Saturday, 23 Nov 2024

നിത്യവും ഭാഗ്യസൂക്തം ജപിച്ചോളൂ ഭാഗ്യവും ധനവും തേടിവരും

തന്ത്രരത്നം പുതുമന മഹേശ്വരന്‍ നമ്പൂതിരി

എന്തെല്ലാം ഉണ്ടെങ്കിലും ഭാഗ്യമില്ലെങ്കിൽ അതുകൊണ്ട്
ഒരു പ്രയോജനവും ലഭിക്കില്ല. ധനധാന്യ സമൃദ്ധിയും
സൗന്ദര്യവും ഐശ്വര്യവും കൊണ്ടൊന്നും ഒരു ഗുണവും ഉണ്ടാകില്ല; അനുഭവയോഗം കാണില്ല. എന്നാൽ ഭാഗ്യത്തിന്റെ ആനുകൂല്യമുണ്ടെങ്കിലോ പ്രതിസന്ധികൾ
നിഷ്‌പ്രയാസം അതിജീവിക്കാൻ കഴിയും. കടുത്ത ജീവിത
ക്ലേശങ്ങളും രോഗദുരിതങ്ങളും അനായാസം മറികടന്നു
പോകാനാകും. ഈശ്വരവിശ്വാസികൾക്ക് ഇതിനായി
അവലംബിക്കാവുന്ന ഒരു മാർഗ്ഗമാണ് ഭാഗ്യസൂക്ത ജപം.

തടസങ്ങള്‍ അകറ്റി ഭാഗ്യാനുഭവസിദ്ധിയും ഐശ്വര്യവും
ധനസമൃദ്ധിയും ദേവപ്രീതിയും ആർജ്ജിക്കുന്നതിനാണ്
ഭാഗ്യസൂക്തം ജപിക്കുന്നത്. ക്ഷേത്രങ്ങളിൽ നിത്യേന
പുഷ്പാഞ്ജലി നടത്താനും ഭക്തർ വഴിപാടുകൾക്കായും വിശേഷാൽ ജപത്തിനും ഭാഗ്യസൂക്തം ഉപയോഗിക്കുന്നു. ശിവനെയും വിഷ്ണുവിനെയും ദുർഗ്ഗാ ദേവിയെയുമെല്ലാം സേവിക്കുന്നതിന് സൂക്തങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ഭാഗ്യസൂക്തം ഉചിതമാണ്. ഇത് ജപിച്ചാൽ ഭാഗ്യം നിങ്ങളെ തേടിവരും. അഭീഷ്ടസിദ്ധി, രോഗശാന്തി, ദോഷശാന്തി, ഐശ്വര്യപ്രാപ്തി, സന്താനഭാഗ്യം, സാമ്പത്തിക ഭദ്രത, വിശേഷമായ ഭാഗ്യാനുഭവങ്ങൾ എന്നിവയെല്ലാം ലഭിക്കും. ഇതിലെല്ലാമുപരി നല്ല വ്യക്തികളാകാൻ സഹായിക്കുന്ന
സത്സംഗം, സംസ്‌കാരം എന്നിവ കൈവരിക്കാനാകും.

ഋഗ്വേദത്തിലെ ഏഴു ഋക്കുകൾ അഥവാ മന്ത്രങ്ങളാണ്
ഭാഗ്യസൂക്തം. ഇതിലെ ആദ്യ മന്ത്രത്തില്‍ അഗ്‌നിയെയും ദേവരാജനായ ഇന്ദ്രനെയും രാപകലുകളുടെ അധിപനായ മിത്ര വരുണന്മാരെയും ദേവവൈദ്യന്മാരായ അശ്വനി ദേവകളെയും പൂഷാവിനെയും ബ്രാഹ്മണസ്പതിയെയും നമിക്കുന്നു. മറ്റ് 6 മന്ത്രങ്ങളിൽ കശ്യപ മഹർഷിയുടെയും അദിതിയുടെയും പുത്രനും സദ്ഗുണങ്ങളുടെ ദേവനുമായ ഭഗനെ പ്രകീർത്തിക്കുന്നു. ജാതകത്തില്‍ ഒന്‍പതാം ഭാവമാണു ഭാഗ്യാധിപനെ സൂചിപ്പിക്കുന്നത്.

ഭാഗ്യാധിപന് മൗഢ്യമുളളവരും പാപയോഗമുളളവരും ദോഷകാഠിന്യം കുറയ്ക്കാന്‍ ഭാഗ്യസൂക്താര്‍ച്ചന നടത്തണം. ഇവർ ഇഷ്ടദേവതയെ ധ്യാനിച്ച് പതിവായി ഭാഗ്യസൂക്തം ജപിക്കുന്നത് ഉത്തമമാണ്. ക്ഷേത്രത്തിൽ പേരും നാളും പറഞ്ഞ് ഭാഗ്യസൂക്തം അർച്ചന നടത്തുന്നത് പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അഭീഷ്ടസിദ്ധിക്കും ഉത്തമമാണ്. അർത്ഥം അറിഞ്ഞ് സ്വയം ജപിക്കാം.
ഗുരുപദേശം ഉണ്ടായാല്‍ നന്ന്. ദിവസവും രാവിലെ കുളിച്ച് ശുദ്ധിയുള്ള വസ്ത്രം ധരിച്ച് വിളക്കു കൊളുത്തി ഇഷ്ടദേവതയെ ധ്യാനിച്ച് കിഴക്ക് ദര്‍ശനമായി ഇരുന്ന് ജപിക്കണം. ഈ ജപത്തിനൊപ്പം മറ്റ് ഇഷ്ടമുള്ള മന്ത്രങ്ങളും ജപിക്കാം; തടസ്സമില്ല. ഈ സൂക്തത്തിന്റെ ദേവത ഏതെങ്കിലും ഒരു മൂർത്തിയല്ല. ഒരു സമൂഹം ദേവതകളെയാണ് സ്തുതിക്കുന്നത്.

ഭാഗ്യസൂക്തം

ഓം പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ
പ്രാതര്‍മ്മിത്രാ വരുണാ പ്രാതരശ്വിനാ.
പ്രാതര്‍ഭഗം പൂഷണം ബ്രഹ്മണസ്പതിം
പ്രാതസ്സോമമുത രുദ്രം ഹുവേമ.

( പ്രഭാതത്തിൽ അഗ്നി, ഇന്ദ്രൻ, മിത്രവരുണന്മാർ, അശ്വനിദേവന്മാർ, പുഷൻ, ബ്രാഹ്മണസ്പതി, സോമൻ, രുദ്രൻ എന്നീ ദേവന്മാരെ സ്തുതിക്കുന്നു)

പ്രാതര്‍ജ്ജിതം ഭഗമുഗ്രം ഹുവേമ വയം പുത്രമദിതേര്യോ വിധര്‍ത്താ. ആദ്ധ്രശ്ചിദ്യം മന്യമാനസ്തുരശ്ചിദ്രാജാ ചിദ്യം ഭക്ഷീത്യാഹ.

( ധനികനും പാവപ്പെട്ടവനും രാജാവും പോലും പ്രാർത്ഥിക്കുന്ന അദിതിയുടെ പുത്രനായ ഭഗനെ നമിക്കുന്നു. ഞങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും നൽകിയാലും)

ഭഗ പ്രണേതര്‍ഭഗ സത്യരാധോ ഭഗേ മാംധിയ
മുദവാദദന്നഃ ഭഗ പ്രണോ ജനയ ഗോഭിരശ്വൈര്‍ ഭഗ പ്രനൃഭിന്നൃവന്ത: സ്യാമ.

(എല്ലാ ഐശ്വര്യങ്ങളുടെയും മൂർത്തിയായ ദേവാ, ഞങ്ങൾക്കു സത്യധർമ്മത്തിലൂടെ മാത്രം ജീവിക്കാൻ തെളിഞ്ഞ ബുദ്ധി നൽകി അനുഗ്രഹിക്കൂ, അങ്ങയുടെ അനുഗ്രഹത്താൽ ഉത്തമ മനുഷ്യനായിത്തീരണമേ )

ഉതേദാനീം ഭഗവന്ത: സ്യാമോത പ്രപിത്വ ഉത മദ്ധ്യേ അഹ്നാം. ഉതോദിതാ മഘവന്ഥ് സൂര്യസ്യ വയം
ദേവാനാം സുമതൌ സ്യാമ.

( ഈശ്വരാനുഗ്രഹത്താൽ സകല ഐശ്വര്യവും ഉയർച്ചയും ഉണ്ടാകണമേ. ദിനം മുഴുവൻ ഉത്തമ പ്രവൃത്തിയിൽ ഏർപ്പെടാനും നല്ലവരുമായി ഇടപഴകാനും കഴിയേണമേ )

ഭഗ ഏവ ഭഗവാ അസ്തു ദേവാ സ്‌തേന വയം
ഭഗവന്ത: സ്യാമ. തം ത്വാ ഭഗ സര്‍വ്വ ഇജ്ജോഹവീതി സനോ ഭഗ പുര ഏതാ ഭവേഹ.

(ഭഗവാനേ കുടുംബത്തിൽ ഐശ്വര്യം നിലനിർത്തണമേ. എപ്പോഴും ഞങ്ങളെ അനുഗ്രഹിച്ചാലും )

സമധ്വരായോഷ സോനമന്ത ദധിക്രാ വേവ
ശുചയേ പദായ. അര്‍വ്വാചീനം വ സുവിദം ഭഗം
നോ രഥമി വാശ്വാ വാജിന ആവഹന്തു.

( പവിത്രമായ ദധിക്രാ വനത്തിൽ കുതിരകൾ എത്ര ശക്തിയോടെയാണോ രഥം വലിക്കുന്നത് അതേ ശക്തിയോടെ അങ്ങനെ നമിക്കുന്നു. )

അശ്വാവതീര്‍ഗ്ഗോമതീര്‍ന്ന ഉഷാസോ വീരവതീ:
സ ദമുച്ഛന്തു ഭദ്രാഃ ഘൃതന്ദുഹാനാ വിശ്വത: പ്രപീതാ യൂയം
പാത സ്വസ്തിഭി: സദാ ന:

( എന്നും പ്രഭാതത്തിൽ എല്ലാവർക്കും ഐശ്വര്യവും സമ്പത്തും ജീവിത വിജയവും ലഭിക്കുവാൻ അനുഗ്രഹിച്ചാലും )

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094470 20655

Story Summary:
Bhagya Suktam is the seven hymns found in the Yajur Veda and is a prayer submitted to God Sun to invoke bhaga. If luck is not favoring and problems are continuing in life then recitation of Bhagya Suktam daily morning is very useful.

error: Content is protected !!
Exit mobile version