽവസ്ത്രം ഊരി മുണ്ട് ഉടുത്താൽ മാത്രമേ നാവാമുകുന്ദ ദർശനം അനുവദിക്കൂ. കളഭാഭിഷേകമാണ് പ്രധാന വഴിപാട്. സുഖമരണത്തിന് ക്ഷേത്രത്തിൽ താമരമാല വഴിപാടുണ്ട്.
വിഷുസംക്രമനാളിലാണ് ഇവിടെ ഉത്സവത്തിന് കൊടിയേറ്റം. 108 വൈഷ്ണവ തിരുപ്പതികളിൽ ഒന്നാണ് തിരുനാവായ. തമിഴ് വൈഷ്ണവ സന്ന്യാസിമാർ രചിച്ച കീർത്തനങ്ങളുടെ സമാഹാരമായ ദിവ്യ പ്രബന്ധം എന്ന ഗ്രന്ഥത്തിൽ പരാമർശിക്കുന്ന ക്ഷേത്രങ്ങളാണ് വൈഷ്ണവ തിരുപ്പതികൾ. കേരളത്തിൽ ഇപ്പോൾ 11 വൈഷ്ണവ തിരുപ്പതികളാണുള്ളത്. അതിൽ വടക്കേയറ്റത്തെ ക്ഷേത്രം നാവാമുകുന്ദക്ഷേത്രമാണ്. മലർമങ്കൈ സമേതനായ നാവാമുകുന്ദ പെരുമാൾ എന്നാണ് ദിവ്യപ്രബന്ധത്തിൽ ഇവിടത്തെ മൂർത്തിയെ പ്രകീർത്തിക്കുന്നത്. കേരളത്തിൽ രക്ഷാപുരുഷനെ അവരോധിക്കാൻ മാമാങ്കമേള നടത്തിയിരുന്ന ക്ഷേത്രം എന്നനിലയിൽ കേരളചരിത്രത്തിൽ പ്രസിദ്ധമാണ് ഇവിടം. 12 കൊല്ലത്തിൽ ഒരിക്കലാണ് ഈ മേള നടത്തിയിരുന്നത്.
ആദ്യം പന്നിയൂർഗ്രാമത്തിലെ കാലടിനമ്പൂതിരിയുടെ ക്ഷേത്രമായിരുന്നു ഇത്. പിന്നീട് കിഴക്കുമ്പാട്ട് പടിഞ്ഞാറുമ്പാട്ട് നമ്പൂതിരിമാരായിരുന്നു ഊരാളന്മാർ. ഇതിൽ ഒരില്ലം അന്യം നിന്നു. ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന്റെ ക്ഷേത്രമാണ്.
Story Summary: Thirunavaya Nava Mukunda Temple One of The 108 Divya Desams