Saturday, 23 Nov 2024

നിങ്ങളുടെ സ്വഭാവം ഇങ്ങനെയാണോ? 27 നക്ഷത്രങ്ങളുടെയും പ്രത്യേകതകൾ

ജനനസമയത്തെ ഗ്രഹനിലയിൽ ചന്ദ്രൻ നിൽക്കുന്ന നക്ഷത്രമാണ് നമ്മുടെ ജന്മനക്ഷത്രം. അതിനാൽ 27 നക്ഷത്രങ്ങളിൽ ഏതെങ്കിലും ഒന്നിലാകും നമ്മൾ ഓരോരുത്തരും ജനിക്കുക. ഒരോ നക്ഷത്രത്തിനും ധാരാളം പ്രത്യേകതകളുണ്ട്. ആണായാലും പെണ്ണായാലും ഈ പ്രത്യേകതകൾ അവരെ ജീവിതകാലം മുഴുവൻ അതായത് മരണം വരെ പിൻതുടരും. ഈ 27 നക്ഷത്രങ്ങളുടെയും ചില പ്രത്യേകതകൾ നമുക്ക് നോക്കാം.

അശ്വതി
അപാരമായ ഊർജ്ജസ്വലത ഉള്ളവരാണ്. വൃത്തിയും ശുദ്ധിയും അടുക്കും ചിട്ടയും ഇവർക്ക് നിർബന്ധമാണ്. ചിലർക്ക് ഇത് അതിരു കടക്കും. അതിന്റെ ദോഷം അവർ അനുഭവിക്കും. എപ്പോഴും തൂത്തും തുടച്ചും കഴിയും. വിഷമങ്ങൾ പുറത്തു കാട്ടില്ല. അഭിമാനികളാണ്. വിശപ്പും ദാഹവും സഹിക്കില്ല. ലക്ഷ്യം നേടാൻ കിണഞ്ഞ് ശ്രമിക്കും.

ഭരണി
തികച്ചും കർമ്മനിരതർ ആയിരിക്കും. തൊഴിലിൽ മാത്രമാകും ശ്രദ്ധ. ക്രൂരഹൃദയരാണ്. നന്ദികേട് കാട്ടും. അഭിപ്രായം തുറന്നുപറയും. അതിൽ സ്ഥിരത കാട്ടും. ഒരു വ്യക്തിയെയും ഇവർ തൃപ്തിപ്പെടുത്തില്ല. സ്വാർത്ഥരാണ്. കിംവദന്തികൾ പ്രചരിപ്പിക്കുന്നതിൽ സമർത്ഥരാണ്. ജലഭയം ഉള്ളവരാണ്.

കാർത്തിക
ഫലിതപ്രിയരാണ്. നർമ്മ ബോധത്തിൽ ലേശം പരിഹാസവും കലർത്താൻ സമർത്ഥരാണ്. ഇത് കാരണം മറ്റുള്ളവരുടെ ക്ഷോഭം ക്ഷണിച്ചു വരുത്തും. ജീവിതത്തിൽ ആരുമായും സൗഹാർദ്ദപരമായ ബന്ധമുണ്ടാകില്ല. ബന്ധുക്കളോടും സുഹൃത്തുക്കളോടും ഒരു ആത്മാർത്ഥതയും കാട്ടില്ല.

രോഹിണി
ഈശ്വരീയവും മതപരവുമായ കാര്യങ്ങളിൽ ശ്രദ്ധിക്കും. ചിലർ അതുവഴി ജീവിക്കും. മറ്റുള്ളവരെ വിമർശിക്കുന്നതിൽ ഒരു ഉപേക്ഷയും കാട്ടില്ല, പ്രത്യേകിച്ച് തന്നെക്കാൾ താഴെയുള്ളവരെ. പൊങ്ങച്ചക്കാരാണ്. സ്വന്തം പ്രതാപവും പണവും പ്രദർശിപ്പിച്ച് സമൂഹത്തിൽ കേമന്മാരാകും.

മകയിരം
ആരും ഇവരെ ഇഷ്ടപ്പെടും. സ്വഭാവശുദ്ധിയും സൗന്ദര്യവുമുണ്ടാകും. എപ്പോഴും വ്യക്തിപരമായ ക്ലേശങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും വിഷമിപ്പിക്കും. ആധിയൊഴിഞ്ഞൊരു നേരം കാണില്ല. സാമ്പത്തിക ബുദ്ധിമുട്ടും മന:പ്രയാസങ്ങളും പുറത്തു കാട്ടില്ല. അത് പരസ്യമായി പ്രകടിപ്പിക്കുകയുമില്ല.

തിരുവാതിര
ചുറ്റുമുള്ളവരുമായൊന്നും അടുക്കില്ല. എല്ലാവരിൽ നിന്നും ഒരു അകലം പാലിക്കും. ആരോടും മനസ് തുറക്കില്ല. നിലപാടുകളിലും സ്വഭാവത്തിലും ജീവിതത്തിലും യാതൊരു തരത്തിലെ വിട്ടുവീഴ്ചയും കാട്ടില്ല. പണത്തെക്കുറിച്ചും സ്വത്തിനെക്കുറിച്ചും ഒരിക്കിലും ചിന്തിക്കില്ല. ഇതുകാരണവും കുടുംബത്തിൽ പോലും ഒറ്റപ്പെടും.

പുണർതം
ധാരാളം സുഹൃത്തുക്കൾ കാണും. വിശേഷ ഗുണങ്ങൾ പ്രദർശിപ്പിക്കും. അറിവ് വർദ്ധിപ്പിക്കുന്നതിന് ശ്രമിച്ചു കൊണ്ടിരിക്കും. ഏത് പ്രതികൂല സാഹചര്യത്തിൽ നിന്നും ഉയർത്തെഴുന്നേൽക്കും. അതിവേഗം ആരുടെയും വിശ്വാസം നേടിയെടുക്കുന്നതും അമിത സൗഹൃദവും കാരണം എന്തു കാര്യവും പെട്ടെന്ന് നടത്തും. എന്നാൽ പങ്കാളിത്ത വ്യാപാരസംരംഭങ്ങളിൽ ഇവർ ശോഭിക്കില്ല.

പൂയം
രക്ഷിതാക്കളോട് അമിതമായ വിധേയത്വം കാട്ടും. തികഞ്ഞ ഈശ്വരവിശ്വാസികളായിരിക്കും. നിയമങ്ങളും മാമൂലുകളും തെറ്റിച്ച് ജീവിക്കുന്നവരെ വെറുക്കും. നിയമത്തിലും സമൂഹത്തിനുമെല്ലാം തങ്ങൾ അതീതരാണെന്ന് ഭാവിക്കുന്നവരുമായി ഒട്ടും പൊരുത്തപ്പെടില്ല.

ആയില്യം
വെറുതെ അലഞ്ഞു തിരിയും. സുഹൃത്തുക്കൾക്കും കുടുംബത്തിനും വേണ്ടി അനാവശ്യമായി യാത്രകൾ ചെയ്യും. ചിലർ സ്വതേ കുബുദ്ധികളായിരിക്കും. ദുഷ്ടലാക്കോടെയും സ്വാർത്ഥ താത്പര്യങ്ങൾക്കും വേണ്ടി സ്വത്ത് മുടിക്കാതെ നോക്കണം.

മകം
ഈശ്വരവിശ്വാസികളും ദൈവഭയം ഉള്ളവരുമാണ്. നാളെയെക്കുറിച്ച് ആശങ്കപ്പെടില്ല. ജീവിതം ഇന്നത്തേക്കുള്ളതാണ് എന്ന് വിശ്വസിച്ച് പ്രവർത്തിക്കും. നല്ല മനസുള്ളവരാണ്. മറ്റുള്ളവരുടെ പണത്തിന് ആഗ്രഹിക്കുന്നില്ല. വൈകാരികമായി ആരെയും ചതിക്കില്ല. ആർക്കും പ്രതീക്ഷയും കൊടുക്കില്ല. എന്തിനും എപ്പോഴും ആരുടെയെങ്കിലും സഹായം വേണം. സ്വതന്ത്രമായി എന്തെങ്കിലും ചെയ്താൽ പരാജയപ്പെടും.

പൂരം
കൗശലക്കാരാണ്. എന്നാൽ കുബുദ്ധികളല്ല. പരുഷമായി പെരുമാറും. അവിഹിതമായ ഒന്നിനും കൂട്ടുനിൽക്കില്ല. സദാചാര തത്പരരാണ്. ഇവർക്ക് ഒറ്റ തീരുമാനമേ ഉണ്ടാകൂ. അവിശ്വസനീയമായ തരത്തിൽ സത്യസന്ധരായിരിക്കും. സന്താനങ്ങളെ അമിതമായി സ്നേഹിക്കും. എന്തിലും എവിടെയും ശോഭിക്കും.

ഉത്രം
കർമ്മരംഗത്ത് തിളങ്ങും. വിദഗ്ദ്ധതൊഴിലുകളിൽ സമർത്ഥരാകും. കാരുണ്യവും ദയവായ്പും ഇവരുടെ കൂടെപ്പിറപ്പാണ്. സാമൂഹ്യക്ഷേമപ്രവർത്തനങ്ങളിലൂടെ പേരും പ്രശസ്തിയും നേടും. പൊതുജനങ്ങളുമായി ധാരാളം ഇടപെടും.

അത്തം
എന്തിനെയും വിമർശനബുദ്ധിയോടെ സമീപിക്കും. കളത്രത്തിന്റെ നിയന്ത്രണത്തിനപ്പുറം പോകില്ല. താൻ പോരിമയും ഗർവും കാട്ടും. സാഹചര്യത്തിന് ഒപ്പം നിൽക്കും. ഭാഗ്യം കൊണ്ട് പല വിഷമങ്ങളും പരിഹരിക്കും. മതപരമായ വിഷയങ്ങളിൽ താത്പര്യം കാട്ടും. വിജ്ഞാനസമ്പാദനത്തിൽ താത്പരരാണ്. പഠനത്തിൽ മികവു കാട്ടും. ധാരാളം യാത്ര ചെയ്യും.

ചിത്തിര
ശത്രുക്കളോട് ധീരമായി പൊരുതി നിൽക്കും. സ്വന്തം താത്പര്യങ്ങൾ എന്ത് , എങ്ങനെ എവിടെ ചെയ്യണമെന്ന് നല്ല നിശ്ചയമുള്ളവരാണ്. മിക്കവരും ഉപരിപഠനം നേടും. ജീവിതം മുഴുവൻ വിജ്ഞാന സമ്പാദനത്തിന് ശ്രമിക്കും. രോഗാരിഷ്ടതകൾ ബുദ്ധിമുട്ടിക്കും. ഗൃഹ സൗഖ്യം കുറയും. ഉദ്യോഗം കൊണ്ട് ജീവിക്കാം.

ചോതി
അപാരമായ ഊർജ്ജശേഷിയുള്ളവരാണ്. ചുറ്റുമുള്ളവർ ഇവരെ ശരിയായി ഉപയോഗിച്ചില്ലെങ്കിൽ നശീകരണ സ്വഭാവം കാട്ടും. വേണ്ടാത്ത കാര്യങ്ങളിൽ ഇടിച്ചുകയറി കുഴപ്പത്തിലാകും. മാറ്റങ്ങൾക്കൊത്ത് നിൽക്കാൻ കഴിഞ്ഞില്ലെങ്കിൽ ജീവിതം ദുഷ്‌കരമാകും.

വിശാഖം
ദീർഘകാല ഫലങ്ങളിൽ കണ്ണ് വച്ച് പ്രവർത്തിക്കും. ജീവിതത്തിലെ ചെറിയ കുഴപ്പങ്ങളൊന്നും വകവയ്ക്കില്ല. പുറമെ പ്രകടിപ്പില്ലെങ്കിലും മറ്റുള്ളവരുടെ നേട്ടങ്ങളിൽ അസൂയാലുക്കളാണ്. കൂടുതൽ ആളുകളുമായി ഇടപഴകുന്നത് ഇഷ്ടമല്ല. അതുകാരണം എപ്പോഴും അസംതൃപ്തരായിരിക്കും.

അനിഴം
ചലഞ്ചലഹൃദയരാണ്. അഭിപ്രായസ്ഥിരത ഇല്ലാത്തതു കാരണം ജീവിതത്തിൽ പലതരം തടസങ്ങൾ ഉണ്ടാകും. ഇത് ബുദ്ധിമുട്ടിക്കും. രക്ഷിതാക്കളുമായി അത്ര നല്ല ബന്ധം കാണില്ല. ആഹാരരീതി സൂക്ഷിച്ചില്ലെങ്കിൽ ആരോഗ്യപ്രശ്‌നങ്ങൾ നേരിടും.

തൃക്കേട്ട
മികച്ച കായികശേഷിയുള്ളവരാണ്. നല്ല ശാരീരിക ഭംഗിയുമുണ്ടാകും. എന്തില്ലെങ്കിലും ഉറച്ചു നിൽക്കുന്നത് ഇഷ്ടമല്ല. ജോലിയിൽ ശോഭിക്കും. ജോലി മാറിക്കൊണ്ടിരിക്കുന്നതിൽ തത്പരരാണ്. പരുഷമായി പെരുമാറുെങ്കിലും ലോല ഹൃദയരാണ്. ആത്മാർത്ഥതയും സത്യസന്ധതയും കൂടുതലാണ്. സ്വജനങ്ങളെ സഹായിക്കുന്നതിന് ഒരു മടിയും കാട്ടില്ല.

മൂലം
സാമ്പത്തികമായി വിജയിക്കും. സുഖസൗകര്യങ്ങൾ നിറഞ്ഞ ജീവിതം നയിക്കും. ശാന്തമായി ജീവിക്കുവാൻ ഇഷ്ടപ്പെടുന്നവരാണ്. എന്നാൽ ആരെങ്കിലും ജീവിതത്തിൽ കയറി.കളിച്ചാൽ കോപാകുലരാകും.

പൂരാടം
തർക്കവിതർക്കങ്ങളിൽ താത്പര്യം കാട്ടും. തന്റെ ബുദ്ധിശക്തി തക്കത്തിലൂടെ മറ്റുള്ളവരെ ബോധിപ്പിക്കാൻ ശ്രമിക്കും. എന്നാൽ വാദമുഖങ്ങൾ യുക്തിപരമായി സ്ഥാപിക്കുന്നതിൽ പരാജയപ്പെടും.

ഉത്രാടം
അദ്ധ്വാനശീലരാണ്. എന്നാൽ ജോലിയിൽ താത്പര്യം നഷ്ടമായാണ് അലസരായി മാറും. തുടങ്ങി വച്ചത് പൂർത്തിയാക്കുക പോലുമില്ല. മറ്റുള്ളവരെ ആരെയും അത്രവേഗം വിശ്വസിക്കില്ല.

തിരുവോണം
ക്ഷമയും അറിവും ഇവരുടെ കൂടെപ്പിറപ്പാണ്. മറ്റുള്ളവരെക്കാളെല്ലാം മുകളിലാണ് താൻ എന്ന ചിന്ത കാണും. ഈ മേധാശക്തി കാരണം സഹായിക്കുന്നവരുടെയെല്ലാം വിശ്വാസവും ആദരവും നേടും. ശത്രുക്കളെയെല്ലാം നശിപ്പിക്കും. ആത്മീയമായ ജ്ഞാനമുണ്ടാകും.

അവിട്ടം
പെട്ടെന്ന് കോപിക്കും. എതിരാളികളെ സകലശേഷിയും ഉപയോഗിച്ച് തകർത്ത് തരിപ്പണമാക്കും. വിവാഹം താമസിച്ചേ നടക്കൂ. അഥവാ നേരത്തേ നടന്നാൽ അസംതൃപ്ത ദാമ്പത്യമായിത്തീരും. കുടുംബ
സ്നേഹികളാണ്.

ചതയം
വളരെ ലളിതജീവിതം നയിക്കും. ആദർശാത്മകതയും നേരും നേറിയും ഇവരുടെ പ്രത്യേകതയാണ്. ധൈര്യശാലികളാണ്. സ്വന്തം ജീവിതത്തിൽ കേന്ദ്രീകരിച്ച് കഴിയും. ലോകത്തെക്കുറിച്ചൊന്നും അങ്ങനെ ഉത്കണ്ഠപ്പെടില്ല.

പൂരുരുട്ടാതി
വലിയ കാര്യങ്ങൾക്കുവേണ്ടി ബലിയാടാകാൻ
മടിക്കില്ല. തികഞ്ഞ പ്രയോഗികമതികളാണ്. ഏത് സാഹചര്യവുമായും പൊരുത്തപ്പെടും. അത്മാഭിമാനം
വിട്ട് ഒരിടത്തും നിൽക്കില്ല. മാതാപിതാക്കളുടെ പിൻതുണ എപ്പോഴുമുണ്ടാകും.

ഉത്തൃട്ടാതി
വിജ്ഞാനത്തിന്റെ കരുത്തിനെക്കുറിച്ച് നല്ല ബോധമുള്ളവരാണ്. അതുകൊണ്ടുതന്നെ വിജ്ഞാനസമ്പാദനത്തിന് ശ്രമിക്കും. ജന്മദേശം വിട്ടു പോകും. ഇഷ്ടപ്പെടുന്നവർക്കു വേണ്ടി എന്തു ത്യാഗത്തിനും മുതിരും.

രേവതി
പെട്ടെന്ന് ക്ഷോഭിക്കും. കടുംപിടുത്തക്കാരാണ്.
പുറത്ത് പ്രകടിപ്പിച്ചില്ലെങ്കിലും ദൈവഭയമുള്ളവരാണ്. മറ്റുള്ളവർക്കു വേണ്ടി അമിതഭാരം ചുമക്കും. ഇത്
ചിലപ്പോൾ ഇവരുടെ ആരോഗ്യത്തെപ്പോലും പ്രതികൂലമായി ബാധിക്കും. സ്നേഹ ബഹുമാനദികൾ നേടും. നിശ്ചയദാർഢ്യം വളരെ കൂടുതലാണ്

error: Content is protected !!
Exit mobile version