നിത്യവും സൂര്യദേവനെ പ്രാർത്ഥിച്ചാൽ സർവ്വരോഗ മുക്തി നേടാം
രാമരാവണ യുദ്ധവേളയിൽ അഗസ്ത്യമുനി ശ്രീരാമചന്ദ്രന് ഉപദേശിച്ച മന്ത്രമാണ്
ആദിത്യഹൃദയം: താപത്രയവും വിഷാദവും തീർന്നുപോമാപത്തു മറ്റുള്ളവയുമകന്നു പോം
ശത്രുനാശം വരും രോഗവിനാശനം
വർദ്ധിക്കുമായുസ് സൽകീർത്തി വർദ്ധനം
നിത്യമാദിത്യഹൃദയമാം മന്ത്രമിതുത്തമമെത്രയും ഭക്ത്യാ ജപിക്കെടോ.
ഇങ്ങനെയാണ് അദ്ധ്യാത്മ രാമായണം പറയുന്നത്. പിന്നീടുള്ള അമ്പത്തിയഞ്ചോളം വരികളിൽ ആദിത്യൻ്റെ പ്രാധാന്യം തന്നെയാണ് വർണ്ണിക്കുന്നത്. ശേഷം ആദിത്യഹൃദയം ഉപദേശിക്കുന്നു.
പ്രപഞ്ചത്തിന്റെ നിലനിൽപിന് ആധാരവും പ്രത്യക്ഷ ദൈവവുമാണ് സൂര്യഭഗവാൻ.
നവഗ്രഹങ്ങളിൽ പ്രധാനിയാണ് സൂര്യൻ. എല്ലാവിധ രോഗ ദുരിതശാന്തിക്കും സൂര്യഭജനം ഉത്തമമത്രേ. ത്രിമൂർത്തീ ചൈതന്യം നിറഞ്ഞ സൂര്യഭഗവാനെ നിത്യേന വന്ദിക്കുന്നവർക്ക് ജീവിത പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള ശക്തി വർദ്ധിക്കുമെന്നാണ് വിശ്വാസം.
സൂര്യപ്രീതിക്കായി ഗായത്രിമന്ത്രം, സൂര്യസ്തോത്രം,
ആദിത്യഹൃദയം, സൂര്യഗായത്രി എന്നിവയാണ് ജപിക്കേണ്ടത്. പ്രഭാതത്തിൽ ശരീരശുദ്ധി വരുത്തിയ ശേഷം ഉദിച്ചു വരുന്ന സൂര്യനെ നോക്കി നിത്യവും ഒരേസമയത്ത് അതായത് രാവിലെ ആറിനും ഏഴിനും മദ്ധ്യേ ജപിക്കുന്നത് ഏറ്റവും ഉത്തമം. അർത്ഥം മനസ്സിലാക്കി ജപിക്കുന്നത് ഇരട്ടിഫലം നൽകും. നിത്യേന ജപിക്കുന്നവരുടെ മനസ്സ് തെളിഞ്ഞതും സൂര്യനെപ്പോലെ ശോഭയുള്ളതുമാകും. ഗ്രഹപ്പിഴ ദോഷങ്ങളിൽ നിന്ന് മുക്തിനേടാൻ സൂര്യഭജനം സഹായിക്കും.
സൂര്യ മന്ത്രജപത്തിന് നിഷ്ഠകൾ ആവശ്യമില്ല. എന്നാൽ ഉപാസനയ്ക്കും ഭജിക്കുന്നതിനും സേവ ചെയ്യുന്നതിനും നിഷ്ഠ ആവശ്യമാണ്. ഞായറാഴ്ചകളിൽ മത്സ്യ മാംസാദികൾ, ലൈംഗികത, ലഹരി ഇതൊന്നും പാടില്ല. എണ്ണ തേച്ചു കുളിയും നിഷിദ്ധമാണ്.
മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊരു മന്ത്രമില്ല. വേദമന്ത്രങ്ങളുടെ മാതാവ് എന്ന് അറിയപ്പെടുന്നു ഗായത്രി മന്ത്രം. സൂര്യദേവനോടുളള പ്രാർഥനയാണിത്.
ഗായത്രി മന്ത്രം
ഓം ഭൂർ ഭുവഃ സ്വഃ
തത് സവിതുർ വരേണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോ നഃ പ്രചോദയാത്
(പ്രപഞ്ചം മുഴുവൻ പ്രകാശം പരത്തുന്ന
സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും
പ്രകാശിപ്പിക്കട്ടെ)
ആദിത്യഹൃദയം
സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകരായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാം കാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമഃ
ദേവായ വിശ്വൈകസാക്ഷിണേ തേ നമഃ
സത്വപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ
(ആദിത്യഹൃദയമെന്ന ഈ സൂര്യകീർത്തനം ചൊല്ലുന്നവർക്ക് ആപത്തിൽ നിന്നും ഭയത്തിൽ നിന്നും രക്ഷ ലഭിക്കുമെന്നാണ് സ്തോത്രത്തിന്റെ ഫലശ്രുതി)
സൂര്യഗായത്രി
ഓം ആദിത്യായ വിദ്മഹേ
സഹസ്ര കിരണായ ധീമഹി
തന്നോ സൂര്യ പ്രചോദയാത്
(ദിവാകരായ ധീമഹി എന്നൊരു പക്ഷവുമുണ്ട്.
ഉദിച്ച് വരുന്ന സൂര്യഭഗവാനോടുള്ള ഈ പ്രാർത്ഥന നമ്മുടെ ശരീരത്തിലുള്ള വൈറ്റമിൻ ഡിയുടെ അഭാവത്തെ മാറ്റുന്നു. ത്വക്ക് രോഗങ്ങളിൽ നിന്നും അസ്ഥിരോഗങ്ങളിൽ നിന്നും ഒക്കെ വിമുക്തരാകാൻ സാധിക്കുന്നു. ഈ കോവിഡ് കാലത്തുപോലും വെയിൽ കൊള്ളുന്നത് നല്ലത് എന്ന പഠനം ശ്രദ്ധിക്കുക. ദിവസവും സൂര്യനമസ്ക്കാരം ചെയ്യുന്ന ഒരാൾക്ക് ഒരു രോഗവും വരില്ല എന്ന്
വിശ്വസിക്കപ്പെടുന്നു)
സംശയപരിഹാരത്തിന് ബന്ധപ്പെടാം:
-വേദാഗ്നി
അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി
91 9447384985
(തിരുവനന്തപുരം പാളയം ഹനുമാൻ സ്വാമി ക്ഷേത്രം
മേൽശാന്തി )