നിവേദ്യം ദൈവം കഴിക്കുമോ?
ഭക്തിപൂർവ്വം, ശ്രദ്ധാപൂർവം നമ്മൾ സമർപ്പിക്കുന്ന നിവേദ്യംഭഗവാനും ഭഗവതിയും വന്ന് കഴിക്കുമോ? അച്ഛനമ്മമാരിൽ നിന്നും എന്തിന് ഗുരുക്കന്മാരിൽ നിന്നു പോലും നമുക്ക് കൃത്യമായ വിശദീകരണം ലഭിക്കാത്ത ചോദ്യമാണിത്. എന്നാൽ ഒരു ഗുരു ശിഷ്യ സംവാദം ഈ ചോദ്യത്തിന് തികച്ചും തൃപ്തികരമായ അർത്ഥപൂർണ്ണമായ മറുപടിയേകി. അവിടെ ശിഷ്യൻ ഗുരുവിനോടു ചോദിച്ചു:
ദൈവം നമ്മുടെ നിവേദ്യങ്ങൾ സ്വീകരിക്കുമോ?
ദൈവം ഭക്ഷിക്കുകയാണെങ്കിൽ നമുക്ക് വിതരണം ചെയ്യാൻ പ്രസാദം എങ്ങനെയാണു കിട്ടുക ഗുരോ?
ഗുരു മറുപടി പറഞ്ഞില്ല. പകരം പഠനത്തിൽ വ്യാപൃതനാവാൻ ശിഷ്യനെ ഉപദേശിച്ചു.
പഠനം കഴിഞ്ഞ ശേഷം അന്ന് ഗുരു ഉപനിഷത്തുക്കളെ കുറിച്ചാണ് ശിഷ്യ്യരോട് സംസാരിച്ചത്:
ഓം പൂർണമദ പൂർണ്ണമിദം പൂർണാത് പൂർണമുദച്യതേപൂർണസ്യ പൂർണമാദായപൂർണമേവാ വശിഷ്യതേഓം ശാന്തി ശാന്തി ശാന്തി
എന്ന മന്ത്രം പഠിപ്പിച്ചതിന് ശേഷം ഹൃദിസ്ഥമാക്കാൻ ശിഷ്യരോട് ആവശ്യപ്പെട്ടു.
കുറച്ച് സമയത്തിന് ശേഷം ശിഷ്യരുടെ അടുത്തെത്തിയ ഗുരു നൈവേദ്യത്തെപ്പറ്റി സംശയം ചോദിച്ച ശിഷ്യനെ വിളിച്ച് ഹൃദിസ്ഥമാക്കിയ മന്ത്രം ചൊല്ലിക്കേൾപ്പിക്കാൻ പറഞ്ഞു. ശിഷ്യൻ മന്ത്രം ഉരുവിട്ട് കഴിഞ്ഞ ശേഷം ഗുരു അവനെ മന്ദസ്മിതത്തോടെ അടുത്തേക്ക് വിളിച്ചു. എന്നിട്ടു ചോദിച്ചു: ഗ്രന്ഥത്തിലുള്ളതെല്ലാം അതേപോലെ നിന്റെ മനസ്സിലുണ്ടല്ലോ?
ശിഷ്യന്റെ മറുപടി:
അതേ ഗുരോ. എല്ലാം അതേപടി ചൊല്ലാൻ പറ്റും.
ഗുരു പറഞ്ഞു:
ഗ്രന്ഥത്തിലെ എല്ലാ വാക്കുകളും അതേപടി പകർത്തിയിട്ടും അതൊക്കെ ഇപ്പോഴും ഗ്രന്ഥത്തിൽ തന്നെ നിൽക്കുന്നതെങ്ങനെ?
ഗുരു വിശദീകരിച്ചു:
നിന്റെ മനസ്സിലുള്ള വാക്കുകൾ സൂഷ്മ സ്ഥിതിയിലാണ്. അതായത് അദൃശ്യം മാണ് . കാണാൻ കഴിയാത്തതാണ്. ഗ്രന്ഥത്തിലുള്ള വാക്കുകൾ സ്ഥൂല സ്ഥിതിയിലും. അതായത് ദൃശ്യസ്ഥിതിയിൽ. അതുപോലെയാണ് ദൈവവും – ഭഗവാൻ സൂഷ്മ സ്ഥിതിയിലാണ്, മനസ്സിലായല്ലോ.
നമ്മൾ അർപ്പിക്കുന്ന നിവേദ്യമാകട്ടെ സ്ഥൂല സ്ഥിതിയിലുള്ളതും.
സൂഷ്മ സ്ഥിതിയിലുള്ള ദൈവം സ്ഥൂല സ്ഥിതിയിൽ നമ്മൾ അർപ്പിക്കുന്ന നിവേദ്യം സൂഷ്മ സ്ഥിതിയിൽ സ്വീകരിക്കുന്നു. അതു കൊണ്ടു തന്നെ അതിന്റെ അളവിൽ മാറ്റമുണ്ടാവുന്നില്ല.
ഗുരുവിന്റെ വിശദീകരണം ശിഷ്യനെ തൃപ്തനാക്കി. അവൻ ഗുരുവിന്റെ പാദങ്ങളിൽ നമസ്കരിച്ചു.
ഭക്ഷണം ഭക്തിപൂർവ്വം കഴിക്കുന്നുവെങ്കിൽ അത് പ്രസാദം
ഭക്തി വിശപ്പിനെ അകറ്റുന്നുവെങ്കിൽ അതു വ്രതം
ഭക്തി ജലത്തിൽ അലിയുമ്പോൾ കലശ തീർത്ഥം
ഭക്തിപൂർവ്വമുള്ള യാത്രകൾ തീർത്ഥയാത്ര
സംഗീതത്തിൽ ഭക്തി നിറയുമ്പോൾ അത് കീർത്തനം
ഭവനത്തിൽ ഭക്തി നിറയുമ്പോൾ അത് ക്ഷേത്രം
പ്രവൃത്തിയിൽ ഭക്തി നിറയുമ്പോൾ കർമ്മം
മനുഷ്യനിൽ ഭക്തി നിറയുമ്പോൾ അവനിൽ മനുഷ്യത്വം ഉണ്ടാകുന്നു.
-എം. വേണുഗോപാൽ