Friday, 22 Nov 2024

നിത്യവും സൂര്യോപാസന ശീലമാക്കുക; ഞായറാഴ്ച ഭജനത്തിന് അത്യുത്തമം

തരവത്ത് ശങ്കരനുണ്ണി
പ്രപഞ്ചത്തിന്റെ നിലനില്പിന് ആധാരവും പ്രത്യക്ഷ ദൈവവുമാണ് സൂര്യദേവൻ. കശ്യപപ്രജാപതിയുടെയും അദിതിയുടെയും പുത്രനായ സൂര്യഭഗവാൻ നവഗ്രഹങ്ങളിൽ പ്രധാനിയുമാണ്. എല്ലാവിധ രോഗദുരിത ശാന്തിക്കും സൂര്യഭജനം ഉത്തമമത്രേ. ത്രിമൂർത്തി ചൈതന്യം നിറഞ്ഞ സൂര്യഭഗവാനെ നിത്യേന വന്ദിക്കുന്ന ഭക്തർക്ക് ജീവിത പ്രശ്നങ്ങൾ അഭിമുഖീകരിക്കാനുളള ശക്തി വർദ്ധിക്കുമെന്നാണ് വിശ്വാസം.

സൂര്യപ്രീതിക്കായി ഗായത്രീമന്ത്രം, സൂര്യസ്തോത്രം, ആദിത്യഹൃദയം എന്നിവയാണ് ജപിക്കേണ്ടത്. പ്രഭാതത്തിൽ ശരീരശുദ്ധി വരുത്തിയ ശേഷം മാത്രമേ സൂര്യപ്രീതികരമായ മന്ത്രങ്ങൾ ജപിക്കാവൂ. നിത്യവും ഒരേസമയത്ത് അതായത് രാവിലെ 6 നും 7 നും ഇടക്കായി ജപിക്കുന്നത് ഉത്തമമാണ്. അർത്ഥം മനസ്സിലാക്കി ജപിക്കുന്നത് ഇരട്ടിഫലം നൽകും. നിത്യേന ജപിച്ചു പോരുന്നവരുടെ മനസ്സ് തെളിഞ്ഞതും സൂര്യനെപ്പോലെ ശോഭയുളളതുമാകും. ഗ്രഹപ്പിഴകൾ
മൂലമുള്ള ദോഷങ്ങളിൽ നിന്ന് മുക്തിനേടാൻ സൂര്യഭജനത്തിലൂടെ സാധിക്കും. അസ്തമയ ശേഷം സൂര്യപ്രീതികരമായ മന്ത്രങ്ങൾ ജപിക്കാൻ പാടില്ല. മന്ത്രങ്ങളിൽ ഗായത്രിയെക്കാൾ ശ്രേഷ്ഠമായി മറ്റൊന്നില്ല. സൂര്യദേവനോടുളള പ്രാർത്ഥനയാണിത്.

ഗായത്രി മന്ത്രം
ഓം ഭൂർ ഭുവഃ സ്വഃ
തത് സവിതുർ വരേണ്യം,
ഭർഗ്ഗോ ദേവസ്യ ധീമഹി-
ധിയോ യോ നഃ പ്രചോദയാത്

(സാരം:ലോകം മുഴുവൻ പ്രകാശം പരത്തുന്ന സൂര്യഭഗവാൻ അതുപോലെ നമ്മുടെ ബുദ്ധിയെയും പ്രകാശിപ്പിക്കട്ടെ.)

സൂര്യസ്തോത്രം

ഈ മന്ത്രജപത്തിലൂടെ ത്വക് രോഗം, നേത്രരോഗം, അസ്ഥിസംബന്ധമായ രോഗങ്ങൾ എന്നിവയ്ക്ക് ശമനമുണ്ടാകുമെന്നാണ് വിശ്വാസം:

ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോഹ്നം സര്‍വ്വപാപഘ്നം
ഭാസ്കരം പ്രണമാമ്യഹം

ആദിത്യഹൃദയം

അദ്ധ്യാത്മ രാമായണം യുദ്ധകാണ്ഡത്തിലെ ഒരു ഭാഗമാണ് ആദിത്യഹൃദയം. ശത്രുക്ഷയം വരുത്തുന്നതിനായി അഗസ്ത്യമുനി ശ്രീരാമദേവന് ഉപദേശിച്ച മന്ത്രമാണിത്. ആപത്തിലും ഭയത്തിലും സൂര്യകീർത്തനം ചൊല്ലുന്നവർക്ക് രക്ഷ ലഭിക്കുമെന്നാണ് ഈ സ്തോത്ര ജപത്തിന്റെ ഫലശ്രുതി :

സന്താപനാശകരായ നമോനമഃ
അന്ധകാരാന്തകരായ നമോനമഃ
ചിന്താമണേ! ചിദാനന്ദായ തേ നമഃ
നീഹാരനാശകരായ നമോനമഃ
മോഹവിനാശകരായ നമോനമഃ
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ
കാന്തിമതാംകാന്തിരൂപായ തേ നമഃ
സ്ഥാവരജംഗമാചാര്യായ തേ നമഃ
ദേവായ വിശ്വൈകസാക്ഷിണേതേ നമഃ
സത്വപ്രധാനായ തത്ത്വായ തേ നമഃ
സത്യസ്വരൂപായ നിത്യം നമോ നമഃ”

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്.
+91 9847118340

Story Summary: Significance of Sun Lord Worshipping

error: Content is protected !!
Exit mobile version