Saturday, 23 Nov 2024

നിസ്സാര മരുന്നും അത്ഭുതം സൃഷ്ടിക്കും;രോഗദുരിതശാന്തിയേകുന്ന 3 മന്ത്രങ്ങൾ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

ആരോഗ്യമുള്ള മനസ്സും ശരീരവും സന്തോഷകരമായ ജീവിതത്തിന്റെ മുഖ്യ ഘടകമാണ്. പരിശോധനയിൽ ചിലപ്പോൾ യാതൊരു രോഗം കാണില്ല. പക്ഷെ അസുഖം വിട്ടൊഴിയാതെ ശക്തമായി തന്നെ കാണുകയും ചെയ്യും. ക്ഷീണം, ഉന്മേഷമില്ലായ്മ ഇങ്ങനെ ബുദ്ധിമുട്ടുകൾ പലതും കാണും. ഭൗതികമായ രോഗങ്ങൾക്ക് മരുന്ന് കൊണ്ടും ചികിത്സ കൊണ്ടും മാറ്റം ഉണ്ടാകും. എന്നാൽ അസുഖങ്ങൾ എപ്പോഴും ശരീരത്തിന് മാത്രം ആകില്ല. മാനസികമായ ഒരു തോന്നൽ മാത്രം ആകാം. ചിലപ്പോൾ ലക്ഷണങ്ങൾ ഉണ്ടെങ്കിലും രോഗം കണ്ടെത്താനും ആവശ്യമുള്ള ചികിത്സ നിശ്ചയിക്കപ്പെടാനും കഴിയാതെ വരും. ഇത്തരത്തിൽ എല്ലാം ചെയ്തിട്ടും രക്ഷനേടാത്ത ചില രോഗങ്ങൾ അത്ഭുതകരമായി മാറിയവരുണ്ട്. ഡോക്ടർ കൈയൊഴിഞ്ഞ വിഷയങ്ങൾ എങ്ങനെയോ ഭേദമായി പിന്നെയും ധാരാളം കാലം ജീവിക്കുന്നവരുണ്ട്. മികച്ച ചികിത്സ നൽകിയിട്ടും രക്ഷപെടാത്തവരുമുണ്ട്. മനുഷ്യന്റെ കണ്ടുപിടിത്തങ്ങൾക്കും കഴിവിനും അപ്പുറം എന്തെല്ലാമോ ഉണ്ട് എന്ന കാര്യം സത്യമാണ്.

എത്ര ചികിത്സച്ചിട്ടും വിട്ടുമാറാത്ത ചില കേസുകൾ ഒരു പക്ഷേ എന്തെങ്കിലും ശക്തമായ ദോഷദുരിതങ്ങളുടെ ഫലമാകാം. ജ്യോതിഷതാന്ത്രിക മാർഗ്ഗങ്ങളിലൂടെ ഇതിനെ വിശകലനം ചെയ്ത് ഈശ്വരനുഗ്രഹം കൂടി നേടുമ്പോൾ ഡോക്ടർമാർ നൽകുന്ന നിസ്സാര മരുന്നുകൾ പോലും അത്ഭുതം സൃഷ്ടിക്കും. രോഗദുരിതങ്ങൾ നീങ്ങുന്നതിന് ഈശ്വരീയമായ ഒട്ടേറെ മാർഗ്ഗങ്ങളുണ്ട്. അതിൽ പ്രധാനം ധന്വന്തരി ഭജനവും സൂര്യദേവ പ്രാർത്ഥനയും മൃത്യുഞ്ജയ പ്രാർത്ഥനയും മറ്റുമാണ്. സൂര്യോപാസനയിൽ ആരോഗ്യം രോഗദുരിതശാന്തി എന്നിവയ്ക്ക് പറയുന്നത് നിത്യേന ഓം ഘൃണിസൂര്യാദിത്യ എന്ന മന്ത്രം ജപിക്കാനാണ്. ഇത് എല്ലാ ദിവസവും ചൊല്ലുന്ന വ്യക്തിക്ക് ആയുരാരോഗ്യം ഉണ്ടാകും. ഓം ജുംസ: സ്വാഹാ എന്ന മന്ത്രം 2 നേരവും 18 വീതം ജപിക്കുന്നതും രോഗശാന്തിയുണ്ടാക്കും. വ്യാഴാഴ്ച ദിവസങ്ങളിൽ വ്രതം നോറ്റ് ഓം ധന്വന്തരമൂർത്തയേ നമഃ എന്ന് 36 പ്രാവശ്യം ചൊല്ലുന്നതും രോഗദുരിതങ്ങൾ നീക്കും. നവഗ്രഹ സ്തോത്രത്തിലെ ഓരോ ശ്ലോകവും ചൊല്ലി ഓരോ നമസ്‌കാരം ചെയ്യുന്നത് രോഗദുരിതശാന്തി നേടാൻ ഉത്തമമാണ്. ആകെ 9 നമസ്‌കാരം. ഇങ്ങനെ 27 ദിവസം ചെയ്യുന്നതും നവഗ്രഹപ്രീതിയിലൂടെ രോഗമുക്തി നേടുന്നതിന് ഗുണകരമാണ്. മൃത്യുഞ്ജയഹോമം, ആയുസൂക്തഹോമം, മൃതസഞ്ജീവനിഹോമം എന്നിവ ഒരു നല്ല കർമ്മിയെകൊണ്ട് ചെയ്യിപ്പിക്കുന്നതും ആരോഗ്യം രോഗശാന്തി എന്നിവ നേടാൻ ഗുണകരം. മൃതസഞ്ജീവനി യന്ത്രം, ധന്വന്തരി യന്ത്രം ധരിക്കുന്നതും രോഗശാന്തിക്ക് ഗുണകരമാണ്.

നവഗ്രഹ സ്തോത്രം
സൂര്യൻ

ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സര്‍വ്വ പാപഘ്‌നം
പ്രണതോസ്മി ദിവാകരം

ചന്ദ്രന്‍
ദധിശംഖതുഷാരാഭം
ക്ഷീരോദാര്‍ണ്ണവ സംഭവം
നമാമി ശശിനം സോമം
ശംഭോര്‍മ്മകുടഭൂഷണം

ചൊവ്വ
ധരണീ ഗര്‍ഭസംഭൂതം
വിദ്യുത്കാന്തി സമപ്രഭം
കുമാരം ശക്തി ഹസ്തം
തം മംഗളം പ്രണമാമ്യഹം

ബുധൻ
പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം സൗമ്യം
സൗമ്യഗുണോപേതം തം
ബുധം പ്രണമാമ്യഹം

വ്യാഴം
ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം

വെള്ളി
ഹിമകുന്ദമൃണാലാഭം
ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്രപ്രവക്താരം
ഭാര്‍ഗ്ഗവം പ്രണമാമ്യഹം

ശനി
നീലാഞ്ജനസമാനാഭം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം

രാഹു
അര്‍ദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമര്‍ദ്ദനം
സിംഹികാഗര്‍ഭസംഭൂതം
തം രാഹും പ്രണമാമ്യഹം

കേതു
പലാശപുഷ്പസങ്കാശം
താരകാഗ്രഹ മസ്തകം
രൗദ്രം രൗദ്രാത്മകം ഘോരം
തം കേതും പ്രണമാമ്യഹം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

Story Summary: Spritual, Devotional and Traditional Remedies for getting rid of illnesses


error: Content is protected !!
Exit mobile version